
പട്ടയത്തിന് വേണ്ടി അനേക സമരങ്ങൾ വിവിധ സന്ദർഭങ്ങളിലായി മലയോരത്ത് നടന്നിട്ടുണ്ട്. ഇപ്പോഴും നടക്കുന്നുണ്ട്. 1986ല്‍ എൽഡിഎഫ് നേതൃത്വത്തിലുള്ള കർഷക സംഘടനകൾ സംസ്ഥാന വ്യാപകമായി നടത്തിയ അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി നെടുങ്കണ്ടം കേന്ദ്രീകരിച്ച് ഇടുക്കി ജില്ലയിലും വലിയ പ്രക്ഷോഭം സംഘടിപ്പിക്കപ്പെട്ടു. 48 ദിവസം നീണ്ടുനിന്ന റിലേ നിരാഹാര സമരങ്ങളാണ് നടന്നത്. വിവിധ സംഘടനകളുടെ ജില്ലാതല നേതാക്കളാണ് സമരം നടത്തിയത്. നെടുങ്കണ്ടത്ത് നടന്ന വഴിതടയൽ സമരത്തിനെതിരെ അതിക്രൂരമായി പൊലീസ് ലാത്തിചാർജ് ചെയ്തു. ഡസൻ കണക്കിന് സഖാക്കൾ ജയിലിൽ അടയ്ക്കപ്പെട്ടു. പി ജെ ജോസഫ് റവന്യുമന്ത്രിയായിരിക്കുമ്പോൾ നെടുങ്കണ്ടത്തുവച്ച് വലിയ പട്ടയമേള നടത്തി കുറച്ചു പേർക്ക് പട്ടയങ്ങൾ നൽകി. അന്ന് കരുണാകരനായിരുന്നു മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ പൊലീസ് വീടുകൾ കയറിയിറങ്ങി റവന്യു വകുപ്പ് കൊടുത്ത പട്ടയങ്ങൾ തിരിച്ചുവാങ്ങി. ഈ വഞ്ചനയിൽ പ്രതിഷേധിച്ച് ജോസഫ് നെടുങ്കണ്ടത്തു നിന്നും കോട്ടയം വരെ തന്റെ പാര്‍ട്ടി പ്രവർത്തകരെ പങ്കെടുപ്പിച്ച് കാൽനട ജാഥ നടത്തി. അങ്ങനെയുള്ള കോൺഗ്രസിന്റെ ഇപ്പോൾ കാണിക്കുന്ന കർഷകസ്നേഹം സഹതാപാര്‍ഹമാണ്. മലയോര കുടിയേറ്റത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഏതെല്ലാം തരത്തിൽ ജനങ്ങൾക്ക് ഭൂമിയിലുള്ള അവകാശങ്ങൾ യുഡിഎഫ് നിഷേധിച്ചുവെന്ന് കാണാൻ കഴിയും. ഭൂ അവകാശത്തിന്മേൽ യുഡിഎഫ് സർക്കാർ ഒന്നൊന്നായി തടസനിബന്ധനകൾ കൊണ്ടുവന്നു 64ലെ ചട്ടപ്രകാരം ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ പട്ടയം റദ്ദാക്കാനുള്ള അവകാശം സർക്കാരിൽ നിക്ഷിപ്തമായിരുന്നു. എന്നാൽ 93ലെ ചട്ടമാവട്ടെ പട്ടയങ്ങൾ നൽകാൻ വേണ്ടി കരുണാകരന്റെ സർക്കാർ പ്രത്യേകമായി രൂപീകരിച്ചതാണ്. വനഭൂമി ക്രമീകരിക്കൽ എന്ന ഓമനപ്പേരും നൽകി. 2012ൽ റവന്യുമന്ത്രിയായ അടൂർ പ്രകാശും സുശീല ഭട്ട് എന്ന സ്പെഷ്യൽ പ്ലീഡറും ഹൈക്കോടതിയിൽ ഈ നിയമം നടപ്പാക്കണമെന്നും, സ്വകാര്യ കെട്ടിട നിർമ്മാണങ്ങൾ റദ്ദ് ചെയ്ത് അവ സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു. 64ലെയും 93ലെയും ചട്ടങ്ങൾ പ്രകാരം പതിച്ചുകിട്ടുന്ന ഭൂമിയുടെ അളവ് നാലേക്കർ ആയിരുന്നെങ്കിൽ അത് ഒരേക്കർ ആയി കുറയ്ക്കുന്ന ഉത്തരവും കരുണാകരന്‍ സർക്കാർ സ്വീകരിച്ചിരുന്നു. 