മാധ്യമ പ്രവർത്തകരുടെ കൊലക്കളമായി മാറുകയാണ് ഇന്ത്യ. ഏറ്റവും ഒടുവിലായി ഛത്തീസ്ഗഢിലെ ബസ്തർ ജങ്ഷൻ എന്ന യുട്യൂബ് ചാനലിന്റെ റിപ്പോർട്ടർ മുകേഷ് ചന്ദ്രാകർ എന്ന യുവ പത്രപ്രവർത്തകനാണ് ഖനി മാഫിയയുടെ കൈകളാൽ അരുംകൊല ചെയ്യപ്പെട്ടത്. ഖനിമാഫിയയിലെ പ്രധാനിയായ സുരേഷ് ചന്ദ്രാകറും സഹോദരന്മാരുമാണ് ഈ കൊലയ്ക്ക് പിന്നിൽ. നക്സൽ ബാധിതമായ ബീജാപൂർ പ്രദേശത്ത് റോഡ് പണികൾ ഏറ്റെടുക്കാൻ വന്‍കിട കരാറുകാർ തയ്യാറാകാതിരുന്നിടത്ത് നിരോധിക്കപ്പെട്ട സാൽവാജുദൂം അംഗമായിരുന്ന സുരേഷ് ചന്ദ്രാകർ എത്തുന്നിടത്താണ് സംഭവങ്ങളുടെ തുടക്കം.
നെൽസ്‌നാർ‑കൊഡോലി-മിർത്തൂർ-ഗംഗല്ലൂർ റോഡിന്റെ പണിയുമായി ബന്ധപ്പെട്ട ഏതാണ്ട് നൂറ് കോടിയുടെ അഴിമതി വാർത്ത മുകേഷ് ചന്ദ്രാകർ തന്റെ ചാനലിൽ നൽകുകയും ഒരു ദേശീയ മാധ്യമം അത് ദേശീയതലത്തിൽ പ്രക്ഷേപണം ചെയ്യുകയും ചെയ്തു. അതോടെ ഛത്തീസ്ഗഢ് സർക്കാർ ഈ കരാർ റദ്ദാക്കി. ഇതിന് പ്രതികാരമായിട്ടാണ് മുകേഷിനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ താഴ്ത്തിയത്. പതിവുപോലെ രാജ്യത്തെ പ്രധാന രാഷ്ട്രീയ കക്ഷികളും മാധ്യമ സിംഹങ്ങളും ഘോരഘോരം വിലപിച്ചു. ഡൽഹിയിലെ ഫൈവ്സ്റ്റാർ ന്യൂസ്റൂമുകളിൽ നിന്നും വിലാപങ്ങളുയർന്നു. അന്തിച്ചർച്ചകളിൽ പലരും കണ്ണുനീർ തൂകി.
മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഇപ്പോൾ 161-ാം റാങ്കാണ് ഇന്ത്യക്ക്. ബംഗ്ലാദേശിനെക്കാളും പാകിസ്ഥാനെക്കാളും പിന്നിൽ. ഇന്ത്യയുടെ ഗ്രാമഗ്രാമാന്തരങ്ങളിൽ പണിയെടുക്കുന്ന ആയിരക്കണക്കിന് സ്വതന്ത്ര മാധ്യമ പ്രവർത്തകരും പ്രധാന പത്രങ്ങളുടെ പ്രാദേശിക ലേഖകരും ഉൾപ്പെടുന്ന ഒരു വലിയ നിര, യാതൊരുവിധ തൊഴിൽ സുരക്ഷയും സാമ്പത്തിക സുരക്ഷയുമില്ലാതെ നെട്ടോട്ടമോടുന്നതും അധികാരികളും വമ്പൻ മാധ്യമ ഗ്രൂപ്പുകളും സൗകര്യപൂർവം അവരെ വിസ്മരിക്കുന്ന കാഴ്ചയാണ് ചുറ്റും. അത്തരമൊരു അവസ്ഥ തന്നെയായിരുന്നു മുകേഷ് ചന്ദ്രാകറിനും. ബസ്തറിലെ നക്സൽബാധിത പ്രദേശങ്ങളിലും ജന്മി തമ്പുരാക്കന്മാരുടെ വമ്പൻ ഖനികളിലും ബിബിസി ഉൾപ്പടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് കടന്നുചെല്ലാനായത് മുകേഷിന്റെ സഹായത്താലായിരുന്നു. ബിബിസി, മുകേഷിന്റെ കൊലപാതകത്തെക്കുറിച്ച് നൽകിയ വാർത്തയിൽ അത് സൂചിപ്പിക്കുന്നുമുണ്ട്.
