
ദേശീയതയുടെ മറപിടിച്ചുകൊണ്ടുള്ള ഫാസിസ്റ്റ്ശക്തികളുടെ സാമൂഹ്യഭീതിയിൽ നിന്നാവിർഭവിച്ച അപര മതദ്വേഷം വ്യാജ പ്രചാരണങ്ങളുടെയും ഊഹാപോഹങ്ങളുടെയും വിതരണത്തിന് സുഗമമായ പശ്ചാത്തലമൊരുക്കിത്തീർക്കുന്ന വർത്തമാന സാഹചര്യത്തിലാണ് ദേശീയ യുവജനദിനം കടന്നുവരുന്നത്. വർണാശ്രമ ധർമത്തിലെ ബ്രാഹ്മണാധീശത്വ ഹിന്ദുത്വരാഷ്ട്രം തങ്ങളുടെ പ്രഖ്യാപിത നയമായി സ്വീകരിച്ച സംഘ് പരിവാർ, ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനുവേണ്ടി അനുദിനം നടത്തിക്കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് നയങ്ങൾ രാജ്യത്തിന്റെ ബഹുസ്വരത, വൈവിധ്യം, നാനാത്വത്തിൽ ഏകത്വമെന്ന സങ്കല്പം എന്നിവ നിരാകരിക്കുകയും നിർമ്മൂലനം ചെയ്യുകയുമാണ്. ഭരണ കാലയളവിൽ ഇന്ത്യയിലെ ഹിന്ദു ജനസാമാന്യത്തിൽ ഹിന്ദുത്വ വാദികളെന്ന ആശയം സൃഷ്ടിച്ച് വർഗീയതയിൽ അധിഷ്ഠിതമായ രാഷ്ട്ര സംസ്ഥാപനത്തിനുള്ള ഭഗീരഥ യത്നത്തിലാണ് ആർഎസ്എസ്. 1923ൽ വി ഡി സവർക്കർ തന്റെ ‘എസ്സെൻഷ്യൽസ് ഓഫ് ഹിന്ദുത്വ’ എന്ന പുസ്തകത്തിൽ ദ്വിരാഷ്ട്രവാദം ഉയർത്തുകയും 1937ൽ ഹിന്ദു മഹാസഭ ഇത് ഔദ്യോഗിക നയമായി പ്രഖ്യാപിക്കുകയും ചെയ്തുകൊണ്ട് വിവിധ മത വിഭാഗങ്ങൾ തമ്മിൽ ഒരുമിച്ച് കഴിയുന്ന രാജ്യത്തിന്റെ സാധ്യതയെ തള്ളുന്നത് കാണാൻ കഴിയും. ഈ പുസ്തകം പ്രധാനമായും മുന്നോട്ടുവയ്ക്കുന്ന ആശയം ഹിന്ദുവും ഹിന്ദുത്വവും തമ്മിൽ വ്യത്യാസമുണ്ടെന്നതാണ്.
1939ൽ അദ്ദേഹം പറഞ്ഞത് ഹിന്ദുക്കൾ നമ്മളായിത്തന്നെ ഒരു രാഷ്ട്രമായി നിലകൊള്ളുകയാണെന്നും ഇന്ത്യയിൽ ജനിച്ചവരൊക്കെ ഇന്ത്യക്കാരാണെന്ന് വാദിക്കുന്ന ‘ഭൂപ്രദേശാധിഷ്ഠിതമായ ദേശീയത’യെ വർജിക്കണമെന്നുമായിരുന്നു. ഹിന്ദുമഹാസഭ നേതാവും ബംഗാളിൽ മുസ്ലിം ലീഗുമൊത്തുള്ള സഖ്യകക്ഷി ഭരണത്തലവനുമായിരുന്ന ശ്യാമപ്രസാദ് മുഖർജി 1947ൽ, അന്നത്തെ വൈസ്രോയയി ആയിരുന്ന മൗണ്ട് ബാറ്റൺ പ്രഭുവിന് എഴുതിയ കത്തിൽ ഇന്ത്യയെ വിഭജിച്ചില്ലെങ്കിൽ പോലും ബംഗാളിനെ വിഭജിച്ചേ മതിയാകൂ എന്ന നിലപാട് സ്വീകരിച്ചതും നമുക്കറിയാം. രാജ്യത്തെ വൈവിധ്യങ്ങളെ അംഗീകരിക്കുകയും മതന്യൂനപക്ഷങ്ങൾക്കും മറ്റു പൗരന്മാർക്കും മൗലിക സ്വാതന്ത്ര്യം നൽകി അവരെ ചേർത്ത് നിർത്തുന്നതിനും പകരം അവരെ നിരന്തരം പാർശ്വവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇന്നും ഭരണാധികാരം ഉപയോഗിച്ച് സംഘ് പരിവാർ ചെയ്തു കൊണ്ടിരിക്കുന്നത്.
ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നും അതിന് ഭരണഘടനയുടെ അംഗീകാരത്തിന്റെ ആവശ്യമില്ലെന്നുമുള്ള ആർഎസ്എസ് തലവൻ മോഹൻ ഭഗവതിന്റെ പ്രസ്താവനയും ഹിന്ദുമതം പരമോന്നതമാണെന്നും ഇന്ത്യയിലെ മുസ്ലിങ്ങൾ നദികളെയും സൂര്യനെയും ആരാധിക്കണമെന്നുമുള്ള ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുടെ കാഴ്ചപ്പാടും രാഷ്ട്രീയ പദ്ധതിയെന്ന നിലയിലുള്ള അവരുടെ ഹിന്ദുത്വ നിർവചനമാണെന്ന് കാണാൻ കഴിയും. ജനാധിപത്യത്തോടും മതനിരപേക്ഷതയോടും ദേശീയ പ്രതീകങ്ങളോടും അടിസ്ഥാനപരമായി നിഷേധാത്മക സമീപനം പുലർത്തിയവരും പുലർത്തുന്നവരും സാമാന്യ ജനതയുടെ പൊതുബോധത്തെ ഹിന്ദുത്വത്തിന് കീഴിലുള്ള സീമാതീതമായ ഐക്യത്തിലേക്ക് നയിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു.
ജന്മനായുള്ള വർണ‑പാരമ്പര്യത്തിൽ അധിഷ്ഠിതമായ മനുസ്മൃതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇന്ത്യൻ ഭരണഘടന സൃഷ്ടിക്കേണ്ടിയിരുന്നതെന്ന വാദഗതി നിരന്തരം ഉയർത്തുന്ന ആർഎസ്എസ്, ഹിന്ദു എന്നതിനെ ആര്യൻ വംശം എന്ന അർഥത്തിലാണ് വിലയിരുത്തുന്നത്. 1960 ഡിസംബറിൽ ഗുജറാത്ത് സർവകലാശാലയിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസ് വിദ്യാർഥികളെ അഭിസംബോധന ചെയ്തുകൊണ്ട് ഗോൾവാൾക്കർ പറഞ്ഞത് ഇപ്രകാരമാണ്: “ഇന്ന് സങ്കരയിന പ്രജനന പരീക്ഷണങ്ങൾ മൃഗങ്ങളിൽ മാത്രമാണ് നടത്തുന്നത്. എന്നാൽ ആധുനിക ശാസ്ത്രജ്ഞർ എന്ന് വിളിക്കപ്പെടുന്നവർ പോലും മനുഷ്യരിൽ അത്തരം പരീക്ഷണങ്ങൾ നടത്താനുള്ള ധൈര്യം കാണിക്കുന്നില്ല. നമ്മുടെ പൂർവികർ ഈ മേഖലയിൽ നടത്തിയ പരീക്ഷണങ്ങൾ നോക്കൂ! സങ്കലനത്തിലൂടെ മനുഷ്യവർഗത്തെ മെച്ചപ്പെടുത്താനുള്ള ശ്രമത്തിൽ വടക്കൻ നമ്പൂതിരി ബ്രാഹ്മണർ കേരളത്തിൽ സ്ഥിരതാമസമാക്കി. ഒരു നമ്പൂതിരി കുടുംബത്തിലെ മൂത്ത മകന് വൈശ്യ, ക്ഷത്രിയ അല്ലെങ്കിൽ ശൂദ്രവിഭാഗത്തിൽ നിന്നുള്ളയാളുടെ മകളെ മാത്രമെ വിവാഹം കഴിക്കാനാകൂ എന്ന നിയമം ഏർപ്പെടുത്തി.
