
ആണും പെണ്ണും തമ്മിലുള്ള പ്രണയത്തെ ലൗ ജിഹാദ് എന്നും മതപരിവർത്തന നീക്കമെന്നും വ്യാഖ്യാനിച്ച് ജയിലിൽ അടയ്ക്കുക, പശുസംരക്ഷണം എന്ന പേരിൽ മാംസം ഭക്ഷിച്ചാലും കൈവശംവച്ചാലും തല്ലുകയോ തല്ലിക്കൊല്ലുകയോ ചെയ്യുക. ബിജെപിയുടെ അധികാരാനന്തര ഇന്ത്യയിൽ നിത്യസംഭവങ്ങളാണിവ. ലൗ ജിഹാദിനെതിരെയും പശു സംരക്ഷണത്തിനുവേണ്ടിയും ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ നിയമനിർമ്മാണങ്ങളും നടത്തിയിട്ടുണ്ട്. നിയമവിരുദ്ധ മതപരിവർത്തനം തടയൽ എന്ന പേരിലുള്ള നിയമമാണ് ഉത്തർപ്രദേശിൽ ഉള്ളതെങ്കിൽ പശുക്കളെ സംരക്ഷിക്കുകയും കൊല്ലുന്നത് തടയുകയും ചെയ്യുക എന്ന നിയമമാണ് ബിജെപി അധികാരത്തിലിരിക്കെ കർണാടകയിൽ പാസാക്കിയത്. അവർ ഭരണം നടത്തുന്ന ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വ്യത്യസ്ത പേരുകളിൽ കർശന ശിക്ഷാ വ്യവസ്ഥകളോടെ ഈ നിയമങ്ങൾ പ്രാബല്യത്തിലുണ്ട്. മതപരിവർത്തനം തടയാൻ എന്ന പേരിലുള്ള നിയമം യുപിക്ക് പുറമേ ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഝാർഖണ്ഡ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിലവിലുള്ളത്.
തങ്ങൾക്ക് ഇഷ്ടമില്ലാത്ത എല്ലാത്തിനെയും എതിർക്കുന്നതിനും വിരോധമുള്ള എല്ലാവരെയും ജയിലിൽ അടയ്ക്കുന്നതിനുമുള്ള ബിജെപിയുടെയും ഇതര സംഘ്പരിവാർ സംഘടനകളുടെയും ആയുധമായാണ് ഈ നിയമങ്ങൾ ഉപയോഗിക്കപ്പെടുന്നത്.
സവർണ ഹിന്ദു ഇതര വിഭാഗങ്ങൾ നടത്തുന്ന പ്രാർത്ഥനകളെ മതപരിവർത്തന നീക്കം എന്ന് ആരോപിച്ചാണ് പലയിടങ്ങളിലും സംഘ്പരിവാർ സംഘടനകൾ നേരിടുന്നത്. ഈ നിയമത്തിന്റെ പേരിൽ ചുമത്തുന്ന കേസുകളിൽ പലതും ബോധപൂർവം കെട്ടിച്ചമച്ചതാണെന്നതിന് ഉദാഹരണങ്ങൾ കോടതി നടപടികളായി തന്നെ പുറത്തുവന്നിട്ടുണ്ട്.
2020ൽ ചുമത്തപ്പെടുകയും കുറച്ചുകാലം കുറ്റാരോപിതനായി ജയിലിൽ കിടക്കുകയും വിചാരണ നേരിടുകയും ചെയ്ത ഒരു കേസ് തെളിവില്ലെന്ന് പറഞ്ഞ് കോടതി തള്ളിയത് മേയ് 21നായിരുന്നു. 2020 ഡിസംബർ 14നായിരുന്നു കേസിനാസ്പദമായ സംഭവം. കൂട്ടുകാരന്റെ വീട്ടിൽ നിന്നും ജന്മദിനാഘോഷം കഴിഞ്ഞ് പുറത്തിറങ്ങിയ മുഹമ്മദ് സാക്കിബ് എന്ന 16 കാരനാണ് നാലുവർഷത്തിലധികം കോടതിയിൽ കയറിയിറങ്ങേണ്ടിവന്നത്. ആറ് മാസത്തിലധികം ജയിലിൽ കിടക്കേണ്ടിവരികയും ചെയ്തു. ഉത്തർപ്രദേശിലെ ബിജിനോർ ജില്ലയിൽ നാസിർപുർ ഗ്രാമത്തിലായിരുന്നു സംഭവം.
