
രണ്ടാം ലോകയുദ്ധത്തിന് തുടക്കം കുറിച്ചുകൊണ്ട് 1939 സെപ്റ്റംബർ ഒന്നിനാണ് ഹിറ്റ്ലർ പോളണ്ടിനെ ആക്രമിച്ചത്. മാനവരാശിക്ക് ഇന്നും അവസാനിക്കാത്ത ദുരിതങ്ങളും ദുഃഖങ്ങളും വിതച്ച ലോക യുദ്ധത്തിന്റെ ഓർമ്മകൾ യുദ്ധത്തിനെതിരെ ചിന്തിക്കുവാൻ ജനങ്ങളെ നിരന്തരം പ്രേരിപ്പിക്കുന്നതാണ്. യുദ്ധത്തിനെതിരെ ലോക സമാധാനത്തിനായി തൊഴിലാളികൾ രംഗത്തിറങ്ങുക എന്ന ആഹ്വാനവുമായി വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻ സെപ്റ്റംബർ ഒന്ന് സമാധാനത്തിനുള്ള സാർവദേശീയ പ്രക്ഷോഭ ദിനമായി ആചരിക്കുന്നു. ലാഭക്കൊതി മൂത്ത മുതലാളിത്ത രാഷ്ട്രങ്ങൾ ഇന്നും യുദ്ധങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സാമ്രാജ്യത്വ ശക്തികൾ അവരുടെ താല്പര്യങ്ങൾക്കനുസരിച്ച് യുദ്ധങ്ങൾ നടത്തുകയാണ്. പലസ്തീൻ ജനതയും ഉക്രെയ്ൻ ജനതയും യുദ്ധത്തിന്റെ ഗുരുതരമായ കെടുതിയിൽ അകപ്പെട്ടിരിക്കുന്നു. നാറ്റോ ശക്തികൾ പ്രതിരോധ ചെലവ് അഞ്ച് ശതമാനമായി വർധിപ്പിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് ലോകത്ത് ഇനിയും സംഘർഷങ്ങൾ വര്‍ധിപ്പിക്കുവാനുള്ള സാഹചര്യം ഒരുക്കും.
എല്ലാ മേഖലകളിലും സൈനിക ചെലവ് വൻതോതിൽ വര്‍ധിക്കുകയാണ്. ആകെ സൈനിക ചെലവിന്റെ 75 ശതമാനവും 15 രാജ്യങ്ങളിൽ നിന്നാണ്. 2025ൽ അമേരിക്ക 9,97,000 കോടി ഡോളറും ചൈന 31,400 കോടി ഡോളറും റഷ്യ 14,900 കോടി ഡോളറും ജർമ്മനി 8,850 കോടി ഡോളറുമാണ് നീക്കിവച്ചത്. ഇത് യഥാക്രമം അമേരിക്കയുടെ ആഭ്യന്തര ഉല്പാദനത്തിന്റെ (ജിഡിപി) 3.4 ശതമാനവും ചൈനയുടെ 1.7 ശതമാനവും റഷ്യയുടെ 7.1 ശതമാനവും ജർമ്മനിയുടെ 1.9 ശതമാനവുമാണ്. ഇന്ത്യ 2013–14 കാലത്ത് പ്രതിരോധത്തിനായി നീക്കിവച്ചത് 2.53 ലക്ഷം കോടി ആയിരുന്നത് 2025–26 ൽ 6.81 ലക്ഷം കോടി രൂപയായി വര്‍ധിപ്പിച്ചു. ജിഡിപിയുടെ 2.3% വരുമിത്.
