
“പൂക്കൾ നിങ്ങൾക്ക് ഇറുത്തുമാറ്റാം, എന്നാൽ വസന്തത്തിന്റെ വരവിനെ തടയാനാവില്ല…” നൊബേൽ പുരസ്കാര ജേതാവ് റിക്കാർഡോ എലിസെർ നെഫ്താലി റെയെസ് ബസോആൾട്ടോ എന്ന പാബ്ലോ നെരൂദയുടെ പ്രശസ്തമായ വരികള്‍ അറിയാത്തവര്‍ അപൂര്‍വമാകും. ആ വരികൾക്ക് പിന്നാലെയുള്ള സഞ്ചാരം ഭ്രാന്തമായി ലോകം ഇന്നും തുടരുന്നു. വിപ്ലവത്തിന്റെ, പ്രണയത്തിന്റെ, ജീവിതത്തിന്റെ, മരണത്തിന്റെ മേമ്പൊടി ചാലിച്ചെഴുതിയ കവിതകളിൽ നിറം ചേർത്തിട്ട ഓർമ്മകൾക്ക് ഇന്ന് (സെപ്റ്റംബര്‍ 23) 52 ആണ്ട്. കവിത രാഷ്ട്രീയ പ്രവർത്തനമാണെന്ന് വിശ്വസിച്ച കവിയാണ് നെരൂദ. ആത്മാഭിമാനത്തിന് മുറിവേറ്റ ഒരു ഭൂഖണ്ഡത്തിന്റെ ഭാവിസ്വപ്നങ്ങളെ വാക്കുകളുടെ ചോരയിൽ വീണ്ടെടുക്കാൻ പരിശ്രമിച്ചു. ഉത്തരധ്രുവത്തോടടുത്ത് പൈൻ മരങ്ങൾ തലയുയർത്തി നിൽക്കുന്ന, കൊടുങ്കാറ്റു വീശുന്ന ചിലിയെന്ന കൊച്ചുരാജ്യത്തിലെ റെയിൽവേത്തൊഴിലാളിയുടെ മകൻ, തന്റെ കവിതയിലൂടെ, ജീവിതത്തിലൂടെ ലാറ്റിനമേരിക്കയിലെ ഇതിഹാസ പുരുഷനായി. ലോകമെമ്പാടുമുള്ള കഷ്ടതയനുഭവിക്കുന്ന സാധാരണക്കാരും പാവപ്പെട്ടവരുമായ മനുഷ്യർ തങ്ങളുടെ സ്വന്തം കവിയായി നെരൂദയെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചു.ലോകസാഹിത്യത്തിൽ ഏറ്റവുമധികം ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള കവിയാണ് നെരൂദ. ‘ഇന്നു രാവിൽ കുറിക്കാം ഞാനേറ്റം ദുഃഖഭരിതമാവരികൾ’ എന്നു തുടങ്ങുന്ന അദ്ദേഹത്തിന്റെ കവിത നിദ്രാഹീന രാവുകളെ സ്നേഹാർദ്രമായി തഴുകിവീശിയ പ്രണയസാന്ദ്രമായ ഗീതകമായി. സച്ചിദാനന്ദന്റെയും അയ്യപ്പപ്പണിക്കരുടെയും ചുള്ളിക്കാടിന്റെയും മറ്റും മനോഹരമായ വിവർത്തനങ്ങളിലൂടെ നെരൂദ മലയാളത്തിന്റെയും സ്വന്തം കവിയായി മാറി.
“അറിയപ്പെടാത്ത മനുഷ്യരുമായി
നീ എനിക്കു സാഹോദര്യം നൽകി.
ജീവിച്ചിരിക്കുന്ന എല്ലാറ്റിലുമുള്ള കരുത്തു മുഴുവൻ
നീ എനിക്കു നൽകി.