കൂടുതൽ ധീരമായ മറ്റൊരു നിയമം എല്ലാ വർഗത്തിലെയും വിവാഹിതയായ സ്ത്രീയുടെ ആദ്യ സന്തതി ഒരു നമ്പൂതിരി ബ്രാഹ്മണനിൽ നിന്ന് ജനിക്കണമെന്നുള്ളതായിരുന്നു. പിന്നീട് മാത്രമെ അവൾക്ക് സ്വന്തം ഭർത്താവിൽനിന്ന് കുട്ടികളെ ജനിപ്പിക്കാൻ കഴിയുമായിരുന്നുള്ളൂ’’ (എം എസ് ഗോൾവാൾക്കർ ഓർഗനൈസർ, ജനുവരി 2,1961). സകല മതങ്ങളെയും സമദൃഷ്ടിയോടെ കാണുകയും അംഗീകരിക്കുകയും ചെയ്യുന്ന ഹൈന്ദവ സങ്കല്പത്തിന് വിരുദ്ധമായി ആർഎസ്എസ് രാജ്യത്തിന്റെ മതേതരഘടനയുടെ മേൽ കനത്ത ആഘാതമേൽപ്പിക്കുന്ന പ്രചാരവേലകളുമായി മുന്നോട്ട് പോവുകയാണ്. ഒരാൾ ആർഎസ്എസ് വിമർശകനെങ്കിൽ രാജ്യദ്രോഹിയെന്ന് വരുത്തിത്തീർക്കാനുള്ള പ്രത്യയശാസ്ത്ര മലിനീകരണമാണ് സംഘ്പരിവാർ ഇവിടെ കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്. ഹൈന്ദവത വിഭാവനം ചെയ്യുന്ന സാഹോദര്യം ഏതെങ്കിലും ഒരു വർഗത്തിലോ വിഭാഗത്തിലോ ഒതുങ്ങുന്നതല്ലെന്നിരിക്കെ വ്യത്യസ്ത മാനവിക ഗുണങ്ങളെയും സാംസ്കാരിക വൈവിധ്യങ്ങളെയും തിരസ്കരിക്കുകയും അവഗണിക്കുകയും അവമതിക്കുകയും ചെയ്യുന്ന അസഹിഷ്ണുതയാണവരുടെ മുഖമുദ്ര. ദേശം ഹിന്ദുക്കളുടേതാകയാൽ ഇവിടെ ഹിന്ദുക്കൾ ചെയ്യുന്നതെന്തോ അതേ പ്രമാണമായിത്തീരൂ എന്ന് സംഘം അംഗീകരിക്കുന്നതായും ഈ കാര്യമേ സംഘത്തിന്നറിയുകയുള്ളൂവെന്നുമാണ് ഗോൾവാൾക്കർ പ്രസ്താവിച്ചത്.
