23 January 2026, Friday

കേരള ബജറ്റ്: പ്രതീക്ഷകളും ആശങ്കകളും

സി ആര്‍ ജോസ്‌പ്രകാശ്
January 24, 2026 4:15 am

രു സാമ്പത്തിക വർഷത്തെ വരവുകളെയും ചെലവുകളെയും സംബന്ധിച്ച രൂപരേഖയാണ് ബജറ്റ്. ഇപ്പോൾ ബജറ്റ് എന്നത് കേവലം വരവ്-ചെലവ് കണക്കു് എന്നതിനപ്പുറം, ശക്തമായ ഒരു സാമ്പത്തിക ഉപാധിയും സർക്കാരിന്റെ നയരേഖയുമായി മാറിയിട്ടുണ്ട്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, സംസ്ഥാനത്തെ മനുഷ്യരുടെ ജീവിതത്തെ ഏതെല്ലാം വഴികളിലൂടെ എങ്ങനെയെല്ലാം മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള ഒരു രൂപരേഖയായിക്കൂടി എൽഡിഎഫ് ഭരണത്തിനുകീഴിൽ കേരള ബജറ്റുകൾ മാറിയിട്ടുണ്ട്. 2026–27ലെ സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ ജനുവരി 29ന് അവതരിപ്പിക്കുകയാണ്. ‘കഴിഞ്ഞ ബജറ്റിൽ പറഞ്ഞ നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടില്ല, ആരംഭിച്ച പദ്ധതികൾ പാതിവഴിയിൽ എത്തിനിൽക്കുന്നു, ആവശ്യമായ ഫണ്ട് അനുവദിച്ചില്ല, ബജറ്റിൽ മാറ്റിവച്ച തുകകൾ വക മാറ്റി ചെലവഴിക്കുന്നു, കൊടുക്കേണ്ട ബാധ്യതകൾ കൊടുത്തു തീർത്തിട്ടില്ല, ധൂർത്തു് വ്യാപകമാണ്.’ തുടങ്ങിയ വിമർശനങ്ങൾ ഈ ഘട്ടത്തിൽ ഉയർന്നുവരിക സ്വാഭാവികമാണ്. അവയൊക്കെയും പരിശോധിക്കപ്പെടേണ്ടതുമാണ്. ഒരു സർക്കാർ ആഗ്രഹിക്കുന്ന, പ്രഖ്യാപിക്കുന്ന കാര്യങ്ങളെല്ലാം നടപ്പിലാകണമെങ്കിൽ, അതിന് ഏറ്റവും പ്രധാനപ്പെട്ട സംഗതി സർക്കാരിന്റെ ലക്ഷ്യബോധവും ഇച്ഛാശക്തിയും ദീർഘവീക്ഷണവും കാര്യപ്രാപ്തിയും സർവോപരി സാമ്പത്തിക ഭദ്രതയുമാണ്. സാമ്പത്തിക ഭദ്രതയുടെ കാര്യത്തിലാണ് കേരളം വീർപ്പുമുട്ടുന്നതു്. സർക്കാരിന്റെ തനതുവരുമാനവും ജി എസ്‌ടി വരുമാനത്തിന്റെ പകുതിയും കേന്ദ്രനികുതി വിഹിതവും കേന്ദ്ര പദ്ധതികളുടെ വിഹിതവും വിവിധ വഴികളിലൂടെ ലഭിക്കുന്ന വായ്പകളും എല്ലാം കൂടിച്ചേരുമ്പോഴാണ് ഒരു വർഷത്തെ ചെലവിനുള്ള തുക ഖജനാവിൽ എത്തുന്നതു്. ആവശ്യത്തിന് ഭൂമിയില്ല എന്നതു് കേരളത്തിന്റെ ഏറ്റവും വലിയ പരിമിതിയാണ്. അതുകൊണ്ടുതന്നെ വൻകിട വ്യവസായ സ്ഥാപനങ്ങൾ കേരളത്തിൽ പ്രായോഗികമല്ല. അതിന്റെ ഫലമായി മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നതുപോലെ, വ്യാവസായിക ഉല്പന്നങ്ങളിൽ നിന്നുള്ള നികുതി വരുമാനം ഇവിടെ ലഭിക്കില്ല. അതേസമയം തന്നെ, സാമൂഹ്യജീവിതം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നിൽ നിൽക്കുന്നതിനാൽ സംസ്ഥാന സർക്കാരിന്റെ ചെലവ് ഓരോ വർഷവും കുതിച്ചുയർന്നുകൊണ്ടിരിക്കുകയും ചെയ്യും. 

