20 December 2025, Saturday

ലേബര്‍ കോഡുകള്‍; പുതിയ കരിനിയമങ്ങള്‍

ടി ജെ ആഞ്ചലോസ്
November 23, 2025 4:15 am

തൊഴിലാളി വിരുദ്ധ തൊഴിൽ കോഡുകൾ പ്രാബല്യത്തിലായി. നിലവിലുണ്ടായിരുന്ന 29 തൊഴിൽ നിയമങ്ങൾ റദ്ദാക്കി കൊണ്ടാണ് നാല് ലേബർ കോഡുകൾക്ക് രൂപം നൽകിയത്. വേതനം, വ്യവസായ ബന്ധം, സാമൂഹ്യ സുരക്ഷ, തൊഴിൽ സുരക്ഷ എന്നിവയിൽ തൊഴിലാളികൾക്കുണ്ടായിരുന്ന സംരക്ഷണം ഇല്ലാതാകുകയാണ്. കോവിഡ് വ്യാപന നാളുകളിൽ തിരക്കിട്ട് വിളിച്ചുചേർത്ത പാർലമെന്റ് സമ്മേളനത്തിൽ എംപിമാർക്ക് പോലും ചർച്ചയ്ക്ക് അവസരം നൽകിയിരുന്നില്ല. കേന്ദ്ര തൊഴിൽ — ധനകാര്യ മന്ത്രിമാരുമായി നടന്ന നിരവധി യോഗങ്ങളിൽ ട്രേഡ് യൂണിയനുകൾ നിർദേശിച്ച കാര്യങ്ങളെല്ലാം കേന്ദ്രസർക്കാർ തള്ളിക്കളയുകയാണ് ചെയ്തത്. ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്ന പേരിൽ നാല് ലേബർ കോഡുകളായി 29 തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുവാൻ 2020 മുതൽ കേന്ദ്രസർക്കാർ ശ്രമിച്ചിരുന്നു. 1948 മുതൽ രാജ്യത്ത് നിലവിലുണ്ടായിരുന്ന ഇന്ത്യൻ ലേബർ കോൺഫറൻസ്, പിന്നിട്ട 10 വർഷങ്ങളായി ചേരുന്നുമില്ല. ലേബർ കോഡുകൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകൾ നടത്തിയ മൂന്ന് ദേശീയ പണിമുടക്കുകളിലെ ജനവികാരം പൂർണമായി ഭരണകൂടം അവഗണിച്ചിരിക്കുകയാണ്. രാജ്യത്തെ അസംഘടിത വിഭാഗം തൊഴിലാളികളെ പൂർണമായും, സംഘടിത മേഖലയിലെ ഭൂരിഭാഗം തൊഴിലാളികളെയും നിയമ സംരക്ഷണത്തിൽ നിന്നും ഒഴിവാക്കുന്നതാണ് ലേബർ കോഡുകൾ. തൊഴിൽപരമായ ആരോഗ്യം, സുരക്ഷ, തൊഴില്‍സാഹചര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള കോഡിൽ ജീവനക്കാർ, തൊഴിലാളികൾ എന്നീ വാക്കുകൾ പരസ്പരം മാറി ഉപയോഗിക്കുന്നുണ്ട്. ജീവനക്കാർ എന്ന വാക്ക് മാറി ഉപയോഗിക്കുന്നതോടെ, തൊഴിലുടമകൾക്ക് ഈ വാക്കിനെ ദുർവ്യാഖ്യാനം ചെയ്യുവാനാകും. ദീർഘ നാളുകളായി പണിയെടുക്കുന്ന ട്രെയിനികളെയും അപ്രന്റീസുകളെയും ഈ വാക്കിൽ പിടിച്ചുകൊണ്ട് മാറ്റി നിർത്തുവാനും കഴിയും. തൊഴിലാളി, ജീവനക്കാരൻ എന്നീ നിർവചനങ്ങളിൽ നിന്നും കരാർ തൊഴിലാളിയെയും മാറ്റി നിർത്താനാകും. മാനേജര്‍മാർ, സൂപ്പർവൈസര്‍മാർ എന്ന് വിശേഷിപ്പിച്ച് വലിയൊരു വിഭാഗത്തെ നിയമത്തിന്റെ സംരക്ഷണത്തിൽ നിന്നും ഒഴിവാക്കും. 