ഒരു പുതിയ ജന്മത്തിലെന്നപോലെ
എന്റെ രാജ്യം നീ എനിക്കു തിരിച്ചു
നൽകി…” (എന്റെ പാര്‍ട്ടി/ വിവ: സച്ചിദാനന്ദന്‍)
1962 ഫെബ്രുവരിയിൽ ബ്രസീലിയൻ മാസിക പ്രസിദ്ധീകരിച്ച ‘കവിയുടെ ജീവിതങ്ങൾ’ എന്ന ആത്മകഥാപരമായ ലേഖനങ്ങളുടെ തുടർച്ചയാണ്, 1974ൽ നെരൂദയുടെ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ട ‘ഓർമ്മക്കുറിപ്പുകൾ’ (മെമ്മറീസ്). ചിലിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയായിരുന്നു നെരൂദ. പിന്നീട് അലൻഡെ (സാൽവഡൊർ അലൻഡെ) ആ സ്ഥാനത്തേക്ക് നിയോഗിക്കപ്പെടുകയായിരുന്നു. തുടർന്ന് നെരൂദ പാരീസിൽ അംബാസഡറായി നിയമിതനായി. 1971ൽ നൊബേൽ സമ്മാനം ലഭിക്കുമ്പോൾ അദ്ദേഹം പാരീസിലായിരുന്നു. അലന്‍ഡെയുടെ നേതൃത്വത്തിലുള്ള ചിലിയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ 1973 സെപ്റ്റംബര്‍ 11ന് യുഎസ് പിന്തുണയോടെ ജനറൽ അഗസ്റ്റോ പിനാേഷെയുടെ നേതൃത്വത്തിൽ പട്ടാളം അട്ടിമറിച്ചു. ആത്മസ്നേഹിതനായ അലൻഡെയുടെ ദാരുണമായ കൊലപാതകം നെരൂദയെ വല്ലാതെ വേദനിപ്പിക്കുകയും തളർത്തുകയും ചെയ്തു. 1973 സെപ്റ്റംബർ 23ന് നെരൂദയും കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകളും ശവസംസ്കാര ഘോഷയാത്രയുമൊക്കെ ചിലിയിലെ സൈനിക ഭരണകൂടത്തിനെതിരായുള്ള പ്രതിഷേധമായി. ചരിത്രത്തിലെ ഏറ്റവും വലിയ നിഗൂഢതകളിലൊന്നായ നെരൂദയുടെ മരണത്തിന്റെ ചുരുളഴിഞ്ഞത് മരണത്തിന് അരനൂറ്റാണ്ടടുത്തപ്പോളായിരുന്നു. അദ്ദേഹം മരിച്ചത് വിഷം ഉള്ളിൽച്ചെന്നാണെന്ന് ഫോറൻസിക് വിദഗ്ധർ കണ്ടെത്തുകയായിരുന്നു. നാഡീവ്യൂഹത്തെ തളർത്തി മരണത്തിലേക്ക് നയിക്കുന്ന ബോട്ടുലിസം എന്ന രോഗാവസ്ഥയുണ്ടാക്കുന്ന ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയയാണ് മൃതദേഹാവശിഷ്ടങ്ങളിൽ കണ്ടെത്തിയത്.
