20 November 2024, Wednesday
KSFE Galaxy Chits Banner 2

മനുസ്‌മൃതിയും മാംസ ഭക്ഷണവും മോഡിയുടെ മുഗളനയ സിദ്ധാന്തവും

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
April 20, 2024 4:30 am

മറ്റുള്ളവരുടെ അടുക്കളയിൽ വേവുന്നതെന്തെന്ന് മണംപിടിച്ച്, പരദൂഷണം പറഞ്ഞ് അലമ്പുണ്ടാക്കുക എന്നതാകരുത് ഒരു ഭരണാധികാരിയുടെയോ രാഷ്ട്രീയ പ്രവർത്തകന്റെയോ ഉത്തരവാദിത്തം. നമ്മുടെ പ്രധാനമന്ത്രിയുടെ സ്വഭാവം അടുക്കള മണക്കുന്ന പരദൂഷകന്റേതാണെന്ന് തെളിഞ്ഞിരിക്കുന്നു. ഈയിടെ ബിഹാറിൽ നടത്തിയ പ്രസംഗത്തിൽ നരേന്ദ്ര മോഡി പറഞ്ഞത് “ശ്രാവണ മാസത്തിലും രാമനവമി കാലത്തും മുസ്ലിമിന്റെ വീട്ടിൽ ചെന്ന് ആട്ടിറച്ചിയും മത്സ്യവും പാകം ചെയ്തു കഴിച്ച പ്രതിപക്ഷ നേതാക്കളായ രാഹുൽഗാന്ധിയും തേജസ്വി യാദവും ‘മുഗളനയ’ക്കാരാണ്” എന്നാണ്. ഇതൊരു വ്രതനിഷ്ഠനായ ഭക്തന്റെ വാക്കുകളല്ല, അത്യന്തം കുടില മനസ്കനായ ഒരു വർഗീയവാദിയുടേതാണ്. രാമനവമി വ്രത കാലത്ത് മുസ്ലിമിന്റെ വീട്ടിൽ നിന്ന് മത്സ്യമാംസാദികൾ ആഹരിക്കുന്നത് മുഗളനയമാണ് ‘എന്നു പറയുന്ന നരേന്ദ്ര മോഡി, രാഹുലും തേജസ്വിയും രാമഭക്തരല്ലെന്നും മുസ്ലിം കിങ്കരന്മാരാണ് എന്നും വരുത്തിത്തീർക്കാനാണ് ശ്രമിച്ചത്. ഇതാണ് നരേന്ദ്ര മോഡി പയറ്റുന്ന അളിഞ്ഞ വർഗീയ രാഷ്ട്രീയത്തിന്റെ പ്രകൃതം. 10 വർഷങ്ങൾ നാടുഭരിച്ചിട്ടും യാതൊരു നേട്ടവും പറയാനാകാതെ അന്യന്റെ അടുക്കളയിൽ വേവുന്ന ഇറച്ചിയുടെ മണം പിടിച്ച് പ്രസംഗിക്കാനേ കഴിയുന്നുള്ളൂ എന്നത് ഒരു രാഷ്ട്രീയ നേതാവിന്റെ പാപ്പരത്തമാണ്. ഇന്ത്യയുടെ വിശാലവും ബഹുസ്വരവും യുക്തസുന്ദരവുമായ ആത്മീയതയെ ചോറ്റുചട്ടിയിലേക്ക് കുടുസാക്കുന്ന ബ്രാഹ്മണ പൗരോഹിത്യത്തിനെതിരെ സ്വാമി വിവേകാനന്ദൻ നിശിതഭാഷയിൽ പണ്ടേ പറഞ്ഞിട്ടുണ്ട്. അതനുസരിച്ച് പറയാനുള്ളത് ‘അല്ലയോ നരേന്ദ്ര മോഡീ, താങ്കൾ ഇന്ത്യയുടെ ആശയധന്യതയാർന്ന ആത്മീയതയെ ചോറ്റുചട്ടിമതമാക്കി തരംതാഴ്ത്തരുത്’ എന്നാണ്.
