
ശാസ്ത്രീയവിദ്യാഭ്യാസ പദ്ധതികൾ നേരിടുന്ന വെല്ലുവിളികളിലൊന്ന് അതിന് നേരെയുള്ള മത‑മൗലികവാദമാണ്. ഗലീലിയോയുടെയും സോക്രട്ടീസിന്റെയും ജീവിതകഥകൾ അതിനുള്ള ചരിത്രകാല ദൃഷ്ടാന്തങ്ങളാണ്. ഈ ആധുനികസമൂഹത്തിലും മത, ജാതി വിഭാഗങ്ങൾ അവരുടെ പിന്തിരിപ്പൻ മൗലികവാദഗതികൾ സമൂഹത്തിൽ അടിച്ചേല്പിക്കാൻ ശ്രമിക്കുന്നത് കാണാം. നിർമ്മിതബുദ്ധിയുടെ കാലത്തും സമൂഹത്തിന്റെ പുരോഗമന മുന്നേറ്റത്തിന് തടയിടാൻ മതശാസനങ്ങൾക്കാകുമോ എന്ന് സംശയിക്കുന്നവരുണ്ടാകാം. മതവിദ്യാഭ്യാസമെന്ന പേരിൽ ജ്ഞാനസമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത സമ്പ്രദായങ്ങളും ആശയങ്ങളും അടിച്ചേല്പിക്കാൻ ശ്രമിക്കുമ്പോൾ തർക്കങ്ങളുടലെടുക്കുന്നു. പുതുതലമുറ സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും തുടങ്ങിയാൽ മതസാമ്പ്രദായിക വിദ്യാഭ്യാസത്തിലൂടെ കുട്ടികളിൽ കുരുന്നിലേ വിളയിക്കാൻ ശ്രമിക്കുന്ന സ്വത്വബോധം പാകപ്പെടാതെ വരും. തീവ്രബോധം പരുവപ്പെടുത്തുന്ന പൗരോഹിത്യത്തിന് ഇത് വെല്ലുവിളിയാവുകയും ചെയ്യും. വ്യത്യസ്ത വിശ്വാസങ്ങൾ പുലർത്തിപ്പോന്ന മനുഷ്യർ ഒരേസ്ഥലത്ത് പാർപ്പുറപ്പിച്ചപ്പോഴും നിലനില്പിനായി സംഘർഷങ്ങളിലേർപ്പെട്ടിരുന്നു. അപ്പോഴും ജനവിരുദ്ധതയും അസത്യങ്ങളും കണ്ടെത്താനും അതിനെ എതിർക്കാനും സ്വന്തം വിശ്വാസങ്ങളെ നവീകരിക്കാനും മനുഷ്യർ തയ്യാറായിരുന്നു. എന്നാൽ അന്നുതൊട്ടേ മനുഷ്യൻ സ്വതന്ത്രചിന്തയോടെ വളരുന്നതിനെ മതങ്ങൾ ഭയപ്പെട്ടിരുന്നതായി കാണാം. മതസ്വത്വബോധങ്ങളെ ആചാരങ്ങളാക്കിമാറ്റി, അധികാരമുറപ്പിക്കുവാൻ പുരോഹിതരും ഭരണാധികാരികളും അത് തരാതരമുപയോഗിച്ചു എന്നതാണ് മനുഷ്യവംശത്തിന്റെ ആദ്യകാല അനുഭവങ്ങൾ.
കേരളം മറ്റേത് ഇന്ത്യൻ ദേശങ്ങളിൽ നിന്നും വ്യത്യസ്തമായി, പുരോഗമന വിദ്യാഭ്യാസക്കാഴ്ചപ്പാടുകൾക്ക് ഊന്നൽനല്കിയ സംസ്ഥാനമാണ്. 1957ൽ ഒന്നാംകമ്മ്യൂണിസ്റ്റ് മന്ത്രിസഭ ജോസഫ് മുണ്ടശേരിയുടെ നേതൃത്വത്തിൽ കൊണ്ടുവന്ന വിദ്യാഭ്യാസ ബിൽ പിൽക്കാല പരിഷ്കാരങ്ങളുടെ നാഴിക്കല്ലാണ്.
കുട്ടികളുടെ പ്രായം, മനഃശാസ്ത്രം, കുടുംബം, സാമൂഹ്യസാഹചര്യം, രാഷ്ട്രത്തിന്റെ ഭരണഘടനാമൂല്യങ്ങൾ, ശാസ്ത്രീയചിന്ത തുടങ്ങി വലുതും ചെറുതുമായ നിരവധി ഘടകങ്ങളിലൂന്നിയാണ് അവർക്കുള്ള വിദ്യാഭ്യാസപദ്ധതികൾ ആവിഷ്കരിക്കുന്നത്. പാഠ്യപദ്ധതി നാട്ടിലെ മനുഷ്യരുടെ വിശ്വാസപ്രമാണങ്ങളിൽ ഇടപെടാറില്ല. ആരുടെയും മതവിശ്വാസങ്ങളെ ഹനിക്കാറുമില്ല. ശാസ്ത്രീയചിന്തയും, യുക്തിബോധവും, അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരായ നിലപാടുകളും ഇന്നേവരെ കേരളീയ വിദ്യാഭ്യാസത്തിന്റെ അടിത്തൂണുകളാണ്. കാലം മാറുന്നതിനനുസരിച്ച് വിദ്യാഭ്യാസ സമ്പ്രദായത്തിലും മാറ്റം അനിവാര്യമാണ്. സങ്കുചിതചിന്തകൾക്കും എതിർപ്പുകൾക്കും അവിടെ പ്രസക്തിയില്ല.