സാന്തിയാഗോയിലെ ആശുപത്രിയിലാണ് നെരൂദ മരിച്ചത്. പ്രോസ്ട്രേറ്റ് അർബുദവും പോഷകാഹാരമില്ലായ്മയുമാണ് മരണകാരണമെന്നായിരുന്നു ആശുപത്രിയുടെ വിശദീകരണം. മരണത്തിനു രണ്ടുദിവസം മുമ്പ് ഏതാണ്ട് 100 കിലോഗ്രാമായിരുന്നു കവിയുടെ തൂക്കമെന്നിരിക്കെയായിരുന്നു ഈ വാദം. അദ്ദേഹത്തിന്റെ അനന്തരവൻ റൊഡോൾഫോ റെയ്സുൾപ്പെടെ ഒട്ടേറെപ്പേർ ഇത് മുഖവിലയ്ക്കെടുത്തില്ല. ഏകാധിപതി അഗസ്റ്റോ പിനോഷെയെ എതിർത്തിരുന്ന നെരൂദയെ വധിച്ചതാണെന്ന് അവർ വിശ്വസിച്ചു. പാബ്ലോ നെരൂദയുടെ മരണം അരനൂറ്റാണ്ടിന് ശേഷം പുനരന്വേഷിക്കാൻ 2024 ഫെബ്രുവരിയില്‍ കോടതി ഉത്തരവിട്ടു. പുതിയ അന്വേഷണത്തിലൂടെ നെരൂദയുടെ കൊലപാതക കാരണം വ്യക്തമാക്കാൻ സഹായിക്കുമെന്ന് അപ്പീൽ കോടതി നിരീക്ഷിച്ചു. മരണ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരുന്ന കാൻസർ ഒഴികെയുള്ള കാരണങ്ങൾ അന്വേഷിക്കാൻ കേസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അനന്തരവൻ റോഡോൾഫോ റെയ്‌സ് കോടതിയെ സമീപിച്ചിരുന്നത്. കാനഡ, ഡെൻമാർക്ക്, ചിലി എന്നിവിടങ്ങളിൽ നിന്നുള്ള ഫോറൻസിക് വിദഗ്‌ധർ നെരൂദയുടെ ഉള്ളിൽ വിഷം ചെന്നതായി കണ്ടെത്തിയിരുന്നെന്ന് അനന്തരവൻ പറഞ്ഞു. ഡെന്മാർക്കിലെയും കാനഡയിലെയും ലാബുകളിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ നെരൂദയുടെ ശരീരത്തിൽ വലിയ അളവിൽ ക്ലോറിസ്ട്രിഡിയം ബോട്ടുലിനം എന്ന വിഷം ചെന്നതായി കണ്ടെത്തിയിരുന്നെന്നും റെയ്‌സ് പറഞ്ഞു. ഉറങ്ങുമ്പോൾ വയറ്റിൽ ആരോ കുത്തിവച്ചെന്ന് മരണത്തിന് ഏതാനും മണിക്കൂർ മുമ്പ് നെരൂദ തന്നെ ഫോണിൽ വിളിച്ചുപറഞ്ഞെന്ന ഡ്രൈവർ മാനുവൽ അരായയുടെ വെളിപ്പെടുത്തലിനെത്തുടർന്നായിരുന്നു പുനരന്വേഷണ ഉത്തരവ്. ഡെൻമാർക്കിലെയും കാനഡയിലെയും ലാബുകളിൽ നടത്തിയ പരിശോധനയിലാണ് ക്ലോസ്ട്രിഡിയം ബോട്ടുലിനം ബാക്ടീരിയ എല്ലുകളിൽ കണ്ടെത്തിയത്. 2017ൽ നെരൂദയുടെ പല്ലിലും ഈ ബാക്ടീരിയ കണ്ടെത്തിയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക അംഗമായിരുന്ന നെരൂദ സ്റ്റാലിന്റെ അടുത്ത അനുഭാവിയുമായിരുന്നു. 1971 ഡിസംബർ 13ന് നൊബേൽ സമ്മാനം സ്വീകരിച്ചുകൊണ്ട് നെരൂദ നടത്തിയ പ്രസംഗം ശ്രദ്ധേയമാണ്. ‘വായിക്കാനോ എഴുതാനോ അറിയാത്ത, നൂറ്റാണ്ടുകളായി നിന്ദയും പീഡനവും അനുഭവിക്കുന്ന കോടിക്കണക്കിനു ജനങ്ങൾക്കു വേണ്ടിയാണ് താനെഴുതുന്നതെ‘ന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ഗാംഭീര്യം അദ്ദേഹത്തെ ആകർഷിച്ചു. എന്നാല്‍ കൊടും പട്ടിണിയും അനീതികളും അസമത്വങ്ങളും ജാതിവ്യവസ്ഥയും അന്ധവിശ്വാസങ്ങളും നിറഞ്ഞ ഇന്ത്യ നിരാശാജനകമായ ഒരു തട്ടുപൊളിപ്പൻ വർണച്ചിത്രമായാണ് അനുഭവപ്പെട്ടത്. ‘സാമ്രാജ്യത്വത്തിന്റെ മുമ്പിൽ പ്രതിരോധമില്ലാതെ ഇന്ത്യ നിൽക്കുന്നു’ എന്ന് അദ്ദേഹം പറഞ്ഞിരുന്നു. 1929ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സുപ്രധാന സമ്മേളനത്തിൽ അദ്ദേഹം പങ്കെടുത്തു. മഹാത്മാഗാന്ധിയെയും മോട്ടിലാൽ നെഹ്രുവിനെയും ജവഹർലാൽ നെഹ്രുവിനെയും സുഭാഷ് ചന്ദ്രബോസിനെയും അവിടെ വച്ചു കണ്ടു.