ഇക്കഴിഞ്ഞ ക്രിസ്മസ് ആഘോഷങ്ങൾക്കിടെ രാജ്യത്തെമ്പാടും ക്രൈസ്തവർക്ക് നേരെയുണ്ടായ ആക്രമണങ്ങൾ മതനിരപേക്ഷതയോടും മാനവികതയോടും ജനാധിപത്യത്തോടുമുള്ള കലഹത്തിന്റെ പ്രകടമായ തെളിവായിരുന്നു. ഏറ്റവും ഒടുവിൽ രാജ്യവ്യാപകമായി നടപ്പാക്കാൻ ശ്രമിക്കുന്ന തീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ്ഐആർ) പ്രക്രിയയിലൂടെ സാമുദായിക ധ്രുവീകരണം ലക്ഷ്യമാക്കിയുള്ളതും ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ തകർക്കുന്നതുമായ പൗരത്വ ഭേദഗതി നിയമത്തെ പിൻവാതിലിലൂടെ പ്രതിഷ്ഠിക്കാനുള്ള ശ്രമം നടക്കുകയാണ്. 1950ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 16ാം അനുച്ഛേദത്തിൽ ഇന്ത്യൻ പൗരന്മാർ അല്ലാത്തവർക്ക് വോട്ടേഴ്സ് ലിസ്റ്റിൽ രജിസ്റ്റർ ചെയ്യാൻ അവകാശം ഉണ്ടായിരിക്കില്ലെന്ന് പറയുന്നുണ്ട്. 2003ൽ അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള സർക്കാർ പ്രസ്തുത ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത്, 1987നു ശേഷം ജനിച്ചവരെ നേരിട്ട് ഇന്ത്യൻ പൗരന്മാരായി പരിഗണിക്കാനാവില്ലെന്നും മാതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരൻ ആണെന്ന രേഖ ഹാജരാക്കിയാൽ മാത്രമേ പരിഗണിക്കുകയുള്ളൂ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇപ്പോൾ 1987ന് ശേഷം ജനിച്ചവർക്ക് വോട്ടവകാശം ലഭിക്കണമെങ്കിൽ മാതാപിതാക്കളിൽ ഒരാൾ 2002ലെ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നു എന്ന തെളിയിക്കണമെന്ന വ്യവസ്ഥ രാജ്യത്തെ ഏതൊരുവന്റെയും പൗരത്വം ചോദ്യം ചെയ്യപ്പെടുമെന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്.
ആർഎസ്എസിനെ ഒരു ഭാഗത്തും ജനാധിപത്യ സംവിധാനത്തിനും മതേതത്വത്തിനും വെല്ലുവിളിയാകുന്ന ജമാ അത്തെ ഇസ്ലാമിയെ മറു ഭാഗത്തും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കേവല വിജയത്തിന് വേണ്ടി കൂട്ടുപിടിച്ചുകൊണ്ട് തീവ്രവും രാഷ്ടീയവത്ക്കരിക്കപ്പെട്ടതുമായ മതാശയങ്ങളോട് അനുരഞ്ജനപ്പെടുകയാണ് കേരളത്തിലെ യുഡിഎഫ്. ഇസ്ലാമിക വിശ്വാസത്തെ വക്രീകരിച്ച് രൂപപ്പെടുത്തിയതും ഇതര മുസ്ലിം സംഘടനകളെല്ലാം തന്നെ തള്ളുന്നതുമായ മത രാഷ്ട്ര വാദത്തിന്റെ വക്താക്കളായ ജമാഅത്തെ ഇസ്ലാമി ആർഎസ്എസിനെപ്പോലെ ഒരർധസൈനിക സംഘടനയാണെന്നും കോൺഗ്രസ് വിഭാവന പ്രകാരം മതേതര സമൂഹത്തിൽ ജീവിക്കാന്‍ അവർക്ക് അവകാശമില്ലെന്നും അവർ വർഗീയാക്രമണത്തിന്റെയും വിദ്വേഷത്തിന്റെയും വികാരങ്ങൾ ഇളക്കി വിടുന്നുവെന്നും 1970 മെയ് 28ന് ന്യൂഡൽഹിയിൽ ചേർന്ന എഐസിസി സമ്മേളനം പ്രമേയം കൊണ്ടു വന്നത് ഇന്നത്തെ കോൺഗ്രസ് നേതൃത്വം മറന്നു പോകുകയാണ്. ഇന്ത്യൻ ഭരണഘടനയെയും ജനാധിപത്യത്തെയും മതേതരത്വത്തെയും തെരഞ്ഞെടുപ്പ്, വിദ്യാഭ്യാസം, സർക്കാർ ജോലികൾ, നീതിന്യായ കോടതികൾ എന്നിവയെയുമെല്ലാം ദൈവിക പരമാധികാരം നിരാകരിക്കുന്ന അനിസ്ലാമിക വ്യവസ്ഥിതിയെന്ന് വിലയിരുത്തി നിഷിദ്ധമായിക്കാണുന്ന ജമാഅത്തെ ഇസ്ലാമി, മതേതര ജനാധിപത്യവ്യവസ്ഥയുടെ രാഷ്ട്രീയ‑ഭരണ‑തൊഴിൽ മേഖലകളിൽ നിന്നെല്ലാം ഒരു കാലത്ത് അകന്നു നിൽക്കുകയും അതിന് അനുയായികളെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.