ശ്രാവണമാസത്തിലും രാമനവമി വ്രതകാലത്തും മത്സ്യമാംസാദികൾ കഴിക്കുന്നത് ‘മുഗള നയ’മാണ് എന്ന പ്രസ്താവനയിൽ നരേന്ദ്ര മോഡി ഉറച്ചു നിൽക്കുമെങ്കിൽ, ശ്രീരാമനെ മുഗളനയക്കാരനും മനുസ്മൃതിയെ മുഗളനയ ഗ്രന്ഥവുമായി കണക്കാക്കേണ്ടി വരും. കാരണം, ശ്രീരാമനും സീതയും ധാരാളം മത്സ്യമാംസാദികൾ ആഹരിച്ചിരുന്നവരാണെന്ന് എല്ലാ രാമായണങ്ങളും പറയുന്നുണ്ട്. മത്സ്യവും മാംസവും കഴിച്ചു ജീവിച്ച ശ്രീരാമന്റെ ജനനവുമായി ബന്ധപ്പെട്ട രാമനവമി എന്ന വ്രതാഘോഷ വേളയിൽ മത്സ്യവും മാംസവും കഴിക്കരുതെന്നും കഴിച്ചവർ മുഗളനയക്കാരാകും എന്നും പറയുന്നത്, ചർക്കയിൽ നൂൽക്കുന്നത് നിത്യാനുഷ്ഠാനമായിരുന്ന ഗാന്ധിജിയുടെ ജനന ദിവസം ആരെങ്കിലും ചർക്കയിൽ നൂൽ നൂറ്റാൽ അത് ‘ഗോഡ്സേ നയ’മാണെന്നു പറഞ്ഞാലെന്നപോലെ വിരോധാഭാസമാണ്. ശ്രീമദ് ദേവീഭാഗവതത്തിൽ രാവണ നിഗ്രഹത്തിനായുള്ള മുന്നൊരുക്കം എന്ന നിലയിൽ സാക്ഷാൽ രാമൻ തന്നെ ചെയ്യേണ്ട നവമീ പൂജയെപ്പറ്റി ദേവിതന്നെ നിർദേശങ്ങൾ നൽകുന്നതിങ്ങനെയാണ്;
‘പോരിൽ ശ്രീരാഘവനു ജയമുണ്ടാകുവാനായ്
ശ്രീരാമചന്ദ്രൻതന്റെ ചാപത്തിൽ പ്രവേശിക്കും.….
.….….… അഷ്ടമീനവമികൾക്കിയലുംസന്ധിയിങ്കലാ-
ദുഷ്ടനാം ദശഗ്രീവൻ തന്നുടെ ശീർഷങ്ങളിൽ
പിന്നെഞാൻ പ്രവേശിക്കുമാകയാൽ തത്രസന്ധീ-
ലെന്നെ പൂജിക്കേണം വിധിപോലെല്ലാവരും
വിപുലങ്ങളായുള്ള മാംസരക്തങ്ങൾകൊണ്ടു-
മുപചാരങ്ങൾകൊണ്ടും സമ്പൂജിക്കേണമപ്പോൾ
നവമിക്കതേവിധംനിർജ്ജരന്മാരേ! നിങ്ങൾ
ഭുവനേശ്വരിയാകുമെന്നെ പൂജിക്കേണം’ (ശ്രീമഹാദേവീ ഭാഗവതം കിളിപ്പാട്ട്; വരവൂർ ശാമുമേനോൻ; അധ്യായം 45, പേജ് 312; വിദ്യാരംഭം പതിപ്പ്).
ഇവിടെ രാമൻ ഉൾപ്പെടെയുള്ളവർ ചെയ്യേണ്ടതായി അനുശാസിക്കപ്പെട്ട നവമി പൂജയിലും മത്സ്യമാംസാദികൾ ബലി നിവേദ്യങ്ങളായിട്ടുണ്ടാകണമെന്ന് തെളിവായി പറഞ്ഞിരിക്കുന്നു. ശ്രീമഹാദേവീ ഭാഗവത രചയിതാവ് മുഗളനയക്കാരനായതാണോ നവമി പൂജയിൽ മത്സ്യമാംസ നിവേദ്യങ്ങളെ അനുവദിച്ചതിനു കാരണം എന്ന് മോഡിയും കൂട്ടരും വ്യക്തമാക്കണം.

