
കേരളത്തിന്റെ സ്വപ്നസാഫല്യമായ വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമര്‍പ്പിക്കുകയാണ്. തീര്‍ച്ചയായും കേരള ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുന്ന ചരിത്രമുഹൂര്‍ത്തമാണിത്, കേരള സര്‍ക്കാരിനും ജനതയ്ക്കും അഭിമാന നിമിഷവും. ഇന്ത്യയില്‍ ആദ്യമായി സംസ്ഥാനത്തിന്റെ മുന്‍കയ്യില്‍ ഇത്ര ബൃഹത്തായ ഒരു തുറമുഖം ഏറ്റെടുത്ത് പൂര്‍ത്തിയാക്കുന്നത് ഇതാദ്യമാണ്. ഇന്ത്യക്ക് ലോകത്തിലേക്കും ലോകത്തിന് ഇന്ത്യയിലേക്കും തുറന്നുകിട്ടുന്ന പുതിയ ഒരു പ്രവേശന കവാടമായിരിക്കും ഈ തുറമുഖം. ഇതോടെ സമുദ്രമാര്‍ഗേണയുള്ള വ്യാപാരത്തിന്റെയും ലോജിസ്റ്റിക്സിന്റെയും ഹബ്ബ് ആയി കേരളവും ഇന്ത്യയും മാറുകയാണ്. ആഗോള ചരക്കുഗതാഗതത്തില്‍ അതിപ്രാധാന്യമുള്ള സാന്നിധ്യമായി നമ്മുടെ രാജ്യം മാറുകയാണ്. നാല് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കാന്‍ വിഭാവനം ചെയ്ത ഈ പദ്ധതിയുടെ കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍ 2024ല്‍ത്തന്നെ ആരംഭിച്ചു. 2045ല്‍ പൂര്‍ത്തീകരിക്കേണ്ട തുടര്‍ഘട്ടങ്ങള്‍ 17 വര്‍ഷം മുമ്പ് 2028ല്‍ പൂര്‍ത്തീകരിക്കാനാവും. ഒന്നാം ഘട്ടം അതിവേഗം പൂര്‍ത്തിയാക്കി കമ്മിഷനിലെത്തിക്കാന്‍ കഴിഞ്ഞത് ചാരിതാര്‍ത്ഥ്യം നല്‍കുന്ന കാര്യമാണ്. പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക എന്നതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ഭരണസംസ്കാരം. അതിന്റെ മറ്റൊരു ദൃഷ്ടാന്തമാവുകയാണ് വിഴിഞ്ഞം തുറമുഖം. കടുത്ത സാമ്പത്തിക പ്രയാസങ്ങള്‍ സംസ്ഥാനം നേരിടുന്ന ഘട്ടത്തില്‍ത്തന്നെയാണ് കേരളം വലിയ തുക ഇതിനുവേണ്ടി കണ്ടെത്തിയത്. പ്രകൃതിദുരന്തങ്ങളും കോവിഡ് മഹാമാരിയും ഒക്കെ സൃഷ്ടിച്ച പ്രയാസങ്ങളെ നിശ്ചയദാര്‍ഢ്യത്തോടെ അതിജീവിച്ചുകൊണ്ടാണ് കരാറിലെ ലക്ഷ്യസമയത്തിന് വളരെ മുമ്പുതന്നെ പദ്ധതി പൂര്‍ത്തിയാക്കുന്നത്. ആകെ ചെലവായ 8,867 കോടി രൂപയില്‍ 5,595 കോടിയും സംസ്ഥാന സര്‍ക്കാരാണ് മുടക്കുന്നത്. 2,454 കോടി രൂപ അഡാനി വിഴിഞ്ഞം പോര്‍ട്ട് പ്രെെവറ്റ് ലിമിറ്റഡാണ് മുടക്കുന്നത്. കേന്ദ്ര വിഹിതമായി ലഭിക്കേണ്ട 818 കോടി, വിജിഎഫ് വായ്പാ രൂപത്തിലാണ് ലഭ്യമാക്കുന്നത്. ആ തുക ഇതുവരെ ലഭിച്ചിട്ടുമില്ല. അത് ലഭിക്കും എന്നുതന്നെയാണ് നമ്മുടെ പ്രതീക്ഷ.
രാജ്യത്തെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമാണ് വിഴിഞ്ഞത്ത് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. അത്യാധുനിക സംവിധാനങ്ങള്‍ ഓട്ടോമാറ്റിക് ആയി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നുവെന്നത് ചരക്കുനീക്കത്തെ ത്വരിതപ്പെടുത്തും. മദ്രാസ് ഐഐടിയും മാരിടൈം ടെക്‌നോളജി പ്രെെവറ്റ് ലിമിറ്റഡും ചേര്‍ന്ന് വികസിപ്പിച്ച റഡാര്‍, സെന്‍സര്‍ എന്നിവ ഉപയോഗിച്ചുള്ള വെസല്‍ ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റമാണ് (വിടിഎംഎസ്) കപ്പലുകളുടെ ചലനങ്ങള്‍ കൃത്യമായി നിയന്ത്രിക്കുന്നത്. ചരക്കുനീക്കത്തെ വേഗത്തിലാക്കാന്‍ ഈ പുതുമകള്‍ സഹായിക്കും.
