22 February 2026, Sunday

കേരള സ്റ്റോറി 2: വർഗീയതയുടെ കുതന്ത്രം

ടി കെ മുസ്തഫ
February 23, 2026 4:40 am

ഹുസ്വര സമൂഹങ്ങളിൽ ഇതര വിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കാതെ സ്വന്തം നിലപാടുകൾ പ്രകടിപ്പിക്കാൻ എത്രത്തോളം ബദ്ധശ്രദ്ധരാണോ അതേയളവിൽ ഇതര വിഭാഗങ്ങൾക്ക് അവരുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാനുള്ള അവകാശത്തിനായി ശ്രമിക്കാൻ കൂടി തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന ബോധ്യമാണ് പ്രബുദ്ധ കേരളത്തെ എക്കാലവും നയിക്കുന്നത്. എന്നാല്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ ആക്രമണാത്മകമായ സ്വേച്ഛാധിപത്യ നയങ്ങളോടുകൂടിയ കെട്ടുകഥകളും നുണകളും കൃത്രിമമായി ചമയ്ക്കപ്പെട്ട ചരിത്രവും സൃഷ്ടിച്ച് സംസ്ഥാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ് സംഘ്പരിവാർ. കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം ലക്ഷ്യമാക്കി മുമ്പ് നിർമിച്ച ‘ദി കേരള സ്റ്റോറി‘യെന്ന സിനിമയുടെ രണ്ടാം ഭാഗം പുറത്തിറക്കാനുള്ള ഇരുട്ടിന്റെ ശക്തികളുടെ നീക്കം, തങ്ങളുടെ രാഷ്ട്രീയ കുതന്ത്രങ്ങൾ വേരുറയ്ക്കാതെ പോയ സംസ്ഥാനത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെ തകർത്തുകൊണ്ട് പ്രതിസന്ധികൾ സൃഷ്ടിക്കാൻ വേണ്ടിയുള്ള വിഷലിപ്ത പ്രയത്നങ്ങളുടെ അനന്തര ഫലം തന്നെയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പശുവിന്റെയും പശു മാംസത്തിന്റെയും ദിവ്യത്വത്തെ സ്വീകരിക്കുകയും അതുമായി ബന്ധപ്പെട്ടുയരുന്ന വിമർശനങ്ങളോട് ജ്ഞാനാധിഷ്ഠിതമായ സമീപനങ്ങൾ ഒഴിവാക്കി, ദുർവ്യാഖ്യാനങ്ങളിലൂടെ ജനാധിപത്യത്തിന്റെ മാനദണ്ഡങ്ങളെത്തന്നെ നിരാകരിക്കുകയും ചെയ്യുന്നവർ പരസ്പര സാഹോദര്യവും മത നിരപേക്ഷതയും മുഖമുദ്രയാക്കുന്ന കേരളത്തെ പരസ്യമായി അപമാനിക്കുകയാണ്. ബീഫ് കഴിക്കാൻ വിസമ്മതിക്കുന്ന യുവതിയെ ബലം പ്രയോഗിച്ച് കഴിപ്പിക്കുന്ന രംഗം ചിത്രീകരിച്ച് മതം ആചരിക്കാനുള്ള തങ്ങളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള വെല്ലുവിളിയെന്ന രീതിയിൽ അവതരിപ്പിക്കുന്നു. 