കേരളത്തിൽ പുതിയ പാഠ്യപദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ച ചില പരിഷ്കാരങ്ങൾ മൗലികവാദികളുടെ എതിർപ്പിനിടയാക്കിയിരിക്കുകയാണ്. കാലഹരണപ്പെട്ട പിന്തിരിപ്പൻ രീതികൾക്ക് പകരം പുരോഗമന കാഴ്ചപ്പാടാണ് ആവശ്യമെന്ന് രക്ഷിതാക്കളും സമൂഹവും ആവശ്യപ്പെടുന്നിടത്താണ് മൗലികവാദങ്ങൾ അരക്കിട്ടുറപ്പിക്കാനും വിഷയങ്ങളെ മതപരവും വർഗീയവുമാക്കി മാറ്റാനും ചിലർ ശ്രമിക്കുന്നത്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് വ്യായാമങ്ങൾ അത്യാവശ്യമാണ്. മുമ്പത്തേതുപോലെ സ്കൂൾമുറ്റത്തെ വെയിലത്ത് നാടൻകളികളിലേർപ്പെടുന്ന തലമുറയല്ല ഇന്നത്തേത്. ശാസ്ത്രീയമായ, കുട്ടികൾക്ക് താല്പര്യജനകമായ ഒരു വ്യായാമമുറ ‑സുംബനൃത്തം, പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കാൻ വിദ്യാഭ്യാസവകുപ്പ് തയ്യാറായപ്പോൾ അതിനെതിരെ മൗലികവാദികളുയർത്തിയ എതിർപ്പ് നാം കണ്ടു. സമാനമായി അക്കാദമിക കലണ്ടറനുസരിച്ചുള്ള സ്കൂൾ സമയമാറ്റത്തിനെതിരായ വാദഗതികളാണ് മറ്റൊന്ന്. വിദ്യാലയങ്ങൾ രാവിലെ നേരത്തെ ആരംഭിച്ച് കുട്ടികളുടെ അധ്യയനവും ഇതരപ്രവർത്തനങ്ങളും നടത്തണമെന്നുള്ളത് വിദ്യാഭ്യാസ മേഖലയിൽ വർഷങ്ങളായി നടന്നുവരുന്ന ചർച്ചയാണ്. വികസിത സമൂഹങ്ങളിൽ തുടർന്നു വരുന്ന രീതിയുമതാണ്. അവിടെ മതപഠനം ഒരുചോദ്യമല്ല. ജനാധിപത്യ മതേതരസമൂഹത്തിൽ പൊതുവിദ്യാഭ്യാസത്തിനാണ് പ്രാധാന്യം. മതപഠനമോ അനൗപചാരികപഠനമോ നടത്തേണ്ടവർ ഔപചാരിക വിദ്യാഭ്യാസക്രമത്തിനനുസൃതമായി സമയം ക്ലിപ്തപ്പെടുത്തുകയാണ് വേണ്ടത്. അല്ലാതെ മതമൗലികവാദികളുടെ ഇച്ഛയ്ക്കനുസരിച്ച് പൊതുവിദ്യാഭ്യാസത്തിന്റെ ഘടികാരസൂചി തിരിച്ചുവയ്ക്കുകയല്ല. ഏഴ് പതിറ്റാണ്ട് മുമ്പ് കേരളമവതരിപ്പിച്ച വിദ്യാഭ്യാസബില്ലിൽനിന്നും ഇനിയും നാം മുന്നോട്ട് പോകണം. സംസ്ഥാനത്തിനകത്ത് പ്രവർത്തിക്കുകയും പാഠ്യപദ്ധതിയിലോ നടത്തിപ്പിലോ സർക്കാരിന് യാതൊരു നിയന്ത്രണവുമില്ലാത്ത ഒരു കൂട്ടം വിദ്യാലയങ്ങൾ ഇന്ന് കേരളത്തിലുണ്ട്. കുട്ടികളെ അപരിഷ്കൃത സമൂഹത്തിലേക്കും പൗരാണികതയിലേക്കും തിരിച്ച് കൊണ്ടുപോകാൻ അവർ നടത്തുന്ന പാദപൂജകൾ കുട്ടിയുടെ അവകാശങ്ങളുടെ ലംഘനമാണ്. ഈ സാഹചര്യത്തിൽ കേരളം കാതോർക്കുന്നത് വിദ്യാഭ്യാസത്തെ മലീമസമാക്കുന്ന മതമൗലികവാദികളെയും കേന്ദ്ര പദ്ധതികളിലൂടെ നുഴഞ്ഞുകയറുന്നവരെയും തടയുന്ന സമഗ്രമായ നയത്തിനായാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.