ഇന്ത്യക്ക് സ്വന്തമായി ഒരു ഡീപ് വാട്ടര്‍ ട്രാന്‍സ്‌ഷിപ്‌മെന്റ് തുറമുഖമില്ല. രാജ്യത്തെ ട്രാന്‍സ്‌ഷിപ്‌മെന്റ് ചരക്കിന്റെ വലിയ ശതമാനവും സിംഗപ്പൂര്‍, കൊളംബോ, ദുബായ് തുടങ്ങിയ വിദേശ തുറമുഖങ്ങള്‍ വഴിയാണ് നിലവില്‍ കൈകാര്യം ചെയ്യപ്പെടുന്നത്. ഇതുവഴി രാജ്യത്തിന് പ്രതിവര്‍ഷം 200 മുതല്‍ 220 ദശലക്ഷം ഡോളര്‍ വരെ വരുമാന നഷ്ടമുണ്ടാവുന്നുണ്ടെന്നാണ് കണക്ക്. വ്യാപാര രംഗത്തെ ഈ വിഷമാവസ്ഥയ്ക്ക് വിഴിഞ്ഞം തുറമുഖം അന്ത്യംകുറിക്കും. ആ നിലയ്ക്ക് രാജ്യത്തിന്റെ പൊതു സാമ്പത്തികസ്ഥിതിക്ക് കൂടി വലിയ സംഭാവന നല്‍കാന്‍ കേരളത്തിന് കഴിയുന്നുവെന്നത് ചെറിയ കാര്യമല്ല.
അന്താരാഷ്ട്ര കപ്പല്‍പ്പാതയോട് അസാധാരണമാം വിധം ഏറെ അടുത്തതും 20 മീറ്ററിന്റെ സ്വാഭാവിക ആഴമുള്ളതും റെയില്‍ — റോഡ് — എയര്‍ കണക്ടിവിറ്റി ഉള്ളതുമായ വിഴിഞ്ഞം ഇന്ത്യയുടെ പൊതുവായ വികസന ചരിത്രത്തിലെ നാഴികക്കല്ലാവുക തന്നെ ചെയ്യും. ഈ തുറമുഖം ഇന്ത്യയുടെ യശസ് വിശ്വചക്രവാളങ്ങളോളം പടര്‍ത്തും. ലോകത്തിലെ തന്നെ സുപ്രധാന ട്രാന്‍സ്‌ഷിപ്‌മെന്റ് ഹബ്ബുകളിലൊന്നാവുന്ന ഇത് കേരളത്തിന്റെ പ്രത്യേകിച്ച് തലസ്ഥാന നഗരത്തിന്റെ വികസനത്തിന് ആക്കം കൂട്ടും. എട്ടാം നൂറ്റാണ്ട് മുതലെങ്കിലും വിഴിഞ്ഞത്ത് നിന്ന് സമുദ്രതല വ്യാപാരമുണ്ടായിരുന്നുവെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. സംഘകാല സാഹിത്യകൃതികളില്‍ ഇതേക്കുറിച്ച് പരാമര്‍ശമുണ്ട്. ഇടക്കാലത്ത് വിസ്മരിക്കപ്പെട്ടുപോയ ആ തുറമുഖത്തെയാണ് നാം വീണ്ടെടുത്ത് അന്താരാഷ്ട്ര പ്രാധാന്യമുള്ള ഉയര്‍ന്ന തലത്തിലേക്കെത്തിക്കുന്നത്. വളരെപ്പണ്ടേ അറബ്, ചൈനീസ്, യൂറോപ്യന്‍ വ്യാപാരികളെ ആകര്‍ഷിച്ച ഈ തുറമുഖം ഇനി ലോകത്തിന് ഇന്ത്യയിലേക്കുള്ള വാണിജ്യ കവാടമായി മാറും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എന്ന സങ്കല്പം രൂപപ്പെടുന്നത് 1996ലാണ്. അന്നത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരാണ് ഇതു പ്രായോഗികമാക്കാനുള്ള ശാസ്ത്രീയ പഠനത്തിന് ഒരു സമിതിയെ നിയോഗിച്ചത്. എന്നാല്‍, പിന്നീട് പല കാരണങ്ങളാലും അനിശ്ചിതത്വത്തിലായ പദ്ധതിക്ക് 2006ല്‍ മാത്രമാണ് പിന്നീട് പുനര്‍ജീവനമുണ്ടായത്. 2009ല്‍ പദ്ധതി പഠനത്തിനായി ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷന്‍ നിയോഗിക്കപ്പെട്ടു.