സുഹൃത്തിന്റെ വീട്ടിലേക്ക് ആഘോഷത്തിനായി പോയ മകൻ രാത്രി വീട്ടിൽ തിരികെ എത്താത്തതിനാൽ പിറ്റേന്ന് രാവിലെ പിതാവ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. സമീപ ഗ്രാമത്തിലെ വീട്ടിൽ നിന്ന് ജന്മദിനാഘോഷം കഴിഞ്ഞ് പുറത്തിറങ്ങിയ സാക്കിബ് പരിസരത്ത് ഒരാൾക്കൂട്ടത്തെയും അവർക്കിടയിൽ സൈക്കിളിൽ ഇരിക്കുകയായിരുന്ന പെൺകുട്ടിയെയും കണ്ടാണ് സമീപത്തേക്ക് ചെന്നത്. ഈ സമയം ആൾക്കൂട്ടത്തിൽ നിന്ന് ചിലർ അവനെ മർദിക്കുകയായിരുന്നു.
സമീപ ഗ്രാമത്തിലെ 16 വയസായ ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്ന് വിവാഹം കഴിക്കാനും മതപരിവർത്തനം നടത്താനും ശ്രമിച്ചു എന്നാരോപിച്ചായിരുന്നു മർദനം. പെൺകുട്ടിയെ തനിക്ക് അറിയില്ലെന്നും തൊട്ടടുത്ത ഗ്രാമത്തിൽ താമസിക്കുന്ന താൻ ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ വെൽഡറായി ജോലി ചെയ്യുകയാണെന്നും കുറച്ചു ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് തിരികെയെത്തിയതെന്നും പറഞ്ഞെങ്കിലും അക്രമികൾ അതൊന്നും കേൾക്കാൻ തയ്യാറായില്ല. എന്നുമാത്രമല്ല പൊലീസിനെ വിളിച്ചുവരുത്തി സാക്കിബിനെതിരെ കേസെടുപ്പിക്കുകയും അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. നാലുവർഷത്തിനിടെ 72 വിചാരണകൾ പൂർത്തിയാക്കിയാണ് മേയ് 21ന് ഇപ്പോൾ യുവാവായ സാക്കിബിനെ കോടതി വെറുതെ വിട്ടത്.
2021ൽ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ നാടകം ആയിരുന്നു ഇത്. തീവ്ര ഹിന്ദുത്വ സംഘടനയുടെ നേതാവായ ഗ്രാമമുഖ്യനെതിരെ മത്സരിക്കുമെന്ന് തീരുമാനിച്ച വ്യക്തിയുടെ മകളെ അദ്ദേഹത്തിന്റെ അനുയായികൾ തട്ടിക്കൊണ്ടുപോയി സാക്കിബുമായി പ്രണയത്തിലാണെന്ന് വരുത്തിത്തീർക്കുകയും അതിന്റെ പേരിൽ ദളിത്, മുസ്ലിം വിഭാഗങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുകയുമായിരുന്നു ലക്ഷ്യം. വീട്ടിൽ നിന്ന് പുറത്തിറങ്ങിയ മകളെ അന്വേഷിച്ചെത്തിയ പിതാവ് ആദ്യം യുവാക്കളുടെ വിശദീകരണം കേട്ട് തെറ്റിദ്ധരിക്കുകയും പരാതി നൽകുകയുമായിരുന്നു എന്നാണ് സ്ക്രോൾ എന്ന ഓൺലൈൻ മാധ്യമം പറയുന്നത്.
