
ജനങ്ങളുടെ ജീവിതാവശ്യങ്ങൾക്ക് വിനിയോഗിക്കേണ്ട പണം കേന്ദ്ര സർക്കാർ നിഷേധിക്കുന്നതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. സംസ്ഥാനത്തിന് അർഹതപ്പെട്ട വിവിധ മേഖലകളിലെ തുകകൾ വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര നിലപാട് മുമ്പും ചർച്ച ചെയ്തിട്ടുള്ളതാണ്. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് ഈ ജനുവരി മുതൽ മാർച്ച് വരെ മൂന്നുമാസക്കാലയളവിൽ സംസ്ഥാനത്തിന് വിനിയോഗിക്കാനുള്ള തുകയുടെ പകുതിയിലധികം വെട്ടിക്കുറച്ച കേന്ദ്രസർക്കാർ തീരുമാനം. ഓരോ വർഷവും ആകെ എടുക്കാവുന്ന വായ്പാത്തുക വർഷാദ്യം കേന്ദ്രസർക്കാർ തീരുമാനിക്കുകയും, ആദ്യത്തെ ഒമ്പത് മാസം എടുക്കാവുന്ന തുക ഏപ്രിലിൽത്തന്നെ സംസ്ഥാനത്തെ അറിയിക്കുന്നതുമാണ് രീതി. അവസാനത്തെ മൂന്നുമാസത്തെ തുക പിന്നീട് അറിയിക്കും.
ഇതനുസരിച്ച് ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തെ മൂന്നുമാസത്തേക്ക് 12,000 കോടി രൂപയാണ് ലഭിക്കേണ്ടിയിരുന്നത്. തനത് വരുമാനങ്ങൾക്കു പുറമെ ഈ വായ്പ കൂടി എടുത്താണ് അവസാനമാസത്തെ ചെലവുകൾ നിർവഹിക്കേണ്ടത്. ഇതില്‍ 5,900 കോടിയുടെ വെട്ടിക്കുറവാണ് വരുത്തിയിരിക്കുന്നത്. കിഫ്ബിക്കും പെൻഷൻ കമ്പനിയ്ക്കുമായി ബജറ്റിന് പുറത്തെടുത്ത വായ്പകളുടെ പേരിലാണ് കടാനുമതിയിൽ കുറവ് വരുത്തിയിട്ടുള്ളതെന്നാണ് ഡിസംബർ 17ന് കേന്ദ്ര സർക്കാരിൽനിന്ന് ലഭിച്ച കത്തിൽ പറയുന്നത്. ഇത് ശമ്പളം, പെൻഷന്‍, നിർമ്മാണ പ്രവർത്തനങ്ങള്‍ എന്നിവയയുടെയടക്കം വർഷാന്ത്യ ചെലവുകളെ തടസപ്പെടുത്താനാണെന്ന് വ്യക്തമാണ്. ഈ വർഷം മാത്രം സംസ്ഥാന സർക്കാരിന് അനുവദനീയമായ കടത്തിൽനിന്ന് 17,000 കോടി രൂപയാണ് കുറയുന്നത്. ഇത് സർക്കാരിന്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്താൻ മനഃപൂർവം ചെയ്യുന്നതാണെന്ന് വ്യക്തമാണ്. കേന്ദ്രം അംഗീകരിച്ച കണക്കിന്റെ അടിസ്ഥാനത്തിൽ എല്ലാ സംസ്ഥാനങ്ങളും കടമെടുക്കുന്നുണ്ട്.
സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ മൂന്ന് ശതമാനമാണ് കടമെടുക്കാൻ അനുവദിച്ചിട്ടുള്ളത്. ധന ഉത്തരവാദിത്ത നിയമവും, ധനകാര്യ കമ്മിഷന്റെ ശുപാർശയും പരിഗണിച്ച് ആർബിഐയുടെ അനുമതിയോടായാണ് കടമെടുക്കുന്നത്. കേരള സർക്കാരിന്റെ സാമ്പത്തിക പ്രവർത്തനങ്ങൾ മെച്ചപ്പെട്ട നിലയിലാണ് എന്നതിൽ കേന്ദ്ര സർക്കാരിനും എതിരഭിപ്രായമില്ല. സാമ്പത്തിക ചിട്ടപ്പെടുത്തലിന്റെ കാര്യത്തിൽ ഏറ്റവും മുന്നിൽനിൽക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നത് റിസർവ് ബാങ്കിന്റെയും സിഎജിയുടെയും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. ആളോഹരി വരുമാനം ഇക്കാലയളവിൽ ഇരട്ടിയായി വർധിച്ചിട്ടുണ്ട്. 2016ല്‍ 1,66,246 രൂപയായിരുന്ന വരുമാനം കഴിഞ്ഞ വർഷം 3,08,338 രൂപയായതായി ആർബിഐ വ്യക്തമാക്കുന്നു. ആഭ്യന്തര ഉല്പാദനവും ഇരട്ടിയായതായി ആർബിഐ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 2015–16ൽ 5.62 ലക്ഷം കോടി രൂപയായിരുന്നത് കഴിഞ്ഞ വർഷം 12.49 ലക്ഷം കോടിയായി ഉയർന്നു. ശരാശരി 12% സാമ്പത്തിക വളർച്ച നേടാൻ സാധിക്കുന്നു. സംസ്ഥാനത്തിന്റെ മൊത്തം തനത് വരുമാനം ഒരു ലക്ഷം കോടിയെന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. 2015–16 ലെ 54,000 കോടിയിൽ നിന്ന് കഴിഞ്ഞവർഷം 1,03,240 കോടിയായി ഉയർന്നു. കഴിഞ്ഞ കുറേക്കാലത്തിനിടയിൽ സംസ്ഥാനത്തെ കടത്തിന്റെ വർധനാനിരക്ക് കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
സംസ്ഥാനത്തിന്റെ പൊതുകടവും ആഭ്യന്തര ഉല്പാദനവും തമ്മിലുള്ള അനുപാതം ദേശീയ ശരാശരിയെക്കാൾ താഴെയാണെന്ന് സിഎജിയുടെ സ്റ്റേറ്റ് ഫിനാൻസസ് 2023–24 റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നമ്മുടെ പൊതുകടം ജിഎസ്ഡിപി അനുപാതം 24.88% ആണ്. ദേശീയ ശരാശരി 26.11%. മൂന്ന് ശതമാനത്തിൽ കൂടുതൽ ധനക്കമ്മിയുള്ള 18 സംസ്ഥാനങ്ങളുണ്ടെന്ന് സിഎജി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന്റെ ധനക്കമ്മി 3.02 ശതമാനമാണ്. ബാക്കി 17 സംസ്ഥാനങ്ങൾക്കും കേരളത്തെക്കാൾ ഉയർന്ന ധനക്കമ്മിയാണുള്ളത്. സംസ്ഥാനത്തിന്റെ ആകെ ബാധ്യതയും ജിഎസ്ഡിപിയും തമ്മിലുള്ള അനുപാതം കോവിഡ് കാലത്ത് 38.47 ശതമാനത്തിലേക്ക് ഉയർന്നിരുന്നെങ്കിലും ഇപ്പോഴത് 34.2 ശതമാനമായി കുറയ്ക്കാനായിട്ടുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. കേരളത്തിന്റെ മൂന്ന് പതിറ്റാണ്ടിലെ ബജറ്റ് വിവരങ്ങൾ പരിശോധിച്ചാൽ ഓരോ അഞ്ചുവർഷത്തിലും കടം ഇരട്ടിയാകുന്നതായാണ് മനസിലാക്കാനാകുന്നത്. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ 78,673 കോടിയായിരുന്നു കേരളത്തിന്റെ കടം. അത് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലവധി പൂർത്തിയാക്കിയപ്പോൾ 1,57,370 കോടിയായി.
