21 January 2026, Wednesday

കുഞ്ഞുണ്ണി മാഷ്‌ടെ കുട്ട്യോളും വേടന്റെ വൈറല്‍ കുട്ട്യോളും

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
May 24, 2025 4:15 am

കുഞ്ഞുണ്ണി മാഷ് ആവേശപ്പെടുത്തിയ കുട്ട്യോളുടെ കേരളമുണ്ടായിരുന്നു. ആ കുട്ട്യോളിൽ ഒരാളാണ് ഈ ലേഖകനും. ഇതിനുമുമ്പ് ചങ്ങമ്പുഴ ആവേശപ്പെടുത്തിയ ഒരു കേരളവും ഉണ്ടായിരുന്നു. ആ കേരളത്തിന്റെ കുട്ട്യോളാണ് കുറഞ്ഞപക്ഷം വയലാറും പി ഭാസ്കരനും ഒഎൻവിയും പുതുക്കാട് കൃഷ്ണകുമാറും ശ്രീകുമാരൻ തമ്പിയും യൂസഫലി കേച്ചേരിയും ഉൾപ്പെട്ട കവികളും ഗാനരചയിതാക്കളും. ഈവിധത്തിലുള്ള ഒരു മലയാള കാവ്യഗാന സാഹിത്യ ചരിത്രാസ്വാദനാവബോധത്തോടെ വേടനെ കേൾക്കുകയും വായിക്കുകയും ചെയ്യുമ്പോൾ സൈബർ കേരളത്തിലെ കുഞ്ഞുണ്ണിയാണ് വേടൻ എന്നു പറയാനാണ് തോന്നുക. പുതുതലമുറയുടെ കുഞ്ഞുണ്ണി മാഷാണ് വേടൻ എന്നർത്ഥം. ഒപ്പം, ഇക്കാലത്തെ കുട്ട്യോൾ വൈറലാക്കിയ കവിയും ഗായകനുമാണ് വേടൻ. വേടന് ഒരുപാട് കുട്ട്യോളെ ആകർഷിക്കാനാകുന്നുണ്ട്. ‘തൊപ്പി’ എന്നു വിളിക്കപ്പെട്ടിരുന്ന ഒരു സൈബർ സൂപ്പർസ്റ്റാർ പുതുതലമുറയെ ആകർഷിച്ചിട്ടുണ്ട്. തൊപ്പിയുടെ സ്വാധീനത്തോട് താരതമ്യം ചെയ്യുമ്പോൾ വേടൻ ഉണ്ടാക്കുന്ന സ്വാധീനത്തിന് രാഷ്ട്രീയമായ സർഗാത്മകത വളരെയേറെയുണ്ടെന്നതും നിസ്തർക്കമാണ്. പക്ഷേ, വേടന്റെ പാട്ടുകൾ ഉയർത്തുന്നുവെന്ന് കരുതപ്പെട്ടുവരുന്ന അവർണപക്ഷ രാഷ്ട്രീയമാണോ അതോ വേടൻ പാട്ടുകളിലെ അപരബഹുമാനമില്ലാത്തതും ധാർഷ്ട്യം തെറിച്ചുന്തി നിൽക്കുന്നതുമായ ഭാഷാശൈലിയാണോ പുതുതലമുറയെ ആകർഷിക്കുന്നത് എന്ന കാര്യം മനഃശാസ്ത്രപരമായി തന്നെ പരിശോധിക്കപ്പെടേണ്ടതുണ്ട്. 

