7 December 2025, Sunday

ലോയയിൽ തീർന്നില്ല, പിന്നെയും പ്രതികാരങ്ങൾ തുടരുന്നു

അബ്ദുൾ ഗഫൂർ
November 7, 2025 4:40 am

പ്രതികാരവാഞ്ച ജീവനെടുത്ത കഥയിലെ നായകനാണ് ജസ്റ്റിസ് ലോയ. നരേന്ദ്ര മോഡി, അമിത് ഷാ കൂട്ടുകെട്ട് കുറ്റാരോപിതരായ ആ കഥ പലതവണ നാം വായിച്ചതാണ്. ഗുജറാത്ത് കലാപകാലത്തെ സൊഹ്റാബുദീൻ ഷെയ്ക്ക് കേസിൽ പ്രത്യേക സിബിഐ കോടതി ജഡ്ജിയായിരുന്നു ജസ്റ്റിസ് ബ്രിജ്ഗോപാൽ ഹർകിഷൻ ലോയ എന്ന ബി എച്ച് ലോയ. 2014 ജൂണിലാണ് അദ്ദേഹം പ്രത്യേക സിബിഐ കോടതിയില്‍ ജഡ്ജിയായി നിയമിതനാകുന്നത്. സൊഹ്റാബുദീൻ ഷെയ്ക്ക് കേസിൽ കുറ്റാരോപിതനായ അമിത് ഷായ്ക്ക് കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഇളവ് നൽകിയെങ്കിലും കേസ് നടക്കുന്ന മഹാരാഷ്ട്രയിൽ ഉണ്ടെങ്കിൽ ഹാജരാകണമെന്നും ലോയ നിർദേശിച്ചിരുന്നു. 2014 ഒക്ടോബർ 31ന് കേസ് പരിഗണിക്കുന്ന വേളയിൽ സംസ്ഥാനത്ത് ഉണ്ടായിരുന്നിട്ടും ഷാ ഹാജരായില്ല. അടുത്ത ഹിയറിങ് 2014 ഡിസംബർ 15ന് നിശ്ചയിച്ച ജസ്റ്റിസ് ലോയ, അന്ന് അമിത് ഷാ ഹാജരാകുമെന്ന് ഉറപ്പിക്കണമെന്ന് അഭിഭാഷകനോട് ഉത്തരവിട്ടു. സഹപ്രവർത്തകന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി 2014 നവംബർ 30ന് നാഗ്പൂരിലേക്ക് പോയ അദ്ദേഹം രവി ഭവനെന്ന സർക്കാർ അതിഥി മന്ദിരത്തിലാണ് താമസിച്ചത്. പിറ്റേന്ന് പുലർച്ചെ നാല് മണിയോടെ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെ 6:15ന് ഹൃദയാഘാതം സംഭവിച്ച് മരണപ്പെട്ടുവെന്നാണ് പിന്നീട് വാർത്ത വന്നത്. നീതിന്യായ പീഠത്തിലെ ഉന്നതനായിട്ടും അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് ലഭ്യമാകാത്തതും ഓട്ടോറിക്ഷയിൽ എത്തിക്കേണ്ടിവന്നതും യഥാസമയം ബന്ധുക്കൾക്ക് വിവരം ലഭ്യമാകാത്തതും ഉൾപ്പെടെ അദ്ദേഹത്തിന്റെ മരണത്തെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങൾ പലതായിരുന്നു. ഇതുസംബന്ധിച്ച നിയമ വ്യവഹാരങ്ങൾ പരമോന്നത കോടതി വരെയെത്തി തീർപ്പ് കല്പിക്കപ്പെട്ടെങ്കിലും ദുരൂഹതകൾ ഇന്നുവരെ ദൂരീകരിക്കാനായിട്ടില്ല. നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയും അമിത് ഷാ ആഭ്യന്തര മന്ത്രിയും ആയിരിക്കെയായിരുന്നു ഗുജറാത്ത് കലാപവും സൊഹ്റാബുദീൻ ഷേയ്ക്ക് വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളുമുൾപ്പെടെ അരങ്ങേറിയത്. തെളിവുകളെല്ലാം തേച്ചുമായ്ച്ചു കള‍ഞ്ഞും ജസ്റ്റിസ് ലോയയെ പോലുള്ളവരുടെ ഇന്നും ഉത്തരം കിട്ടാത്ത മരണങ്ങളിലൂടെയും ഗുജറാത്ത് കലാപത്തെയും അതിൽ കുറ്റാരോപിതരായവരെയും വെളുപ്പിച്ചെടുക്കുവാനുള്ള ശ്രമങ്ങളിൽ, ഗുജറാത്തിൽ നിന്ന് കേന്ദ്ര അധികാരത്തിലേക്ക് മാറിയ മോഡിയും അമിത് ഷായ്ക്കും സാധിച്ചു. പക്ഷേ അന്ന് തങ്ങൾക്കെതിരെ നിലകൊണ്ട ഉദ്യോഗസ്ഥരും വിമർശകരുമെല്ലാം ഇപ്പോഴും പ്രതികാരം നേരിട്ടുകൊണ്ടിരിക്കുകയാണ്. 

