5 November 2024, Tuesday
KSFE Galaxy Chits Banner 2

മോഡി ഭരണവും പാർലമെന്റും ഒരവലോകനം

ബെന്‍സി മോഹന്‍ ജി
February 16, 2024 4:45 am

കേന്ദ്രത്തിന്റെ ഇടക്കാല ബജറ്റ് അവതരണത്തോടെ 17-ാം ലോക്‌സഭയുടെ അവസാനത്തെ സമ്മേളനവും കഴിഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തെ പാർലമെന്റിന്റെ പ്രവർത്തനങ്ങളെ ഒന്ന് അവലോകനം ചെയ്തു നോക്കുന്നത് നന്നായിരിക്കും. ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് ലോക്‌സഭയും രാജ്യസഭയും അടങ്ങുന്ന പാർലമെന്റ്. ആ പാർലമെന്റ് വർഷങ്ങളായി പ്രവർത്തിച്ച കെട്ടിടം ഉപേക്ഷിച്ച് പുതിയ കെട്ടിടത്തിലേക്ക് കൂടുമാറിയത് ഈ ലോക്‌സഭയുടെ കാലത്താണ്. ഈ ലോക്‌സഭയിൽ അഞ്ചു വർഷവും ഡെപ്യൂട്ടി സ്പീക്കർ ഇല്ലായിരുന്നു. ഭൂരിപക്ഷമുണ്ടായിട്ടും ബിജെപി ഡെപ്യൂട്ടി സ്പീക്കറായി ആരെയും നിയമിച്ചില്ല. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 93 പ്രകാരമാണ് സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ എന്നിവരെ തെരഞ്ഞെടുക്കുന്നത്. ഈ നിബന്ധനയാണ് കഴിഞ്ഞ അഞ്ചുവർഷവും ലംഘിക്കപ്പെട്ടത്. ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കുറവ് തവണ സിറ്റിങ് നടത്തിയ ലോക്‌സഭ എന്ന ചീത്തപ്പേരോടെയാണ് 17-ാം ലോക്‌സഭ പിരിഞ്ഞത്. അഞ്ച് വർഷത്തിനുള്ളിൽ 278 ദിവസം മാത്രമാണ് സഭ സമ്മേളിച്ചത്. ഒരു വര്‍ഷം ശരാശരി 56 ദിവസങ്ങൾ. 16-ാം ലോക്‌സഭ 331 ദിവസവും, യുപിഎ കാലത്തെ 15ഉം 14ഉം സഭകൾ യഥാക്രമം 332, 356 ദിവസങ്ങളും സമ്മേളിച്ചിരുന്നു. സഭാ സമ്മേളനങ്ങൾ കുറഞ്ഞത് മാത്രമല്ല, നിയമനിർമ്മാണത്തിലും ഈ സഭ പിന്നിലായിരുന്നു. നിയമനിർമ്മാണത്തിന് പകരം ചർച്ച പോലുമില്ലാതെ ഓർഡിനൻസുകൾ പാസാക്കുകയായിരുന്നു സർക്കാരിന്റെ മുഖ്യ പ്രവർത്തനം.
ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ ആദ്യമായി പാർലമെന്റിനുള്ളിൽ പുകബോംബ് കൊണ്ടുള്ള ആക്രമണവും പ്രതിഷേധവും നടന്നത് ഈ സഭാകാലത്താണ്. 2001ൽ വാജ്പേയി നയിച്ച ബിജെപി സർക്കാരിന്റെ കാലത്ത് ഇന്ത്യൻ പാർലമെന്റിലേക്ക് ഭീകരർ ആക്രമണം നടത്തിയെങ്കിലും, അവർക്ക് കെട്ടിടത്തിനുള്ളിൽ കയറാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ 2023 ഡിസംബർ 13ന് കർണാടകത്തിലെ ബിജെപി എംപിയുടെ ശുപാർശയിൽ സന്ദര്‍ശകപാസുമായി വന്ന രണ്ടു ചെറുപ്പക്കാർ, സഭയ്ക്കുള്ളിൽ പുകബോംബുകൾ പൊട്ടിച്ചു, സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയുണ്ടായി. രണ്ടു ചെറുപ്പക്കാർ പാർലമെന്റ് കെട്ടിടത്തിന് പുറത്തും മുദ്രാവാക്യങ്ങൾ ഉയർത്തി പ്രതിഷേധിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് ആകെ ആറ് പേരാണ് അറസ്റ്റിലായത്. “ആക്രമണത്തിന് അയച്ചത് പ്രതിപക്ഷ നേതാക്കളാണ് എന്ന കള്ളമൊഴി കൊടുക്കണം” എന്നാവശ്യപ്പെട്ട് തങ്ങളെ ഡൽഹി പൊലീസ് ക്രൂരമായി പീഡിപ്പിച്ചതായി പ്രതികൾ കോടതിയിൽ മൊഴികൊടുത്തത് വിവാദമായിരുന്നു.

