1 January 2026, Thursday

വിജ്ഞാനാധിഷ്ഠിത വികസന നവകേരളം

പിണറായി വിജയന്‍
മുഖ്യമന്ത്രി
January 1, 2026 4:15 am

വിജ്ഞാനാധിഷ്ഠിത വികസനത്തിന്റെ നവകേരളത്തിലേക്കുള്ള ചുവടുവയ്പുകളുമായി നാം ഒരു പുതിയ വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. സമൃദ്ധിയുടെയും സമാധാനത്തിന്റെയും വികസനത്തിന്റെയും പുതിയ വെളിച്ചം വീശുന്ന കാലമാണിത്. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി കേരളം സാക്ഷ്യം വഹിക്കുന്നത് വലിയ മാറ്റങ്ങൾക്കാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നേതൃത്വത്തിൽ വികസനത്തിന്റെയും സാമൂഹ്യസുരക്ഷയുടെയും ഉൾപ്പെടെ എല്ലാ രംഗത്തും ലോകശ്രദ്ധ ആകർഷിക്കുന്ന ‘കേരള മാതൃക’ നാം സൃഷ്ടിച്ചു. ഇത് കേവലം ഭരണപരമായ ഇടപെടൽ മാത്രമല്ല, മറിച്ച് മതനിരപേക്ഷതയിലും സമഭാവനയിലും ജനാധിപത്യത്തിലും അധിഷ്ഠിതമായ ഒരു സാമൂഹ്യമുന്നേറ്റം കൂടിയാണ്. ജനങ്ങളുടെ ജീവിതഭാരം ലഘൂകരിക്കുക എന്നത് ഈ സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. അതിന്റെ ഭാഗമായാണ് സാമൂഹ്യ സുരക്ഷാരംഗത്ത് ഗൗരവമായ ഇടപെടലുകൾ നടത്തിവരുന്നത്. സാമൂഹ്യ സുരക്ഷാപെൻഷനുകൾ 2,000 രൂപയായി വർധിപ്പിച്ചത് പാവപ്പെട്ടവനോടുള്ള കരുതലിന്റെ തെളിവാണ്. 64 ലക്ഷത്തോളം പേർക്കാണ് കൃത്യമായി പെൻഷൻ എത്തിക്കുന്നത്. ഇതിനുപുറമെ, മറ്റ് വരുമാന മാർഗങ്ങളില്ലാത്ത വീട്ടമ്മമാർക്ക് പെൻഷൻ ഉറപ്പാക്കാനുള്ള വിപ്ലവകരമായ തീരുമാനം സ്ത്രീശാക്തീകരണ രംഗത്തെ സുപ്രധാന നാഴികക്കല്ലാണ്. നാടിന്റെ ആരോഗ്യ‑ശുചിത്വ പ്രവർത്തനങ്ങളിൽ രാപ്പകൽ പണിയെടുക്കുന്ന ആശാവർക്കർമാർ അടക്കമുള്ള സ്കീം വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചത് അവരുടെ അധ്വാനത്തിന് നൽകുന്ന അംഗീകാരമാണ്. വിവിധ മത്സര പരീക്ഷകൾക്കോ നൈപുണ്യ പരിശീലനത്തിലോ പങ്കെടുക്കുന്ന യുവജനങ്ങൾക്കായി കണക്ട് ടു വർക്ക് സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചതും വിദ്യാഭ്യാസ മേഖലയിലെ പൊതുനിക്ഷേപം വർധിപ്പിച്ചതും നവകേരളത്തിന്റെ അടിത്തറ ഭദ്രമാക്കാനാണ്. 

