8 January 2025, Wednesday
KSFE Galaxy Chits Banner 2

മോഡാനി കൈയ്യേറിയ ഇന്ത്യ

ജയ്സണ്‍ ജോസഫ്
November 28, 2024 4:17 am

അഞ്ച് ലക്ഷം കോടിയുടെ സമ്പദ്‌വ്യവസ്ഥയായി 2025ഓടെ രാജ്യം ഉയരുമെന്നാണ് കേന്ദ്രഭരണകൂടം പ്രചരിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ്‌വ്യവസ്ഥയെന്ന് ഘോഷിക്കുന്ന ഇന്ത്യ ആഗോള മാനവിക വികസന സൂചികയിൽ ആകെയുള്ള 191 രാജ്യങ്ങളിൽ 132-ാം സ്ഥാനത്തേക്ക് ചുരുങ്ങിയിരിക്കുന്നു. രണ്ടു പതിറ്റാണ്ടിനിടെ 4,00,000ത്തിലേറെ കർഷകർ ആത്മഹത്യ ചെയ്തു. സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ കടന്ന് പോയൊരു രാജ്യം 1921ന് ശേഷമുള്ള ഏറ്റവും വലിയ അസമത്വനിലയിലെത്തിയിരിക്കുന്നു. ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ഇപ്പോൾ 107 ആണ്. എത്യോപ്യ, റുവാണ്ട തുടങ്ങി ദാരിദ്ര്യവശാൽ കുപ്രസിദ്ധമായ രാജ്യങ്ങൾ പോലും ഇന്ത്യയെക്കാൾ മെച്ചപ്പെട്ട നിലയിലാണ്. പക്ഷേ ഫോബ്സ് പട്ടിക പ്രകാരം ഇന്ത്യയിലെ മഹാകോടീശ്വന്മാരുടെ എണ്ണം ജപ്പാനിലെയും കാനഡയിലെയും ഒരുമിച്ചുള്ള എണ്ണത്തെയും കവിഞ്ഞിരിക്കുന്നു. ഇന്ത്യൻ അസമത്വത്തിന്റെ വർത്തമാനകാല നില എന്തെന്ന് ഈ കണക്കുകളിൽ കാണാം. 1993ൽ ഇന്ത്യയിൽ മഹാകോടീശ്വരന്മായി ആരും ഉണ്ടായിരുന്നില്ല. ആഗോളവൽക്കരണ നയങ്ങൾ സ്വീകരിച്ച് ഒരു കൊല്ലം കഴിഞ്ഞ പാടെ മൂന്ന് മഹാകോടീശ്വന്മാർ രൂപപ്പെട്ടു. 2013ൽ അത് 56 ആയി. 2023ൽ അത് 166ലേക്കെത്തി നിൽക്കുന്നു. 10 കൊല്ലത്തെ മോഡി വാഴ്ച 110 മഹാകോടീശ്വരന്മാരെയാണ് അധികമായി സൃഷ്ടിച്ചത്. സൂചികകളുടെ കാര്യത്തിൽ വിദേശരാജ്യങ്ങൾ കള്ളം പറയുകയാണ് എന്നാണ് ഭരണപക്ഷത്തിന്റെ ആരോപണം. എന്നാൽ വൈദേശികമായ ഫോബ്സിന്റെ കണക്കുകളെ ആരും ചോദ്യം ചെയ്യുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഗൗതം അഡാനിയും തമ്മിലുള്ള ഇഴചേർച്ച പോലെ ഒരു പ്രധാനമന്ത്രിയും വ്യവസായിയും തമ്മിലുള്ള ബന്ധം രാഷ്ട്രീയ വ്യവഹാരത്തിൽ ആധിപത്യം സ്ഥാപിച്ചത് രാജ്യചരിത്രത്തിൽ മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. മോഡി അഡാനിക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് സൂചിപ്പിക്കാനുള്ള മോഡാനി (മോഡിയും അഡാനിയും ചേര്‍ന്ന്) പ്രയോഗം അന്വർത്ഥമാണ്. “മോദി-അദാനി ഭായ്-ഭായ്/ദേശ് ബെച്ച് കെ ഖായേ മലൈ” — പോലുള്ള മുദ്രാവാക്യങ്ങൾ കാലങ്ങളായി ബജറ്റ് സമ്മേളനങ്ങളിലടക്കം പാർലമെന്റിൽ ഉയരുന്നുമുണ്ട്. ഇതെല്ലാം അഡാനി ഗ്രൂപ്പിന്റെ അധാർമ്മിക വഴികളിലേക്ക് ആഗോള ശ്രദ്ധ ആകർഷിച്ച അമേരിക്കൻ കോടതിയുടെ കുറ്റപത്രത്തിന് എത്രയോ മുമ്പാണ്. 