2010ല്‍ ടെന്‍ഡര്‍ നടപടിയിലേക്ക് കടന്നെങ്കിലും കേന്ദ്രാനുമതി നിഷേധിക്കപ്പെട്ടു. തുടര്‍ന്നുള്ളഘട്ടം പദ്ധതി പ്രായോഗികമാക്കാനുള്ള പ്രക്ഷോഭങ്ങളുടേതായിരുന്നു. മനുഷ്യച്ചങ്ങല മുതല്‍ 212 ദിവസം നീണ്ട ജനകീയസമരം വരെ എത്രയോ ജനമുന്നേറ്റങ്ങള്‍! ഇതിന്റെയൊക്കെ ഫലമായി 2015ല്‍ ഒരു കരാറുണ്ടായി. പിന്നീട് 2016ല്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കേവലം തറക്കല്ല് മാത്രമായി നിന്നിരുന്ന പദ്ധതിയെ പുനരുജ്ജീവിപ്പിച്ചു. ആ പദ്ധതിയാണ് ജാഗ്രത്തായ തുടര്‍നടപടികളിലൂടെ 2024 ജൂലൈയില്‍ ട്രയല്‍ റണ്ണിലേക്കും ഡിസംബറില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനത്തിലേക്കും തുടര്‍ന്ന് മദര്‍ഷിപ്പുകള്‍ ഉള്‍പ്പെടെ 265 കപ്പലുകള്‍ എത്തിച്ചേരുന്ന സ്ഥിതിയിലേക്കും ഇപ്പോള്‍ കമ്മിഷനിങ്ങിലേക്കും എത്തിയത്. ഇന്ത്യന്‍ ചരക്കുകളുടെ ട്രാന്‍സ്‌ഷിപ്‌മെന്റിനായി വിദേശങ്ങളെ ഒഴിവാക്കി വിഴിഞ്ഞം തുറമുഖത്തെ ഉപയോഗപ്പെടുത്തുന്നത് രാജ്യത്തിന്റെ വ്യാപാര രംഗത്ത് വലിയ ഉത്തേജനമുണ്ടാക്കും. മറ്റ് പല തുറമുഖങ്ങളെയും അപേക്ഷിച്ച് അറ്റകുറ്റപ്പണിച്ചെലവ് കുറവായതിനാലും 20,000 ടിഇയു വരെ ശേഷിയുള്ള കപ്പലുകള്‍ക്ക് ചരക്കിറക്കാനുള്ള ശേഷിയുള്ളതിനാലും വിഴിഞ്ഞം അന്താരാഷ്ട്ര ചരക്കുനീക്കങ്ങളുടെ കേന്ദ്രമായി മാറുമെന്നുറപ്പാണ്. തിരുവനന്തപുരം നഗരത്തിനു ചുറ്റും നിര്‍മ്മാണത്തിലുള്ള ഔട്ടര്‍ റിങ് റോഡുമായും കാര്യക്ഷമമായി ബന്ധിപ്പിക്കുന്നതിലൂടെ ചരക്ക് ഗതാഗതം സുഗമമാവും. വിഴിഞ്ഞം തുറമുഖത്തെയും 10 കിലോമീറ്റര്‍ അപ്പുറമുള്ള ബാലരാമപുരം റെയില്‍വേ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന 10.7 കിലോമീറ്റര്‍ നീളമുള്ള ബ്രോഡ് ഗേജ് റെയില്‍വേ ലൈന്‍ നിര്‍മ്മാണത്തിലാണ്. അതിലുള്‍പ്പെട്ട ഒമ്പത് കിലോമീറ്റര്‍ നീളമുള്ള തുരങ്കം രാജ്യത്തെ നീളമേറിയ രണ്ടാമത്തെ തുരങ്കപാതയാവും. ഈ റെയില്‍പ്പാത നിലവില്‍ വരുന്നതോടെ വിഴിഞ്ഞം തുറമുഖം വഴിയുള്ള ചരക്കുഗതാഗതം എളുപ്പമാവും. ഇത് നാടിന്റെ സമഗ്രവികസനത്തിനുള്ള ചാലകശക്തി കൂടിയാവും. തുറമുഖം നിലവില്‍ വരുന്നതുമായി ബന്ധപ്പെട്ട് ഒരുപാട് ആശങ്കകള്‍ പ്രദേശവാസികള്‍ക്ക് ഉണ്ടായിരുന്നു. മത്സ്യത്തൊഴിലാളികളുടെയും സ്ഥലം വിട്ടുകൊടുക്കേണ്ടി വന്നവരുടെയുമെല്ലാം ആവലാതികള്‍ കേട്ടു മനസിലാക്കി സമഗ്രമായ പുനരധിവാസ നടപടികള്‍ ആവിഷ്കരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചു. ജീവനോപാധി നഷ്ടപരിഹാരം, സാമൂഹ്യ ക്ഷേമ പദ്ധതികള്‍, സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന നടപടികളിലൂടെയാണ് പുനരധിവാസം ഉറപ്പാക്കാനായത്. ജീവനോപാധി നഷ്ടപരിഹാര ഇനത്തില്‍ നാളിതുവരെ 107.28 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്തത്. ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതിയ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, മത്സ്യബന്ധന തുറമുഖ നിര്‍മ്മാണം, കുടിവെള്ള വിതരണം, നൈപുണ്യ പരിശീലന കേന്ദ്രം, സീഫുഡ് പാര്‍ക്ക്, ആശുപത്രി, വിദ്യാഭ്യാസ, കായിക മേഖലകള്‍ക്കായുള്ള ഇടപെടലുകള്‍, ഭവനപദ്ധതി തുടങ്ങി സമഗ്രമായ ഇടപെടലുകള്‍ നടത്താനും സാധിച്ചു.
സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനക്കുതിപ്പിന് ചാലകശക്തിയാകുന്ന വിഴിഞ്ഞം തുറമുഖം സമീപവാസികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിലും വലിയ പങ്കുവഹിക്കും. ഇതുവഴി ധാരാളം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതും ഇനി സൃഷ്ടിക്കപ്പെടാന്‍ പോകുന്നതും. തുറമുഖത്തും അതിന്റെ ഓപ്പറേഷന്‍ പങ്കാളികളിലും കരാര്‍ കമ്പനികളിലുമായി ആകെ 755 പേര്‍ നിലവില്‍ തൊഴില്‍ നേടിയിട്ടുണ്ട്. അതില്‍ ഏകദേശം 67 ശതമാനം കേരളീയരും അതില്‍ത്തന്നെ 57 ശതമാനം തിരുവനന്തപുരത്ത് നിന്നുള്ളവരും 35 ശതമാനം വിഴിഞ്ഞം സ്വദേശികളുമാണ്. തുറമുഖത്തിലെ ഓട്ടോമേറ്റഡ് സിആര്‍എംജി ക്രെയിനുകള്‍ ഓപ്പറേറ്റ് ചെയ്യാന്‍ മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ട വനിതകളെ പരിശീലനം നല്‍കി നിയമിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായി ഇത്തരം യന്ത്രങ്ങള്‍ സ്ത്രീകള്‍ ഓപ്പറേറ്റ് ചെയ്യുന്നത് വിഴിഞ്ഞത്തായിരിക്കും. നമുക്കേറെ അഭിമാനിക്കാവുന്ന ഒരു നേട്ടമാണിത്. കേരള സര്‍ക്കാരിന്റെ ക്ഷേമ നടപടികളുടെ ഭാഗമായി തുറമുഖ മേഖലയിലുണ്ടായ സ്ത്രീശാക്തീകരണത്തിന്റെ ദൃഷ്ടാന്തം കൂടിയാണ് ഈ നേട്ടം. ക്രെയിന്‍ ഓപ്പറേറ്റര്‍മാരായ വനിതകളില്‍ ഒമ്പത് പേരും വിഴിഞ്ഞം സ്വദേശികളാണെന്നതും നേട്ടത്തിന്റെ മാറ്റുകൂട്ടുന്നു. വികസനത്തിന്റെ ഗുണഫലങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ നയമാണ് ഇതിലൂടെയെല്ലാം ദൃശ്യമാകുന്നത്. പ്രാദേശികതലത്തില്‍ നിന്ന് തുടങ്ങി കേരളത്തിന്റെയും അതുവഴി ഈ രാജ്യത്തിന്റെയും ബഹുമുഖമായ മുന്നേറ്റത്തിന്റെ ഊര്‍ജസ്രോതസായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറുകയാണ്. ലോക വാണിജ്യ ഭൂപടത്തില്‍ നമ്മുടെ നാടിനെ അടയാളപ്പെടുത്തുന്ന വലിയ ചുവടുവയ്പാണിത്. മാരിടൈം വിനിമയങ്ങളുടെയും ലോജിസ്റ്റിക്സിന്റെയും ഹബ്ബായുള്ള കേരളത്തിന്റെ വളര്‍ച്ച ഇവിടെ ആരംഭിക്കുകയാണ്. അന്താരാഷ്ട്ര ചരക്കുനീക്കങ്ങളുടെ സിരാകേന്ദ്രമായുള്ള ഇന്ത്യയുടെ കുതിപ്പിനും തുടക്കമിടുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.