ലോകത്താകമാനം പ്രതിരോധ ചെലവിന്റെ വിഹിത്തില്‍ അമേരിക്കയുടേത് 37, ചൈനയുടേത് 12, റഷ്യയുടേത് 5.5, ജർമ്മനിയുടേത് 3.3, ഇന്ത്യയുടേത് 3.2% വീതമാണ്. യുദ്ധത്തിൽ അകപ്പെട്ടിരിക്കുന്ന ഉക്രെയ്ൻ ആഭ്യന്തര ഉല്പാദനത്തിന്റെ 34% പ്രതിരോധ ചെലവിലേക്ക് മാറ്റിവയ്ക്കുമ്പോൾ ഇസ്രയേൽ 8.8 ശതമാനവും അൽജീരിയ എട്ട്, സൗദി അറേബ്യ 7.3, പോളണ്ട് 4.2, കുവൈറ്റ് 4.8% വീതം മാറ്റിവയ്ക്കുന്നു. ഇന്ത്യ പോലെയുള്ള രാജ്യം ആഭ്യന്തരോല്പാദനത്തിന്റെ 2.3% തുക പ്രതിരോധത്തിനായി മാറ്റിവയ്ക്കുമ്പോൾ 2024‑ലെ ആഗോള വിശപ്പ് സൂചികയിൽ (ജിഎച്ച്ഐ) 127 രാജ്യങ്ങളിൽ 105-ാം സ്ഥാനത്താണ് എന്ന അതിദയനീയമായ സാമൂഹിക യാഥാർത്ഥ്യം കൂടി നാം മനസിലാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ സമാധാനത്തിനുവേണ്ടിയുള്ള ജനകീയ മുന്നേറ്റങ്ങൾ ലോകത്തെമ്പാടും ഉയർന്ന വരേണ്ടതാണ്. മുതലാളിത്ത ശക്തികളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ട്രേഡ് യൂണിയൻ സെന്ററും (ഐടിയുസി) അതിന്റെ പ്രാദേശിക ഘടകങ്ങളും ഇത്തരം യുദ്ധനീക്കങ്ങൾക്കെതിരെ ശബ്ദിക്കാതിരിക്കുമ്പോൾ വർഗ നിലപാട് ഉയർത്തിപ്പിടിക്കുന്ന തൊഴിലാളി സംഘടനയെന്ന രീതിയിൽ വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻ(ഡബ്ല്യുഎഫ്‌ടിയു) യുദ്ധ നീക്കങ്ങൾക്കെതിരെ അതിശക്തമായി രംഗത്തുവരികയാണ്. ആയുധ കച്ചവട താല്പര്യങ്ങൾ മാത്രമുള്ള കോർപറേറ്റുകളും സാമ്രാജ്യത്വ ശക്തികളും ചേർന്ന് യുദ്ധസാമഗ്രികൾക്ക് വേണ്ടി നടത്തുന്ന നിക്ഷേപങ്ങൾ നിർത്തിവയ്ക്കണമെന്നും ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങളായ മെച്ചപ്പെട്ട ജീവിത നിലവാരത്തിനും ആരോഗ്യപരിപാലനത്തിനും ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനും മാന്യമായ ശമ്പളവും പെൻഷനും നൽകുവാനും വൻതോതിൽ നിക്ഷേപം നടത്തണം എന്നുമാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം. ലോകത്തെമ്പാടും നടക്കുന്ന യുദ്ധങ്ങൾ അടിയന്തരമായി നിർത്തണമെന്നും സാമ്രാജ്യത്വ ശക്തികൾ മറ്റു രാജ്യങ്ങൾക്കുമേൽ നടത്തുന്ന കടന്നുകയറ്റം അവസാനിപ്പിക്കണമെന്നും തൊഴിലാളി സംഘടനകൾ ആവശ്യപ്പെടുന്നു.
നാറ്റോ ഉൾപ്പെടെയുള്ള സൈനിക സഖ്യങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും ഉക്രെയ്ന്‍, യെമൻ, സുഡാൻ തുടങ്ങിയ സംഘർഷ പ്രദേശങ്ങളില്‍ അടിയന്തരമായി വെടിനിർത്തൽ നടപ്പിലാക്കണമെന്നും പലസ്തീൻ ജനതയ്ക്കുമേൽ ഇസ്രയേൽ നടത്തുന്ന അതിഭീകരമായ കടന്നുകയറ്റം നിർത്തണമെന്നും തൊഴിലാളി സംഘടനകൾ ആവശ്യപ്പെടുന്നു. വിശന്നുവലയുന്ന പിഞ്ചുകുഞ്ഞുങ്ങൾക്ക് നേരെ വെടിയുതിർക്കുന്ന ഇസ്രയേൽ നടപടി അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്. ലബനൻ, സിറിയ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾക്കുമേൽ ഇസ്രയേൽ നടത്തുന്ന ആധിപത്യത്തെ ശക്തമായി എതിർക്കുകയും കിഴക്കൻ ജെറുസലേം തലസ്ഥാനമായി 1967ൽ അംഗീകരിച്ച അതിർത്തികളോടെ സ്വതന്ത്ര പലസ്തീൻ രാജ്യം അംഗീകരിക്കണമെന്നും തൊഴിലാളികൾ ശക്തമായി ആവശ്യപ്പെടുന്നു.
