
ചരിത്രം രേഖപ്പെടുത്തൽ ഒരു സാങ്കേതികത്വമാണ്. എന്നാൽ ചരിത്രദൗത്യം നിറവേറ്റുക എന്നത് വലിയൊരു പ്രയത്നമാണ്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള കേരളത്തിന്റെ പ്രഥമ സർക്കാർ മുതലിങ്ങോട്ട് പരിശോധിച്ചാൽ ചരിത്രപരമായ നടപടികളും, ആ ചരിത്രം സൃഷ്ടിക്കാനെടുത്ത പ്രയത്നങ്ങളും കാണാം. സിപിഐ സർക്കാരും പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടികളടങ്ങിയ മുന്നണി സർക്കാരുകളും ഈ പ്രയത്നങ്ങളെല്ലാം നിറവേറ്റിയത്, ജനങ്ങളുടെ ഉന്നമനത്തിനുവേണ്ട പദ്ധതികൾ ആവിഷ്കരിച്ചുകൊണ്ടാണ്. നിലവിലെ സർക്കാർ അധികാരത്തിൽ വന്ന ശേഷം, ഇന്നലെ നടന്ന സംസ്ഥാന പട്ടയമേളയിലടക്കം ഇതുവരെ 2,79,678 കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി. അത് സർവകാല റെക്കോഡും ചരിത്രവുമാണ്. ഭവനരഹിതരും ദൂരഹിതരുമില്ലാത്ത കേരളം എന്ന വാഗ്ദാനം മുന്നോട്ടുവച്ചാണ് 2016ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വന്നത്. അതിന്റെ ഭാഗമായി ആ സർക്കാർ 1,77,011 പേർക്ക് പട്ടയം നൽകി. എൽഡിഎഫ് തുടർന്നും ഭരിക്കണം എന്ന് ജനങ്ങൾ തീരുമാനിച്ചു. 2021ല്‍ തുടര്‍സർക്കാർ അധികാരമേറ്റ ശേഷം ഭൂമിയും വീടും ഇല്ലാത്തവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഗൗരവമായ ഇടപെടല്‍ നടത്തിയതിന്റെ ഭാഗമായി ആദ്യ 100 ദിന കർമ്മപദ്ധതിയിൽ തന്നെ 54,535 കടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു. രണ്ടാം 100 ദിന പദ്ധതിക്കാലത്ത് 67,069 പട്ടയങ്ങളാണ് നൽകിയത്. ഓരോ 100 ദിന പരിപാടികളിലും പട്ടയ വിതരണത്തിനും പ്രാധാന്യം നൽകിയാണ് ഈ സർക്കാർ മുന്നോട്ടു പോയത്.
നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി മാത്രം 43,058 പട്ടയങ്ങൾ വിതരണം ചെയ്തു. തുടർന്ന് അടുത്ത ഘട്ടത്തിൽ 10,000 പട്ടയങ്ങൾ കൂടി നല്‍കി. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത സംസ്ഥാന പട്ടയമേളയിൽ 14 ജില്ലകളിലായി 45,731 കുടുംബങ്ങളെക്കൂടി ഭൂമിയുടെ അവകാശികളാക്കി. പ്രഖ്യാപിച്ച ലക്ഷ്യത്തിലെത്താൻ ഇനി 43,311 പട്ടയങ്ങൾ കൂടി വിതരണം ചെയ്താൽ മതി. ഏകദേശം മൂന്ന് മാസക്കാലം എസ്ഐആർ നടപടികളില്‍ മുഴുവൻ റവന്യു ഉദ്യോഗസ്ഥരും മുഴുകിയില്ലായിരുന്നുവെങ്കിൽ ഈ ലക്ഷ്യം ഇതിനോടകം മറികടക്കാനാവുമായിരുന്നു. 2016 മുതല്‍ ഇതുവരെ 4,56,689 പട്ടയങ്ങളാണ് വിതരണം ചെയ്തത്. 