കഴിഞ്ഞ 10വർഷത്തിനുള്ളിൽ ആരോഗ്യ‑വിദ്യാഭ്യാസ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ലോകത്തിനുതന്നെ അത്ഭുതമാണ്. ആർദ്രം മിഷനിലൂടെ നമ്മുടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറി. ഏറ്റവും ആധുനികമായ ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാരന് സൗജന്യമായി സർക്കാർ ആശുപത്രികളിൽ ലഭ്യമാക്കി. ശിശുമരണ നിരക്ക് കുറയ്ക്കുന്നതിലും ശരാശരി ആയുർദൈർഘ്യം ഉയർത്തുന്നതിലും വികസിത രാഷ്ട്രങ്ങളോട് കിടപിടിക്കുന്ന നേട്ടമാണ് നാം സ്വന്തമാക്കിയത്. ഹൃദയം മാറ്റിവയ്ക്കൽ പോലുള്ള ഏറ്റവും ആധുനികമായ ശസ്ത്രക്രിയകൾ പോലും നമ്മുടെ സർക്കാർ ആശുപത്രികളിൽ നടക്കുകയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സർക്കാർ വിദ്യാലയങ്ങൾ ഹൈടെക് ആയി മാറി. പൊതുവിദ്യാലയങ്ങളിൽ നിന്ന് കൊഴിഞ്ഞുപോയ കുട്ടികൾ തിരികെയെത്തി. ലോകോത്തര നിലവാരമുള്ള ലാബുകളും സ്മാർട്ട് ക്ലാസ് മുറികളും ഇന്ന് സാധാരണക്കാരന്റെ മക്കൾക്ക് അന്യമല്ല. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗൗരവമായ ഇടപെടലുകളാണ് സർക്കാർ നടത്തിവരുന്നത്. 2024–25 അധ്യയന വർഷം മുതൽ നടപ്പിലാക്കിയ നാല് വർഷ ബിരുദ കോഴ്സുകൾ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനസൗകര്യവും ഗവേഷണ അഭിരുചിയും വളർത്താൻ സഹായിക്കും. കരിക്കുലം പരിഷ്കരണത്തിലൂടെയും ഡിജിറ്റൽ സർവകലാശാല പോലുള്ള നൂതന സംവിധാനങ്ങളിലൂടെയും വൈജ്ഞാനിക ഉല്പാദനത്തിനൊപ്പം തൊഴിൽ നൈപുണ്യവും ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. പഠനത്തോടൊപ്പം ഇന്റേൺഷിപ്പും പ്രായോഗിക പരിശീലനവും നൽകുന്നതിലൂടെ യുവതയെ ലോകത്തെവിടെയും മത്സരിക്കാൻ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. ഒരു കാലത്ത് തകർച്ചയുടെ വക്കിലായിരുന്ന കെഎസ്ആർടിസിയെ ശാസ്ത്രീയമായ പരിഷ്കാരങ്ങളിലൂടെ ലാഭത്തിലേക്കും ജനപ്രീതിയിലേക്കും നയിക്കാൻ ഈ സർക്കാരിന് സാധിച്ചു. ഗതാഗത രംഗത്ത് ആധുനിക സാങ്കേതികവിദ്യകൾ നടപ്പിലാക്കിയും പുതിയ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കിയും പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന് തുടക്കം കുറിച്ചു. 