സംസ്ഥാനത്തിന് നികുതി ഈടാക്കാൻ കഴിയുമായിരുന്ന 62% ഉല്പന്നങ്ങൾ, 2017ൽ ജി എസ്‌ടി നടപ്പിലാക്കിയപ്പോൾ, കേന്ദ്രസർക്കാരിന്റെ പരിധിയിലേക്ക് മാറി. അവശേഷിക്കുന്നത് 38% മേഖലകൾ മാത്രമാണ്. ഭൂനികുതി, രജിസ്ട്രേഷൻ ഫീസ്, വാഹന നികുതി, മദ്യനികുതി മുതലായവയാണ് തനത് നികുതി മേഖലയായി അവശേഷിക്കുന്നത്. ഈ മേഖലയിൽ നിന്നും പരമാവധി തുക സമാഹരിക്കാൻ സർക്കാരിനു് കഴിയുന്നുണ്ട്. 2021–22ൽ 47,026 കോടിയായിരുന്ന തനത് വരുമാനം ഇപ്പോൾ 81,000 കോടിയിലധികമായി ഉയർന്നിട്ടുണ്ട്. ഈ വരുമാനവും കേന്ദ്രത്തിൽനിന്ന് വിവിധ മാർഗങ്ങളിലൂടെ ലഭിക്കുന്ന വരുമാനവും ഒരുമിച്ചുചേർന്നാലും ആഗ്രഹിക്കുന്ന വേഗതയിൽ വികസന നേട്ടം കൈവരിക്കാൻ കഴിയില്ല എന്നു മനസിലാക്കിയാണ്, കൃത്യമായ ആസൂത്രണത്തിലൂടെയും തിരിച്ചടവ് ഉറപ്പാക്കിയും ‘കിഫ്ബി’ എന്ന പദ്ധതിക്കു് രൂപം നൽകിയതും അതിലൂടെ ആയിരക്കണക്കിന് കോടി രൂപ സമാഹരിച്ച്, വികസന രംഗത്ത് വൻ കുതിപ്പിന് കേരളം സാക്ഷിയായതും. എന്നാൽ ഇതിഷ്ടപ്പെടാത്ത ഭരണസംവിധാനമാണ് രാജ്യത്തുള്ളത് എന്നതാണ് കേരളത്തിന്റെ ദുഃഖം. ഒരു ഫെഡറൽ സംവിധാനത്തിൽ ധനകാര്യ ബന്ധങ്ങൾ എങ്ങനെയാകണമെന്ന് അറിയാത്തവരല്ല കേന്ദ്ര ഭരണാധികാരികൾ. എന്നാൽ രാഷ്ട്രീയ കാരണങ്ങളാലും പുരോഗതിയുടെ കാര്യത്തിൽ രാജ്യത്തിന് മുന്നിൽ നടക്കുന്ന സംസ്ഥാനമായി മാറിയതിനാലും കേരളത്തെ ഒരു ഭീഷണിയായി കേന്ദ്രം കാണുന്നു. ഏതെല്ലാം വഴികളിലൂടെ ദ്രോഹിക്കാമെന്ന് ഗവേഷണ ബുദ്ധിയോടെ അവർ കാര്യങ്ങൾ നീക്കുകയാണ്. സംസ്ഥാനത്തിന് അർഹതപ്പെട്ട എന്തെല്ലാമാണ് കേന്ദ്രം തടഞ്ഞു വച്ചിരിക്കുന്നതു് എന്ന് കാര്യങ്ങൾ അക്കമിട്ടുനിരത്തിയാണ് 2025 ഒക്ടോബർ ഒമ്പതിന് കേരളം നിവേദനം നൽകിയത്. നവംബർ 24ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനുമായി ധനമന്ത്രി കെ എൻ ബാലഗോപാലൻ കൂടിക്കാഴ്ച നടത്തുകയും കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. എന്നാൽ ഒരു സംസ്ഥാനം ഗൗരവപൂർവം അവതരിപ്പിച്ച ഒരു കാര്യത്തിൽ പോലും അനുകൂല തീരുമാനം കൈക്കൊണ്ടില്ല. 