അപ്രകാരം പ്രതികാരത്തിന്റെ അടിസ്ഥാനത്തിൽ കേസിൽ പ്രതിയാക്കപ്പെട്ട വ്യക്തിയാണ് ഗുജറാത്തിലെ മുൻ ഐപിഎസ് ഓഫിസർ കുൽദീപ് ശർമ്മ. ഇപ്പോഴും തീരാത്ത കേസുമായി അദ്ദേഹം ഒടുവിൽ സുപ്രീം കോടതിയുടെ മുന്നിലെത്തിയിരിക്കുകയാണ്. 2014ൽ 31 വർഷം പഴക്കമുള്ള ഒരു കേസ് കുത്തിപ്പൊക്കി കുൽദീപ് ശർമ്മയെ വിചാരണ ചെയ്യുന്നതിന് അനുമതി നൽകുകയായിരുന്നു അമിത് ഷായുടെ ആഭ്യന്തര വകുപ്പ് ചെയ്തത്. പത്തുവർഷത്തിലധികമായി ആ കേസുമായി കെട്ടിമറിയുകയായിരുന്നു ശർമ്മ. ഒടുവിൽ അദ്ദേഹത്തെ മൂന്ന് മാസത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. എന്നാൽ നേരത്തെ ആ കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ട് ഗുജറാത്ത് പൊലീസ് തള്ളിയതായിരുന്നതിനാൽ അതേ കാരണം പറഞ്ഞ് നിയമ വ്യവഹാരം നടത്തി, തന്റെ ശിക്ഷ റദ്ദ് ചെയ്യുന്നതിനാണ് ഇപ്പോൾ ശർമ്മ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. വിരമിച്ച് 11 വർഷത്തിനുശേഷവും 41 വർഷം മുമ്പുള്ള കേസിന്റെ പേരിൽ അമിത് ഷാ തുടങ്ങിവച്ചതും ഗുജറാത്തിലെ ബിജെപി സർക്കാരിന്റെ പൊലീസ് ഇപ്പോഴും വിടാതെ പിന്തുടരുന്നതുമായ കേസിന്റെ പേരിൽ ശർമ്മ കോടതിയുടെ കാരുണ്യം തേടുകയാണ് ഈ ഹർജിയിലൂടെ. 1976 ബാച്ചിൽ ഗുജറാത്ത് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ കുൽദീപ് ശർമ്മ 2014ൽ സർവീസിൽ നിന്ന് വിരമിച്ചതാണ്. അമിത് ഷാ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരിക്കെ അവിടെ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന കുൽദീപ് ശർമ്മ സൊഹ്റാബുദീൻ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടൽ കേസ് ഉൾപ്പെടെ നിരവധി കേസുകൾ അന്വേഷിച്ച സംസ്ഥാന സിഐഡിയുടെ തലവനായിരുന്നു. ഈ കേസിൽ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കാൻ സുപ്രീം കോടതി കേസ് ഗുജറാത്ത് പൊലീസിൽ നിന്ന് കേന്ദ്ര ഏജൻസിക്ക് കൈമാറിയതിനെത്തുടർന്ന് ഷായെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്തിരുന്നു. ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തം സംബന്ധിച്ച് ആദ്യം സംശയം ഉന്നയിച്ച് സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത് ഗുജറാത്ത് പൊലീസാണ്. 2001ൽ രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയ, അന്ന് സംസ്ഥാനത്തെ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ആയിരുന്ന, കുൽദീപ് ശർമ്മയുടെ നിർദേശപ്രകാരമാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഇതിനുപുറമേ 1,600 കോടി രൂപ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായിരുന്ന കേതൻ പരേഖിന് ജാമ്യം നേടിക്കൊടുക്കുന്നതിൽ അമിത് ഷായുടെ സമ്മർദം ഉണ്ടായത് സംബന്ധിച്ചും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. അമിത് ഷാ ഡയറക്ടറായിരുന്ന സഹകരണ ബാങ്കിലാണ് സാമ്പത്തിക തട്ടിപ്പ് നടന്നത്. മോഡിയും അമിത് ഷായും ഭരിക്കുന്ന ഗുജറാത്തിൽ ആ മനുഷ്യനെ വേട്ടയാടുന്നതിന് ഇക്കാരണങ്ങൾ മതിയായിരുന്നു. അറസ്റ്റിലായെങ്കിലും ഏതാനും മാസങ്ങൾക്ക് ശേഷം ഷാ ജാമ്യത്തിൽ പുറത്തിറങ്ങി. അതുകഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷം 2012ലാണ് ശർമ്മയ്ക്കെതിരായ മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള കേസ് വീണ്ടും സജീവമായത്. 1984ൽ ഭുജ് ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനിൽ കള്ളക്കടത്തുകാരനെ മർദിക്കുകയും തെറ്റായി തടവിലാക്കുകയും ചെയ്തുവെന്നാരോപിച്ച് ശർമ്മയെ പ്രോസിക്യൂട്ട് ചെയ്യാൻ 2012ൽ, ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡി ഔദ്യോഗിക അനുമതി നൽകി. ആദ്യം, ഗുജറാത്ത് സംസ്ഥാന സർക്കാർ കുറ്റാരോപിതരായ ഉദ്യോഗസ്ഥർക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. അപ്പീൽ തലങ്ങളിലും പൊലീസിന്റെ അഭിഭാഷകർ പൊലീസുകാർക്ക് അനുകൂലമായാണ് വാദിച്ചത്. 28 വർഷം പ്രോസിക്യൂഷൻ അനുമതി നൽകിയില്ല. പരാതി സ്റ്റേ ചെയ്യുകയുമുണ്ടായി. ഈ കേസിലാണ് മോഡിയുടെയും അമിത് ഷായുടെയും പ്രതികാര ബുദ്ധിയുടെ ഫലമായി 2012 ഫെബ്രുവരിയിൽ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത്. ഈ വർഷം ഫെബ്രുവരിയിൽ, ഗുജറാത്തിലെ കോടതി ശർമ്മയെയും മുൻ സബ് ഇൻസ്പെക്ടറായ ജി എച്ച് വാസവദയെയും മൂന്ന് മാസം തടവിന് ശിക്ഷിക്കുകയും ചെയ്തു. അതിനെതിരായ അപ്പീലിൽ കഴിഞ്ഞ ഒക്ടോബർ ഒമ്പതിന് ഗുജറാത്ത് ഹൈക്കോടതി ശിക്ഷാ ഇളവ് നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന്, ഒക്ടോബർ 10ന് ഭുജിലെ സെഷൻസ് കോടതി അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. അതിനെതിരെയാണ് ശർമ്മ സുപ്രീം കോടതിയെ സമീപിച്ചത്. 