ഗോ മാംസം തിരസ്കരിക്കുന്നവരുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ കൈകടത്തുകയോ അനുവദനീയമായ സമൂഹങ്ങളുടെ അവകാശത്തിൽ അസ്വസ്ഥത പ്രകടിപ്പിക്കുകയോ ചെയ്യുന്ന സമീപനം കേരളത്തിൽ ആരും തന്നെ സ്വീകരിക്കുന്നില്ലെന്നിരിക്കെ പശുവിനെ വർഗീയതയുടെ ആയുധമാക്കി പരിവർത്തിപ്പിച്ചുകൊണ്ടുള്ള രാഷ്ട്രീയ മുതലെടുപ്പാണ് നടത്താന്‍ ശ്രമിക്കുന്നത്. ഇന്ത്യ ഹൈന്ദവ രാഷ്ട്രമാണെന്നും, മുസ്ലിങ്ങൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടേണ്ടവർ ആണെന്നുമുള്ള പൊതുധാരണ സൃഷ്ടിച്ചെടുക്കാൻ സംഘ്പരിവാർ ശക്തികൾ പശുവിനെ മുൻനിർത്തിയുള്ള രാഷ്ട്രീയ തന്ത്രം പയറ്റാൻ തുടങ്ങിയിട്ട് കാലമേറെയായി.
1967ൽ പശു സംരക്ഷണത്തെക്കുറിച്ച് പഠിക്കാൻ ഇന്ത്യൻ സർക്കാർ നിയോഗിച്ച കമ്മിറ്റിയിൽ അംഗമായിരുന്ന ധവളവിപ്ലവത്തിന്റെ ഉപജ്ഞാതാവ് ഡോ. വർഗീസ് കുര്യൻ അക്കാലയളവിൽ തനിക്കുണ്ടായ ഒരനുഭവം ‘എനിക്കും ഒരു സ്വപ്നമുണ്ടായിരുന്നു’ എന്ന തന്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്. ഉപകാരമില്ലാത്ത പശുക്കളെ കൊന്നുകളയണമെന്ന തന്റെ അഭിപ്രായത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ആർഎസ്എസ് തലവനായിരുന്ന എം എസ് ഗോൾവാൾക്കർ, പശു ഇന്ത്യൻ സംസ്കാരത്തിന്റെ ചിഹ്നമാണെന്നും അതിലൂടെ ഐക്യഭാരതം എന്ന സങ്കല്പം പൂവണിയുമെന്നും പ്രഖ്യാപിച്ചുവെന്നാണ് അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ളത്.
1882ൽ ആര്യസമാജത്തിന്റെ പിന്തുണയോടെ സ്വാമി ദയാനന്ദ സരസ്വതി സ്ഥാപിച്ച ‘ഗോരക്ഷിണി സഭ’ ഗോസംരക്ഷണത്തിന് സമരോത്സുകരായ ഒരു സേന ആവശ്യമാണെന്ന ധാരണയുടെ അടിസ്ഥാനത്തിലുള്ള വിധ്വംസക പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകിയത്. മനുഷ്യരെല്ലാം പശുവിന്റെ പാൽ കുടിക്കുന്നവരാണെന്നും പശു ലോകത്തിന്റെ മാതാവാണെന്നും അതുകൊണ്ട് ഗോവധം മാതൃവധത്തിന് തുല്യമാണെന്നും വാദിച്ച ‘ഗോരക്ഷിണി സഭ’, ഇസ്ലാം വിശ്വാസികളെ ഭീഷണിപ്പെടുത്തി, അറവ് നിർത്താനുള്ള കരാർപത്രങ്ങൾ ‘ഇഖ്റാർ നാമ’ എന്ന പേരിൽ അവരിൽനിന്ന് എഴുതിവാങ്ങുകയും ചെയ്തിരുന്നു.
1880കളിൽ പശുവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദങ്ങളെത്തുടർന്ന് വടക്കുപടിഞ്ഞാറൻ പ്രവിശ്യകളുടെ ബ്രിട്ടീഷ് ഹൈക്കോടതി പശു മതചിഹ്നമല്ലെന്നും ഗോവധം മതനിന്ദയായി പ്രഖ്യാപിക്കാനാകില്ലെന്നും 1888ൽ വിധി പ്രസ്താവിച്ചു. ഹൈക്കോടതി വിധിയെ സംഘർഷം വർധിപ്പിക്കാനുള്ള സുവർണാവസരമായിക്കണ്ട ‘ഗോരക്ഷിണി സഭ’ തുടർന്ന് 1893ൽ അസംഗഢിലും 1912ൽ അയോധ്യയിലും 1917ൽ ശാഹാബാദിലും ഇന്ത്യൻ മതനിരപേക്ഷ സ്വഭാവത്തിന് മേൽ വലിയ ആഘാതങ്ങൾ സൃഷ്ടിച്ചുകൊണ്ടുള്ള കലാപങ്ങൾ അഴിച്ചുവിടുകയായിരുന്നു.

ഹിന്ദുരാഷ്ട്രം ഗോമാതാവിനും സരസ്വതി മാതാവിനും ഭൂമി മാതാവിനും സമർപ്പിക്കപ്പെട്ടതായിരിക്കണമെന്ന ആര്യ സമാജം നേതാവ് സ്വാമി ശ്രദ്ധാനന്ദയുടെ പ്രസ്താവനയും മനുസ്മൃതിയിൽ അധിഷ്ഠിതമായിട്ടുള്ള ബ്രാഹ്മണിക്കൽ ഹിന്ദുത്വത്തെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു. 1966 നവംബർ ഏഴിന്, ഗോവധം നിരോധിക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിശ്വ ഹിന്ദു പരിഷത്താകട്ടെ ഏകശിലാ നിർമ്മിതവും മനുസ്മൃതിയിലധിഷ്ഠിതവുമായ ഹിന്ദുത്വ വർഗീയ ദേശീയതയ്ക്കായുള്ള ആഹ്വാനം മുഴക്കുകയും ന്യൂനപക്ഷ സമുദായാംഗങ്ങളെ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിച്ച് രാജ്യത്താകമാനം വർഗീയ ധ്രുവീകരണത്തിന്നുള്ള ശ്രമം നടത്തുകയും ചെയ്തു. ചത്ത പശുവിന്റെ തോൽ ഉരിഞ്ഞെടുത്തു എന്ന കുറ്റമാരോപിച്ചുകൊണ്ട് 2002ൽ ഹരിയാനയിലെ ഹിജാറിൽ 50 ദളിതരെ സവർണവാദികൾ പെരുവഴിയിലിട്ട് നിഷ്ഠുരമായി തല്ലിക്കൊന്ന സംഭവം ഇന്ത്യ ദർശിച്ച ഹിംസാത്മക കാവി ദേശീയവാദത്തിന്റെ പ്രത്യക്ഷവും ക്രൂരവുമായ ഉദാഹരണങ്ങളിലൊന്നായിരുന്നു. നരേന്ദ്ര മോഡി അധികാരത്തിലേറി ഒരു വർഷത്തിനുള്ളിൽ, 2015ൽ ഉത്തർപ്രദേശിലെ ദാദ്രിയിൽ 52 വയസുകാരനായ മുഹമ്മദ് അഖ്‌ലാഖിനെ പശുവിനെ കൊന്ന് ഇറച്ചി സൂക്ഷിച്ചു എന്ന കാരണം പറഞ്ഞാണ് ഹിന്ദുത്വ ഭീകരർ കൊല ചെയ്തത്. ഉത്തർപ്രദേശ് ഉൾപ്പെടെ പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഗോവധം നിരോധിച്ച് നിയമം കൊണ്ടുവന്നത് കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരുകളായിരുന്നുവെന്നും നാം ഓർക്കേണ്ടതുണ്ട്. 1955ൽ അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പന്തിന്റ നേതൃത്വത്തിൽ നടപ്പാക്കിയ ‘ഗോവധ നിരോധന നിയമ’ത്തിലെ സെക്ഷൻ അഞ്ച് എ ഭേദ​ഗതി ചെയ്തുകൊണ്ടുള്ള ഓർഡിനൻസ് പാസാക്കിയത് 2017ൽ ആദിത്യനാഥ് മന്ത്രിസഭയാണ്. 

