
ഇരുപത്തിയഞ്ച് കോടിയിലധികം തൊഴിലാളികൾ പണിമുടക്കുകയും അതിനൊപ്പം പതിനഞ്ച് കോടിയിലധികം ബഹുജനങ്ങൾ കൈകോർക്കുകയും ചെയ്ത ദേശീയ പ്രക്ഷോഭത്തിനാണ് ജൂലൈ ഒമ്പതിന് രാജ്യം സാക്ഷ്യം വഹിച്ചത്. പണിമുടക്കിയ ശേഷമുള്ള പ്രകടനങ്ങൾക്ക് പുറമേ ചക്രസ്തംഭനം, റെയിൽ രോഖോ എന്നിവയും വിവിധ കേന്ദ്രങ്ങളിൽ നടന്നു. സംഘടിത, അസംഘടിത മേഖലകൾ, സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, വ്യവസായ മേഖലകൾ എന്നിവയിലെല്ലാം പണിമുടക്ക് പൂർണമായിരുന്നു. അസംഘടിത, കാർഷിക മേഖലയിലെ തൊഴിലാളികളുടെ പങ്കാളിത്തം അഭൂതപൂർവമായിരുന്നതിനാൽ ഗ്രാമീണ മേഖലയിലും പണിമുടക്ക് വൻ വിജയമായി. കർഷകരും കർഷകത്തൊഴിലാളികളും മറ്റ് വിഭാഗങ്ങളും കാർഷിക രംഗത്തുനിന്നും പണിമുടക്കിന്റെ ഭാഗമായി. എല്ലാ സംസ്ഥാനങ്ങളിലും വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും വൻപങ്കാളിത്തം ദൃശ്യമായി. സംയുക്ത കിസാൻ മോർച്ച, കർഷകത്തൊഴിലാളി സംഘടനകളുടെ സംയുക്തവേദി എന്നിവയുടെ പങ്കാളിത്തം ഗ്രാമീണ മേഖലയിലെ ജനമുന്നേറ്റത്തിന് നിർണായകമായി. കൽക്കരി ഖനന മേഖലയ്ക്ക് പുറമേ ഇരുമ്പയിര്, ചെമ്പ്, ബോക്സൈറ്റ്, അലുമിനിയം, സ്വർണം എന്നീ ഖനന മേഖലകളിലും പണിമുടക്ക് നടന്നു. സ്റ്റീൽ നിർമ്മാണ വ്യവസായ മേഖല, ബാങ്കുകൾ, എൽഐസി, ജിഐസി, പെട്രോളിയം രംഗം, തപാൽ സർവീസുകൾ, ടെലികോം, ഊർജ മേഖല, സിമന്റ് നിർമ്മാണ ശാലകൾ, തുറമുഖം, ചണമില്ലുകൾ, പൊതു-സ്വകാര്യ ഗതാഗത സംവിധാനം, തേയില — കാപ്പി ഉൾപ്പെടെ തോട്ടങ്ങൾ തുടങ്ങി പണിമുടക്ക് ബാധിക്കാത്ത തൊഴിൽ മേഖലകളില്ലെന്നുതന്നെ പറയാം.
കേന്ദ്ര, സംസ്ഥാനങ്ങളിലെ സർക്കാർ ജീവനക്കാരും അധ്യാപകരും താൽക്കാലിക ജീവനക്കാരുമെല്ലാം ഭാഗമായപ്പോൾ രാജ്യം കണ്ട ഐതിഹാസിക പ്രക്ഷോഭമായി ജൂലൈ ഒമ്പതിന്റെ പണിമുടക്ക് മാറുകയായിരുന്നു. ആദായ നികുതി, ഓഡിറ്റ് വിഭാഗങ്ങളിലെ ജീവനക്കാരും പണിമുടക്കിയെന്നതാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. ബഹുരാഷ്ട്ര കമ്പനികളിലും ജീവനക്കാരും തൊഴിലാളികളും പണിമുടക്കി.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനുകീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ തൊഴിലാളികൾ ഒരു മണിക്കൂർ ജോലിയിൽ നിന്ന് വിട്ടുനിൽക്കുകയും പ്രകടനങ്ങൾ നടത്തുകയും ചെയ്താണ് സമരത്തിന്റെ ഭാഗമായത്. റെയിൽവേ തൊഴിലാളികളും ജീവനക്കാരും ഐക്യദാർഢ്യ പരിപാടികൾ സംഘടിപ്പിച്ചു. നിർമ്മാണം, ബീഡി, അങ്കണവാടി, ആശ, ഉച്ചഭക്ഷണത്തൊഴിലാളികൾ, മത്സ്യം, ഗാർഹിക മേഖല, തെരുവ് കച്ചവടക്കാർ, ചുമട്ട് തൊഴിലാളികൾ, ഭവനാധിഷ്ഠിത ചെറുകിടക്കാർ, റിക്ഷ — ഓട്ടോറിക്ഷ, ടാക്സി എന്നിങ്ങനെ വിവിധ മേഖലയിലുള്ളവർ ചക്രസ്തംഭനത്തിൽ അണിനിരന്നു. നിരവധി കേന്ദ്രങ്ങളിൽ പ്രകടനങ്ങളിലും ധർണകളിലും വൻതോതിൽ വിദ്യാർത്ഥികളും യുവജനങ്ങളും സ്ത്രീകളും പങ്കാളികളായി. എല്ലാത്തിനും സാധാരണ ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയുണ്ടായിരുന്നു.