 


ഇതുകൂടി വായിക്കൂ: അവകാശവാദങ്ങള്‍ക്കുനേരെ പല്ലിളിക്കുന്ന പ്രകടന പത്രിക


മോഡി പറയുന്ന ശ്രാവണമാസ വ്രതത്തെക്കാൾ എത്രയോ മടങ്ങ് ഗൗരവവും പവിത്രതയും ശ്രാദ്ധാനുഷ്ഠാന വ്രതത്തിന് വേദങ്ങൾ പ്രമാണമായ വൈദിക മതം കല്പിച്ചിട്ടുണ്ടെന്ന് മനുസ്മൃതി വായിച്ചാൽ അറിയാം. മനുസ്മൃതിയിലെ മൂന്നാം അധ്യായത്തിൽ നാലുവർണങ്ങളിലുള്ളവർ പരമ പവിത്രമായി കരുതി ചെയ്യേണ്ട പിതൃബലി അഥവാ ശ്രാദ്ധ കർമ്മാദികളെക്കുറിച്ചുള്ള വിധി വിലക്കുകൾ പ്രതിപാദിക്കുന്നുണ്ട്. അതിൽ ഒരേടത്തും ആട്ടിൻ മാംസമോ വാള മുതലായ മത്സ്യങ്ങളെ ഭോജനം ചെയ്യുന്നതോ ധർമ്മവിരുദ്ധമായ പാപകർമ്മമോ മ്ലേച്ഛവൃത്തിയോ ആണെന്ന് പറയുന്നില്ല. രാമനവമി, നവരാത്രി, ശിവരാത്രി, ശ്രീകൃഷ്ണ ജയന്തി എന്നിവയെല്ലാം ദേവകാര്യമാണ്. എന്നാൽ മനുസ്മൃതിയിൽ ദേവകാര്യത്തെക്കാൾ ദ്വിജാദികൾക്ക് അഥവാ വേദപഠനാർത്ഥം പൂണൂൽ ധരിച്ചവർക്ക്, പിതൃകാര്യമാണ് മുഖ്യം എന്നാണ് പറഞ്ഞിരിക്കുന്നത്. “ദേവകാര്യാദ് ദ്വിജാതീനാം പിതൃകാര്യം വിശിഷ്യതേ- ദേവകാര്യത്തെക്കാൾ ബ്രാഹ്മണ ക്ഷത്രിയ വൈശ്യാദികൾക്ക് പ്രധാനം പിതൃകാര്യത്തിനാണ്” (മനുസ്മൃതി: അധ്യായം മൂന്ന്; ശ്ലോകം 203) എന്നതിലൂടെ ഏതു ദേവപൂജന വ്രതത്തെക്കാളും മേലെയുള്ള വ്രതമാണ് ശ്രാദ്ധ കർമ്മം എന്നാണ് ആചാര്യമനു പറയുന്നത്. ഇത്രയും പവിത്രമായ ശ്രാദ്ധകർമ്മത്തിൽ ആടിന്റെയും പക്ഷികളുടെയും മത്സ്യാദികളുടെയും മാംസം ചുട്ടും പൊരിച്ചും കറിവച്ചും ബ്രാഹ്മണർക്ക് തൃപ്തിവരുവോളം വിളമ്പിയൂട്ടണം എന്നു മനുസ്മൃതിയിൽ പറഞ്ഞിരിക്കുന്നത്, അതൊരു മുഗളഗ്രന്ഥമോ മുസ്ലിം ശരീഅത്ത് ഗ്രന്ഥമോ ആയതുകൊണ്ടാണോ എന്നും നരേന്ദ്ര മോഡി വ്യക്തമാക്കണം.
