
തൊണ്ണൂറുകളുടെ തുടക്കത്തിൽ കൊളംബിയൻ എയറോബിക്സ് ഇന്‍സ്ട്രക്ടർ ആയിരുന്ന ആൽബെർട്ടോ പെരെസ് തന്റെ ഒരു ക്ലാസിനിടയിൽ സംഗീത റെക്കോഡിങ്ങുകൾ എടുക്കാൻ മറന്നുപോയ അവസരത്തിൽ ലാറ്റിൻ നൃത്തത്തിന്റെ രണ്ട് രൂപങ്ങളായ സൽസയ്ക്കും മെറെൻഗുവിനും ഉപയോഗിക്കുന്ന സംഗീത റെക്കോർഡിങ്ങുകൾ ഉപയോഗിച്ച് സൃഷ്ടിച്ചെടുത്ത നൃത്തച്ചുവടുകളിൽ നിന്നാണ് സുംബായുടെ ആരംഭം. കൊളംബിയയിൽ നിന്ന് മിയാമിയിലേക്ക് താമസം മാറിയ പെരെസ് തുടർന്ന് പുതിയ രീതിയിലുള്ള വ്യായാമ ക്ലാസുകൾ അമേരിക്കയിൽ സാർവത്രികമാക്കുകയും തന്റെ എയറോബിക്സ് ശൈലിക്ക് ‘സുംബാ’ എന്ന് നാമകരണം ചെയ്യുകയും 2006ൽ സുംബാ ഫിറ്റ്നസ് എൽഎൽസി സ്ഥാപിക്കുകയുമായിരുന്നു. ഇന്ന് 185 രാജ്യങ്ങളിലായി 1,60,000ത്തിലധികം സ്ഥലങ്ങളിൽ ഏകദേശം 14 ദശലക്ഷം ആളുകൾ സുംബാ പ്രാക്ടീഷണർമാരായി പ്രവർത്തിക്കുകയും ലോകമെമ്പാടുമുള്ള അത്രയും ആളുകൾ ഓരോ ആഴ്ചയും കുറഞ്ഞത് ഒരു സുംബാ ക്ലാസെങ്കിലും എടുക്കുകയും ചെയ്യുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. ശരീരത്തിലുടനീളം, പ്രത്യേകിച്ച് പേശികളിലേക്ക് ഓക്സിജൻ അടങ്ങിയ രക്തം പമ്പ് ചെയ്യാൻ ഹൃദയത്തെ പ്രോത്സാഹിപ്പിക്കുന്ന ചലനങ്ങളാണ് എയറോബിക് വ്യായാമത്തിൽ ഉൾപ്പെടുന്നത്. അതോടൊപ്പം ഓർമ്മശക്തിയും, ഏകാഗ്രതയും വർധിപ്പിക്കുകയും തലച്ചോറിലേക്കുള്ള രക്തയോട്ടം ത്വരിതപ്പെടുത്തുകയും, പ്രശ്നപരിഹാര കഴിവുകളും വൈജ്ഞാനിക വഴക്കവും മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ട് വിവിധതരം സമ്മർദത്തെ നേരിടാനും ‘സുംബാ’ വ്യക്തികളെ പ്രാപ്തരാക്കുന്നു. അതുകൊണ്ട് തന്നെയാണ് യുവതലമുറയ്ക്ക് മദ്യത്തോടും മയക്കുമരുന്നുകളോടുമുള്ള ആസക്തി വർധിച്ചുവരുന്ന വർത്തമാന പശ്ചാത്തലത്തിൽ ‘സുംബാ’ നൃത്തം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറായിരിക്കുന്നത്. ‘ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ’ എന്ന പദ്ധതി പ്രകാരം, വിദ്യാർത്ഥികളിലെ അക്രമവാസനയും ലഹരി ഉപയോഗവും ഇല്ലാതാക്കാനും മാനസിക സമ്മർദം കുറയ്ക്കാനുമുള്ള സമഗ്ര കായിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായാണ് നടപടി.
പക്ഷെ അബദ്ധങ്ങൾക്കും വകതിരിവില്ലായ്മയ്ക്കും മത പ്രഭാഷണമെന്ന പേരിട്ട് വൈജ്ഞാനിക രംഗത്ത് മേൽവിലാസമുണ്ടാക്കി വെറുപ്പുകച്ചവടം നടത്താനുള്ള കുടില വ്യഗ്രതയുമായി നടക്കുന്നവർക്ക് ഇതൊക്കെ പഠിക്കാൻ എവിടെ നേരം! വിദ്യാർത്ഥികളുടെ അക്കാദമിക ജീവിതത്തെ പരിപോഷിപ്പിക്കുകയും അവരിലെ പ്രതിലോമചിന്തകളെ നിർമ്മാർജനം ചെയ്ത് ആരോഗ്യകരമായ ജീവിതശൈലി പ്രദാനം ചെയ്യുകയും ചെയ്യുന്ന പ്രായോഗിക പരിശീലനത്തെ അടച്ചാക്ഷേപിച്ചും ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ ഇടകലർന്നുള്ള മത വിരുദ്ധവും അധാർമ്മികവുമായ നൃത്തമെന്ന വ്യാജാരോപണം ഉന്നയിച്ച് കൊണ്ടുമാണ് സുംബായ്ക്കെതിരെ ഇക്കൂട്ടര്‍ രംഗത്തെത്തിയിരിക്കുന്നത്. അരങ്ങിന്റെ അധികാരിയായി പുരുഷനെ മാത്രം പ്രതിഷ്ഠിക്കുന്ന വ്യവസ്ഥാപിതമായി ചിട്ടപ്പെടുത്തിയെടുത്ത പൊതുഘടന സാമൂഹ്യശ്രേണിയിൽ അടിച്ചമർത്തപ്പെടുന്ന സ്ത്രീസമൂഹത്തോട് കാണിക്കുന്ന ചില അരുതുകളുടെയും ആജ്ഞകളുടെയും പ്രത്യക്ഷോദാഹരണമാണ് വിദ്യാർത്ഥികളിൽ ശാരീരിക ക്ഷമതയും മാനസികാരോഗ്യവും ഉറപ്പാക്കാൻ സ്കൂളുകളിൽ ആരംഭിക്കുന്ന സുംബാ ഡാൻസ് പാഠ്യപദ്ധതി വിമർശനത്തിലൂടെ ചിലർ പ്രകടിപ്പിക്കുന്നത്. ആണും പെണ്ണും ഇടകലരുന്നതിൽ തന്നെയാണ് പ്രഥമമായും പ്രധാനമായും ഇക്കൂട്ടർ ആശങ്ക പ്രകടിപ്പിക്കുന്നത്. മതങ്ങൾക്ക് ബോധനം നൽകുവാനും മതശാസനകളെ ഉയർത്തിപ്പിടിച്ച് വിലക്കുകൾ കല്പിക്കാനുമുള്ള അധികാരങ്ങൾ സ്ത്രീക്കുമേല്‍ മാത്രം കേന്ദ്രീകരിക്കപ്പെടുന്നത് ഇതാദ്യമായല്ല നാം കാണുന്നത്.
മലപ്പുറത്ത് സാമൂഹ്യ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പെൺകുട്ടികളേർപ്പെട്ട ഫ്ലാഷ് മോബിനെ “പെണ്ണേ, അനക്ക് സ്വർഗത്തിൽ പോണ്ടേ” എന്ന സാരോപദേശത്തിലൂടെ നേരിട്ടവർക്ക് ഏതാനും വർഷങ്ങൾക്ക് മുമ്പ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട വനിതാ സ്ഥാനാർത്ഥിയുടെ കോലം കെട്ടി ചില പുരുഷ കേസരികൾ നടത്തിയ പ്രബുദ്ധ കേരളത്തെ ലജ്ജിപ്പിച്ച സംസ്കാരരാഹിത്യം ചർച്ചയ്ക്കെടുക്കണമെന്ന് തോന്നിയതേ ഇല്ല. ഫ്ലാഷ് മോബ് തന്നെ അതിന് മുമ്പും പിമ്പും സമുദായാംഗങ്ങളായ എത്രയോ ആൺകുട്ടികൾ അവതരിപ്പിച്ചിട്ടുണ്ട്. അന്നൊന്നും പുറത്തുവരാത്ത ജാഗ്രത പെൺകുട്ടികൾ ഉൾപ്പെടുന്ന വിഷയങ്ങളിൽ മാത്രം സജീവമാകുന്നതിന്റെ പിന്നിലെ ചേതോവികാരം അടിച്ചമർത്തുവാനും അടക്കി ഭരിക്കുവാനുമുള്ള ഉപകരണമെന്ന നിലയിലുള്ള ആധിപത്യ സമൂഹത്തിന്റെ വ്യഗ്രത തന്നെയാണ്. 1986ലെ ഷാബാനു കേസിനെത്തുടർന്നുണ്ടായ ശരീഅത്ത് വിവാദ പശ്ചാത്തലത്തിൽ ഉയർന്നു കേട്ട ‘ഒന്നും കെട്ടും രണ്ടും കെട്ടും വേണ്ടി വന്നാൽ ഇഎംഎസിന്റോളേം കെട്ടും മോളേം കെട്ടു‘മെന്ന അത്യന്തം സ്ത്രീവിരുദ്ധവും ആഭാസകരവുമായ മുദ്രാവാക്യത്തോട് പോലും പലരും അന്ന് മൗനം പാലിച്ചതും മതബോധനങ്ങൾ ഒരു വിഭാഗത്തിന്റെ ആധിപത്യത്തിനും മറു വിഭാഗത്തിന്റെ അധഃസ്ഥിതത്വത്തിനും കാരണമാകുന്നതിന്റെ മറ്റൊരുദാഹരണമാണ്. ഇനി മതത്തെ മാറ്റിനിർത്തിയാലും ഓരോ പൗരനും ജനാധിപത്യ രാജ്യത്ത് വ്യക്തി സ്വാതന്ത്ര്യം ഇല്ലേ? തങ്ങളുടെ ജീവിതത്തെ വിലയിരുത്തേണ്ടതിന്റെയും അതിന്റെ ഗുണദോഷ വശങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതിന്റെയും ആവശ്യവും അധികാരവും പ്രഥമമായി ആ വ്യക്തിയിൽ നിക്ഷിപ്തമാണെന്നിരിക്കെ അന്യരുടെ ഇഷ്ടാനിഷ്ടങ്ങളിൽ എന്തിനാണ് അന്യായമായി കൈകടത്തുന്നത്? പുരോഗമനവിരോധികളായ പൗരോഹിത്യവൃന്ദത്തോട് കലഹിക്കുന്ന ഉത്പതിഷ്ണുക്കളായ മതപണ്ഡിതന്മാരെ കാലഘട്ടം ആഗ്രഹിക്കുന്നുണ്ട് എന്ന് കൂടി ഈയവസരത്തിൽ പറയാൻ ആഗ്രഹിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.