സുരക്ഷാസേനകളും മാവോയിസ്റ്റുകളും തമ്മിൽ എപ്പോഴും ഏറ്റുമുട്ടൽ നടക്കുന്ന ഈ പ്രദേശത്തെക്കുറിച്ച് പൂർണ ബോധ്യമുള്ള അപൂർവം മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു മുകേഷ്. മാധ്യമ പ്രവർത്തനം അയാൾക്ക് വെറുമൊരു തൊഴിൽ മാത്രമായിരുന്നില്ല. ബസ്തറിലെ ആദിവാസി വിഭാഗങ്ങൾ കൃഷി ചെയ്യുന്ന മഹുവാ പുഷ്പങ്ങളുടെ കച്ചവടം മുതൽ ഒരു വർക്‌ഷോപ്പിലെ ജീവനക്കാരൻ വരെയുള്ള ജോലി ചെയ്തായിരുന്നു അദ്ദേഹം കുടുംബം പുലർത്തിയിരുന്നത്. ഒടുവിൽ തന്റെ സ്വന്തം ചാനലിലൂടെ മുഖ്യധാരാമാധ്യമങ്ങൾ അവഗണിക്കുന്ന ബസ്തറിലെ സാധാരണക്കാരുടെ ജീവിതം അദ്ദേഹം ലോകത്തിന് മുന്നിൽ തുറന്നിട്ടു. 1,65,000 വരിക്കാരുണ്ടായിരുന്നു മുകേഷ് കൊല്ലപ്പെടുമ്പോൾ ബസ്തർ ജങ്ഷനെന്ന അദ്ദേഹത്തിന്റെ ചാനലിന്.
റെഡ് കോറിഡോർ എന്ന് അറിയപ്പെടുന്ന ബസ്തർ പ്രദേശത്തിന്റെ പ്രശ്നങ്ങളും അവിടത്തെ ജനതതി അനുഭവിക്കുന്ന യാതനകളും ഇന്ത്യൻ മുഖ്യധാരാമാധ്യമങ്ങൾ വിവിധ കാരണങ്ങൾ കൊണ്ട് വേണ്ടവിധത്തിൽ ശ്രദ്ധിച്ചിട്ടില്ല. ധാതു സമ്പന്നമായ ഈ വിശാലഭൂവിഭാഗത്തിന്റെ നിയന്ത്രണത്തിനായി മാവോവാദികൾ ആയുധമെടുത്ത് പോരാടുമ്പോൾ ഇവിടുത്തെ സമ്പത്ത് കൊള്ളയടിക്കാൻ തദ്ദേശീയരും അല്ലാത്തവരുമായ പ്രമുഖ രാഷ്ട്രീയകക്ഷികളിലെ പ്രബലന്മാർ ഒന്നിക്കുന്നതാണ് ബസ്തറിന്റെ ചരിത്രത്തിലുടനീളം നമുക്ക് കാണാനാകുന്നത്. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കും തിരിച്ചും നേതാക്കന്മാർ കൂറുമാറി കളിക്കുന്നത് ഇവിടെ നിത്യക്കാഴ്ചയാണ്.