ക്യൂബൻ എംബസിയിൽ വച്ച് ആരാധ്യനായ ക്യൂബൻ പ്രസിഡന്റ് ഫിഡൽ കാസ്ട്രോയുമായുള്ള കൂടിക്കാഴ്ച കാസ്ട്രോയുടെ പ്രൗഢഗംഭീര വ്യക്തിത്വത്തിന്റെ മറ്റൊരു മുഖം ലോകത്തിന് കാട്ടിത്തരുന്നു. പീക്കിങ്ങിൽ (ബെയ്ജിങ്) ഒരു വിരുന്നുസൽക്കാരത്തിൽ മാവോ സെ തുങ്ങുമൊത്ത് പങ്കെടുത്തു. അർധമന്ദസ്മിതത്തോടെ നിഗൂഢഭാവത്തിൽ കണ്ണിലേക്ക് സൂക്ഷിച്ചുനോക്കി, കൈകളിൽ ദീർഘനേരം മുറുകെപ്പിടിച്ചിരുന്ന മാവോ നെരൂദയ്ക്ക് ഒരു വിസ്മയമായിരുന്നു. ഹവാനിയിൽ വച്ച് അർധരാത്രിയാണ് വിപ്ലവത്തിന്റെ ഇതിഹാസമായ ചെഗുവേര, നെരൂദയുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള സമയം നിശ്ചയിച്ചത്. സാവധാനത്തിൽ മൃദുസ്വരത്തിൽ മന്ത്രണം പോലെ സ്പാനിഷ് ഭാഷയിൽ കൊച്ചു കൊച്ചു വാക്കുകളിൽ ആ ചരിത്രപുരുഷൻ സംസാരിച്ചു തുടങ്ങി. അർധവിരാമത്തിൽ നിർത്തിയും തുടർന്നും സംഭാഷണം നീണ്ടു. താൻ നെരൂദയുടെ കവിതകൾ പ്രത്യേകിച്ച് ‘കാന്റോ ജനറൽ’ രാത്രിയിൽ ഒളിപ്പോരാളികൾക്ക് മുന്നിൽ പാടാറുണ്ടെന്ന് പറഞ്ഞപ്പോൾ നെരൂദ വികാരാധീനനായി. ബൊളീവിയൻ കാടുകളിലെ ത്യാഗോജ്വലമായ അന്ത്യമുഹൂർത്തത്തിൽ പോലും ‘കാന്റോ ജനറൽ’ എന്ന ഇതിഹാസ ഗ്രന്ഥത്തിന്റെ ഒരു പകർപ്പ് വിപ്ലവത്തിന്റെ ഇതിഹാസപുരുഷൻ ഒപ്പം കരുതിയിരുന്നതായി ചെയുടെ മരണശേഷം ദേബ്രേ നെരൂദയോട് പറഞ്ഞിട്ടുണ്ട്. നെരൂദ ആഗ്രഹിച്ചതുപോലെ തന്റെ പ്രിയപ്പെട്ട ഭൂമിയായ ഇസ്ലാനെഗ്രയിലെ കടൽത്തീരത്ത് അന്ത്യവിശ്രമം കൊള്ളുവാൻ ഏകാധിപതിയായ പിനാേഷെ അനുവദിച്ചില്ല. രണ്ട് പതിറ്റാണ്ടിനു ശേഷമാണ് ജനാധിപത്യ ഭരണകൂടം നെരൂദയെ ഇസ്ലാനെഗ്രയിൽ അടക്കം ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.