പത്തിൽ താഴെ തൊഴിലാളികൾ പണിയെടുക്കുന്ന സ്ഥാപനങ്ങളെ എസ്റ്റാബ്ലിഷ്‌മെന്റ് എന്ന നിർവചനത്തിൽ നിന്നും 20ൽ താഴെ തൊഴിലാളികൾ പണിയെടുക്കുന്ന സ്ഥാപനങ്ങളെ ഫാക്ടറി എന്ന നിർവചനത്തിൽ നിന്നും മാറ്റി നിർത്തും. ഉദാഹരണത്തിന് 40 തൊഴിലാളികൾ പണിയെടുക്കുന്ന ഫാക്ടറിയിൽ 20 പേർ വൈദ്യുതി ഉപയോഗിച്ചും 20 പേർ അല്ലാതെയുമാണ് പണിയെടുക്കുന്നതെങ്കിൽ അത് ഫാക്ടറിയുടെ പരിധിയിൽ വരില്ല. അഞ്ച് ഹെക്ടറിൽ താഴെയുള്ള പ്ലാന്റേഷനുകളിലെ തൊഴിലാളികൾക്കും നിയമ സംരക്ഷണമുണ്ടാകില്ല. 500ൽ താഴെ തൊഴിലാളികളുള്ള ഫാക്ടറികളിലോ കെട്ടിടങ്ങളിലോ നിർമ്മാണ മേഖലയിലോ സേഫ്റ്റി ഓഫിസർ ഉണ്ടാകില്ല. 250ൽ താഴെ പേർ പണിയെടുക്കുന്ന തൊഴിലിടങ്ങളിൽ വെൽഫെയർ ഓഫിസർ ഉണ്ടാകില്ല. 100ൽ താഴെ തൊഴിലാളികളുള്ള കേന്ദ്രങ്ങളിൽ കാന്റീൻ ഉണ്ടാകില്ല. 50ൽ താഴെ വനിതകളുള്ള സ്ഥാപനങ്ങളിൽ ക്രെഷെ ഉണ്ടാകില്ല. ഇത്തരം സ്ഥാപനങ്ങളിൽ ലഞ്ച് റൂമും റെസ്റ്റ് റൂമും ഉണ്ടാകില്ല. 500ൽ താഴെ തൊഴിലാളികൾ പണിയെടുക്കുന്ന ഇടങ്ങളിൽ ആംബുലൻസും ഉണ്ടാകില്ല. തൊഴിൽ മേഖലയിൽ നിന്നും ലഭിക്കുന്ന പരാതികളിന്മേൽ ഇൻസ്പെക്ടർ പരിശോധന നടത്തുന്ന രീതി ഇല്ലാതാകുകയും പകരം ഇൻസ്പെക്ടർ കം ഫെസിലിറ്റേറ്റർ എന്ന പദവിയിലേക്ക് മാറുകയും ചെയ്യുന്നു. ഫലത്തിൽ ഇത്തരം പരിശോധനകൾ സർക്കാരിന്റെ താല്പര്യങ്ങൾക്ക് അനുസൃതമായിരിക്കും. കേവലം ഉപദേശം മാത്രം നൽകുന്ന ഉദ്യോഗസ്ഥരാകും ഇവർ. ഇത് ഐഎൽഒ നിർദേശങ്ങളുടെ ലംഘനമാണ്. 1957ൽ 15-ാം ഇന്ത്യൻ ലേബർ കോൺഫറന്‍സ് ശുപാർശ പ്രകാരം മിനിമം വേതനം തീരുമാനിക്കുന്നതിന്റെ വ്യവസ്ഥ ഇതിലില്ല. നിർമ്മാണ മേഖല, വർക്കിങ് ജേണലിസ്റ്റുകൾ, ബീഡി, സിഗാർ, ഖനി, ഡോക്ക്, സെയിൽസ് പ്രമോഷൻ, മോട്ടോർ തൊഴിലാളികൾ തുടങ്ങിവയവരുടെ സംരക്ഷണവും ഇല്ലാതാകുന്നു. സാമൂഹ്യ സുരക്ഷാ കോഡിന്റെ പേരിൽ ഇപിഎഫ്, ഇഎസ്ഐ തുടങ്ങിയവയുടെ പ്രസക്തിയും നഷ്ടപ്പെടുകയാണ്. ഏത് സ്ഥാപനത്തെയും ഇതിൽ നിന്നും ഒഴിവാക്കുവാനുള്ള അധികാരം കേന്ദ്രസർക്കാരിനുണ്ട്. ഗ്രാറ്റ്വിറ്റി സംബന്ധമായുള്ള തൊഴിലാളി സംഘടനകളുടെ ദീർഘകാല ആവശ്യവും ലേബർ കോഡിലൂടെ കേന്ദ്രം നിഷേധിച്ചു. 