കഴിഞ്ഞകാല യുദ്ധങ്ങൾ മാനവരാശിക്കുവരുത്തിയ ദുരിതങ്ങളുടെ കണക്കുകൾ ആരെയും അസ്വസ്ഥമാക്കുന്നതാണ്. 1914 ജൂലൈ 28ന് ആരംഭിച്ച് 1918 നവംബർ 11ന് അവസാനിച്ച ഒന്നാം ലോകയുദ്ധത്തിൽ 15 മുതൽ 22 ദശലക്ഷം വരെ ആളുകൾ മരിച്ചതായാണ് കണക്കാക്കുന്നത്. 1939 സെപ്റ്റംബർ ഒന്നിന് ആരംഭിച്ച് 1945 സെപ്റ്റംബർ രണ്ട് വരെ നീണ്ടുനിന്ന രണ്ടാം ലോകയുദ്ധത്തിൽ 50 മുതൽ 85 ദശലക്ഷം വരെ ആളുകൾ മരിച്ചതായാണ് കണക്കാക്കുന്നത്. മരിച്ചവരിൽ ബഹുഭൂരിപക്ഷവും നിരപരാധികളായ മനുഷ്യരായിരുന്നു എന്നതാണ് യാഥാർത്ഥ്യം. മരിച്ചുപോയവരെക്കാൾ കടുത്ത ദുരിതമാണ് യുദ്ധത്തെ അതിജീവിച്ചവർ അനുഭവിച്ചത്. ഒരു രാജ്യത്തെയും ജനങ്ങൾ യുദ്ധം ആഗ്രഹിക്കുന്നില്ല. എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നത് സമാധാനപരമായി സന്തോഷത്തോടെ സുഖകരമായി ജീവിക്കണമെന്ന് മാത്രമാണ്. മാനവ ചരിത്രത്തിലെ ഈ ഭീകരത ഇനിയൊരിക്കലും ആവർത്തിക്കരുതെന്ന് ലോകത്തെമ്പാടുമുള്ള മനുഷ്യസ്നേഹികൾ ആഗ്രഹിച്ചിരുന്നതാണ്. പാരിസിൽ നടന്ന സമാധാന ചർച്ചകൾക്കൊടുവിൽ 1919 ജൂൺ 28ന് നിലവിൽ വന്ന വെഴ്സയിൽസ് ഉടമ്പടി പ്രകാരം ഒന്നാം ലോക യുദ്ധം അവസാനിപ്പിക്കുന്നത് സാർവത്രികവും സുസ്ഥിരവുമായ സമാധാനം നിലനിൽക്കണമെങ്കിൽ സാമൂഹിക നീതിയിലധിഷ്ഠിതമായ ഒരു സമൂഹത്തിന് മാത്രമേ കഴിയൂ എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ്.അങ്ങനെയാണ് അന്താഷ്ട്ര തൊഴിലാളി സംഘടനയായ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനും (ഐഎല്‍ഒ) ലീഗ് ഓഫ് നേഷൻസും നിലവിൽവരുന്നത്. സംഘർഷഭരിതമായ ഒരു ലോകക്രമത്തിൽ നിന്ന് സാമൂഹ്യനീതിയിലധിഷ്ഠിതമായ ഒരു ലോകക്രമം സൃഷ്ടിക്കുന്നതിൽ തൊഴിലാളികളുടെ പങ്ക് അംഗീകരിക്കുകയായിരുന്നു അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ രൂപീകരണത്തിലൂടെ സംഭവിച്ചത്.
പിന്നീട് രണ്ടാം ലോക യുദ്ധം അവസാനിക്കുന്നതിന്റെ ഭാഗമായി രൂപപ്പെട്ട ഐക്യരാഷ്ട്ര സഭ നിലവിൽ വന്നപ്പോൾ അതിന്റെ പ്രധാനപ്പെട്ട ഒരു ഭാഗമായി ഐഎല്‍ഒയെ നിലനിർത്തുകയാണുണ്ടായത്. ഒന്നും രണ്ടും ലോകയുദ്ധങ്ങൾക്ക് ശേഷം ശാശ്വതമായ സമാധാനം നിലനിർത്തണമെങ്കിൽ തൊഴിലാളികളുടെ പങ്ക് വളരെ വലുതാണെന്ന് തിരിച്ചറിഞ്ഞ ഭരണകൂടങ്ങളാണ് അത്തരം ഒരു തീരുമാനമെടുത്തതെങ്കിൽ ഇപ്പോഴുള്ള മുതലാളിത്ത ഭരണകൂടങ്ങൾ തൊഴിലാളികളുടെ ശബ്ദം കേൾക്കേണ്ടതില്ല എന്നാണ് തീരുമാനിച്ചിരിക്കുന്നത്.