 


ഇതുകൂടി വായിക്കൂ:ഭാരത ‌രത്നയുടെ സങ്കുചിത വോട്ട് രാഷ്ട്രീയം


പാർലമെന്റ് ആക്രമണത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത്ഷാ സഭയിൽ പ്രസ്താവന നടത്തണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും മോഡി സർക്കാർ വഴങ്ങിയില്ല. പ്രതിഷേധിച്ച 146 പ്രതിപക്ഷ എംപിമാരെ ഒറ്റയടിക്ക് സസ്പെൻഡ് ചെയ്തു. ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ ആദ്യമായി, ഒറ്റയടിക്ക് ഇത്രയധികം എംപിമാരെ സസ്പെൻഡ് ചെയ്ത കറുത്ത റെക്കോഡും ഈ ലോക്‌സഭ നേടി. 2023ലെ ശീതകാല സമ്മേളനത്തിലായിരുന്നു കേന്ദ്രസർക്കാർ ജനാധിപത്യത്തെ ഇങ്ങനെ കൂട്ടക്കൊല ചെയ്തത്. പാർലമെന്ററി പ്രവർത്തനത്തിന്റെ ഭാഗമായി ഓരോ ബില്ലും വിശദമായ ചർച്ചകൾക്കുശേഷമേ പാസാക്കാൻ പാടുള്ളൂ എന്നാണ് ചട്ടങ്ങൾ. ചർച്ചകളിൽ വ്യക്തത വന്നില്ലെങ്കിൽ ബില്ലുകൾ പാർലമെന്ററി സമിതികളിലേക്ക് അയച്ച് വിശദമായ പരിശോധന നടത്തണം. എന്നാൽ നിർഭാഗ്യവശാൽ, സഭയിൽ ചർച്ചകൾ നടത്തുന്നതിനോടും, ബില്ല് പാസാക്കുന്നതിന്റെ നടപടിക്രമങ്ങൾ പാലിക്കുന്നതിനോടും വെറുപ്പുള്ള പോലെയായിരുന്നു മോഡി സർക്കാർ കഴിഞ്ഞ അഞ്ചുവർഷവും പ്രവർത്തിച്ചത്. 2020 മൺസൂൺ സെഷനിൽ കാർഷിക നിയമങ്ങളെക്കുറിച്ച് വലിയ പ്രതിഷേധം നടക്കുന്ന സമയമായിരുന്നു. രണ്ടു ദിവസം കൊണ്ട് 15 ബില്ലുകളാണ് ആ സമ്മേളനത്തിൽ ചർച്ചകളില്ലാതെ സർക്കാർ പാസാക്കിയത്.
2021 വര്‍ഷകാല സമ്മേളനത്തിൽ, ഇസ്രയേലിൽ നിന്നും വാങ്ങിയ പെഗാസസ് എന്ന ചാരസോഫ്റ്റ്‌വേർ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളുടെയും, സർക്കാരിനെതിരെ നിലപാടെടുക്കുന്ന മാധ്യമപ്രവര്‍ത്തകരുടെയും പൊതുപ്രവർത്തകരുടെയും ഫോൺ സർക്കാർ ചോർത്തിയെന്ന ഗുരുതരമായ ആരോപണത്തെക്കുറിച്ച് പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടു. എന്നാല്‍ സർക്കാർ വഴങ്ങിയില്ല. പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയ തക്കംനോക്കി 18 ബില്ലുകളാണ് മോഡി സർക്കാർ പാസാക്കിയത്. ഒരു ബില്ല് പാസാക്കാൻ കൂടിവന്നാൽ 15 മിനിറ്റ് മാത്രമാണ് എടുത്തത്.  2023 വര്‍ഷകാല സമ്മേളനത്തിൽ, വളരെ നിർണായകമായ ഏഴ് ബില്ലുകൾ പാസാക്കാൻ സഭ ചെലവഴിച്ചത് ശരാശരി 21 മിനിറ്റുകൾ മാത്രമാണ്. വനസംരക്ഷണ നിയമഭേദഗതി പോലൊരു നിർണായക നിയമം വെറും 33 മിനുറ്റുകള്‍കൊണ്ടാണ് ലോക്‌സഭ പാസാക്കിയത്. രണ്ടാം യുപിഎ ഭരണകാലത്ത് (2009–14) ചർച്ചകൾക്കുശേഷം 71ശതമാനം ബില്ലുകളും വിശദമായ പരിശോധനയ്ക്ക് പാർലമെന്റിന്റെ സ്റ്റാന്റിങ് കമ്മിറ്റികളിലേക്ക് അയയ്ക്കുകയുണ്ടായി. മോഡി ഭരണകാലത്ത് അത് വെറും 16ശതമാനം മാത്രമായി ചുരുങ്ങി.