ഓരോ ധനകാര്യ കമ്മിഷനും വർഷങ്ങൾ നീണ്ട പഠനവും ചർച്ചയും നടത്തിയാണ് ഓരോ സംസ്ഥാനത്തിനും കേന്ദ്രനികുതിയുടെ വിഹിതം എങ്ങനെ പങ്കുവയ്ക്കണമെന്ന് തീരുമാനിക്കുന്നത്. 10-ാം ധനകാര്യ കമ്മിഷൻ കേരളത്തിന് പങ്കുവച്ചത് 3.88% തുക ആയിരുന്നു. പിന്നീട് ഇതു് കുറഞ്ഞുകുറഞ്ഞ് വന്നു, 14-ാം കമ്മിഷൻ ഇതു് 2.52% ആയും 15-ാം കമ്മിഷൻ 1.92% ആയും കുറച്ചു. ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന 16-ാം ധനകാര്യ കമ്മിഷൻ നിലപാട് ഭാവിയിൽ കണ്ടറിയേണ്ടതാണ്. ജനസംഖ്യാനുപാതികമായിട്ടാണെങ്കില്‍പ്പോലും 2.77% തുക കിട്ടേണ്ടതായിരുന്നു. യുപിക്ക് 17.94%, ബിഹാറിന് 10.06% വീതം നൽകിയപ്പോഴാണ് കേരളത്തോട് ഇത്രയും ക്രൂരത കാട്ടിയതു്. ഒരു വർഷം 8000 കോടി രൂപയുടെ നഷ്ടമാണ് ഇതിലൂടെ മാത്രമുണ്ടായതു്. സംസ്ഥാനം കൈവരിച്ച മഹത്തായ നേട്ടങ്ങൾ, ക്രൂശിക്കാനുള്ള ആയുധമാക്കി അവർ മാറ്റി. അതിനാവശ്യമായ മാനദണ്ഡങ്ങൾ സൃഷ്ടിച്ചു.
കേന്ദ്രത്തിന് കിട്ടുന്ന നികുതി വരുമാനത്തിന്റെ 41% ആണ് സംസ്ഥാനങ്ങൾക്ക് പങ്കുവയ്ക്കുന്നത്. എന്നാൽ പെട്രോളിയം ഉല്പന്നങ്ങൾ അടക്കമുള്ളവയ്ക്ക് ഏർപ്പെടുത്തിയ സെസിന്റെയും എക്സൈസ് ഡ്യൂട്ടിയുടെയും വിഹിതം സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നില്ല. ഇതിന്റെ ഫലമായി യഥാർത്ഥത്തിൽ 32–33% മാത്രമേ സംസ്ഥാനത്തിന് ലഭിക്കുന്നുള്ളൂ. 6,000ത്തിൽ അധികം കോടിയുടെ നഷ്ടമാണ് ഒരു വർഷം ഇതിലൂടെയുണ്ടാകുന്നത്. കടമെടുക്കുന്നതിന്റെ പരിധി ജിഡിപിയുടെ മൂന്ന് ശതമാനം എന്നത് നാല് ശതമാനമായി ഉയർത്തണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. കേന്ദ്രത്തിന് യാതൊരു സാമ്പത്തിക നഷ്ടവും വരാത്ത കാര്യമാണിത്. ഇതേ കേന്ദ്രസർക്കാർ തന്നെ അവരുടെ ജിഡിപിയുടെ അഞ്ച് ശതമാനത്തിലേറെ തുക വായ്പയായി എടുക്കുന്നുമുണ്ട്. 

വായ്പാ പരിധി ഒരു ശതമാനം കൂട്ടിയിരുന്നുവെങ്കിൽ വർഷം 10,500ൽ അധികം കോടി രൂപ കൂടുതലായി എടുക്കാനാകുമായിരുന്നു. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് റിസർവ് ബാങ്ക് തന്നെ വിലയിരുത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. വായ്പാപരിധി വർധിപ്പിക്കാത്ത കേന്ദ്രസർക്കാർ, മറ്റൊരു ക്രൂരത കൂടി കേരളത്തോട് ചെയ്തു; കിഫ്ബി വഴിയും പെൻഷൻ ഫണ്ട് വഴിയും എടുത്ത വായ്പ കൂടി ഈ മൂന്ന് ശതമാനത്തിന്റെ പരിധിയിൽ കൊണ്ടുവന്നു. 16,433 കോടി രൂപയുടെ കുറവാണ് ഇങ്ങനെയുണ്ടായത്. ഗ്യാരണ്ടി നിൽക്കുന്നതും വായ്പയെടുക്കുന്നതും രണ്ടാണെന്ന് 1999ൽ റിസർവ് ബാങ്ക് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതും കേന്ദ്രം പരിഗണിച്ചില്ല. ഗ്രാന്റ് ഇൻ എയ്ഡിൽ വെട്ടിക്കുറവ് വരുത്തിയ സർക്കാർ, വയനാട് ദുരന്തമുണ്ടായപ്പോൾ കേരളത്തോട് കാട്ടിയ അവഗണന സംസ്ഥാനം വിശദമായി ചർച്ച ചെയ്തിട്ടുള്ളതാണ്. ജിഎസ്‌ടി നടപ്പിലാക്കിയതിലെ അനുഭവം മുകളിൽ പറഞ്ഞിട്ടുണ്ട്. ഈ നിയമം നടപ്പിലാക്കിയില്ലായിരുന്നുവെങ്കിൽ, ഓരോ വർഷവും 9,000 — 11,000 കോടിയുടെ അധിക വരുമാനം കേരളത്തിന് ഉണ്ടാകുമായിരുന്നു എന്നു കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും. എന്നാൽ ജിഎസ്‌ടി നടപ്പിലാക്കുകയും, അതിന്റെ നഷ്ടപരിഹാരം 2022ൽ നിർത്തലാക്കുകയും ചെയ്തു. കഴിഞ്ഞ നാല് വർഷമായി, ഇതിലൂടെ മാത്രം 40,000 കോടിയിലധികം രൂപയുടെ നഷ്ടം സംസ്ഥാനത്തിനുണ്ടായി. 

(അവസാനിക്കുന്നില്ല)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.