2010ൽ റവന്യുമന്ത്രിയായിരുന്ന കെ പി രാജേന്ദ്രൻ ഈ ഉത്തരവ് റദ്ദ് ചെയ്യുകയും നാലേക്കർ ഭൂമി പതിച്ചുനൽകാൻ തീരുമാനിക്കുകയും ചെയ്തു. പട്ടയം ലഭിക്കാനുള്ള വരുമാനപരിധി ഒരു ലക്ഷം രൂപ എന്നത് റദ്ദാക്കി വരുമാനം നോക്കാതെ പട്ടയങ്ങൾ നൽകാൻ തീരുമാനിച്ചു. 2023 സെപ്തംബർ 14ന് ചരിത്രപരമായ ഭൂപതിവ് നിയമം ഭേദഗതി നിയമസഭ ഏകണ്ഠമായി പാസാക്കിയപ്പോൾ, കപട പരിസ്ഥിതിവാദികളും ചില സംഘടനകളും ചേർന്ന് ബില്ലിൽ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗവർണറെ സമീപിച്ച് നിവേദനങ്ങൾ നൽകി. ഈ നിവേദനങ്ങൾ ഗവർണറുടെ സമീപനം മാറ്റുകയും, ബില്ലിൽ ഒപ്പിടാതിരിക്കുകയും ചെയ്തപ്പോൾ 2024 ജനുവരി ഒമ്പതിന് ആയിരക്കണക്കിന് കർഷക ജനത എൽഡിഎഫിന്റെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. തുടർന്ന് 2024 ഏപ്രിൽ 24ന് ഗവർണർ ബില്ലിൽ ഒപ്പുവച്ചു. ലക്ഷക്കണക്കിന് ആളുകൾക്കാണ് ഇതിനോടകം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ലാന്‍ഡ് അസൈന്‍മെന്റ് പട്ടയങ്ങൾ ലഭിച്ചിട്ടുള്ളത്. ഒരു കോൺഗ്രസ് നേതാവ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും 64ലെ ചട്ടങ്ങൾ നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് നടത്തിയ കേസുകളുടെ ഫലമായി കോടതിവിധി ജനങ്ങൾക്കെതിരായി വരികയും ഇത് നടപ്പാക്കേണ്ട ദുഷ്കരമായ അവസ്ഥ സർക്കാരിന് വലിയ ബാധ്യതയായി മാറുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നിയമ ചട്ട ഭേദഗതികളെ കുറിച്ച് സർക്കാരിന് തീരുമാനിക്കേണ്ടിവന്നത്. 2019ൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗമാണ് ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ തീരുമാനിച്ചത്. പല കോണുകളില്‍ നിന്നുള്ള നിരവധി തടസങ്ങളെ നേരിട്ടുകൊണ്ട് വേണമായിരുന്നു ഈ ഭേദഗതികളിലേക്ക് സർക്കാരിന് എത്തിച്ചേരാൻ. ചരിത്രപരമായ ഈ നിയമനിർമ്മാണത്തിലൂടെ ഇപ്പോൾ മലയോര ജനതയുടെ സ്വന്തം ഭൂമി എന്ന സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലുള്ള പൗരന്മാരെ പോലെ മലയോര ജനങ്ങളും ഒന്നാംതരം പൗരന്മാരായി മാറുമെന്നത് സർക്കാർ നൽകിയ ഒരു വലിയ സമ്മാനമാണ്, വലിയ ആശ്വാസമാണ്. ഇടുക്കിയെ വനമാക്കാൻ ശ്രമിക്കുന്ന ഗൂഢശക്തികൾ, അവർക്ക് വേണ്ടി പ്രവർത്തിക്കുന്ന കപട — പരിസ്ഥിതിവാദികൾ, ഒരുപറ്റം ഉദ്യോഗസ്ഥവൃന്ദം ഇവരെല്ലാം ചേര്‍ന്നതാണ് മലയോര ജനതയ്ക്ക് കഷ്ടപ്പാടുകൾ ഉണ്ടാക്കുന്ന ശക്തികൾ. അവരുടെ പിടിയിലാണ് യുഡിഎഫും സഖ്യശക്തികളും ഉൾപ്പെട്ടിട്ടുള്ളത്. ചിന്നക്കനാൽ അടക്കം ജില്ലയിലെ പല പ്രദേശങ്ങളും വനമായി വനം വകുപ്പ് പ്രഖ്യാപനങ്ങൾ നടത്തി നടപടികൾ സ്വീകരിച്ചു. എൽഡിഎഫ് സർക്കാർ ആ പ്രഖ്യാപനങ്ങൾ മരവിപ്പിച്ചു. 