22 December 2024, Sunday
KSFE Galaxy Chits Banner 2

സിനിമയിലെ മാഫിയകളെ ഉന്മൂലനം ചെയ്യണം

ടി ടി ജിസ്‌മോൻ
സംസ്ഥാന സെക്രട്ടറി, എഐവെെഎഫ് 
August 26, 2024 4:55 am

മലയാള സിനിമാമേഖലയിലേക്കുള്ള മാഫിയകളുടെ കടന്നുകയറ്റവും ക്രിമിനൽ കുറ്റകൃത്യങ്ങളും സ്ത്രീകളോടുള്ള മോശമായ പ്രവൃത്തികളും സാംസ്കാരിക മേഖലയെ കളങ്കപ്പെടുത്തുകയും കേരളീയ സാമൂഹ്യരംഗത്ത് വൻ വിപത്തായി മാറുകയും ചെയ്യുന്നതായി കണ്ടെത്തിയിരിക്കുകയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. സിനിമയിൽ അഭിനയിക്കുന്നതിനും നിലനിൽക്കുന്നതിനും നടിമാർ നിർമ്മാതാക്കളുടെയും സംവിധായകരുടെയും അടക്കം ചിലരുടെ ലൈം​ഗിക താല്പര്യങ്ങൾക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്ന രീതിയിലുള്ള അധികാരക്രമം ചലച്ചിത്ര മേഖലയിലുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് കേരളം കേട്ടത്. സിനിമാ ലോകത്തെ ഭരിക്കുന്ന ചില സംവിധായകരും നിർമ്മാതാക്കളും നടന്മാരുമുൾപ്പെട്ട ഉപജാപക സംഘം നടപ്പാക്കുന്ന കടുത്ത സ്ത്രീ വിരുദ്ധ സമീപനങ്ങൾ പലഘട്ടങ്ങളിൽ ചർച്ചയായിട്ടുള്ളതാണ്. ‘പോഷ് ‘ഉൾപ്പെടെയുള്ള ശക്തമായ നിയമങ്ങളും ‘നിർഭയ’ തുടങ്ങി സ്ത്രീകൾക്ക് സുരക്ഷയും നീതിയും ഉറപ്പാക്കുന്നതിനാവശ്യമായ നിരവധി സംവിധാനങ്ങളും നിലനിൽക്കുമ്പോഴും സ്ത്രീകൾക്ക് മാന്യമായി പ്രവർത്തിക്കാൻ കഴിയാത്ത തൊഴിലിടമായി സിനിമ മാറുന്നു എന്നത് അത്യന്തം ആശങ്കയുളവാക്കുന്നു. നിയമങ്ങൾ ഒരു ഭാഗത്ത് കർശനമാക്കുമ്പോൾത്തന്നെ തെളിവുകളുടെ അഭാവവും അന്വേഷണത്തിലെ കാലതാമസവും മറ്റു ബാഹ്യ ഇടപെടലുകളും നിമിത്തമായി പ്രതികൾ പലരും ശിക്ഷിക്കപ്പെടാതെ പോവുന്നു എന്നതാണ് യാഥാർത്ഥ്യം. 