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ മോഡി — അഡാനി അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും ആ ധാരണ തകർക്കാൻ മോഡിയെപ്പോലുള്ള കൗശലക്കാരനായ രാഷ്ട്രീയക്കാരൻ ഒരിക്കലും ശ്രമിച്ചില്ല എന്നത് അതിശയിപ്പിക്കുന്നതാണ്. മോഡി മഹത്തായ ഭരണാധികാരിയും പരിഷ്കർത്താവും എന്നു ചിത്രീകരിച്ചുള്ള പ്രതിച്ഛായ വളർത്തിയെടുക്കാൻ അഡാനി ഗ്രൂപ്പ് രാജ്യത്തുടനീളം പ്രവർത്തിച്ചപ്പോൾ, അഡാനിയുടെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കായി ഗുജറാത്തിൽ ഒരു ചതുരശ്ര മീറ്ററിന് ഒന്ന് മുതൽ 32 രൂപ മാത്രം വിലയിൽ ഭൂമി നൽകി മോഡി. അത് 2014ന് മുമ്പുള്ള കാലം.
2014ൽ അഡാനിയുടെ ആസ്തി 2.8 ദശലക്ഷം ഡോളറായി. ഫോബ്സിന്റെ പട്ടികയിൽ ഇന്ത്യയിലെ 11-ാമത്തെ ധനികനായി. വഴിവിട്ടുള്ള രാഷ്ട്രീയ പ്രീണനത്തെക്കുറിച്ചുള്ള രാഷ്ട്രീയ വിമർശനങ്ങൾ ഒരു വഴിയെ പോയി. 2022 ഏപ്രിലിൽ 90 ദശലക്ഷം ഡോളറുമായി അഡാനി ലോകത്തിലെ ഏറ്റവും ധനികനായ രണ്ടാമത്തെ വ്യക്തിയായി. തന്റെ സുഹൃത്ത് അഡാനിയെ ഇന്ത്യയിലും വിദേശത്തും സമ്പന്നനാക്കാൻ മോഡി, പ്രധാനമന്ത്രിയുടെ ഓഫിസ് ഉപയോഗിക്കുന്നുവെന്ന് പ്രതിപക്ഷ പാർട്ടികളും ഏതാനും മാധ്യമങ്ങളും വിളിച്ചുപറഞ്ഞു. അഡാനി ഗ്രൂപ്പ് “ഏറ്റവും വലിയ അഴിമതി” എന്നാരോപിച്ച് യുഎസ് ആസ്ഥാനമായുള്ള ഷോർട്ട് സെല്ലിങ് സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് പുറത്തുകൊണ്ടുവന്ന റിപ്പോർട്ട് കോർപറേറ്റ് ചരിത്രത്തിൽ ആദ്യമായിരുന്നു. ‘മോഡാനി’ മുദ്രാവാക്യങ്ങളോട് മോഡി ഭരണകൂടം മുഖംതിരിഞ്ഞുതന്നെ തുടർന്നു. 