1,372 പ്രവൃത്തി ദിനങ്ങളാണ് സർക്കാരിന് ഇതുവരെ ലഭിച്ചത്. ഇത്രയും ദിവസം കൊണ്ട് 2,79,678 പട്ടയങ്ങൾ നൽകാൻ കഴിഞ്ഞുവെന്ന് പറഞ്ഞാൽ, പ്രതിദിനം 204 പട്ടയങ്ങൾ വീതം നൽകി എന്നാണ്. നിലവിലുണ്ടായിരുന്ന പട്ടയ അപേക്ഷകളിൽ കണ്ണടച്ച് തീർപ്പുണ്ടാക്കുകയല്ല സർക്കാർ ചെയ്തത്. പതിറ്റാണ്ടുകളുടെ പഴക്കമുള്ള, അതിസങ്കീർണമായ പ്രശ്നങ്ങൾ നിയമം വഴിയും നിയമഭേദഗതികളിലൂടെയും കേന്ദ്ര — സംസ്ഥാന ചർച്ചകളിലൂടെയും ആണ് പരിഹരിച്ചത്. നിയമവും ചട്ടങ്ങളും സാധാരണക്കാരന് ഗുണം ചെയ്യുന്ന രീതിയിൽ പ്രയോഗിച്ച് നിരവധി ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞുവെന്നത് സർക്കാരിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്. മലയോര, ആദിവാസി മേഖലകളിലെ പട്ടയ വിതരണത്തിന് മുൻഗണന നൽകി, പട്ടയ മിഷന് രൂപം നൽകിയതാണ് ആദ്യ നടപടി. 2023 മേയ് 19നാണ് പട്ടയ മിഷൻ നിലവിൽ വന്നത്. വില്ലേജ് തലം മുതൽ സെക്രട്ടേറിയറ്റ് വരെയുള്ള ഉദ്യോഗസ്ഥരും പഞ്ചായത്തംഗം മുതൽ നിയമസഭാ സാമാജികർ വരെയുള്ള ജനപ്രതിനിധികളും ഉൾപ്പെട്ട പട്ടയമിഷൻ സജീവമായി ഇക്കാര്യത്തിൽ ഇടപെട്ടു.
എംഎൽഎമാരുടെ അധ്യക്ഷതയിൽ നിയോജക മണ്ഡലാടിസ്ഥാനത്തിൽ മുഴുവൻ ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് പട്ടയ അസംബ്ലികൾ നടത്തി, അതിൽ കണ്ടെത്തുന്ന പട്ടയ പ്രശ്നങ്ങളാണ് പട്ടയ മിഷനിലൂടെ പരിഹരിച്ചത്. മന്ത്രി എന്ന നിലയിൽ ഓൺലൈനായും നേരിട്ടും ജില്ലാ പട്ടയ അദാലത്തുകളും സംഘടിപ്പിച്ചു. പട്ടയ വിതരണത്തിന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ കാഠിന്യവും ചരിത്രത്തിലേക്കുള്ള പ്രയാണത്തിന്റെ ഗൗരവവുമാണത്. സ്വാതന്ത്ര്യത്തിന്റെ രക്തസാക്ഷിയായ അത്തൻ കുട്ടി കുരിക്കളുടെ ഉടമസ്ഥതയുണ്ടോയിരുന്ന ഏറനാട് സത്രം വക ഭൂമി (36.49 ഏക്കർ) റവന്യുവകുപ്പിന്റെ നേതൃത്വത്തിൽ തിരിച്ചുപിടിച്ച് ഇരുന്നൂറോളം കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി. ഇത് ബ്രിട്ടീഷുകാരുടെ അടിച്ചമർത്തലിന് രാഷ്ട്രീയ കേരളത്തിലെ ജനാധിപത്യ സർക്കാർ നൂറ്റാണ്ടിനിപ്പുറം നൽകിയ മറുപടിയാണ്. കൊടയ്ക്കൽ ടൈൽസ് ഫാക്ടറി ഭൂമി പ്രശ്നം, മൊറാഴ പട്ടയ പ്രശ്നം, പ്രകാശ് പ്ലാന്റേഷൻ പ്രശ്നം, പെരുമ്പെട്ടി പട്ടയ പ്രശ്നം, പെരുമ്പാവൂർ ട്രാവൻകൂർ റെയോൺസ് തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞു എന്നത് വളരെ അഭിമാനം തോന്നിയ ഇടപെടലും ലക്ഷ്യപ്രാപ്തിയും ആണ്.