93ലെ ചട്ടപ്രകാരം പട്ടയം ലഭിച്ച ഭൂമി കൈമാറ്റം ചെയ്യാൻ പാടില്ല എന്ന കോൺഗ്രസ് സർക്കാരിന്റെ ഉത്തരവ് സർക്കാർ റദ്ദാക്കി, ഭൂമി കൈമാറ്റം ചെയ്യാൻ അനുമതി നൽകി. റിസർവ് വന പ്രഖ്യാപനവും മരവിപ്പിച്ചു. ഡാമുകളുടെ വെളിയിലുള്ള 10 ചെയിൻ ഭൂമിക്ക് പട്ടയം നൽകാൻ നിലവിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കുകയും ആയിരക്കണക്കിന് പട്ടയങ്ങൾ നൽകുകയും ചെയ്ത് കഴിഞ്ഞു. അന്താരാഷ്ട്ര വനവൽക്കരണ പദ്ധതിയായി കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന എച്ച്ആർഎംഎൽ പദ്ധതി നടപ്പാക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. 2019 ഒക്ടോബർ 29ന് ഏലം കർഷകരുടെ കുത്തകപ്പാട്ട ഭൂമിയുടെ ഏലം രജിസ്ട്രേഷൻ സ്ഥിരമാക്കുന്ന ഉത്തരവ് എൽഡിഎഫ് സർക്കാർ നടപ്പാക്കി. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾ പൂർണമായും മലയോര ജനതയ്ക്കെതിരായിരുന്നു. ആ റിപ്പോർട്ടുകൾ നടപ്പാക്കാനാണ് യുഡിഎഫ് സർക്കാർ ശ്രമിച്ചത്. ഇതിനെതിരായി ഉയർന്നുവന്ന പ്രക്ഷോഭം കണക്കിലെടുത്ത് എൽഡിഎഫ് സർക്കാർ ജനവാസമേഖലയെയും, തോട്ടങ്ങളെയും ഇഎസ്എ മേഖലയിൽ നിന്ന് ഒഴിവാക്കി, വനത്തിൽ മാത്രമായി ചുരുക്കി. ഇപ്പറഞ്ഞ ദ്രോഹപ്രവൃത്തികളെല്ലാം കാലാകാലങ്ങളിൽ യുഡിഎഫ് മലയോര ജനതയ്ക്ക് നൽകിയ സമ്മാനങ്ങളായിരുന്നു. സർക്കാർ കൊണ്ടുവന്നിട്ടുള്ള ഭേദഗതികളനുസരിച്ച് പട്ടയം നൽകാൻ ചില കോടതി ഉത്തരവുകൾ കൂടി മാറി കിട്ടേണ്ടതായിട്ടുണ്ട്. അതോടുകൂടി ഒട്ടേറെ ആളുകൾക്ക് കൂടി പട്ടയം കൊടുക്കാൻ കഴിയും. ഇനിയും പരിഹരിക്കപ്പെടേണ്ടതായ നയപരമായ ചില ഭൂപ്രശ്നങ്ങൾ കൂടി അവശേഷിക്കുന്നുണ്ട്. അതെല്ലാം പരിഹരിക്കാനുള്ള കഠിനമായ പരിശ്രമത്തിലാണ് റവന്യുമന്ത്രി കെ രാജനും സർക്കാരും എന്ന് അഭിമാനപൂർവം പറയാൻ കഴിയും. കപടവാദങ്ങൾ കൊണ്ട് വസ്തുതകൾക്ക് പുകമറ സൃഷ്ടിക്കാനുള്ള യുഡിഎഫ് ശ്രമം അവജ്ഞയോടെ തള്ളിക്കളഞ്ഞ് കൃഷിക്കാരോടൊപ്പം നില്‍ക്കുന്ന എൽഡിഎഫ് സർക്കാരിനും മുഖ്യമന്ത്രിക്കും റവന്യുമന്ത്രിക്കും മലയോരജനത നന്ദി രേഖപ്പെടുത്തുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുമെന്നത് നിസംശയമായ കാര്യമാണ്. (അവസാനിച്ചു)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.