2016ലെ എല്‍ഡിഎഫ് സർക്കാരിന്റെ കാലത്ത് ഇത് 2,96,901 കോടി രൂപയായി. ഈ വർധനയുടെ തോതനുസരിച്ച് ഈ സർക്കാരിന്റെ കാലത്ത് ആറ് ലക്ഷം കോടി രൂപയിലേയ്ക്കെത്തണം. എന്നാൽ, യഥാർത്ഥ കടം 4.75 ലക്ഷം കോടിയിൽ കവിയില്ല. കടം ഇരട്ടിയാകുകയെന്ന മുൻ സർക്കാരുകളുടെ കാലത്തെ പ്രവണത ഈ സർക്കാരിന്റെ കാലത്ത് ഇല്ലെന്നുള്ളതാണ് യാഥാർത്ഥ്യം. വിവിധ കാരണങ്ങൾ പറഞ്ഞ് കടാനുമതി വെട്ടിക്കുറയ്ക്കുന്നതും കടമെടുക്കുന്നതിൽ സംസ്ഥാനം സ്വയം നിയന്ത്രണം പാലിക്കുന്നതുമാണ് കടം കുറയാൻ കാരണം. ശരാശരി ഒരു വർഷം 25,000 കോടിയുടെ വായ്പാവസരമാണ് നമുക്ക് നിഷേധിക്കപ്പെടുന്നത്. എന്നിട്ടും കേരളം പിടിച്ചുനിൽക്കുന്നു.
ഇതൊക്കെയാണ് റിസർവ് ബാങ്കും സിഎജിയും അടക്കമുള്ള സ്ഥാപനങ്ങൾ നമ്മുടെ സാമ്പത്തിക പ്രവർത്തനങ്ങൾ മെച്ചപ്പെട്ടതാണെന്ന് വിലയിരുത്താനുള്ള കാരണങ്ങൾ. എന്നാൽ, കേരളം സാമ്പത്തിക ദൃഢീകരണ മേഖലയിൽ ഉണ്ടാക്കുന്ന നേട്ടങ്ങളെ അംഗീകരിക്കാൻ തയ്യാറാകാതെ സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്ന നടപടികളാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തിന്റെ 25 ശതമാനത്തോളം മാത്രമാണ് കേന്ദ്ര നികുതി വിഹിതവും മറ്റ് ഗ്രാന്റുകളും അടക്കമുള്ളത്. ബാക്കി 75% തനത് വരുമാനമാണ്. എന്നാൽ, ഇതര സംസ്ഥാനങ്ങളുടെ ആകെ വരുമാനത്തിന്റെ 53 ശതമാനവും കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന നികുതി വിഹിതവും ഗ്രാന്റുകളുമാണ്. ചില സംസ്ഥാനങ്ങൾക്ക് 73% വരെ കേന്ദ്ര വിഹിതമായി കിട്ടുന്നുണ്ട്. ഗ്രാന്റുകളും മറ്റ് ആനുകൂല്യങ്ങളുമെല്ലാം വെട്ടിക്കുറയ്ക്കപ്പെടുകയാണ്.