മുകേഷിന്റെ കൊലപാതകക്കേസിലെ ഒന്നാം പ്രതി സുരേഷ് ചന്ദ്രാകർ ഈയിടെ കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയ ആളാണ്. പേശീബലവും പണക്കൊഴുപ്പും മാത്രമാണ് ഇവിടത്തെ കോൺഗ്രസ് — ബിജെപി നേതാക്കളുടെ അടിത്തറ. വിവിധ ഗോത്രങ്ങളിൽപ്പെട്ട ആദിവാസി വിഭാഗങ്ങളെ വിവിധ കള്ളികളിലാക്കി നിര്‍ത്തി, നിത്യപട്ടിണിയിലേക്ക് എറിഞ്ഞ ശേഷം അവർക്കായുള്ള ശതകോടികളുടെ കേന്ദ്ര — സംസ്ഥാന പദ്ധതികൾക്കുള്ള പണം കീശയിലാക്കുകയും അനധികൃത ധാതുഖനനം നടത്തി വൻകിട കുത്തകകൾക്ക് നൽകി കാശുവാരുകയും ചെയ്യുന്ന നേതാക്കളുടെ കൊള്ളരുതായ്മകളെ തുറന്നു കാണിക്കുന്നതിൽ മുകേഷിന്റെ റിപ്പോർട്ടുകൾ വലിയ പങ്കാണ് വഹിച്ചത്. അദ്ദേഹത്തിന്റെ റിപ്പോർട്ടുകൾക്ക് എപ്പോഴും മാനുഷിക മുഖമാണുണ്ടായിരുന്നതെന്ന് ആ റിപ്പോർട്ടുകളിലൂടെയും വീഡിയോകളിലൂടെയും കടന്നുപോകുന്ന ആർക്കും മനസിലാകും. രാജ്യത്തെ ദളിത്-ആദിവാസി സമൂഹത്തോട് അധികാരവർഗം കാണിക്കുന്ന നെറികേടുകൾക്ക് നേരെയുള്ള കണ്ണാടിയായിരുന്നു മുകേഷിന്റെ റിപ്പോർട്ടുകൾ. സായുധ പൊലീസിന്റെയും മാവോവാദികളുടെയും പരസ്പരമുള്ള വെടിവയ്പുകളിൽ മരിച്ചു വീഴുന്ന സാധാരണ ആദിവാസികളുടെ അവസ്ഥ മറ്റേതു മാധ്യമവും തുറന്ന് കാണിക്കുന്നതിനെക്കാൾ ശക്തമായാണ് മുകേഷ് തന്റെ വീഡിയോകളിലൂടെ മാലോകരെ അറിയിച്ചുകൊണ്ടിരുന്നത്.
ഒരു ജനാധിപത്യ രാഷ്ട്രത്തിൽ മാധ്യമപ്രവർത്തകർക്ക് അവരുടെ തൊഴിൽ നിർഭയമായി ചെയ്യാൻ സാധിക്കണം. പ്രഫുല്ലമായ ജനാധിപത്യത്തിന്റെ വളർച്ചയ്ക്ക് അത്തരമൊരു അവസ്ഥ അത്യന്താപേക്ഷിതമാണ്. ഇന്നിപ്പോൾ ഭരണകൂടങ്ങളും ഭരണകൂടവുമായി അടുത്തു നിൽക്കുന്ന രാഷ്ട്രീയ മേലാളന്മാരും കുറേ ക്രിമിനലുകളും ചേർന്ന് സ്വതന്ത്ര മാധ്യമപ്രവർത്തനം നടത്തുന്നവരെ കൊന്ന് കുഴിച്ചുമൂടുകയാണ്. അല്ലെങ്കിൽ ജയിലിൽ അടയ്ക്കുകയാണ്. 2023ൽ മാത്രം അഞ്ച് മാധ്യമ പ്രവർത്തകർ കൊല്ലപ്പെടുകയും 226 പേർ ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 148 പേരെ സർക്കാർ ടാർജറ്റ് ചെയ്ത് ജയിലിൽ അടച്ചതാണ്. ജനാധിപത്യത്തിന്റെ ഔദാര്യത്താൽ വോട്ടു നേടി അധികാരത്തിൽ വന്നവർ തന്നെ ജനാധിപത്യത്തിന്റെ നാലാം തൂണിന്റെ ആണിക്കല്ലിളക്കാൻ തുനിയുന്ന അവസ്ഥ. വാർത്തകളുടെ ഉറവിടം സൂക്ഷിക്കാനുള്ള മാധ്യമപ്രവർത്തകന്റെ അവകാശത്തെ ഹനിക്കാൻ വേണ്ടിയാണ് ഇതിൽ മിക്കവരെയും ജയിലിൽ അടച്ചിരിക്കുന്നത്.