കേസിൽ നിന്നും ശിക്ഷയിൽ നിന്നും ഒഴിവാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. കുൽദീപ് ശർമ്മയുടെ സഹോദരനായിരുന്ന പ്രദീപ് ശർമ്മ ഐഎഎസും മോഡിയുടെയും കൂട്ടാളികളുടെയും പ്രതികാരത്തിനിരയായിട്ടുണ്ട്. അദ്ദേഹം ഇപ്പോൾ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. 2001ലെ ഭൂകമ്പത്തിനുശേഷം കച്ച് കളക്ടറായിരുന്നു പ്രദീപ് ശർമ്മ മോഡിക്ക് അടുപ്പമുണ്ടായിരുന്ന ഉദ്യാഗസ്ഥനായിരുന്നു. ഭൂകമ്പ ദുരന്തത്തിനുശേഷം പുനരധിവാസ പ്രവർത്തനങ്ങൾ സ്തുത്യർഹമായി നടത്തിയതിന് മുഖ്യമന്ത്രിയായിരുന്ന മോഡി പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് മോഡിയുടെ നിർദേശപ്രകാരം കച്ചിലെ ഒരു യുവ വനിതാ ആർക്കിടെക്റ്റിനെ നിരീക്ഷിക്കുന്നത് പ്രദീപ് ശർമ്മയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മനസിലാക്കിപ്പോൾ പ്രദീപ് ശർമ്മ അഴിമതിക്കാരനായി ചിത്രീകരിക്കപ്പെടുകയും പ്രതികാരത്തിന് ഇരയാകുകയുമായിരുന്നു. ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ സത്യം വെളിപ്പെടുത്തിയ ഐപിഎസ് ഓഫിസറായിരുന്ന സഞ്ജീവ് ഭട്ടിനെയും വ്യാജ അഴിമതിക്കേസിൽ മോഡിയും അമിത് ഷായും ചേർന്ന് ജയിലിൽ അടച്ചിരുന്നു. ഒന്നിന് പുറകെ നിരവധി കേസുകൾ സഞ്ജീവ് ഭട്ടിനെതിരെ രജിസ്റ്റർ ചെയ്യുകയും അദ്ദേഹം ഇപ്പോഴും ജയിലിൽ തുടരുകയുമാണ്. തങ്ങളുടെ ക്രൂരകൃത്യങ്ങൾ തുറന്നുകാട്ടിയ ഉദ്യോഗസ്ഥരെ ഇപ്പോഴും വിടാത്ത പ്രതികാരബുദ്ധിയോടെ പിന്തുടരുകയാണ് മോഡിയും അമിത് ഷായും. ലോയയുടെ മരണത്തോടെ അത് അവസാനിച്ചില്ല, ടീസ്ത സെതൽവാദ്, ആർ ബി ശ്രീകുമാർ പിന്നെ സഞ്ജീവ് ഭട്ട്, കുൽദീപ് ശർമ്മ, പ്രദീപ് ശർമ്മ എന്നിങ്ങനെ ആ പേരുകൾ നീണ്ടുപോകുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.