ചുരുളി എന്ന സിനിമയിൽ ഉപയോഗിക്കുന്ന ഭാഷ, കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിലെ ഭാഷ ക്ലാസ് മുറിയിൽ ഉപയോഗിക്കാൻ കഴിയുമോ, തീവണ്ടിയിലോ ബസിലോ വിമാനത്തിലോ സഹയാത്രികരോട് ഉപയോഗിക്കാൻ കഴിയുമോ, ഏതെങ്കിലും സാഹിത്യ സദസിലോ മതപാഠശാലയിലോ രാഷ്ട്രീയ സദസിലോ ഉപയോഗിക്കാനാകുമോ? ഇല്ലെന്നതിനു തെളിവാണ് ‘പരനാറി’ പ്രയോഗം അംഗീകരിക്കാത്ത കേരള മനസ്. പച്ചത്തെറിയൊന്നുമല്ലാത്ത പരനാറി പ്രയോഗം പോലും അംഗീകരിക്കാത്ത മലയാളിക്ക്, മുടിനാര് എന്നർത്ഥമുള്ള പച്ചത്തെറികൊണ്ട് ഏതെങ്കിലും വേടനോ വേദനോ രാഷ്ട്രീയ എതിരാളിയെ അഭിസംബോധന ചെയ്താൽ അഥവാ സവർണ തമ്പുരാനെ അഭിസംബോധന ചെയ്താൽ, അംഗീകരിക്കാനാകുമോ? 

അംഗീകരിക്കാനാകുമെങ്കിൽ മാത്രമേ എതിരാളിയെ പച്ചത്തെറി വിളിക്കുന്നത് നല്ല രാഷ്ട്രീയമാണെന്ന് കരുതാനാകൂ. അങ്ങനെ കരുതുന്നവർക്ക് മാത്രമേ വേടന്റ പാട്ടുകേട്ട് തുള്ളിത്തിമിർക്കുന്ന പുതിയ തലമുറയുടെ രാഷ്ട്രീയ വിവേകം ആശാവഹമാണെന്നും വിലയിരുത്താനാകൂ. എന്തായാലും എതിരാളിയെ പച്ചത്തെറി വിളിക്കാം എന്നത് നല്ല രാഷ്ട്രീയപാഠമോ നല്ല ഭാഷണപാഠമോ അല്ല. പച്ചത്തെറികൊണ്ട് ഭാഷയെ മൂർച്ചപ്പെടുത്താം എന്ന പാഠം കുഞ്ഞുണ്ണി മാഷ് ഞങ്ങടെ തപാൽ തലമുറയ്ക്ക് ഒരൊറ്റ തവണ പോലും നൽകിയിട്ടില്ല; അത്തരമൊരു പാഠം ഇക്കാലത്തെ മൊബൈൽ ഫോൺ തലമുറയ്ക്ക് വേടൻ നൽകുന്നുണ്ടോ എന്നത് ഗൗരവതരമായ പരിശോധന അർഹിക്കുന്നുണ്ട്. അവർണപക്ഷ രാഷ്ട്രീയം എന്നത് തമ്പുരാനെ തെറി പറയൽ മാത്രമായി അധഃപതിപ്പിക്കാതിരിക്കാൻ വേടനും ആസ്വാദകരും ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ചുരുക്കം. വേടന്റെ പാട്ടിൽ പാട്ടിലായ പുതിയ തലമുറ തെറിവിളിക്കേണ്ട തമ്പുരാനായി കാണുന്നത് ഇണ്ടംതുരുത്തി മനയിലെ നമ്പൂതിരിയെ ആവില്ല, മറിച്ച് ‘അരുത്’ എന്ന് പറയുന്നവരെല്ലാം അവരെ സംബന്ധിച്ച് തമ്പുരാനായി തോന്നാം. അങ്ങനെ അച്ഛനമ്മമാരും അധ്യാപകരും പൊലീസും എന്നുവേണ്ട തങ്ങളോട് ഏതു വിഷയത്തിലെങ്കിലും ‘അരുത്’ എന്നു പറയുന്നവരെല്ലാം തെറി വിളിച്ച് തകർക്കേണ്ടവരാണെന്ന് വേടന്റെ പാട്ടുകേട്ട് പുതുതലമുറ ധരിച്ചാൽ അതുണ്ടാക്കുന്ന സാംസ്കാരിക വിനാശം ഊഹിക്കാവുന്നതിലും മാരകമായിരിക്കും. 