സമൂഹത്തിൽ ഭിന്നത ഉണ്ടാക്കുന്നതിനും രാഷ്ട്രീയ വിരോധം തീർക്കുന്നതിനും നിയമത്തെ ആയുധമാക്കി എന്നതിന്റെ വ്യക്തമായ തെളിവാണ് നാല് വർഷത്തിന് ശേഷം സാക്കിബിനെ കോടതി വെറുതെ വിട്ടതിലൂടെ ബോധ്യമാകുന്നത്.
കുട്ടിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ പ്രാർത്ഥന മൂന്ന് ദളിതരെ ജയിലിലാക്കുകയും പിന്നീട് കുറ്റവിമുക്തമാക്കപ്പെടുകയും ചെയ്ത സംഭവം ഉണ്ടായതും യുപിയിൽ തന്നെ. പടിഞ്ഞാറൻ യുപിയിലെ അംമ്രോഹ സ്വദേശിയായ 41 കാരനായ പ്രസാദും രണ്ടുപേരുമാണ് 2023 ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്യപ്പെട്ടത്. പാവപ്പെട്ട ഹിന്ദുക്കളെ വശീകരിച്ചു ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതായി തീവ്ര ഹിന്ദുത്വ സംഘടനയായ ബജറംഗ്‌ദൾ പരാതി നൽകിയതിനെ തുടർന്നായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. 2020ൽ കൊണ്ടുവന്ന നിയമവിരുദ്ധ മതപരിവർത്തനം തടയൽ നിയമപ്രകാരമായിരുന്നു മൂന്നു പേരെയും പൊലീസ് പിടികൂടിയത്.
പ്രസാദിന്റെ വീട്ടിൽ ജന്മദിനാഘോഷത്തിന് എത്തിയ ബന്ധുക്കളെയും അയൽവാസികളെയും മതപരിവർത്തന നീക്കം നടക്കുന്നുവെന്നാരോപിച്ച് എത്തിയ ബജറംഗ്‌ദളുകാർ ഉപദ്രവിക്കുകയും പിന്നീട് പൊലീസിൽ പരാതി നൽകി കേസെടുപ്പിക്കുകയുമായിരുന്നു. ഈ കേസിലാണ് 2024 നവംബർ 21ന് കുറ്റാരോപിതരെ വെറുതെവിട്ടുകൊണ്ടുള്ള വിധി ഉണ്ടായത്. അതേസമയം 2020ലെ നിയമപ്രകാരം 2022ൽ ആദ്യ ശിക്ഷാവിധി ഉണ്ടായതും അംമ്രോഹയിലായിരുന്നു. സ്വന്തം മതവിവരങ്ങൾ മറച്ചുവച്ച് ഹിന്ദു പെൺകുട്ടിയെ വിവാഹം കഴിക്കാൻ ശ്രമിച്ചെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസിലാണ് ഒരു മുസ്ലിം പുരുഷന് അഞ്ചുവർഷം തടവ് ശിക്ഷ വിധിച്ചത്.