ഭൂമിയേറ്റെടുക്കൽ നിയമഭേദഗതി, പൗരത്വ നിയമഭേദഗതി, വ്യക്തിവിവര സംരക്ഷണനിയമം, വനസംരക്ഷണ നിയമഭേദഗതി, ജൈവവൈവിധ്യ നിയമഭേദഗതി എന്നിങ്ങനെ വിവാദമുണ്ടായ ബില്ലുകളെല്ലാം സ്റ്റാന്റിങ് കമ്മിറ്റികള്‍ക്ക് അയയ്ക്കുന്നതിന് പകരം, ജോയിന്റ് പാർലമെന്റ് കമ്മിറ്റി (ജെപിസി) യിലേക്ക് വിടുകയാണ് മോഡി സർക്കാർ ചെയ്തത്. ജെപിസിയിലെ അംഗങ്ങള്‍ ആരൊക്കെയാകണമെന്ന് സർക്കാരിന് സ്വന്തം ഇഷ്ടപ്രകാരം തീരുമാനിക്കാം. സ്റ്റാന്റിങ് കമ്മിറ്റികളിലാണെങ്കില്‍ പ്രതിപക്ഷ എംപിമാരും അധ്യക്ഷസ്ഥാനത്ത് ഉണ്ടാകാം. അതിനാലാണ് സ്റ്റാന്റിങ് കമ്മിറ്റികളോട് സർക്കാർ ഈ അയിത്തം കാണിച്ചത്. തങ്ങൾക്ക് നേരെ വരുന്ന ചോദ്യങ്ങളെ വെറുത്തിരുന്ന ഭരണകൂടമായിരുന്നു മോഡി സർക്കാർ എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2020 മൺസൂൺ സെഷനിലും, 2023ലെ പ്രത്യേക സിറ്റിങ്ങിലും സഭയിലെ ചോദ്യോത്തരവേള പൂർണമായും ഒഴിവാക്കുകയുണ്ടായി. 2023 ശീതകാല സെഷനിൽ പ്രതിപക്ഷ എംപിമാരെ കൂട്ട സസ്പെൻഡ് ചെയ്തപ്പോൾ, അവർ ചോദ്യോത്തര വേളയിൽ ചോദിച്ച 290 ചോദ്യങ്ങൾ സഭയുടെ റെക്കോഡുകളിൽ നിന്നും സർക്കാർ തുടച്ചു നീക്കി. 2020, 21 വർഷങ്ങളിലും സർക്കാർ ഇമ്മാതിരി പ്രതിപക്ഷ ചോദ്യങ്ങളെ സഭയുടെ രേഖകളിൽ നിന്നും നീക്കിയിട്ടുണ്ട്. പലപ്പോഴും ചോദ്യങ്ങൾക്ക് വ്യക്തമല്ലാത്തതും, തെറ്റായതുമായ ഉത്തരങ്ങൾ നൽകിയും, ഉപ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെയും സർക്കാർ ഒഴിഞ്ഞു മാറിയിട്ടുണ്ട്. എൻഡിഎ സർക്കാർ എന്നാൽ ‘നോ ഡാറ്റ അവൈലബിൾ’ സർക്കാരാണെന്ന് പ്രതിപക്ഷം കളിയാക്കുന്നതും അത് കൊണ്ടുതന്നെയാണ്.
ചുരുക്കിപ്പറഞ്ഞാൽ, മോഡി സർക്കാരിന് കീഴിൽ പാർലമെന്റ് പ്രവർത്തനങ്ങളിൽ ജനാധിപത്യ മൂല്യങ്ങൾ നഷ്ടമാകുന്ന അവസ്ഥയാണ് കഴിഞ്ഞ അഞ്ചു വർഷവും കണ്ടത്. പ്രതിപക്ഷ ബഹുമാനം നഷ്ടമാകുന്നതും, അസഹിഷ്ണുതയും, സത്യസന്ധതയില്ലായ്മയും, ഇന്ത്യൻ ഭരണഘടനയോടും നിലവിലെ ചട്ടങ്ങളോടുള്ള അവഗണനയും കൂടുതൽ ദൃശമാകുമ്പോൾ, ഇന്ത്യൻ ജനാധിപത്യം അപകടത്തിലേക്കാണ് പോകുന്നത് എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.