പാർലമെന്റിൽ സംവാദങ്ങൾ അനുവദിച്ചില്ല. മോഡി — അഡാനി ബന്ധങ്ങളെ കുറിച്ചുള്ള പ്രതിപക്ഷ നേതാക്കളുടെ വിമർശനാത്മക പരാമർശങ്ങൾ രേഖകളിൽ നിന്ന് നീക്കം ചെയ്തു. മോഡാനിയെക്കുറിച്ചും നിഗൂഢമായ പ്രവർത്തനങ്ങളെക്കുറിച്ചും തുറന്നെഴുതുന്ന മാധ്യമപ്രവർത്തകരെ വേട്ടയാടി. അഡാനി വിഷയത്തിൽ പ്രതിപക്ഷം നൂറ് ചോദ്യങ്ങൾ ചോദിച്ചു. തെറ്റായ നടപടികളുടെയും നിയമലംഘനത്തിന്റെയും വ്യക്തമായ തെളിവുകൾ നിരത്തി. എന്നാൽ സർക്കാർ ഏല്ലാ അന്വേഷണങ്ങൾക്കു നേരെയും കതക് വലിച്ചടച്ചു. സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണം വേണമെന്ന ആവശ്യം തള്ളിയതോടെ ഒട്ടേറെ കാര്യങ്ങൾ ഭരണകൂടത്തിന് മറച്ചുവയ്ക്കാനുണ്ടെന്ന സംശയം ബലപ്പെട്ടു. ആരോപണങ്ങളോട് പ്രതികരിക്കാൻ മോഡി ശ്രമിച്ചതേയില്ല. ചില കേസുകളിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം മന്ദഗതിയിലായി. ഗുരുതരമായ ആരോപണങ്ങൾ പെരുകുന്നതിനിടെയിലും അഡാനിയുടെ കച്ചവടം തഴച്ചുവളർന്നു.
ഒരു പ്രധാനമന്ത്രിയും ഇത്രയും നിസംഗതയോടെ തന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറിയിട്ടില്ല. മോഡാനി ആരോപണങ്ങൾ അവഗണിക്കാൻ ആവാത്തത്ര ഗുരുതരമായിരുന്നു. ലോകമെമ്പാടും തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, വൈദ്യുതി, ഖനനം, അടിസ്ഥാന സൗകര്യങ്ങൾ, പ്രതിരോധം എന്നിവയിൽ തന്റെ ബിസിനസ് താല്പര്യങ്ങൾ വികസിപ്പിക്കാൻ അഡാനിയെ സഹായിക്കാൻ മോഡി തന്റെ ഓഫിസ് ഉപയോഗിച്ചു. ഇന്ത്യയുടെ നയതന്ത്ര ശക്തി ഉപയോഗിച്ചു. പ്രധാനമന്ത്രി പോകുന്നിടത്തെല്ലാം കോർപറേറ്റ് ഹൗസിനുള്ള പദ്ധതികളും കരാറുകളും പിന്തുടർന്നു. യുഎസിനു മുമ്പ്, ശ്രീലങ്ക, ബംഗ്ലാദേശ്, കെനിയ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടെങ്കിലും ഈ രംഗത്ത് വിമർശനങ്ങളുടെ മഞ്ഞുമലകളെ മോഡി അവഗണിച്ചു.
ഒരു ലങ്കൻ ഉദ്യോഗസ്ഥൻ പാർലമെന്ററി കമ്മിറ്റിക്ക് മുമ്പാകെ മൊഴിനൽകിയിട്ടും മോഡിക്ക് രാഷ്ട്രീയമായി ഒന്നും നേരിടേണ്ടി വന്നില്ല എന്നതും ലോകത്തെ അമ്പരപ്പിച്ചു. രാജ്യത്തിന്റെ ജനാധിപത്യ ബോധത്തിൽ ഒട്ടേറെ ചോദ്യങ്ങളുയർന്നു. കാറ്റിൽ നിന്നുള്ള വൈദ്യുതി പദ്ധതി അഡാനിക്ക് നൽകാൻ മോഡി അക്കാല ശ്രീലങ്കൻ പ്രസിഡന്റിന്മേൽ സമ്മർദം ചെലുത്തി എന്നതായിരുന്നു ആരോപണം. നിലവിലെ ശ്രീലങ്കൻ ഭരണകൂടം ഈ കരാർ പുനഃപരിശോധിക്കുകയാണ്. കെനിയയിൽ, അഡാനിയുമായി ബന്ധപ്പെട്ട എല്ലാ കരാറുകളും റദ്ദാക്കി. പക്ഷെ, അഡാനിയെ തങ്ങൾക്ക് മോഡിയാണ് പരിചയപ്പെടുത്തിയതെന്ന് സർക്കാർ ഔദ്യോഗികമായി സമ്മതിച്ചു. ബംഗ്ലാദേശിൽ, വൈദ്യുതി പ്രസരണ കരാർ അന്യായമാണെന്ന് പരക്കെ വിശേഷിപ്പിക്കപ്പെടുന്നു. ബംഗ്ലാദേശിൽ മാത്രമല്ല പവർ പ്ലാന്റ് സ്ഥാപിച്ച ഝാർഖണ്ഡിലും പ്രതിഷേധം ശക്തമായിരുന്നു. ഇസ്രയേലുമായുള്ള അഡാനിയുടെ പ്രതിരോധ കരാറും പ്രഹസനമാണെന്ന് ആക്ഷേപമുയർന്നു. കാരണം നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും നടന്നതേയില്ല. 