‘ചെത്തരുത് വിൽക്കരുത് കുടിക്കരുത് ’ എന്നും ‘ജാതി ചോദിക്കരുത് പറയരുത് ചിന്തിക്കരുത്’ എന്നും പറഞ്ഞ ശ്രീനാരായണ ഗുരുവിനെ പോലും ‘ഇയാളേതു തമ്പുരാനാ ഇതൊക്കെ ഞങ്ങളോടു പറയാൻ ‘എന്ന നിലയിൽ കണ്ട് തെറി പറഞ്ഞു പുച്ഛിക്കുന്ന ഒരു തലമുറയാണ് വേടൻപാട്ടുകളിലൂടെ വാർത്തെടുക്കപ്പെടുന്നതെങ്കിൽ, നമ്മുടെ നവോത്ഥാനത്തിന്റെ തുടർഗതി എന്താവും ? ഇത്രയും എഴുതുമ്പോഴേക്കും ‘ഇവനേതാ സവർണ മാടമ്പി’ എന്ന് മുഴുത്തെറിമൊഴിയുടെ മൂർച്ചകൊണ്ട് ചാപ്പകുത്തുന്നവരുണ്ടാവാം. അവരുടെ ശ്രദ്ധയിലേക്ക് പറയട്ടെ; നാരായണ ഗുരു ജാതിഭേദം വെടിയാൻ പറഞ്ഞതും മതദ്വേഷം കളയാൻ പറഞ്ഞതും ഹിന്ദുക്കൾ ഒന്നിച്ച് ഹിന്ദുരാഷ്ട്രം സ്ഥാപിച്ച് അതിന്റെ പൂജാപീഠത്തിൽ വിഹരിക്കാൻ ബ്രാഹ്മണരെ മേൽശാന്തിമാരാക്കാനല്ല; മറിച്ച്, ഇന്ത്യയെ ആധുനിക പൗരമാനവ രാഷ്ട്രമാക്കാനാണ്. ബ്രാഹ്മണ്യ മേൽക്കോയ്മാപരമായ ജാതിവ്യവസ്ഥയെയും അതിന്റെ തമ്പ്രാക്കളെയും നിശിതശൈലിയിൽ ചെറുത്ത നാരായണഗുരുവോ സഹോദരൻ അയ്യപ്പനോ അംബേദ്കറോ ഒരൊറ്റ തെറിവാക്ക് പോലും ഒരു സവർണ മാടമ്പി തമ്പ്രാനുനേരെയും ഉപയോഗിച്ചിട്ടില്ല എന്ന ഓർമ്മ, പൗരമാനവികതയുടെ ഏറ്റവും വിപ്ലവകാരിയായ വലിയ ഗായകനായി സർഗ പരിണാമം കൊള്ളാൻ വേടന് എപ്പോഴും വേണ്ടതുണ്ട്. നമുക്കെല്ലാമുള്ളത് മാനവ സ്വത്വമാണെന്ന വിവേകത്തിന്റെ ഉണർച്ചയിൽ മാത്രമേ, ഉചനീചത്വങ്ങളെ പെറ്റുപോറ്റുന്ന മത ജാതി സ്വത്വങ്ങളുടെ ഇരുളിൽ നിന്നും, ആ ഇരുളിൽ പിറപ്പും പൊറുപ്പുമുണ്ടായ വെറുപ്പിന്റെ രാക്ഷസീയ രാഷ്ട്രീയത്തിൽ നിന്നും ഇന്ത്യക്ക് മോചനം നേടാനാവൂ. ഇത് തിരിച്ചറിയുന്ന ഒരു കവിയെയും ഗായകനെയുമാണ് ജനാധിപത്യ ഭാരതവും നാരായണഗുരുവിന്റെ കേരളവും വേടനിൽ നിന്ന് പ്രതീക്ഷിക്കുന്നത്. പ്രതീക്ഷ വേടൻ തകർക്കില്ല എന്നു കരുതാം. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.