എട്ട് മണിക്കൂർ ജോലി എന്ന സാർവദേശീയ ധാരണ അട്ടിമറിക്കുവാൻ തൊഴിലുടമയ്ക്ക് പരിധിയില്ലാത്ത സാധ്യതകൾ നൽകുന്നതാണ് ലേബർ കോഡുകൾ. ചില കോർപറേറ്റ് മേധാവികൾ ആവശ്യപ്പെട്ടതുപോലെ തൊഴിൽ സമയം എട്ട് മണിക്കൂർ എന്നത് മാറി 12 മണിക്കൂർ വരെ എത്തും. സംഘടിക്കുവാനും കൂട്ടായി വിലപേശുവാനുമുള്ള അവകാശങ്ങളും നിഷേധിക്കപ്പെടുന്നു. നിശ്ചിതകാല തൊഴിൽ, കരാർ തൊഴിൽ എന്നിവ വ്യാപകമാക്കുവാനുള്ള കോർപറേറ്റ് അജണ്ടയാണ് നടപ്പിലാക്കുവാൻ പോകുന്നത്. ഏതുതരം നിയമ ലംഘനം നടത്തിയാലും ശിക്ഷയിൽ നിന്നും ഒഴിവാകുവാൻ തൊഴിലുടമയ്ക്ക് സൗകര്യം ചെയ്യുന്നതാണ് ഈ ലേബർ കോഡുകൾ. ട്രേഡ് യൂണിയനുകൾ ഇല്ലാത്ത തൊഴിലിടങ്ങൾ എന്നതാണ് കോർപറേറ്റുകളുടെ ലക്ഷ്യം. തെരഞ്ഞെടുപ്പുകളിൽ ഇത്തരം കോർപറേറ്റുകളുടെ വൻ തോതിലുള്ള സാമ്പത്തിക സഹായം തേടി അധികാരത്തിലെത്തുന്നവർ സ്വാഭാവികമായും ആരുടെ താല്പര്യങ്ങൾ സംരക്ഷിക്കുമെന്ന് ഊഹിക്കാവുന്നതാണ്. ഇലക്ടറൽ ബോണ്ടുകളിലൂടെ നൽകിയ സംഭാവനയുടെ പത്തിരട്ടിയെങ്കിലും തിരിച്ചുപിടിക്കുവാനുള്ള കോർപറേറ്റ് തന്ത്രമാണ് ലേബർ കോഡുകൾ.
തങ്ങളുടെ കോളനി എന്ന നിലയിൽ, ബ്രിട്ടീഷ് പാർലമെന്റ് അംഗീകരിച്ച നിയമങ്ങൾ ഇവിടെയും നടപ്പിലാക്കിയിരുന്നു. അന്ന് ലഭിച്ച നിയമ സംരക്ഷണങ്ങൾ പോലും ഇല്ലാതാക്കുന്ന പുതിയ ലേബർ കോഡുകൾ നിലവിൽ വന്ന സാഹചര്യത്തിലാണ് നവംബർ 26 ന് കർഷക മോർച്ചയുമായി യോജിച്ച് ദേശീയ പ്രക്ഷോഭത്തിന് ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്തിരിക്കുന്നത്. 

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.