2016ൽ ഗുജറാത്തിലെ ഉനയിൽ പശുവിനെ കൊന്നു എന്നാരോപിച്ച് ദളിത് കുടുംബത്തെ നഗ്നരാക്കി നിർത്തി കെട്ടിയിട്ട് മർദിച്ചതും 2017ൽ, രാജസ്ഥാനിൽ കാലിക്കടത്ത് ആരോപിച്ച് പെഹ്‌‌ലു ഖാനെ അടിച്ച് കൊന്നതും 2024 ഡിസംബർ 30ന് മൊറാദാബാദിൽ പശുവിനെ കൊന്നുവെന്നാരോപിച്ച് ‘ജയ് ശ്രീറാം’ വിളികളോടെ പാഞ്ഞടുത്ത അക്രമിക്കൂട്ടം മുഹമ്മദ് ഷാഹിദീൻ ഖുറേഷിയെ മർദിച്ച് കൊലപ്പെടുത്തിയതുമെല്ലാം ഹിന്ദു വംശീയ രാഷ്ട്രീയത്തിന്റെ അന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കുകയെന്ന ഗൂഢ ലക്ഷ്യത്തോടെ തന്നെയായിരുന്നു. 2010ൽ, ആർഎസ്എസ് അനുബന്ധ സ്ഥാപനമായ ‘ഗോ വിജ്ഞാന്‍ അനുസന്ധൻ കേന്ദ്ര’ ഗോമൂത്രത്തിൽ നിന്ന് വേർതിരിച്ചെടുത്ത കാൻസർ വിരുദ്ധ മരുന്നിന് യുഎസ് പേറ്റന്റ് നേടിയതായി രണ്ട് പ്രമുഖ പത്രങ്ങൾ റിപ്പോർട്ട് ചെയ്തതും ഇതിനോട് ചേർത്ത് വായിക്കണം. ഗോസംരക്ഷണത്തിന്റെ പേരിലുള്ള സംഘ്പരിവാറിന്റെ വർഗീയവല്‍ക്കരണ അജണ്ടകളെ തുറന്നെതിർക്കുന്നു എന്നത് കൊണ്ടുതന്നെ വർഗീയ മനസുകളുടെ ഭാവനയിൽ വിരിയുന്ന കുതന്ത്രങ്ങളിലൂടെ കേരളത്തെ വൈകാരിമായി അവഹേളിച്ചും വ്യാജാരോപണങ്ങൾ ഉന്നയിച്ച് അപമാനിച്ചും ആത്മനിർവൃതിയടയുന്ന മാനസികാവസ്ഥയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേരള സ്റ്റോറി രണ്ടാം ഭാഗം. കേരളത്തിനെതിരെ വ്യാജകഥകൾ പ്രചരിപ്പിക്കുന്നത്​ അവകാശമായിക്കരുതി, മതനിരപേക്ഷ സംസ്കാരത്തിൽ വിള്ളൽ വീഴ്ത്താൻ എത്രതന്നെ ശ്രമിച്ചാലും സംഘ്​പരിവാർ കാവിവല്‍ക്കരണത്തിന്റെ കുത്തഴിഞ്ഞ പരീക്ഷണശാലയായി മാറാൻ സംസ്ഥാനത്തെ കിട്ടില്ല എന്നാണ് നാം മലയാളികള്‍ മറുപടി നല്‍കേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.