മോഡി വാഴ്ചയിൽ 3400 ശതമാനം അധികം വളർന്ന അഡാനിയുടെ ആസ്തി 13,420 കോടി ഡോളറായി മാറിയിരിക്കുന്നു. എലോൺ മസ്കിന് കൂടി ഇക്കാലത്ത് 1000 ശതമാനം വളർച്ച മാത്രമാണ് സാധ്യമായത്. ഗൗതം അഡാനി കൂമ്പാരം കൂട്ടുന്ന സമ്പത്ത് എവിടെയാണ് കേന്ദ്രീകരിക്കപ്പെടുന്നത് എന്നത് കഴി‍‍ഞ്ഞ ഹിഡൻബർഗ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. അഡാനി ഗ്രൂപ്പില്‍ കാര്യങ്ങൾ കുഴപ്പത്തിലായതോടെ ഇന്ത്യൻ ഭരണകൂടം പൊതുമേഖലാ സ്ഥാപനങ്ങൾ വഴി കൂടുതൽ പണം എത്തിച്ചുകൊടുത്തു.
ബാങ്ക് ഓഫ് മഹാരാഷ്ട്ര ഏറ്റവും ദരിദ്രരായ കർഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും ഇടത്തരം ഉദ്യോഗസ്ഥരുടെയും ബാങ്കാണ്. ആ ബാങ്കിലെ ചില ഉന്നതോദ്യോഗസ്ഥരുടെ ഒത്താശയോടെ കനത്തൊരു തുക വായ്പയെടുക്കാൻ കിങ്ഫിഷർ പരിശ്രമിച്ചു. 150 കോടിയോളം അവർ നേടുകയും ചെയ്തിരുന്നു. അതൊരു തട്ടിപ്പായിരുന്നു. മഹാരാഷ്ട്രയിലെ കർഷകലക്ഷങ്ങളുടെയും ഇടത്തരം തൊഴിലാളികളുടെയും ബാങ്ക് അതിന്റെ യഥാർത്ഥ ഉടമസ്ഥരായ ജനങ്ങളറിയാതെ സമർത്ഥമായ് കൊള്ളയടിക്കപ്പെടുകയായിരുന്നു. അതേ ബാങ്കിൽ ക്ലറിക്കൽ കേഡറിൽ ജോലിയെടുക്കുന്ന ഒരു ഉദ്യോഗസ്ഥൻ, ദേവിദാസ് തുൽജാപുർകർ കിങ്ഫിഷർ വായ്പയിലെ അനീതിയുടെ പ്രശ്നം ശരിയായ രേഖകളുടെ അടിസ്ഥാനത്തിൽ വിശദീകരിച്ചതും വാര്‍ത്തയായതും പ്രശസ്ത മാധ്യമ പ്രവർത്തകൻ പി സായ്‌നാഥ് ഓൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ദേശീയ സമ്മേളനത്തിൽ അവതരിപ്പിച്ചിരുന്നു. സായ് നാഥിന്റെ ലേഖനം പുറത്തുവന്നതിന് ശേഷം കിങ്ഫിഷറിന് പൊതുപണത്തിൽ നിന്നും ഒരു ചില്ലിക്കാശ് പോലും വായ്പ വഴി ലഭിച്ചില്ല. അധികം വൈകാതെ മല്യ ഇന്ത്യ വിട്ട് ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. മറാത്ത കർഷകരുടെ വിയർപ്പ് വറ്റിച്ച പണം കൊണ്ട് മേഫെയറിലെ ആഡംബരഫ്ലാറ്റിൽ മല്യ സസുഖം വാഴുന്നു. മല്യയെ തിരിച്ച് കൊണ്ടുവരാന്‍ ഇന്ത്യൻ സർക്കാരിനും കഴിഞ്ഞിട്ടില്ല. 