2016 മുതൽ 25 വരെ വനാവകാശ നിയമപ്രകാരം 4,690 ആദിവാസി കുടുംബങ്ങൾക്കാണ് ഭൂമി ലഭ്യമാക്കിയത്. 6,288 ഏക്കർ ഭൂമിയാണ് പതിച്ചു നൽകിയത്. 213 കുടുംബങ്ങൾക്ക് റവന്യുഭൂമിയുടെ പട്ടയവും ലഭ്യമാക്കി. 3,426 കുടുംബങ്ങൾക്ക് 2,106 ഏക്കർ നിക്ഷിപ്ത വനഭൂമിക്കുള്ള അവകാശരേഖയും നൽകി. കൂടാതെ, ലാന്റ് പർച്ചേസ് മുഖേന 274 കുടുംബങ്ങൾക്കായി 149 ഏക്കർ ഭൂമി ലഭ്യമാക്കി. ലാന്റ് ബാങ്ക് പദ്ധതി പ്രകാരം 422 കുടുംബങ്ങൾക്കാണ് ഭൂമി വാങ്ങിനൽകിയത്. 171 കുടുംബങ്ങൾക്ക് പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി ഭൂമി ലഭ്യമാക്കി. ഇത്തരത്തിൽ 9,196 കുടുംബങ്ങൾക്കായി 8,690 ഏക്കർ ഭൂമിയമാണ് ലഭ്യമാക്കിയത്.
സംസ്ഥാനത്ത് 567 വന ഗ്രാമങ്ങളിൽ വനാവകാശ രേഖ വിതരണം ചെയ്യുക മാത്രമല്ല, 567 വന ഗ്രാമങ്ങളെയും റവന്യു വില്ലേജുകളാക്കി നികുതി രസീതും തണ്ടപ്പേര് സർട്ടിഫിക്കറ്റും അനുവദിക്കാൻ നടപടി സ്വീകരിച്ചു. പട്ടയം വിതരണം ചെയ്യുന്നതിൽ മാത്രമല്ല, വിവിധ ഭൂനിയമങ്ങൾ പ്രകാരം നൽകിയ പട്ടയത്തിന്റെ അസൽ പകർപ്പ് നഷ്ടപ്പെട്ടവർക്ക് നിജസ്ഥിതി സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നടപടികളും സ്വീകരിച്ചു. നിരവധി അപേക്ഷകള്‍ പട്ടയം കൈമോശം വന്നതുമായി ബന്ധപ്പെട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിജസ്ഥിതി സർട്ടിഫിക്കറ്റിനുള്ള സാധ്യത ഗൗരവമായി പരിശോധിച്ചത്. ഈ തീരുമാനം നിരവധി കുടുംബങ്ങൾക്കാണ് തുണയായത്. 1960ലെ ഭൂപതിവ് നിയമത്തിന്റെ ഭാഗമായി ഭൂമി കൈവശം വച്ച കുടിയേറ്റക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്ന വിധത്തിൽ 13 വ്യവസ്ഥകളോടെ പുതിയ ചട്ടം നിർമ്മിച്ചു. ഇത് മലയോര മേഖലയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തിലെ എല്ലാ ഭൂപ്രതിസന്ധികളെയും മറികടക്കാനുള്ള ആദ്യത്തെ ഒരു തീരുമാനമായി മാറി. ഭൂപതിവിനുള്ള വരുമാന പരിധി ഒരു ലക്ഷത്തിൽ നിന്ന് 2.5 ലക്ഷമായി വർധിപ്പിച്ചതും സുപ്രധാന ഇടപെടലായി.