വിവരസാങ്കേതിക വിദ്യയും നിർമ്മിതബുദ്ധിയും നിമിഷേന വളരുന്ന ഇക്കാലത്ത് പഴയതുപോലെ തങ്ങളുടെ ഇഷ്ടങ്ങളും അഴിമതികളും നടത്താൻ കഴിയില്ലെന്ന് അറിവില്ലാത്തവരല്ല രാജ്യം ഭരിക്കുന്നത്. പക്ഷേ അതിനെ കയ്യിലിട്ട് അമ്മാനമാടാൻ അധികാരം കൊണ്ട് കഴിയുമെന്ന് അവർ വൃഥാവിശ്വസിക്കുന്നു. ഇന്ന് വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കാൻ കൂറ്റൻ അച്ചടി യന്ത്രങ്ങളോ വൻകിട ന്യൂസ് റൂമുകളോ വാചാടോപത്തിൽ റാങ്ക് കരസ്ഥമാക്കി നിൽക്കുന്ന അവതാരകരോ ആവശ്യമില്ല. സമൂഹത്തോട് പ്രതിബദ്ധതയുള്ള ആർക്കും അതിനാകും. അതിൽ ശ്രദ്ധപതിപ്പിച്ചു മുന്നേറാൻ ശ്രമിക്കുന്നവർ നല്ല മാധ്യമപ്രവര്‍ത്തകരാകും. ഒരുപക്ഷേ അതുകൊണ്ടവർക്ക് കുടുംബം പോറ്റാൻ കഴിഞ്ഞെന്നു വരില്ല. അത് ആഗ്രഹിക്കുന്നവരുമാകില്ല അവർ. സിറ്റിസൺ ജേർണലിസം എന്നൊക്കെ ഓമനപ്പേരിട്ട് മുഖ്യധാരാമാധ്യമങ്ങൾ ഇതിനെ വിളിക്കുന്നത്, വളർത്താനല്ല, കൊല്ലാനാണ്.
ന്യൂസ് റൂമുകളുടെ മുതലാളിമാരുടെ താല്പര്യങ്ങളോ ലാഭേച്ഛയോ ഇല്ലാതെ പ്രവർത്തിക്കുന്ന ഈ പോരാളികൾക്ക് ബഹുരാഷ്ട്രകുത്തകകളുടെയോ ആഭ്യന്തര വൻകിടക്കാരുടെയോ സ്പോൺസർഷിപ്പുകൾ ലഭിക്കുകയില്ല. വർഷാവർഷം താരനിബിഡമായ സ്റ്റേജ്ഷോകൾ നടത്താതെ തന്നെ ഇവർ പറയുന്ന വാർത്തകൾ ജനങ്ങളിലേക്കെത്തും. ഇവരെ കൊന്നൊടുക്കി സുരക്ഷിതരാകാം എന്നു കരുതുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നത്. ശാസ്ത്രത്തിൽ കുത്തകവൽക്കരണത്തിന്റെ കാലം കഴിഞ്ഞിരിക്കുന്നു. പാശ്ചാത്യ — പൗരസ്ത്യ ഭേദമില്ലാതെ ഗ്രാമഗ്രാമാന്തരങ്ങളിൽ മുകേഷ് ചന്ദ്രാകർമാർ ഉദയം ചെയ്തുകൊണ്ടേയിരിക്കും. സെൻസെർഷിപ്പിന്റെയും തോക്കിൻമുനകളുടേയും മുന്നിലൂടെ തന്നെ ഈ മാധ്യമ പ്രവർത്തകർ മുന്നോട്ടു പോകും.
ലണ്ടനിലെ റോയിട്ടേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് 2025ലെ ജേർണലിസം എന്താകും എന്നൊരു പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ജനാധിപത്യവിരുദ്ധരായ ഭരണാധികാരികൾ വിവർത്തകരെ വച്ചെങ്കിലും അതൊന്ന് വായിക്കുന്നത് നന്നായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.