23 January 2026, Friday

പരീക്ഷിച്ചുറപ്പായ പോരാട്ടത്തിന്റെ വെളിച്ചം

ഇതിലേറെ വ്യത്യസ്തമാകാൻ കഴിയില്ലാത്തവിധം വേറിട്ട രണ്ടു പ്രസ്ഥാനങ്ങള്‍ — 2
പി സന്തോഷ് കുമാർ എംപി 
October 8, 2025 4:40 am

ർഎസ്എസിന്റെ രാഷ്ട്രീയ വിഭാഗമായ ജനസംഘം വോട്ടർമാരുടെ മുന്നിൽ അവരുടെ പ്രത്യയശാസ്ത്രം പരീക്ഷിച്ചു. ശ്രേണീപരമായ വർണാശ്രമ രാഷ്ട്രത്തിനായുള്ള ആഹ്വാനമായിരുന്നു അത്. ഇന്ത്യയിലെ ജനം ഇത് നിരാകരിച്ചു. ജനം ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കിന് വോട്ട് ചെയ്തു. വിഭജനത്തെത്തുടർന്ന് വന്ന ആ വിധി, വർഗീയ വിഭജനം ഒരു ആധുനിക രാഷ്ട്രത്തിന്റെ അടിത്തറയാകാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ ഇന്ത്യൻ ജനതയുടെ വിവേകത്തെ വിളിച്ചറിയിച്ചു. പാർലമെന്ററി ജനാധിപത്യത്തെക്കുറിച്ച് തുടക്കത്തിൽ സംശയാലുക്കളായിരുന്നെങ്കിലും, സ്വാതന്ത്ര്യാനന്തരം സിപിഐ ക്രമേണ തെരഞ്ഞെടുപ്പ് രാഷ്ട്രീയം സ്വീകരിച്ചു. സമാധാനപരമായ സാമൂഹിക മാറ്റത്തിനുള്ള ഒരു മാർഗമായി അതിനെക്കണ്ടു. 1957ൽ, ഇഎംഎസ് ലോകത്തിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ കേരളത്തിൽ നയിച്ചപ്പോൾ മാറ്റം ചരിത്രപരമായ ഫലം കണ്ടു. മാർക്സിസ്റ്റ് രാഷ്ട്രീയത്തിന് ജനാധിപത്യ ചട്ടക്കൂടിനുള്ളിൽ എങ്ങനെ പ്രവർത്തിക്കാനാകുമെന്ന് പ്രകടമാക്കിയ ഒരു നാഴികക്കല്ലായിരുന്നു അത്. വ്യാപകമായ ഭൂപരിഷ്കരണങ്ങൾ നടപ്പിലാക്കുക, പൊതുവിദ്യാഭ്യാസം വികസിപ്പിക്കുക, തദ്ദേശഭരണം ശക്തിപ്പെടുത്തുക ഇതെല്ലാം ഇതിൽ ഉൾപ്പെടുന്നു. വെറും രണ്ട് വർഷത്തിന് ശേഷം കേന്ദ്രം സർക്കാരിനെ പിരിച്ചുവിട്ടെങ്കിലും, 1957ലെ സർക്കാർ ഇന്ത്യയിൽ ഇടതുപക്ഷ നേതൃത്വത്തിലുള്ള ഭരണത്തിന്റെ ഒരു മാതൃക നിർമ്മിച്ചു. പുനർവിതരണം, സാമൂഹിക നീതി, സംസ്ഥാന നേതൃത്വത്തിലുള്ള ക്ഷേമം എന്നിവയിൽ വേരൂന്നിയതായിരുന്നു അത്. പ്രക്ഷുബ്ധതകളുടെ സാഹചര്യം സിപിഐക്ക് അന്യമായിരുന്നില്ല. ശീതയുദ്ധം മാറിക്കൊണ്ടിരിക്കുന്ന ആഗോള സഖ്യങ്ങളും കടുത്ത ആന്തരിക വിയോജിപ്പുകളും അതിന്റെ ഐക്യത്തെ ആവർത്തിച്ച് പരീക്ഷിച്ചു. ഏറ്റവും നാടകീയമായത് 1964ലെ പിളർപ്പായിരുന്നു, അത് സിപിഐ (എം)ന്റെ സൃഷ്ടിക്ക് കാരണമായി. നിർഭാഗ്യകരവും ഒഴിവാക്കാവുന്നതുമായിരുന്നു ആ പിളർപ്പ്. പിളർപ്പ് രാജ്യത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ദുർബലപ്പെടുത്തി. ചുരുങ്ങുന്ന തെരഞ്ഞെടുപ്പിടങ്ങളും ചിതറിക്കിടക്കുന്ന തൊഴിലാളി പ്രസ്ഥാനങ്ങളും ഇത് വ്യക്തമാക്കുന്നു. എന്നിരുന്നാലും, പിളർപ്പ് പ്രസ്ഥാനത്തിന്റെ ജനാധിപത്യ സ്വഭാവത്തെ പ്രതിഫലിപ്പിച്ചു. അവിടെ നേതാക്കൾക്കും കേഡർമാർക്കും പരസ്യമായി ചർച്ച ചെയ്യാനും വിയോജിക്കാനും കഴിയും. 