കേരളത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ ആദ്യകാലത്തെ പ്രമുഖ സ്ഥാപനമായ ശാന്തപുരം ഇസ്ലാമിയ കോളജിൽ സർക്കാർ പരീക്ഷയെഴുതൽ അവിടത്തെ കുട്ടികൾക്ക് ഒരു കാലത്ത് നിഷിദ്ധമാക്കിയിരുന്നതായും വിലക്ക് ലംഘിച്ച് രഹസ്യമായി ചിലര്‍ പരീക്ഷയെഴുതിയപ്പോൾ അന്നത്തെ ജമാഅത്ത് അമീർ കെ സി അബ്ദുല്ല മൗലവി ‘ശാന്തപുരത്തു നിന്ന് ഊണുകഴിച്ച് പരീക്ഷയെഴുതുന്നവർ അമേദ്യമാണ് ഭുജിക്കുന്നതെ‘ന്ന് കുട്ടികളുടെ മുഖത്ത് നോക്കി പറഞ്ഞതായും ഒ അബ്ദുള്ള തന്റെ ’ ശത്രുക്കളല്ല; സ്നേഹിതന്മാർ ‘എന്ന പുസ്തകത്തിൽ (പേജ് 71) പറയുന്നു. ആർഎസ്എസിന്റെ ഹിന്ദുരാഷ്ട്രവാദത്തെ ബിജെപി ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ലാത്തത് പോലെ ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്ര വാദത്തെ വെൽഫയർ പാർട്ടിയും തള്ളിപ്പറഞ്ഞിട്ടില്ലെന്ന് യുഡിഎഫ് നേതൃത്വം ഓർക്കേണ്ടതുണ്ട്. ജനാധിപത്യപ്രക്രിയയെ അർത്ഥപൂർണ്ണമാക്കുന്ന രാഷ്ട്രീയ സംവാദങ്ങളിലൂടെ ഫാസിസ്റ്റ് ഭരണ കൂടത്തിന്റെ വികല നയങ്ങൾക്കെതിരെയുള്ള ആശയ സമരം കാലഘട്ടത്തിന്റെ അനിവാര്യതയായിരിക്കുന്ന വർത്തമാന പശ്ചാത്തലത്തിലാണ് എ ഐ വൈ എഫ് സ്വാമി വിവേകാനന്ദന്റെ പ്രസക്തി ചർച്ച ചെയ്യുന്നത്. ‘മതം — ദേശീയത — ഫാസിസം, സ്വാമി വിവേകാനന്ദന്റെ പ്രസക്തിയും’ എന്ന വിഷയത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ ഇന്ന് സെമിനാറുകൾ സംഘടിപ്പിക്കുകയാണ്. മതനിരപേക്ഷ ഇന്ത്യയുടെ ഏറ്റവും വലിയ സൗന്ദര്യം വൈവിധ്യങ്ങളിലെ ഏകത്വമാണെന്നിരിക്കെ വംശീയവും വർഗീയവുമായ സ്വാർഥ താൽപര്യങ്ങൾ മുൻനിറുത്തി തങ്ങൾക്കനഭിമതരായരെ അപര വത്കരിക്കാനുള്ള ഫാസിസ്റ്റ് ഭരണ കൂട നീക്കങ്ങൾക്കെതിരെ യുവജന ദിനത്തിൽ നമുക്ക് പ്രതിരോധം തീർക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.