വംശീയ വിദ്വേഷവും വർണവെറിയും സങ്കുചിത ദേശീയ ബോധവും കൈമുതലായുള്ള പുത്തൻ ഭരണാധികാരികൾ അവർക്ക് ഇഷ്ടമുള്ളതുപോലെയുള്ള ഭരണപരിഷ്കാരങ്ങളാണ് ലോകത്തെമ്പാടും നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അമേരിക്കയിലെ ഭരണാധികാരി ഭ്രാന്തമായ ആവേശത്തില്‍ നടപ്പിലാക്കുന്ന കാര്യങ്ങള്‍. മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ (മാഗ) എന്ന് പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കൻ മേധാവിത്വം വീണ്ടും ഉറപ്പിക്കുവാൻ നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണ് ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധങ്ങൾ അരങ്ങേറുന്നത്. ഇസ്രയേൽ ഗാസയിൽ നടത്തുന്ന കടന്നാക്രമണം പൂർണമായും അമേരിക്കൻ പിന്തുണയോടെയാണ്. എല്ലാ മനുഷ്യാവകാശ നിയമങ്ങളെയും ലംഘിച്ചുകൊണ്ട് കുഞ്ഞുങ്ങളെയും സ്ത്രീകളെയും വേട്ടയാടുക മാത്രമല്ല ആശുപത്രികളെയും വിദ്യാലയങ്ങളെയും മാധ്യമപ്രവർത്തകരെയും ലക്ഷ്യംവച്ചുകൊണ്ട് ബോംബാക്രമണം നടത്തുവാൻ പോലും മടിക്കുന്നില്ല. 2023 ഒക്ടോബർ ഏഴിന് ആരംഭിച്ച യുദ്ധത്തിൽ 60,000ത്തിലധികം ആളുകൾ ഇതിനകം കൊല്ലപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ നിർദേശങ്ങളോ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അറസ്റ്റ് വാറണ്ടോ മനുഷ്യാവകാശ സംഘടനകളുടെ അഭ്യർത്ഥനകളോ മാനിക്കാതെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ നടപടിയുമായി നെതന്യാഹു എല്ലാവരെയും വെല്ലുവിളിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് ലോകത്തെ 133 രാജ്യങ്ങളിലെ യൂണിയനുകളിൽ നിന്നായി 105 ദശലക്ഷത്തിലധികം തൊഴിലാളികളുടെ സംഘടന യുദ്ധത്തിനെതിരായി മുന്നോട്ടു വരുന്നത്. ആരോഗ്യ, വിദ്യാഭ്യാസ, പാർപ്പിട ആവശ്യങ്ങൾ മുൻനിർത്തിയുള്ള പ്രക്ഷോഭം ശക്തമാക്കുവാനും തൊഴിലാളികൾ യുദ്ധത്തിന്റെ ഭാഗത്തല്ല സമാധാനത്തിനു വേണ്ടി നിലകൊള്ളുന്നുവെന്നും പ്രഖ്യാപിച്ചുകൊണ്ട് ലോകവ്യാപകമായി തൊഴിലാളിവർഗം ഈ കാമ്പയിൻ ഏറ്റെടുത്തിരിക്കുകയാണ്. പ്രഖ്യാപനത്തിന്റെ പ്രാധാന്യവും കാലിക പ്രസക്തിയും മനസിലാക്കി തൊഴിലാളികളും ബഹുജനങ്ങളും യുദ്ധക്കൊതിയന്മാരായ ഭരണാധികാരികൾക്കെതിരായി ശബ്ദമുയർത്തിയെങ്കിൽ മാത്രമേ ലോകസമാധാനം കൈവരിക്കാനാവുകയുള്ളു. “യുദ്ധങ്ങൾക്കും യുദ്ധക്കൊതിയന്മാർക്കും വേണ്ടി പണിയെടുക്കാൻ മനസില്ല” എന്ന വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയന്റെ മുദ്രാവാക്യം ഏറ്റെടുത്തുകൊണ്ടുള്ള വ്യാപകമായ കാമ്പയിൻ സംഘടിപ്പിക്കുവാനാണ് എഐടിയുസി സംസ്ഥാന കൗൺസിൽ തീരുമാനിച്ചത്. സമാധാനത്തിനായുള്ള ട്രേഡ് യൂണിയനുകളുടെ അന്താരാഷ്ട്ര ദിനമായ സെപ്റ്റംബർ ഒന്ന് മുതൽ വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻ സ്ഥാപക ദിനമായ ഒക്ടോബർ മൂന്ന് വരെയാണ് ഈ കാമ്പയിൻ. സംസ്ഥാന വ്യാപകമായി റാലികളും സമ്മേളനങ്ങളും സെമിനാറുകളും മറ്റും സംഘടിപ്പിച്ചുകൊണ്ട് യുദ്ധത്തിനെതിരായും ലോകസമാധാനത്തിനു വേണ്ടിയുമുള്ള കാമ്പയിൻ വിജയിപ്പിക്കുവാൻ എഐടിയുസി എല്ലാ തൊഴിലാളികളോടും ബഹുജനങ്ങളോടും അഭ്യർത്ഥിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.