പണിമുടക്കിന്റെയും ഹർത്താലിന്റെയും ഫലമായി മിക്കയിടങ്ങളിലെയും വ്യാപാര കേന്ദ്രങ്ങളും അടഞ്ഞുകിടന്നു. പുതുച്ചേരി, അസം, ബിഹാർ, ഝാർഖണ്ഡ്, തമിഴ്‌നാട്, കേരളം, പശ്ചിമ ബംഗാൾ, ഒഡിഷ, കർണാടക, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിൽ ബന്ദിന്റെ പ്രതീതിയിലായിരുന്നു. രാജസ്ഥാൻ, ഹരിയാന, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഭൂരിഭാഗം മേഖലകളിലും ബന്ദിന് സമാനമായിരുന്നു പണിമുടക്ക്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത് ഉൾപ്പെടെ സംസ്ഥാനങ്ങളിലും പണിമുടക്കാത്തവർ വിരളമായതിനാൽ വ്യാവസായിക മേഖലകൾ സ്തംഭിച്ചു.
വിവിധ സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര ഭരണാധികാരികളുടെയും ഭീഷണികളെയും അടിച്ചമർത്തൽ നടപടികളെയും വകവയ്ക്കാതെയാണ് തൊഴിലാളികളും മറ്റുള്ളവരും ഈ ജീവന്മരണപോരാട്ടത്തിന്റെ ഭാഗമായത്. പൊതുമേഖലയെയും പൊതുസേവനരംഗത്തെയും ചെറുകിട, വ്യവസായ മേഖലയെയും ദുർബലപ്പെടുത്തുകയും ദേശീയ — സാർവദേശീയ കോർപറേറ്റുകളോട് മൃദുസമീപനം സ്വീകരിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരായ തൊഴിലാളികളുടെയും ബഹുജനങ്ങളുടെയും രോഷമാണ് പ്രക്ഷോഭത്തിൽ പ്രകടമായത്. ദേശീയ ധനസമ്പാദന പൈപ്പ്‌ലൈൻ എന്ന നയത്തിലൂടെ അടിസ്ഥാന സൗകര്യങ്ങൾ, പ്രകൃതിവിഭവങ്ങൾ, ദേശീയ ആസ്തികൾ എന്നിവ സർക്കാർ വില്പനയ്ക്ക് വച്ചിരിക്കുകയാണ്. ഇത് രാജ്യത്തിന്റെ സ്വയംപര്യാപ്തതയെയും വികസനത്തെയും അപകടത്തിലാക്കുന്നതും പരമാധികാരത്തിന് ഭീഷണിയാകുന്നതുമായതിനാൽ ഈ ദേശവിരുദ്ധ നയങ്ങളെ എതിർക്കാനും പോരാടാനുമുള്ള സമയമാണിതെന്ന് പ്രക്ഷോഭകർ തിരിച്ചറിയുകയായിരുന്നു.