കേരളം കൈവരിച്ച ഏറ്റവും വലിയ നേട്ടമാണ് അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പദവി. സ്വന്തമായി ശബ്ദിക്കാൻ പോലും കഴിയാതെ സമൂഹത്തിന്റെ അരികുകളിലേക്ക് തള്ളപ്പെട്ട കുടുംബങ്ങളെ കണ്ടെത്തി അവരെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ നമുക്ക് സാധിച്ചു. ഭക്ഷ്യസുരക്ഷ, ആരോഗ്യ സംരക്ഷണം, വരുമാന മാർഗങ്ങൾ എന്നിവ ഉറപ്പാക്കിക്കൊണ്ട് ദാരിദ്ര്യത്തിന്റെ വേരുകൾ തന്നെ അറുത്തുമാറ്റുന്ന ശാസ്ത്രീയമായ രീതിയാണ് അവലംബിച്ചത്. പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളുടെ ഹബ്ബായി കേരളം മാറുകയാണ്. ‘നിക്ഷേപ സൗഹൃദ കേരളം’ എന്നത് കേവലം ഒരു മുദ്രാവാക്യമല്ല, മറിച്ച് പ്രായോഗികമായ യാഥാർത്ഥ്യമാണ്. ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങിൽ കൈവരിച്ച മുന്നേറ്റം രാജ്യത്തിനുതന്നെ മാതൃകയാണ്. സൂക്ഷ്മ — ചെറുകിട — ഇടത്തരം മേഖലയിൽ സംഭവിച്ചിട്ടുള്ള മാറ്റം നമ്മുടെ നാടിന്റെ സാമ്പത്തികഭദ്രത വർധിപ്പിക്കുകയും ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ അയ്യായിരത്തിലധികം സ്റ്റാർട്ടപ്പുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ മൂലധന സഹായം, മെന്റർഷിപ്പ്, ഇൻകുബേഷൻ സൗകര്യങ്ങൾ എന്നിവ സർക്കാർ ഉറപ്പാക്കുന്നു. ഐടി മേഖലയ്ക്കപ്പുറം കൃഷി, മത്സ്യബന്ധനം, ഡിജിറ്റൽ ഗവേണൻസ്, ആതുരസേവനം തുടങ്ങിയ മേഖലകളിലും സ്റ്റാർട്ടപ്പുകൾ വിപ്ലവം സൃഷ്ടിക്കുകയാണ്. കേരളത്തെ സാമ്പത്തികമായി തകർക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു എന്നത് വസ്തുതയാണ്. ഭരണഘടനാപരമായി ലഭിക്കേണ്ട സഹായങ്ങൾ വെട്ടിക്കുറച്ചും വായ്പാ പരിധിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും ശ്വാസംമുട്ടിക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. എന്നിട്ടും സംസ്ഥാനം തകരാതെ പിടിച്ചുനിൽക്കുന്നു. തനത് വരുമാനം വർധിപ്പിക്കുന്നു. കേരളം കടക്കെണിയിലാണെന്ന് പ്രചരിപ്പിച്ച് പുകമറ സൃഷ്ടിക്കുന്നവർക്കുള്ള മറുപടി നമ്മുടെ വളർച്ചാ കണക്കുകളാണ്.

സംസ്ഥാന സമ്പദ്‌വ്യവസ്ഥ 15 വർഷംകൊണ്ട് മൂന്നര മടങ്ങ് വളർന്നു. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്പാദനം 2011–12ലെ 3.64 ലക്ഷം കോടി രൂപയിൽ നിന്ന് 2024–25ൽ 12.49 ലക്ഷം കോടിയായാണ് വളർന്നത്. സംസ്ഥാനത്തിന്റെ കടം കുറയുകയാണെന്നും രാജ്യത്ത് 15-ാം സ്ഥാനത്ത് മാത്രമാണ് എന്നുമുള്ള രേഖകളും കേന്ദ്രസർക്കാർ തന്നെ ഔദ്യോഗികമായി പുറത്തുവിട്ടു. പ്രതിശീർഷ വരുമാനത്തിന്റെ കണക്കിൽ 11-ാം സ്ഥാനത്തു നിന്ന് ഏഴാം സ്ഥാനത്തേക്ക് കേരളം ഉയർന്നു. ഇതെല്ലാം മലയാളിക്ക് അഭിമാനം പകരുന്ന വാർത്തകളാണ്. കേരളത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവർ യഥാർത്ഥത്തിൽ ഭയപ്പെടുന്നത് നമ്മുടെ ‘ഇടതുപക്ഷ ബദൽ’ നയങ്ങളെയാണ്. ജനങ്ങളെ ചേർത്തുപിടിച്ചുകൊണ്ട് എങ്ങനെ ഒരു നാടിനെ വളർത്താം എന്ന മാതൃക, തങ്ങളുടെ കോർപറേറ്റ് പ്രീണന നയങ്ങൾക്ക് ഭീഷണിയാണെന്ന് തിരിച്ചറിയുന്നവരാണ് വികസനത്തിന് തുരങ്കം വയ്ക്കുന്നത്. എല്ലാവർക്കും വീട് എന്ന ലക്ഷ്യം ലൈഫ് മിഷനിലൂടെ നാം സാക്ഷാത്കരിക്കുകയാണ്. ഇതുവരെ നാലേമുക്കാൽ ലക്ഷത്തോളം കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള വീടുകൾ ലഭിച്ചു. കേന്ദ്രവിഹിതം തുലോം കുറവായിരുന്നിട്ടും സംസ്ഥാന സർക്കാർ തന്നെ മുൻകൈ എടുത്ത് പാവപ്പെട്ടവന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി. ഇതിനെ അട്ടിമറിക്കാൻ പല ഏജൻസികളെയും ഉപയോഗിച്ച് ചിലർ ശ്രമിച്ചുവെങ്കിലും ജനകീയ പിന്തുണയോടെ നാം അതിജീവിച്ചു. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ അതിജീവിതർക്കായി സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിൽ 200 വീടുകളുടെ കോൺക്രീറ്റ് പൂർത്തിയായി. കല്പറ്റ നഗരത്തിൽ ഒരുക്കുന്ന ടൗൺഷിപ്പിൽ മുഴുവൻ ഗുണഭോക്തൃ കുടുംബങ്ങൾക്കുമുള്ള വീടുകളുടെ കോൺക്രീറ്റ് ജനുവരി 15ന് മുമ്പ് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഗ്ദാനങ്ങൾ പാലിക്കുക എന്നതാണ് ഈ സർക്കാരിന്റെ മുഖമുദ്ര എന്ന് തെളിയിക്കുന്നതാണിവയൊക്കെ. വികസന നേട്ടങ്ങളെപ്പോലെ തന്നെ പ്രധാനമാണ് ഇവിടുത്തെ സാമൂഹ്യ അന്തരീക്ഷം. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വർഗീയ വിദ്വേഷവും വിഭാഗീയതയും വേരുപിടിക്കുമ്പോൾ, മതനിരപേക്ഷതയുടെ കരുത്തുറ്റ കോട്ടയായി കേരളം നിലകൊള്ളുന്നു. ഈ മതനിരപേക്ഷ ചിന്താഗതിയാണ് നമ്മുടെ വികസനത്തിന് ആധാരശിലയായി വർത്തിക്കുന്നത്. മനുഷ്യനെ മനുഷ്യനായി കാണുന്ന, പരസ്പരം സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന ഈ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. വർഗീയത നാടിന്റെ ഐക്യത്തെ തകർക്കാൻ ശ്രമിക്കുമ്പോൾ, അതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിക്കാൻ നമുക്ക് സാധിക്കണം. അധികാരത്തിനുവേണ്ടി വർഗീയ ശക്തികളുമായി സന്ധി ചെയ്യുന്ന അവസരവാദ രാഷ്ട്രീയത്തിനല്ല, മറിച്ച് എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിക്കുന്ന ജനപക്ഷ ബദലിനാണ് ഈ കാലഘട്ടത്തിൽ പ്രസക്തി. ഇതാണ് ഈ സർക്കാരിന്റെയും നിലപാട്. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ വർഗീയ സംഘർഷങ്ങളോ, ന്യൂനപക്ഷ വേട്ടയോ ഇല്ലാത്ത സംസ്ഥാനമായി കേരളം നിലനിൽക്കുന്നത്. ഇന്ന് നാം നേരിടുന്ന ചോദ്യം ലളിതമാണ്: വികസനവും സമാധാനവും തുടരണോ അതോ വർഗീയതയും വികസനവിരുദ്ധതയും നാടിനെ തകർക്കണോ? 