ബറേലിയിൽ രണ്ട് ഹിന്ദു പുരുഷന്മാരാണ് തീവ്ര ഹിന്ദുത്വ സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായത്. ഈ കേസും പിന്നീട് തള്ളിയെന്നു മാത്രമല്ല പരാതിയെക്കുറിച്ച് വ്യക്തമായി അന്വേഷിക്കാതെ കേസ് രജിസ്റ്റർ ചെയ്യുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തതിന് പൊലീസിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഹിന്ദു ജാഗരൺ മഞ്ചിന്റെ യുവവാഹിനി നേതാവ് എന്ന് സ്വയം അവകാശപ്പെടുന്ന ഹിമാൻഷു പട്ടേൽ എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 2020 മേയ് 30ന് ഒരു മെഡിക്കൽ കോളജിലെ ടെക്നീഷ്യനായ അഭിഷേക് ഗുപ്ത ഉൾപ്പെടെ മൂന്നുപേർക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മമത എന്നയാളുടെ വീട്ടിൽ അഭിഷേകും മറ്റുചിലരും ചേർന്ന് പ്രാർത്ഥന നടത്താറുണ്ടെന്നും ഇത് മതപരിവർത്തനത്തിനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ആരോപിച്ചായിരുന്നു പരാതി. കൂടുതൽ അന്വേഷണം നടത്താതെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഈ കേസും മതിയായ തെളിവുകളും യുക്തിഭദ്രമായ വാദങ്ങളും അവതരിപ്പിക്കാൻ സാധിക്കാതിരുന്നതിനാൽ കോടതി തള്ളിക്കളഞ്ഞു. യുപിയിലെ അസംഘറിലും മതപരിവർത്തനം ആരോപിച്ചെടുത്ത മറ്റൊരു കേസ് കോടതി റദ്ദാക്കുന്ന സാഹചര്യമുണ്ടായി. സമാനമായ നിരവധി സംഭവങ്ങളെക്കുറിച്ച് വിവിധ ഓൺലൈൻ മാധ്യമങ്ങളും ദേശീയ മാധ്യമങ്ങളും വാർത്തകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈ നിയമത്തിന്റെ പേരിൽ ഇതര മതവിഭാഗങ്ങളെയും ദരിദ്രരായ ദളിത് സമൂഹത്തെയും നേരിടുന്നതിനുള്ള തീവ്ര ഹിന്ദുത്വ സംഘടനകളുടെ ശ്രമത്തിനും അതിനു കൂട്ടുനിൽക്കുന്ന വിവിധ സർക്കാരുകൾക്കും എതിരെ സിറ്റിസൺ ഫോർ ജസ്റ്റിസ് എന്ന സംഘടന നൽകിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വിവിധ വകുപ്പുകൾ പ്രകാരം ആറ് മാസം മുതൽ മൂന്ന് വർഷം വരെയും മൂന്ന് മുതൽ അഞ്ച് വർഷം വരെയും തടവും 15,000, 25,000, 50,000 എന്നിങ്ങനെ വിവിധ നിരക്കിലുള്ള പിഴയും ശിക്ഷയായി നിർണയിച്ചുകൊണ്ട് നടപ്പിലാക്കിയിരിക്കുന്ന നിയമങ്ങളുടെ സാധുതയാണ് ഹർജിയിൽ ചോദ്യം ചെയ്തിരിക്കുന്നത്.
തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടുന്നതിനും വിദ്വേഷവും വെറുപ്പും സൃഷ്ടിക്കുന്നതിനും ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനുമുള്ള ഉപകരണവും ആയുധവുമാക്കി ഇത്തരം നിയമങ്ങളെ മാറ്റുകയാണ് തീവ്ര വലതുപക്ഷ സംഘടനകൾ ചെയ്യുന്നത്. ബിജെപി സർക്കാരുകൾ അതിന് കൂട്ടുനിൽക്കുകയും കുടപിടിക്കുകയും ചെയ്യുന്നു. കേസെടുക്കുകയും വിചാരണ നേടുകയും ചെയ്യുന്നതിനിടെ അനുഭവിക്കേണ്ടിവരുന്ന റിമാൻഡ് തടവുൾപ്പെടെ മാനസിക, ശാരീരിക പ്രശ്നങ്ങൾ തന്നെയാണ് തീവ്ര സംഘടനകൾ ആഗ്രഹിക്കുന്നത്. അതിന്റെ പേരിൽ മറ്റുള്ളവരെയും ഭയപ്പെടുത്താനും വരുതിയിൽ നിർത്താനും കഴിയുമെന്നും അവർ കരുതുന്നു. മതേതര ജനാധിപത്യ രാഷ്ട്രത്തിന്റെ അടിത്തറയ്ക്കും നിയമസംവിധാനങ്ങളോടുള്ള ജനങ്ങളുടെ വിശ്വാസ്യതയ്ക്കും നേരെയാണ് ഈ നിയമനിർമ്മാണങ്ങളും തുടർനടപടികളും വെല്ലുവിളി ഉയർത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.