അവശ്യവസ്തുക്കളുടെ അനിതരസാധാരണമായ വിലക്കയറ്റം മൂലം അഭിമുഖീകരിക്കുന്ന അസമത്വം, യുവജനങ്ങളെ നിരാശരാക്കിക്കൊണ്ട് വര്‍ധിക്കുന്ന തൊഴിലില്ലായ്മ, തൊഴിലില്ലാത്തവരുടെയും താൽക്കാലിക തൊഴിലാളികളുടെയും ആവർത്തിക്കുന്ന ആത്മഹത്യ എന്നിവയും ജനങ്ങൾ തുറന്നുകാട്ടി. കഴിഞ്ഞ 10 വർഷമായി കേന്ദ്ര സർക്കാർ ഇന്ത്യൻ ലേബർ കോൺഫറൻസ് വിളിച്ചുചേർക്കുന്നില്ല. അന്താരാഷ്ട്ര തൊഴിൽ മാനദണ്ഡങ്ങൾ ലംഘിക്കുന്നത് കൂടാതെ ബിസിനസ് എളുപ്പമാക്കുന്നതിന്റെ പേരിൽ തൊഴിലുടമകൾക്ക് അനുകൂലമായി നാല് ലേബർ കോഡുകൾ അടിച്ചേല്പിക്കാനുള്ള ശ്രമങ്ങൾ ഉൾപ്പെടെ തൊഴിൽ മേഖലയുടെ താല്പര്യങ്ങൾക്ക് വിരുദ്ധമായ തീരുമാനങ്ങൾ എടുക്കുന്നത് തുടരുകയും ചെയ്യുന്നു.
ബ്രിട്ടീഷ് രാജിന്റെ കാലം മുതൽ ഒന്നര നൂറ്റാണ്ടിലധികം നീണ്ട പോരാട്ടത്തിന്റെ ഫലമായി നേടിയെടുത്ത തൊഴിലവകാശങ്ങളുടെ നിഷേധമായിട്ടാണ് തൊഴിൽ കോഡുകളെ ഇന്ത്യയിലെ തൊഴിലാളി യൂണിയനുകൾ കണക്കാക്കുന്നത്. ഈ കോഡുകൾ സമരം ചെയ്യാനുള്ള അവകാശങ്ങൾ ഇല്ലാതാക്കുന്നു, തൊഴിലാളി യൂണിയനുകളുടെ രജിസ്ട്രേഷൻ സങ്കീർണമാക്കുന്നു, യൂണിയനുകളുടെ അംഗീകാരം ഇല്ലാതാക്കൽ എളുപ്പത്തിലാക്കുന്നു.
ചർച്ചകളുടെയും തീരുമാനങ്ങളുടെയും പ്രക്രിയ ബുദ്ധിമുട്ടുള്ളതാക്കുക, ലേബർ കോടതികൾ ഇല്ലാതാക്കി തൊഴിൽ ട്രിബ്യൂണലുകൾ സ്ഥാപിക്കുക, തൊഴിലാളി സംഘടനകളുടെ അംഗീകാരം റദ്ദാക്കുന്നതിന് രജിസ്ട്രാർമാർക്ക് അധികാരം നൽകുക, വേതനത്തിന്റെ നിർവചനം മാറ്റുകയും മിനിമം വേതനത്തിനുള്ള തൊഴിൽ ഘടനകൾ നിർത്തലാക്കുകയും ചെയ്യുക, ഓരോ തൊഴിലാളിയുടെയും സുരക്ഷാവകാശവും ജോലിസ്ഥലത്തെ അവകാശങ്ങളും പൂർണമായും അപകടത്തിലാക്കുന്ന വിധം തൊഴിൽ സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യങ്ങൾ എന്നിവ സംബന്ധിച്ച വ്യവസ്ഥകള്‍ രൂപീകരിക്കുക, സുരക്ഷാവകാശം അപകടത്തിലാക്കുന്ന പ്രത്യേക പരിശോധനകൾ, തൊഴിലുടമകൾക്ക് സൗകര്യപ്രദമാകുന്ന വിധത്തിൽ പരിശോധനയ്ക്ക് തല്പരവ്യക്തികളെ നിയമിക്കുക, തൊഴിൽ നിയമ പരിധി 100 തൊഴിലാളികളെന്നത് 300 ആക്കുന്നതിലൂടെ 70% വ്യവസായങ്ങളും പരിധിയിൽ നിന്ന് പുറത്താകുന്ന സ്ഥിതി, ഗണ്യമായ എണ്ണം തൊഴിലാളികളെ പരിധിയിൽ നിന്ന് പുറത്താക്കുകയും ഉടമകൾക്ക് അടിച്ചമർത്താനും ചൂഷണം ചെയ്യാനും വിവേചനാധികാരം നൽകുന്ന വിധത്തിൽ ഫാക്ടറി നിയമത്തിൽ മാറ്റങ്ങൾ വരുത്തുക തുടങ്ങിയ നിരവധി വ്യവസ്ഥകൾ തൊഴിലാളികൾക്കുമേൽ ഭീഷണിയായി നിലനിൽക്കുന്നു.