കമ്മ്യൂണിസ്റ്റ് പാരമ്പര്യം എല്ലായ്പോഴും അതിന്റെ അണികൾക്കുള്ളിൽ പ്രത്യയശാസ്ത്ര പോരാട്ടത്തെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.
അത് അന്ധമായ അനുസരണത്തെക്കാൾ സത്യസന്ധമായ വ്യത്യാസങ്ങൾക്ക് മുൻഗണന നൽകുന്നു. ആർഎസ്എസ് ആകട്ടെ കടുത്ത സ്വേച്ഛാധിപത്യ രീതികളിലാണ് രൂപീകരിച്ചിരിക്കുന്നത്. അത് അച്ചടക്കത്തിൽ അഭിമാനിക്കുന്നു. ആ അച്ചടക്കം ചോദ്യങ്ങളെ നിശബ്ദമാക്കുന്നതിലൂടെയാണ് സാധ്യമാകുന്നത്. ചോദ്യം ചെയ്യപ്പെടാത്ത ഒരൊറ്റ അധികാരത്തെക്കുറിച്ചുള്ള ഫാസിസ്റ്റ് സങ്കല്പങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട അതിന്റെ നേതൃത്വമാതൃക ജനാധിപത്യ ചർച്ച അനുവദിക്കുന്നില്ല. ഇത് ഹ്രസ്വകാല നേട്ടങ്ങൾ നൽകിയേക്കാം; പക്ഷേ പിടിവാശിയും അസഹിഷ്ണുതയും വളർത്തുന്നതാണ്. ജനാധിപത്യത്തിന് വിരുദ്ധവും ഇന്ത്യയുടെ ഭാവിക്ക് അപകടകരവുമാണ്.
രാജ്യത്ത് സിപിഐയുടെ ഭരണ റെക്കോഡ് സമാനതകളില്ലാത്തതാണ്. 1969ൽ സി അച്യുത മേനോൻ കേരള മുഖ്യമന്ത്രിയായപ്പോൾ, സിപിഐയുടെ നേതൃത്വത്തിലുള്ള സർക്കാർ ദീർഘകാലം നിലനിൽക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. രാഷ്ട്രീയ അസ്ഥിരതയ്ക്ക് സംസ്ഥാനം അന്ന് കുപ്രസിദ്ധമായിരുന്നു. ഇടയ്ക്കിടെയുള്ള അധികാര മാറ്റങ്ങളും ഇടതുപക്ഷത്തെപ്പോലും ശിഥിലമാക്കിയ പ്ര­ത്യയശാസ്ത്ര പോരാട്ടങ്ങളും നടന്നിരുന്നു. വിവേകത്തിനും മിതത്വത്തിനും പേ­രുകേട്ട മൃദുഭാഷിയായ അച്യുതമേനോനും സിപിഐയും 1977 വരെ കേരളത്തിലെ ഏറ്റവും സ്ഥിരതയുള്ളതും പരിവർത്തനാത്മകവുമായ ഭരണത്തിന് നേതൃത്വം നൽകി. അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷവും സമവായം, ക്ഷേമം, സ്ഥാപനപരമായ കരുത്ത് എന്നിവയിൽ വേരൂന്നിയ ഈ മാതൃക കേരളത്തിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയെ രൂപപ്പെടുത്തുന്നത് തുടരുന്നു. കൂടാതെ പ്രത്യയശാസ്ത്രത്തിനും ഭരണത്തിനും ഇടയിൽ ഒരു സന്തുലിതാവസ്ഥ തേടുന്ന രാജ്യത്തിന് സ്ഥിരതയുള്ള പാഠങ്ങളും സമ്മാനിക്കുന്നു. ഒരു നൂറ്റാണ്ടിനുശേഷം സിപിഐ നവീകരണത്തിന്റെ വെല്ലുവിളിയെ അഭിമുഖീകരിക്കുകയാണ്. അതിന് അഭിമാനകരമായ ചരിത്രം ഉള്‍ക്കൊള്ളുന്നു. രക്തസാക്ഷികളുടെ സമർപ്പണങ്ങൾ, തൊഴിലാളികൾക്കും കർഷകർക്കും ഇടയിൽ നയിച്ച പോരാട്ടങ്ങൾ, സാമ്രാജ്യത്തിനെതിരെ സ്വീകരിച്ചതും തുടരുന്നതുമായ വിട്ടുവീഴ്ചയില്ലാത്ത നിലപാട്, റിപ്പബ്ലിക്കിന്റെ മതേതര സ്വഭാവത്തിലേക്കുള്ള അതിന്റെ സംഭാവന. ഒപ്പം വർത്തമാനകാലത്തെയും കണക്കിലെടുക്കേണ്ടതുണ്ട്. 

