
മഹാരാഷ്ട്രയിലെ 29 മുനിസിപ്പൽ കോർപറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ ബിജെപി നയിക്കുന്ന മഹായുതി സഖ്യത്തിന്റെ വ്യാപനം വെളിപ്പെടുത്തുന്നു. അതിൽ ബിജെപിയും ശിവസേനയും (ഷിൻഡെ) ഉൾപ്പെടുന്നു. ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷനില്‍ ഇക്കഴിഞ്ഞ 15ന് തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പുതന്നെ 227ൽ 68 സീറ്റുകൾ ബിജെപി — ശിവസേന (ഷിൻഡെ) സഖ്യം എതിരില്ലാ തെ നേടി മുന്നിലായിരുന്നു. ഇതേ സഖ്യത്തിലെ എൻസിപി (അജിത് പവാർ) വേറെ മത്സരിച്ചിട്ടും ബിജെപി — ശിവസേന സഖ്യം ബിഎംസിയിൽ വിജയിച്ചു. മുംബൈയിൽ മാത്രമല്ല, മഹാരാഷ്ട്രയിലെ മിക്ക മുനിസിപ്പൽ കോർപറേഷനുകളിലും, ബിജെപി — ശിവസേന (ഷിൻഡെ) സഖ്യം തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു.
അതേസമയം ഭിന്നിച്ച മഹാ വികാസ് അഘാഡി (എംവിഎ) അഥവാ ഇന്ത്യ സഖ്യത്തിന് ഗുരുതര തിരിച്ചടികൾ നേരിടേണ്ടിവന്നു. അസം, പശ്ചിമ ബംഗാൾ, കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളുള്‍പ്പെടെ ഭാവിയിലേക്കായി ഇന്ത്യ സഖ്യ പാർട്ടികൾ ഇതിൽ നിന്ന് വലിയ പാഠം ഉൾക്കൊള്ളേണ്ടതുണ്ട്. മഹാരാഷ്ട്രയിലെ 29 കോർപറേഷനുകളിലെ 893 വാർഡുകളിലായി 2,869 സീറ്റുകളിലേക്കുള്ള തെരഞ്ഞടുപ്പാണ് ജനുവരി 15ന് നടന്നത്. 3.48 കോടി വോട്ടർമാരുടെ പങ്കാളിത്തത്തോടെ 15,931 സ്ഥാനാർത്ഥികൾ മത്സരിച്ചു. 2017ന് ശേഷം സംസ്ഥാനത്ത് നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പാണിത്. ബിജെപി നയിക്കുന്ന മഹായുതി സഖ്യകക്ഷികൾ സംസ്ഥാനത്തിന്റെ നഗരപ്രദേശങ്ങളിൽ തങ്ങളുടെ രാഷ്ട്രീയം ഉറപ്പിച്ചുവെന്ന് ഫലം കാണിക്കുന്നു. ഇന്ത്യ സഖ്യകക്ഷികൾക്ക് അവരുടെ പിന്തുണ അതിവേഗം നഷ്ടപ്പെടുന്നുവെന്നും. ബിഎംസി തെരഞ്ഞെടുപ്പിൽ, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി)യും രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്)യും കൈകോർത്തു. അവർ എൻസിപി (എസ്‌പി) യുമായി പ്രത്യേക ഗ്രൂപ്പായാണ് മത്സരിച്ചത്. കോൺഗ്രസ് തനിയെ മത്സരിച്ചു. പൂനെയിൽ, എൻസിപി (അജിത് പവാർ), എൻസിപി (എസ്‌പി) എന്നിവയും സ്വന്തം സഖ്യങ്ങളായ മഹായുതി, എംവിഎ എന്നിവയ്ക്കെതിരെ മത്സരിക്കാൻ കൈകോർത്തു. വാസ്തവത്തിൽ, ഇന്ത്യ സഖ്യ പാർട്ടികൾ ഉടനീളം വിഭജിക്കപ്പെട്ടു.
ഇത് അവരുടെ നാണംകെട്ട തോൽവിക്ക് കാരണമായി. ബിഎംസിയിൽ ശിവസേനയ്ക്ക് നിര്‍ണായക ശക്തിയുണ്ടായിരുന്നു. എന്നാൽ ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത് താക്കറെ സഹോദരന്മാർ ഐക്യപ്പെട്ടിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ മുനിസിപ്പൽ സ്ഥാപനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു എന്നാണ്. ബിഎംസി ഫലം മുംബൈ രാഷ്ട്രീയത്തിലെ പാരമ്പര്യത്തിന് അന്ത്യം കുറിച്ചുവെന്ന് ശിവസേന (ഷിൻഡെ) നേതാവ് മിലിന്ദ് ദിയോറ പറഞ്ഞു, “ഇന്ത്യയുടെ വാണിജ്യ, സാംസ്കാരിക കേന്ദ്രത്തിന്റെ സുവർണ കാലഘട്ടം ആരംഭിക്കുകയാണ്” എന്നാണദ്ദേഹം പറഞ്ഞത്. സംസ്ഥാനത്തുടനീളമുള്ള, പ്രത്യേകിച്ച് ബിഎംസിയിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ ദേശീയമായി ബിജെപിയുടെ മനോവീര്യം വർധിപ്പിച്ചു. “ബിജെപിയും സഖ്യകക്ഷികളായ മഹായുതിയും ഇന്ന് ബിഎംസി തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയതിന് നിങ്ങളെല്ലാവരും സാക്ഷ്യം വഹിച്ചിരിക്കുന്നു. പ്രധാനമന്ത്രി മോഡിയുടെ നേതൃത്വത്തിൽ ബിജെപിയുടെയും എൻഡിഎയുടെയും സ്വീകാര്യത വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇത് കാണിക്കുന്നു. അടുത്തിടെ, കേരള മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ഞങ്ങൾ ആദ്യമായി ഭൂരിപക്ഷം നേടി.