സ്ഥിരം തൊഴിൽ, തൊഴിൽ നിയമ സംരക്ഷണം എന്നിവ പൂർണമായും ഇല്ലാതാക്കപ്പെടുന്നതും പരിധിയില്ലാത്ത അപ്രന്റീസ്ഷിപ്പും ചൂഷണത്തിന്റെ മറ്റൊരു മാർഗമാണ്. തൊഴിലുടമകളുടെ നിയമലംഘനങ്ങൾ കുറ്റകരമല്ലാതാക്കുമ്പോൾ, യൂണിയൻ നേതാവിനെ കുറ്റവാളിയാക്കാൻ സാധിക്കുന്നു. കരാർ ലൈസൻസ് പരിധി 20ൽ നിന്ന് 50 ആയി വർധിപ്പിക്കാൻ അനുവദിക്കുക വഴി പുറംകരാർ ജോലികളും കരാർവൽക്കരണവും സാധാരണമാക്കുന്നു. നിലവിലുള്ള തസ്തികകളിലേക്ക് നിയമനം നടത്താത്തതും പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിന് നിരോധനമേർപ്പെടുത്തിയതും തൊഴിലില്ലായ്മ വർധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു. സ്ഥിരം നിയമനത്തിന് പകരം വിരമിച്ചവരെ നിയമിക്കുന്ന പ്രവണത വർധിക്കുന്നു തുടങ്ങിയവയും പ്രശ്നങ്ങളുടെ വ്യാപ്തി കൂട്ടുന്നു.
സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന തസ്കികകൾ നികത്തുക, വ്യവസായ, സേവന മേഖലകളിൽ കൂടുതൽ തസ്തികകൾ ഉണ്ടാക്കുക, ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുകയും വേതനം വർധിപ്പിക്കുകയും ചെയ്യുക, നഗരമേഖലയിലും തൊഴിലുറപ്പ് പദ്ധതി ആവിഷ്കരിക്കുക എന്നീ ആവശ്യങ്ങളുമുന്നയിക്കുന്നു.
തൊഴിലിനെയും സാമൂഹ്യ സുരക്ഷയെയും സംബന്ധിച്ച് സർക്കാര്‍ വ്യാജ അവകാശവാദങ്ങൾ ഉന്നയിക്കുകയാണ്. നിലവിലുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികൾ ദുർബലമാക്കുകയും സ്വകാര്യ സംരംഭകരെ കൊണ്ടുവരുന്നതിന് ശ്രമിക്കുകയുമാണ്. ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ജനാധിപത്യ അവകാശങ്ങൾക്കെതിരായ ആക്രമണം കൂടുതൽ ശക്തമായി തുടരുന്നു. കുടിയേറ്റ തൊഴിലാളികളുടെ വോട്ടവകാശം ഇല്ലാതാക്കാൻ ബിഹാറിൽ നടക്കുന്ന ശ്രമം അതിന്റെ ഭാഗമാണ്. എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നതിന് ഭരണഘടനാ സ്ഥാപനങ്ങളുടെ ദുരുപയോഗം വ്യാപകമാണ്. ചില സംസ്ഥാനങ്ങളിൽ ബഹുജന പ്രക്ഷോഭങ്ങളെ നിയന്ത്രിക്കാനും കുറ്റകൃത്യമാക്കാനുമുള്ള നിയമങ്ങൾക്ക് രൂപം നൽകുന്നു. മഹാരാഷ്ട്രയിലെ പൊതുസുരക്ഷാ ബില്ലും ഛത്തീസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ സമാന നിയമനിർമ്മാണങ്ങളും ഇതിന്റെ സൂചനകളാണ്. ഇപ്പോൾ പൗരത്വം ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നു.
ഈ സാഹചര്യത്തിൽ, വരുംദിവസങ്ങളിൽ നടക്കാനിരിക്കുന്ന, നീണ്ടുനിൽക്കുന്ന പോരാട്ടത്തിന്റെ തുടക്കമാണ് ജൂലൈ ഒമ്പതിന്റെ പണിമുടക്ക്. പ്രാദേശികതലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ദൃഢനിശ്ചയത്തോടെയുള്ള ഐക്യ പ്രതിരോധം സൃഷ്ടിക്കുകയും അതിലൂടെ ദേശീയ തലത്തിൽ വൻ പ്രക്ഷോഭങ്ങളും കൂട്ടായ പ്രവർത്തനങ്ങളും വളർത്തിക്കൊണ്ടുവരികയും വിജയകരമായ പരിസമാപ്തിയിൽ എത്തിക്കുകയും ചെയ്യേണ്ട പോരാട്ടത്തിന്റെ തുടക്കം.
Photo Credit: BISWARANJAN ROUT
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.