കേന്ദ്രാവിഷ്കൃത പദ്ധതികളിൽ ഈ വർഷം ഏതാണ്ട് 5,784 കോടിയാണ് കിട്ടാനുള്ളത്. പല കാര്യങ്ങളിലും മുന്നിട്ടുനിൽക്കുന്നു എന്നതിനാലാണ് നമുക്ക് അർഹതപ്പെട്ട പദ്ധതി വിഹിതങ്ങൾ നിഷേധിക്കുന്നത്. നല്ല സ്കൂളും ആശുപത്രിയും റോഡുകളുമൊക്കെ നമ്മൾ ഉണ്ടാക്കിയതിനാൽ, അതിന്റെ പേരിൽ ശിക്ഷിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. പിഎം ശ്രീ, എൻഎച്ച്എം, സമഗ്ര ശിക്ഷ കേരള ഉൾപ്പെടെ പല പദ്ധതികൾക്കും ബ്രാൻഡിങ്ങിന്റെയും മറ്റും പേരു പറഞ്ഞ് പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കുന്നു. ഇതിനു പുറമെയാണ് തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കുന്ന കേന്ദ്ര തീരുമാനം വന്നിട്ടുള്ളത്. ഗ്രാമീണ ജനങ്ങളുടെ ദുരിതവും തൊഴിലില്ലായ്മയും പരിഹരിക്കാൻ ആരംഭിച്ച പദ്ധതി ബിജെപി സർക്കാർ തകർത്തുകഴിഞ്ഞു. ഇതുവഴി ഏതാണ്ട് 3,000 കോടിയോളം രൂപയുടെ അധിക ബാധ്യതകൂടി സംസ്ഥാനത്തിന്റെ ചുമലിലായിട്ടുണ്ട്. ഇതൊന്നും കൊണ്ട് കേരളത്തെ തളർത്താൻ പറ്റുന്നില്ലെന്ന് കേന്ദ്രത്തിനും കേരളത്തിലെ പ്രതിപക്ഷത്തിനും ബോധ്യപ്പെട്ടിട്ടുമുണ്ട്. കേന്ദ്ര വിഹിതങ്ങളിൽ ഇത്രയേറെ കുറവുണ്ടായിട്ടും ക്ഷേമ പ്രവർത്തനങ്ങൾക്കും അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കും പുതിയ വ്യവസായങ്ങൾ ഉറപ്പാക്കുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കൂടുതൽ പണം ചെലവഴിക്കാൻ സംസ്ഥാനത്തിന് കഴിയുന്നുണ്ട്. ക്ഷേമ പെൻഷൻ കാര്യമായി വർധിപ്പിക്കുക, വനിതകൾക്ക് വരുമാനം ഉറപ്പാക്കുന്ന സ്ത്രീ സുരക്ഷാ പദ്ധതി, യുവജനതയ്ക്കായുള്ള കണക്ട് ടു വർക്ക് പദ്ധതി ഉൾപ്പെടെയുള്ള ക്ഷേമ പ്രവർത്തനങ്ങളുടെ വിപുലീകരണം, ഡിഎ/ ഡിആർ കുടിശിക അനുവദിക്കൽ തുടങ്ങിയ തീരുമാനങ്ങൾ പ്രതിപക്ഷത്തെ അസ്വസ്ഥമാക്കിയിട്ടുണ്ട്.
ഈ ജനപക്ഷ നിലപാടുകൾ അംഗീകരിക്കാൻ കഴിയാത്ത കേന്ദ്രസർക്കാരിന്റെ നിലപാടാണ് വായ്പാനുമതി വെട്ടിക്കുറയ്ക്കലിൽ പ്രകടമായത്. ഒരു വശത്ത് നുണപ്രചാരണം നടത്തുക, മറുഭാഗത്ത് സാമ്പത്തികമായി ഞെരുക്കുകയെന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഈ കേരളവിരുദ്ധ സമീപനത്തിലെ യുഡിഎഫിന്റെ പങ്കാളിത്തത്തിന് ഉദാഹരണമാണ് കോഴിക്കോട്ടെയും കൊല്ലത്തെയും എംപിമാർ നമ്മുടെ റേഷൻ മുടക്കാനും സഹകരണ മേഖലയെ തകർക്കാനും കഴിയുമോ എന്ന നിലയിലുള്ള ഇടപെടൽ നടത്താൻ പാർലമെന്റിൽ ശ്രമിച്ചത്. അതിനായി ചോദ്യോത്തര വേളയെ ഉപയോഗിക്കാനും ഇവർ മടിച്ചില്ല. കേരളത്തിലെ മൂന്നര കോടി ജനങ്ങൾക്ക് അർഹതപ്പെട്ട പണം ഏകപക്ഷീയമായി തടയുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഇതിനെതിരെ ഒറ്റക്കെട്ടായ സമീപനം സ്വീകരിച്ചേ മതിയാകൂ. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ തൊട്ട് പാർലമെന്റ് വരെ വ്യത്യസ്തമായ പാർട്ടികൾക്ക് പങ്കാളിത്തമുള്ള സംസ്ഥാനമാണ് കേരളം. എല്ലാ രാഷ്ട്രീയ പാർട്ടികളിലും പെട്ട കേരളീയർക്ക് അവകാശപ്പെട്ട പണമാണ് നിഷേധിക്കപ്പെടുന്നത്. മുഖ്യമന്ത്രിയും ധനമന്ത്രിയും പലതവണ കേന്ദ്ര ഭരണാധികാരികളെകണ്ട് ഈ വിഷയങ്ങളെല്ലാം ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്.