വിജയ് മല്യയെ പോലെ ഗൗതം അഡാനിയും രാജ്യം വിടുമോ? ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ എക്സിലെ കുറിപ്പ് അവഗണിക്കാമോ. സ്വിറ്റ്സർലൻഡിൽ ഗൗതം അഡാനി വീട് വച്ചുകൊണ്ടിരിക്കുകയാണെന്നും തന്റെ സഹോദരനെ ദുബായിയിൽ പാർപ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ കുറിപ്പ്. വിദേശത്തേക്ക് പണം മാറ്റാനാണ് ശ്രമിക്കുന്നതെന്ന് ആരോപിച്ച ഗൗതം അഡാനിയെ ട്രപ്പീസ് കളിക്കാരനാണെന്നാണ് അദ്ദേഹം ട്വീറ്റിൽ വിശേഷിപ്പിച്ചിരിക്കുന്നത്.
“ഒരു പ്രവാസിയിൽ നിന്ന് ലഭിച്ച വിവരമാണ്, അഡാനി സ്വിറ്റ്സർലന്റിൽ വീട് വച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ അല്ല, എന്തുകൊണ്ട്? അഡാനി ഒരു സഹോദരനെ ദുബായിൽ താമസിപ്പിച്ചിരിക്കുകയാണ്. പാക് പൗരനായ ബസർ ഷെയുബുമായി ചേർന്നാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. പണം പതുക്കെ വിദേശത്തേക്ക് മാറ്റുന്നു. അദ്ദേഹത്തിന് ഇന്ത്യ പരിഗണനയിലില്ല, ട്രപ്പീസ് കളിക്കാരൻ”, എന്ന് സുബ്രഹ്മണ്യൻ സ്വാമി എക്സിൽ കുറിച്ചു. സൗരോർജ കരാറുകൾ നേടാനായി ഇന്ത്യൻ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർക്ക് 250 ദശലക്ഷം ഡോളർ (ഏകദേശം 2,100 കോടി രൂപ) കൈക്കൂലി കൊടുത്തുവെന്ന യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെയും യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മിഷന്റെയും ആരോപണങ്ങളാണ് ഒടുവിൽ അ‍‍ഡാനി ഗ്രൂപ്പിനെ കുരുക്കിയിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി കരാർ സ്വന്തമാക്കി, യുഎസ് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച് മൂലധന സമാഹരണം നടത്തി തുടങ്ങിയ ആരോപണങ്ങളിന്മേൽ അഴിമതി, വഞ്ചന, ക്രിമിനൽ ഗൂഢാലോചന കുറ്റങ്ങളാണ് അഡാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അ‍ഡാനി ഉൾപ്പെടെയുള്ളവർക്കെതിരെ ചാർത്തിയിരിക്കുന്നത്. ഗൗതം അഡാനിക്കും അനന്തരവനും അഡാനി ഗ്രീൻ എനർജി എക്സിക്യുട്ടീവുമായ സാഗർ അഡാനിക്കുമെതിരെ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്. 

ആരോപണങ്ങളെ തുടർന്ന് ഗൗതം അഡാനിയുടെ ആസ്തിയിൽ നിന്ന് ഒലിച്ചുപോയത് ഒരുലക്ഷം കോടിയിലേറെ രൂപയാണ്. ഫോബ്സിന്റെ ആഗോള ശതകോടീശ്വര പട്ടികയിൽ 25-ാം സ്ഥാനത്തേക്ക് വീണ അദ്ദേഹത്തിന്റെ നിലവിലെ ആസ്തി 5,570 കോടി ഡോളറാണ് (4.86 ലക്ഷം കോടി രൂപ). ആരോപണങ്ങളെത്തുടർന്ന് ഇടിഞ്ഞത് 1,240 കോടി ഡോളർ (1.04 ലക്ഷം കോടി രൂപ). 22-ാം റാങ്കിൽ നിന്നാണ് വീഴ്ച. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് പിന്നിലായി ഏഷ്യയിലെയും ഇന്ത്യയിലെയും രണ്ടാമത്തെ വലിയ സമ്പന്നനാണ് ഗൗതം അഡാനി.
ഹിൻഡൻബർഗ് ആരോപണങ്ങളുടെ കാലത്തെ സമാനമായ വീഴ്ചയാണ് നിലവിലുണ്ടായത്. 2023 ജനുവരിയിൽ ഹിൻഡൻബർഗ് ആരോപണശരങ്ങൾ വന്നതിന് പിന്നാലെ അഡാനി ഗ്രൂപ്പ് കമ്പനികളുടെ സംയോജിതമൂല്യത്തിൽ നിന്ന് 15,000 കോടി ഡോളറും (ഏകദേശം 12 ലക്ഷം കോടി രൂപ) ഗൗതം അഡാനിയുടെ ആസ്തിയിൽ നിന്ന് ഒരു മാസത്തിനിടെ 8,000 കോടി ഡോളറും ഇടിഞ്ഞിരുന്നു. 2024ന്റെ തുടക്കത്തിൽ 10,000 കോടി ഡോളറിലേറെ (8.3 ലക്ഷം കോടി രൂപയിലധികം) ആസ്തിയുമായി ലോകത്തെ 100 ബില്യൺ ഡോളർ ക്ലബ്ബിലും അഡാനിയുണ്ടായിരുന്നു. ആ നിലയിൽ നിന്നാണ് നിലവിലെ വീഴ്ച. കര കയറ്റാൻ വലിയവായിൽ ധാർമ്മികത പറയുന്ന മോഡിയുടെ കരമെങ്ങനെ ഇടപെടുമെന്നാണ് ലോകം കൗതുകത്തോടെ കാത്തിരിക്കുന്നത്. 

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.