മലബാർ മേഖലയിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന പ്രശ്നമാണ് നികുതി കെട്ടാത്ത (നി.കെ) ഭൂമി സംബന്ധിച്ച് ഉണ്ടായിരുന്നത്. പ്രത്യേക ഉത്തരവിലൂടെ ഈ ഭൂമികൾക്ക് നികുതി കെട്ടാൻ സർക്കാർ അനുമതി നൽകിയതിലൂടെ വലിയൊരു ഭൂപ്രശ്നമാണ് പരിഹരിക്കപ്പെട്ടത്. കടൽപ്പുറമ്പോക്കിൽ പതിറ്റാണ്ടുകളായി താമസിച്ചു പോന്നവരുടെ പട്ടയ വിഷയവും ഈ സർക്കാരിന് പരിഹരിക്കാനായിട്ടുണ്ട്. കടാസ്ട്രൽ സർവേയ്ക്ക് പുറത്ത് താമസിക്കുന്നവർക്ക് ആ ഭൂമി പ്രത്യേക വിജ്ഞാപനം പുറപ്പെടുവിച്ച് സർവേ ചെയ്ത്, കടാസ്ട്രൽ മാപ്പിനോട് കൂട്ടിചേർത്താണ് പട്ടയം വിതരണം ചെയ്തത്. പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിന് പ്രതിജ്ഞാബദ്ധമായ സർക്കാർ, വില്ലേജുകൾ സ്മാർട്ട് ആക്കുന്നതിനോടൊപ്പം സ്മാർട്ട് സേവനങ്ങൾ സാക്ഷാത്കരിക്കുന്നതിനും മുൻഗണന നൽകുന്നു. വില്ലേജ് ഓഫിസുകളിൽ നിന്നുള്ള എല്ലാ സേവനങ്ങളും ഓൺലൈനായാണ് നൽകുന്നത്. എങ്കിലും വിവിധ ആവശ്യങ്ങൾക്ക് ആവശ്യമായി വരുന്ന വിവിധതരം സാക്ഷ്യപത്രങ്ങൾക്കായി വർഷത്തിൽ രണ്ടും മൂന്നും തവണ അപേക്ഷിക്കേണ്ടിവരുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത് പരിഹരിക്കുന്നതിനാണ് ഡിജിറ്റൽ റവന്യു കാർഡ് എന്ന ആശയത്തിന് സർക്കാർ രൂപം നൽകിയത്. എടിഎം കാർഡിന്റെ മാതൃകയിൽ ചിപ്പും, ക്യുആർ കോഡും യുണീക് നമ്പരും ഉൾപ്പെടുന്ന ഡിജിറ്റൽ റവന്യു കാർഡിൽ വ്യക്തിഗത വിവരങ്ങളും ഭൂമി സംബന്ധമായ വിവരങ്ങളും ലഭ്യമാകും. ഡിജിറ്റൽ സർവേ പൂർത്തിയാകുന്ന വില്ലേജുകളിൽ പ്രാബല്യത്തിൽ വരത്തക്ക വിധമാണ് നടപടികൾ പുരോഗമിക്കുന്നത്. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന മുദ്രാവാക്യം അടയാളപ്പെടുത്തി ജനകീയമായ ഒരു മുന്നേറ്റം തന്നെയാണ് റവന്യു വകുപ്പ് നടത്തിയത്. ജനങ്ങൾക്കൊപ്പം നിന്ന്, അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ കഴിഞ്ഞത് ഇടതുമുന്നണി സർക്കാരിന്റെ ഇച്ഛാശക്തി കൊണ്ടാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.