ഇന്ന്, ഏഷ്യയിലെ ഏറ്റവും വലിയ മുനിസിപ്പൽ കോർപറേഷനായ ബിഎംസി തെരഞ്ഞെടുപ്പിൽ ബിജെപി-എൻഡിഎ‑മഹായുതി അഭൂതപൂർവമായ വിജയം നേടി. ഈ വിജയത്തിന് മഹാരാഷ്ട്രയിലെ ജനങ്ങളോട് നന്ദിയുള്ളവരാണ്” മഹാരാഷ്ട്ര മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിനെക്കുറിച്ച് കേന്ദ്രമന്ത്രിയും ആർപിഐ (എ) നേതാവുമായ രാംദാസ് അതാവാലെ പ്രതികരിച്ചു. ഉദ്ധവ് താക്കറെ മുംബൈയിൽ ദീർഘകാലം പ്രവർത്തിച്ചത് ബിജെപിയുമായും ആർപിഐ (എ)യുമായും ഉള്ള സഖ്യങ്ങളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. “മുംബൈയെ സംബന്ധിച്ചിടത്തോളം, ഉദ്ധവ് താക്കറെ 25–30 വർഷമായി അധികാരത്തിലിരുന്നു. ബിജെപിയുമായി സഖ്യത്തിലായിരുന്നു അദ്ദേഹം അധികാരം കയ്യാളിയത്. ഇന്ന്, രാജ്യത്തെ ഒന്നാം നമ്പർ പാർട്ടിയാണ് ബിജെപി.” മുംബൈ ഉൾപ്പെടെ 29 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 25 എണ്ണത്തിലും ബിജെപി നയിക്കുന്ന മഹായുതി മുന്നിലെത്തി. ആകെ 2,869 സീറ്റുകളിൽ 1,425 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. രാജ്യം ഉറ്റുനോക്കിയ മുംബൈ മാഹാനഗരം ഉൾപ്പെടെ ഒരു ഡസനിലധികം നഗരസഭകൾ മുൻ ഭരണ സഖ്യത്തിന് നഷ്ടമായി. 227അംഗങ്ങളുള്ള ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷനിൽ ബിജെപി 89 സീറ്റുകൾ നേടി. മൂന്ന് ദശകങ്ങളായി താക്കറേ കുടുംബം കൈവശം വച്ചിരുന്ന രാജ്യത്തെ ധനസമ്പന്നമായ മഹാനഗരസഭയാണ് അവരെ കെെവിട്ടത്.
പവാറുകളുടെ ശക്തികേന്ദ്രമായ പിംപ്രി ചിഞ്ച്‌വാഡിലും പൂനെയിലും ലീഡ് നേടിക്കൊണ്ട് ബിജെപി എൻസിപിക്ക് തിരിച്ചടി നൽകി. നാഗ്പൂർ, താനെ, പൂനെ, വസായ്-വിരാർ കോർപറേഷനുകളിലും കാവി പാർട്ടി മുന്നിലെത്തിയപ്പോള്‍ കോലാപൂരിൽ കോൺഗ്രസ് ലീഡ് നേടി. സംസ്ഥാനത്തെ നഗരപ്രദേശങ്ങളിൽ ബിജെപി വലിയ രാഷ്ട്രീയ പാർട്ടിയായി ഉയർന്നുവരുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നു. ഇത് കോൺഗ്രസ്, ശിവസേന (യുബിടി), എൻസിപി (എസ്‌പി) തുടങ്ങിയ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെ അപേക്ഷിച്ച് നഗരങ്ങളിൽ കാവിപ്പാർട്ടിയുടെ വർധിച്ചുവരുന്ന സ്വാധീനമാണ് വെളിപ്പെടുത്തുന്നത്. ഭിന്നിച്ചു നിന്ന ഇന്ത്യ സഖ്യത്തിനുമേൽ മഹായുതിയുടെ വർധിച്ചുവരുന്ന ആധിപത്യത്തെ എടുത്തുകാണിക്കുകയും മഹാരാഷ്ട്രയുടെ രാഷ്ട്രീയ ഭൂപ്രകൃതിയുടെ വലിയരീതിയിലുള്ള പുനർനിർമ്മാണത്തെ സൂചിപ്പിക്കുകയും ചെയ്യുന്നു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്ന് ഇന്ത്യ സഖ്യകക്ഷികൾക്ക്, പ്രത്യേകിച്ച് കോൺഗ്രസിന് പാഠം പഠിക്കാനുണ്ട്, സഖ്യപങ്കാളികൾക്കിടയിലെ ഐക്യം നഷ്ടപ്പെട്ടതും സംഘടനാ അടിത്തറ ശോഷിച്ച മൂലമുണ്ടായ തിരിച്ചടികളും ശ്രദ്ധിക്കേണ്ടതാണ്. (ഐപിഎ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.