2017 ജൂലൈയിലാണ് ജസ്റ്റിസ് ഹേമ കമ്മിറ്റിയെ ഇടതുപക്ഷ സർക്കാർ നിയമിക്കുന്നത്. മുൻ കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ഹേമ അധ്യക്ഷയും ചലച്ചിത്ര നടി ടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ ബി വത്സലകുമാരി എന്നിവർ അംഗങ്ങളുമായ കമ്മിറ്റി മുൻനിര അഭിനേത്രിമാരടക്കം 57 പേരിൽ നിന്ന് നേരിട്ട് മൊഴി രേഖപ്പെടുത്തി, മറ്റ് നടപടി ക്രമങ്ങൾക്ക് ശേഷം 2019 ഡിസംബർ 31ന് മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ സാംസ്കാരിക മന്ത്രി എ കെ ബാലനും മുമ്പാകെ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.
അത്യന്തം ദുരൂഹതകൾ നിറഞ്ഞ താരജീവിതങ്ങൾ പുറമെ കാണുന്നത് പോലെ സുന്ദരമല്ലെന്നാണ് ഹേമ കമ്മിറ്റി വെളിപ്പെടുത്തിയത്. പുരുഷാധികാരത്താൽ സൃഷ്ടിക്കപ്പെട്ട സാമൂഹ്യചുറ്റുപാടിൽ അവകാശങ്ങളെ ഉപയോഗപ്പെടുത്തുന്നതിൽ സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ റിപ്പോർട്ട് എടുത്തു കാട്ടുന്നു. മാഫിയാ സംഘങ്ങളുടെയും അവരുടെ അനുചരൻമാരുടെയും സ്വൈരവിഹാരകേന്ദ്രമായി ഈ രംഗം മാറുന്നുവെന്ന ആരോപണത്തെ ശരിവയ്ക്കുകയും ചെയ്യുന്നു. അവകാശങ്ങൾക്കായി പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്തുന്ന സംഘടിത ശ്രമങ്ങളാണ് നടക്കുന്നത്. തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങളും അധിക്ഷേപങ്ങളും അടക്കമുള്ള പ്രതികൂല സാഹചര്യങ്ങൾ സ്ത്രീകളില്‍ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ തന്നെയാണ് കാണാൻ കഴിയുന്നത്. തൊഴിലിടങ്ങളിൽ നടിമാർ അനുഭവിക്കുന്നത് പരിഷ്കൃത സമൂഹത്തിൽ സംഭവിക്കാൻ പാടില്ലാത്തവിധം പ്രാകൃതമായ പീഡനങ്ങളാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
മനുഷ്യനും സമൂഹവും തമ്മിലുള്ള ബന്ധത്തിൽ അതിജീവനത്തിന്റെയും രാഷ്ട്രീയത്തിന്റെയും പ്രത്യയശാസ്ത്രപരമായ ഉത്തരവാദിത്തം തന്നെയാണ് സിനിമയടക്കമുള്ള മാധ്യമങ്ങൾ നിർവഹിക്കുന്നത്. മലയാള സിനിമയിലെ രൂപപരവും ആശയപരവുമായുള്ള വികാസപരിണാമഘട്ടങ്ങൾ പൊതുസമൂഹത്തിൽ സൃഷ്ടിച്ച ചലനങ്ങളും കേരളീയ സംസ്കാരത്തിന്റെ നവോത്ഥാനക്കുതിപ്പിൽ അത് നിർവഹിച്ച പങ്കിനെയും വിസ്മരിക്കാൻ കഴിയില്ല. എന്നാൽ വർത്തമാന കാലത്ത് സിനിമയുമായി ബന്ധപ്പെട്ട് അരങ്ങേറുന്ന അശ്ലീലതകളും ലൈംഗിക അരാജകത്വങ്ങളും വൈകൃതങ്ങളും നാടിനെ ഗ്രസിച്ചിരിക്കുന്ന അതി ഭീഷണമായ യാഥാർത്ഥ്യമായി മാറുന്നതിനെതിരെ പ്രതിരോധം തീർക്കുക തന്നെ വേണം. 

പരിഷ്കൃത സമൂഹത്തിന്റെ പുരോഗമനോന്മുഖതയെ വിലയിരുത്തുന്നതിനുള്ള ഏറ്റവും പ്രത്യക്ഷ മാനദണ്ഡം ആ സമൂഹത്തിലെ സ്ത്രീകളുടെ ജീവിതനിലവാരമാണ്. സ്ത്രീ ശാക്തീകരണവും അവർക്ക് അർഹമായ പദവിയും അംഗീകാരവും സമജീവി എന്ന പരിഗണനയോടെ അനുഭവിക്കാൻ കഴിയുന്ന ലിംഗനീതിയുടെ സംസ്ഥാപനവും പ്രഖ്യാപിത നയമായി സ്വീകരിച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ‘സ്ത്രീപക്ഷ കേരളം ‘എന്ന ആശയത്തെ മുൻനിർത്തി അവകാശ സംരക്ഷണത്തിന് ഊന്നൽനൽകിക്കൊണ്ടുള്ള നയപരിപാടികൾക്കും ദീർഘകാല പരിവർത്തനത്തിനുതകുന്ന നിരവധി പദ്ധതികളുടെ ആവിഷ്കരണത്തിനും സർക്കാർ ഇതിനോടകം നേതൃത്വം നൽകിയിട്ടുണ്ട്. രാഷ്ട്രീയ ശാക്തീകരണത്തിലും ഉന്നത വിദ്യാഭ്യാസമേഖലയിലും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായുള്ള സ്ത്രീ മുന്നേറ്റത്തിന്റെ കണക്കുകളും നമുക്ക് ലഭ്യമാണ്. അതുകൊണ്ടുതന്നെ ഹേമ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനും സിനിമാമേഖലയിലെ മാഫിയാവല്‍ക്കരണം ഉന്മൂലനം ചെയ്യുന്നതിനുമാവശ്യമായ പ്രായോഗിക നടപടികളാണ് സർക്കാർ അടിയന്തരമായി കൈക്കൊള്ളേണ്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.