30 December 2025, Tuesday

ജ്ഞാനസാനുവിലെ കെടാവിളക്ക്

പി കെ ഗോപി
August 4, 2025 4:30 am

ധ്യാപകനായി ക്ലാസ് റൂമില്‍ പ്രവേശിക്കുന്ന നിമിഷം പ്രവാചകരായി മാറുന്ന ചില മനുഷ്യരുണ്ട്. ഭാഷയും ആശയവും അവരുടെ നാവില്‍ അചുംബിത സൗകുമാര്യത്തോടെ വിളയാടുന്നു. അവരുടെ വാക്കുകളില്‍ കവിതയുടെ ശാന്തസമുദ്രങ്ങള്‍ ലവണരഹസ്യങ്ങളുടെ കലവറ തുറന്നിടുന്നു. പഠനം എന്ന പ്രക്രിയ അതിമനോഹരമായ ഒരനുഭൂതിയാണെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ബോധ്യപ്പെടുന്നു. ഗുരു എന്ന പദത്തിന് യോഗ്യരായവരുടെ പട്ടികയില്‍ തലമുറകള്‍ക്ക് പ്രിയങ്കരനായ ഒരാള്‍ എം കെ സാനുമാഷ്. വിശ്വസിച്ചേ പറ്റൂ, സാനുമാഷ് എന്ന വിശിഷ്ടജന്മം ജ്ഞാനദൗത്യം പൂര്‍ത്തിയാക്കി മടങ്ങി! ഹൃദയവ്യഥയോടെ ഓര്‍മ്മകളയവിറക്കി ഏകാന്തതയിലിരുന്ന് ഏതാനും വാക്കു കള്‍ ആശ്വാസത്തിനുവേണ്ടി കുറിക്കുകയാണ്. സാനുമാഷ് എന്നും സമാധാനപ്രിയനായ പുരോഗമനവാദിയായിരുന്നു. സാമൂഹ്യ പരിഷ്കരണത്തിന്റെ ധീരമായ പാതയില്‍ മാതൃകയായി ശ്രീനാരായണഗുരുവും കുമാരനാശാനും സോഹദരനയ്യപ്പനും അനേകം നവോത്ഥാന നായകരുമുണ്ടായിരുന്നു. ചങ്ങമ്പുഴയും വയലാര്‍ രാമവര്‍മ്മയും പി ഭാസ്കരനും എം ഗോവിന്ദനും അയ്യപ്പപ്പണിക്കരും വൈക്കം മുഹമ്മദ് ബഷീറും വൈലോപ്പിള്ളിയുമൊക്കെ വിശ്രമമില്ലാത്ത ആ തൂലികയില്‍ പുതുനിര്‍വചനം നേടിയിരുന്നു. സത്യസന്ധമായ വിമര്‍ശനങ്ങള്‍, പഠനാര്‍ഹമായ വിശകലനങ്ങള്‍, ലക്ഷ്യബോധമുള്ള നിരീക്ഷണങ്ങള്‍ ഇവയെല്ലാം സാനുമാഷിന്റെ സാഹിത്യസമീപനങ്ങള്‍ക്ക് കലാശാലകളില്‍ വലിയ അംഗീകാരം ലഭിക്കാന്‍ കാരണമായി. സമഭാവനയോടെയുള്ള ഉദാരസ്നേഹത്തിന് വിദ്യാര്‍ത്ഥി സമൂഹം സാക്ഷികളായി. 

അധ്യാപകവൃത്തിയില്‍ നിന്ന് വിരമിച്ചതിനുശേഷം നേരിട്ട് രാഷ്ട്രീയരംഗത്തിറങ്ങാനും സ്ഥാനാര്‍ത്ഥിയാകാനും മാഷ് മടിച്ചില്ല. ജനപ്രതിനിധിയെന്ന നിലയില്‍ നിരന്തരം പൊതുസമൂഹവുമായി ഇടപെടുമ്പോള്‍ അദ്ദേഹം കാണിച്ച ശുഷ്കാന്തി എടുത്തുപറയേണ്ടതാണ്. സര്‍ഗാത്മക ജീവിതത്തിന്റെ ഏകാഗ്രതയുമായി പൊരുത്തപ്പെടാത്ത രാഷ്ട്രീയ ജീവിതം പരീക്ഷണാത്മകവും അനുഭവഭരിതവുമായിരുന്നുവെന്ന് സ്വകാര്യ സംഭാഷണങ്ങളില്‍ കേട്ടിട്ടുണ്ട്. സ്നേഹമെന്ന വികാരത്തിന് ഇത്രയധികം പ്രാധാന്യം കൊടുത്ത അധികമാളുകള്‍ നമുക്കുണ്ടോ? “സ്ഥിരമാം സ്നേഹമനാഥമൂഴിയില്‍” എന്ന ആശാന്‍ കവിത ഒരിക്കല്‍ കത്തില്‍ ഉദ്ധരിച്ചതോര്‍ക്കുന്നു. വാണിജ്യസംസ്കാരത്തിന്റെ ആധിപത്യസ്വഭാവത്തെ നിരാകരിക്കാന്‍ സ്വന്തം ജീവിതം മാതൃകയാക്കിയ വലിയ മനുഷ്യനാണ് എം കെ സാനുമാഷ്. ‘മനുഷ്യേശ്വരം’ എന്ന പുസ്തകം വായിച്ച് എനിക്ക് നല്‍കിയ അഭിനന്ദനം മറക്കാനാവില്ല. അതിവിപുലമായ വായനയിലൂടെ പാശ്ചാത്യ പൗരസ്ത്യ സാഹിത്യശാഖകളില്‍ അദ്ദേഹം നേടിയ ജ്ഞാനം നമ്മെ അത്ഭുതപ്പെടുത്തും. ‘താഴ്‌വരയിലെ സന്ധ്യ’ പിന്നിട്ട് ‘നക്ഷത്രങ്ങളുടെ സ്നേഹഭാജനം’ തേടി ആത്മാവ് യാത്രയായിരിക്കും. രാമായണ ഭാഗവതാദി കൃതികളുടെ പഠനങ്ങളും ജീവചരിത്രങ്ങളും ‘അസ്തമിക്കാത്ത വെളിച്ചം’ പരത്തി നമ്മോടൊപ്പമുണ്ട്. ‘അനുഭവങ്ങളും പ്രത്യാശകളും’ വിമര്‍ശനത്തിലെ രാജശില്പി’ വായനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. സര്‍വാദരണീയനായ സാനുമാഷിന്റെ വേര്‍പാട് നമ്മുടെ സാംസ്കാരിക രംഗത്തെ തീരാദുഃഖത്തിലാഴ്‌ത്തിയിരിക്കുന്നു. ശിഷ്യസഹജമായ ആദരവോടെ യാത്രാമൊഴി! ഇനി എണ്ണമറ്റ പുസ്തകങ്ങളില്‍ വായനക്കാര്‍ക്കഭയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.