ഇന്ത്യൻ സമൂഹം ഇന്ന് സ്വത്വരാഷ്ട്രീയത്താലും വർഗീയ വിഭജനങ്ങളാലും തകർന്നിരിക്കുന്നു. അവയിൽ പലതും ആർഎസ്എസിന്റെ പിൻഗാമികൾ സജീവമായി വളർത്തിയെടുത്തവയാണ്. സിപിഐയുടെ മുന്നോട്ടുള്ള വഴി വിഭാഗീയതയിലേക്ക് പിൻവാങ്ങുന്നതിലല്ല, മറിച്ച് സാധ്യമായ ഏറ്റവും വിശാലമായ ഇടപെടലുകൾ സ്വീകരിച്ച് ജനങ്ങളെ മൊത്തത്തിൽ അഭിസംബോധന ചെയ്യുന്നതിലാണ്. തൊഴിലില്ലായ്മ, അസമത്വം, അടിച്ചമർത്തൽ, ജനാധിപത്യത്തിന്റെ തകർച്ച എന്നിവയ്ക്കെതിരായ സാധാരണക്കാരുടെ പൊതുപോരാട്ടങ്ങളെ ആവിഷ്കരിക്കുന്നതിലുള്ള കഴിവിലാണ് അതിന്റെ കരുത്ത്. സ്വത്വാധിഷ്ഠിത ശക്തികളിൽ നിന്ന് വ്യത്യസ്തമായി, കമ്മ്യൂണിസ്റ്റുകൾ എല്ലായ്പ്പോഴും ജാതി, മതം, പ്രദേശം എന്നിവയുടെ പരിധികൾക്കപ്പുറമുള്ള ഐക്യത്തിന് ഊന്നൽ നൽകിയിട്ടുണ്ട്. ആ പാരമ്പര്യം ഇന്ന് മുമ്പെന്നത്തെക്കാളും അടിയന്തിരമാണുതാനും. പുരോഹിത‑ജാതീയ സമ്പ്രദായം കേന്ദ്രീകരിച്ച അധികാരശ്രേണി നിർമ്മിച്ചും ജനങ്ങളെ ഒഴിവാക്കിയും കെട്ടിപ്പടുക്കാൻ ശ്രമിച്ച ഒരു പ്രസ്ഥാനത്തോടും ചരിത്രം ദയ കാണിച്ചിട്ടില്ല. ആർഎസ്എസ് നിലവിൽ അധികാരം കൈവശം വച്ചിരിക്കാം, പക്ഷേ ഇന്ത്യയുടെ ജനാധിപത്യ അഭിലാഷങ്ങളുടെ അടിസ്ഥാനത്തിന് എതിരായി പ്രവർത്തിക്കുന്നതിനാൽ അതിന്റെ പ്രത്യയശാസ്ത്ര അടിത്തറ ദുർബലമാണ്. 

ദുർബലമായ സമയങ്ങളിൽപ്പോലും കമ്മ്യൂണിസ്റ്റുകാർ ഉറച്ച ധാർമ്മിക അടിത്തറയിൽ നിലകൊണ്ടു. കാരണം അവരുടെ ദർശനം ജനങ്ങളുടെ ആഴമേറിയ അഭിലാഷങ്ങളായ സമത്വം, നീതി, സ്വാതന്ത്ര്യം എന്നിവയുമായി ഇഴുകിച്ചേർന്നതാണ്. ഇത്, നൂറ്റാണ്ട് പിന്നോട്ട് നോക്കാനുള്ള ഒരു അവസരമല്ല, മറിച്ച് രാജ്യത്തെ തുറിച്ചുനോക്കുന്ന, വേട്ടയാടുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ്. കമ്മ്യൂണിസ്റ്റുകളും മറ്റ് പുരോഗമനവാദികളും പോരാടി നേടിയ എല്ലാവരെയും ഉൾക്കൊള്ളുന്ന, ജനാധിപത്യപരവും മതേതരവുമായ ആദർശങ്ങളാണോ അതോ സംഘത്തിന്റെ വിഭജനപരവും സ്വേച്ഛാധിപത്യപരവുമായ രൂപകല്പനകളാണോ ഭാവി രൂപപ്പെടുത്തുക എന്നതാണ് ചോദ്യം. സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത പാരമ്പര്യം നിലനിർത്താനുള്ള ഉത്തരവാദിത്തം വഹിച്ചുകൊണ്ടാണ് 100-ാം വാർഷികത്തിൽ സിപിഐ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നത്. വർഗീയതയെയും ചൂഷണത്തെയും തുടർന്നും ചെറുക്കുന്നതിനും, ഓരോ ഇന്ത്യക്കാരന്റെയും അന്തസ് ഉയർത്തിപ്പിടിക്കുന്ന മതേതര റിപ്പബ്ലിക്കിനെ നിലനിർത്തുന്നതിനും വേണ്ടിയുള്ള പോരാട്ടം അതിന്റെ വഴിയിലെ വെളിച്ചമാണ്. ഒരു നൂറ്റാണ്ടിലൂടെ പരീക്ഷിക്കപ്പെട്ട ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും ദർശനം വരും നൂറ്റാണ്ടിലും നിർണായകവും അനിവാര്യവുമെന്ന ബോധ്യത്തിൽ പാർട്ടി മുന്നേറുക തന്നെ ചെയ്യും. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.