നവകേരള നിർമ്മിതിക്ക് വേഗം കൂട്ടാനും മതനിരപേക്ഷ കേരളത്തെ കൂടുതൽ കരുത്തോടെ കാത്തുസൂക്ഷിക്കാനും ഇടതുപക്ഷ സർക്കാരിന്റെ ജനപക്ഷ ബദലുകൾ തുടരേണ്ടതുണ്ട്. നാളത്തെ കേരളം എങ്ങനെയായിരിക്കണം എന്നതിന് കൃത്യമായ ഒരു വികസന രൂപരേഖ സർക്കാരിനുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ‘വിഷൻ 2031’. വരും വർഷങ്ങളിൽ കേരളത്തിന്റെ ആഭ്യന്തര ഉല്പാദനം ഇരട്ടിയാക്കാനും, ഓരോ കുടുംബത്തിന്റെയും ജീവിതനിലവാരം വികസിത രാഷ്ട്രങ്ങൾക്ക് സമാനമാക്കാനുമാണ് നാം ലക്ഷ്യമിടുന്നത്. കൃത്രിമ ബുദ്ധി, ഡാറ്റ സയൻസ് തുടങ്ങിയ നവീന സാങ്കേതികവിദ്യകളിൽ ആഗോള കേന്ദ്രമാക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക, കാർഷിക‑വ്യവസായ മേഖലകളിൽ മൂല്യവർധിത ഉല്പന്നങ്ങളുടെ വിപ്ലവം സൃഷ്ടിക്കുക എന്നിവയാണ് വിഷൻ 2031ലൂടെ സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. പരിസ്ഥിതി സൗഹൃദമായ ഹരിത സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും ആധുനിക അടിസ്ഥാന സൗകര്യ വികസനത്തിനും ഇതിൽ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഭാവി തലമുറയുടെ ആഗ്രഹങ്ങൾക്കൊപ്പം സഞ്ചരിക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധമാണ്. വെറുമൊരു ഉപഭോക്തൃ സംസ്ഥാനമായി നിലനിർത്താതെ, ലോകത്തിന് ഉല്പന്നങ്ങളും സേവനങ്ങളും നൽകുന്ന ഉല്പാദന കേന്ദ്രമായി മാറ്റാൻ നാം മുന്നിട്ടിറങ്ങുകയാണ്. വികസനത്തിന്റെ ഗുണഫലങ്ങൾ എല്ലാ വിഭാഗം ജനങ്ങളിലേക്കും തുല്യമായി എത്തുന്നു എന്ന് സർക്കാർ ഉറപ്പുവരുത്തും. നാടിന്റെ ഭാവിവികസനത്തിനുള്ള നിർദേശങ്ങളും ആശയങ്ങളും പൊതുജനങ്ങളിൽ നിന്നും സ്വരൂപിക്കുന്നതിനായി സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം എന്ന പദ്ധതി ഇന്ന് മുതൽ ആരംഭിക്കുകയാണ്. ഓരോ പ്രദേശത്തിന്റെയും വികസന ആവശ്യങ്ങൾ മനസിലാക്കി അവിടങ്ങളിൽ അനുയോജ്യമായ വികസനം എത്തിക്കുന്നതിനും പുതിയ തൊഴിലവസരങ്ങൾ, പദ്ധതികൾ എന്നിവയിൽ ജനകീയ അഭിപ്രായം രൂപീകരിക്കുന്നതിനും ക്ഷേമ പ്രവർത്തനങ്ങൾ എല്ലാ പ്രദേശങ്ങളിലും ആവശ്യകതയ്ക്കനുസരിച്ച് ലഭ്യമായോ എന്ന കാര്യത്തിൽ അഭിപ്രായം തേടുന്നതിനുമാണ് പദ്ധതി. നവകേരള സൃഷ്ടിക്ക് കരുത്തുപകരുന്ന ഈ പദ്ധതിയോട് പൊതുസമൂഹം സഹകരിക്കണം. ഐക്യവും വികസന കുതിപ്പും തകർക്കാൻ ശ്രമിക്കുന്നവർക്കു മുന്നിൽ കേരളം കൂടുതൽ കരുത്തോടെ നിലകൊള്ളും. തടസങ്ങൾ പലതുണ്ടാകാമെങ്കിലും, അചഞ്ചലമായ ഇച്ഛാശക്തിയോടെ വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലൂന്നുന്ന നവകേരള നിർമ്മിതിക്കായി നമുക്ക് ഒരുമിച്ച് മുന്നേറാം. ജാതിക്കും മതത്തിനുമപ്പുറം മനുഷ്യർ എന്ന നിലയിൽ ഒരുമയോടെ പുതിയ വർഷത്തിലേക്ക് നീങ്ങാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.