ഡിസംബർ 24ന് കേന്ദ്ര ധനമന്ത്രിയെ നേരിൽക്കണ്ട് നിവേദനം സമർപ്പിച്ചതുമാണ്. ദേശീയപാത വികസനത്തിന് ഭൂമിയേറ്റെടുക്കലിനായി കേരളം നൽകിയ 6,000 കോടി രൂപയ്ക്ക് പകരം വായ്പ എടുക്കാൻ അനുവദിക്കണമെന്നും, ഐജിഎസ്‌ടി റിക്കവറി എന്ന പേരിൽ പിടിച്ച 965 കോടി രൂപ തിരിച്ചുതരണമെന്നും ഗ്യാരണ്ടി നിക്ഷേപത്തിന്റെ പേരിൽ വെട്ടിക്കുറച്ച 3,300 കോടി രൂപയുടെ വായ്പയ്ക്ക് അനുമതി ലഭ്യമാക്കണമെന്നതും അടക്കമുള്ള ആവശ്യങ്ങളും മുന്നോട്ടുവച്ചിരുന്നു. എന്നിട്ടും അനുകൂലമായ ഒരു നിലപാടും ഉണ്ടായിട്ടില്ല. നമ്മുടെ അവകാശങ്ങൾക്കുവേണ്ടി സംസ്ഥാന സർക്കാർ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ സമരം നടത്തി. സുപ്രീം കോടതിയെ സമീപിച്ചു. ആവശ്യങ്ങളിൽ വസ്തുത ഉണ്ടെന്നുകണ്ട സുപ്രീം കോടതി ഹർജി ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുകയാണ്. കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചിട്ടുള്ളതുപോലെ കേന്ദ്രത്തിന് വഴങ്ങുന്ന നയസമീപനമല്ല സംസ്ഥാനം സ്വീകരിച്ചിട്ടുള്ളത്. കേന്ദ്ര ബിജെപി സർക്കാരിനെതിരെ കോടതിയിൽ പോകാനും ശക്തമായ പ്രക്ഷോഭം നടത്താനും എൽഡിഎഫ് സർക്കാർ മാത്രമേ തയ്യാറായിട്ടുള്ളൂ. സ്ത്രീസുരക്ഷാ പദ്ധതിയും കണക്ട് ടു വർക്ക് പരിപാടിയും ക്ഷേമ പെൻഷൻ, ശമ്പളം, പെൻഷൻ വിതരണവുമൊക്കെ തടസപ്പെടുത്താനാണ് അർഹതപ്പെട്ട വിഹിതം നിഷേധിക്കുന്നത്. ഇത് കേരളത്തെ പിന്നിൽനിന്ന് കുത്തുന്ന അനുഭവമാണ്. അതിൽ ബിജെപിക്കൊപ്പം കേരളത്തിലെ പ്രതിപക്ഷവും ചേർന്നിരിക്കുകയാണ്. ജനങ്ങളോട് ഉത്തരവാദിത്തമുണ്ടെങ്കിൽ കേന്ദ്ര നയത്തിനെതിരായ പ്രക്ഷോഭത്തിൽ യുഡിഎഫും അണിചേരുകയാണ് വേണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.