പരമ പവിത്രമായി ആചരിക്കേണ്ട പിതൃശ്രാദ്ധ കർമ്മത്തിൽ ‘വാള മുതലായ മത്സ്യത്തിന്റെ മാംസം നൽകിയാൽ രണ്ടുമാസവും മാനിറച്ചി കൊടുത്താൽ മൂന്നു മാസവും ചെമ്മരിയാടിന്റെ ഇറച്ചി കൊണ്ട് നാലുമാസവും കോഴി, താറാവ് തുടങ്ങിയ പക്ഷികളുടെ മാംസം കൊണ്ട് അഞ്ചുമാസവും പിതൃക്കൾ ആത്മതൃപ്തരാകുമെന്നും മനു ഉറച്ചിച്ചു പറയുന്നുണ്ട്(മനുസ്മൃതി: അധ്യായം മൂന്ന്: ശ്ലോകം 268). ശ്രാവണ മാസത്തിൽ ആട്ടിറച്ചിയും മത്സ്യവും ആഹരിച്ച രാഹുൽ ഗാന്ധിയും തേജസ്വി യാദവും മുഗളനയം പിൻപറ്റുന്നവരാണെന്ന വർഗീയ മ്ലേച്ഛപ്രസ്താവന നടത്തിയ മോഡി, പവിത്രമായ പിതൃശ്രാദ്ധത്തിൽ വരെ മത്സ്യമാംസാദികൾ ആഹരിക്കാൻ വിധിച്ച മനുസ്മൃതിയെയും അത് പിൻപറ്റുന്നവരെയും മുഗള മാർഗികൾ എന്നു വിളിക്കുമോ?
ഡോ. അംബേദ്കർ ഉന്നയിച്ച ഒരു ചോദ്യം കൂടി ചൂണ്ടിക്കാണിക്കാം. എഡി 412ൽ ഗുപ്ത രാജാക്കന്മാരാണ് പശുഹത്യയെ ബ്രാഹ്മണഹത്യക്ക് തുല്യം ശിക്ഷാർഹമായ കൊടിയ കുറ്റമാക്കിയത് എന്ന് അംബേദ്കർ എഴുതി. “മനുസ്മൃതി വിലക്കാത്ത, പശുഹത്യയെ ഒരു കൊടുംകുറ്റകൃത്യമായി കാണാൻ ബ്രാഹ്മണ പൂജകനായ ഒരു ഹിന്ദു രാജാവ് മുന്നോട്ട് വന്നതെന്തിന് എന്നതാണ് ചോദ്യം. ബുദ്ധഭിക്ഷുക്കളുടെ മേൽക്കോയ്മയെ മറിക്കടക്കുവാൻ ബ്രാഹ്മണർക്ക് അവരുടെ വൈദിക മതത്തിന്റെ ആവശ്യകത താൽക്കാലികമായി നിർത്തുകയോ റദ്ദാക്കുകയോ ചെയ്യേണ്ടി വന്നു എന്നതാണ് ഉത്തരം. വിശകലനം ശരിയാണെങ്കിൽ, ബുദ്ധമതവും ബ്രാഹ്മണമതവും തമ്മിലുള്ള പോരാട്ടത്തിന്റെ ഫലമാണ് പശുവിനെ ആരാധിക്കൽ എന്നു വ്യക്തമാണ്. ബുദ്ധഭിക്ഷുകൾക്കു മുമ്പിൽ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ ബ്രാഹ്മണർ സ്വീകരിച്ച ഒരു അടവുനയമാണ് ഗോപൂജ” എന്നാണ് അംബേദ്കര്‍ എഴുതിയത്. (Beef, Brah­mins & Bro­ken­men; B R Ambed­kar; page 222. Navayana pub­lish­ing Ltd 2019).
ബ്രാഹ്മണരുടെ ഈ രാഷ്ട്രീയ അടവുനയം തന്നെയാണ് മാട്ടിറച്ചി കയറ്റുമതിയിൽ ഇന്ത്യ ബ്രസീലിനൊപ്പം കുതിക്കുന്നു എന്നു പറയുന്ന നരേന്ദ്ര മോഡി തന്നെ മാട്ടിറച്ചി തിന്നുന്നവരെ തല്ലിക്കൊല്ലുന്നവരുടെ നേതാവായി വിരാജിക്കുമ്പോള്‍ അവലംബിക്കുന്നത്. ഇത് തിരിച്ചറിയുന്നവർക്ക്, മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിച്ച് ഭരണം നടത്തിയ ബ്രിട്ടീഷ് നയമാണ് മോഡിയുടേതെന്ന് മനസിലാകും. ഈ ഭരണതന്ത്രത്തിൽ നിന്നുള്ള മോചനത്തിനാണ് അംബേദ്കർ ഭരണഘടനാ ശില്പിയായ നമ്മുടെ ഇന്ത്യ പൊരുതുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.