18 December 2024, Wednesday
KSFE Galaxy Chits Banner 2

മോഡി എന്ന നുണകളുടെ വലിയ തമ്പുരാൻ

പി ദേവദാസ്
May 11, 2024 4:28 am

ലോക്‌സഭാ തെരഞ്ഞെടുപ്പ് അതിന്റെ അടുത്ത ഘട്ടങ്ങളിലേക്ക് കടക്കുമ്പോൾ ബിജെപിയുടെയും അതിന്റെ നായകൻ നരേന്ദ്ര മോഡിയുടെയും വിഭ്രാന്തി നാൾക്കുനാൾ വർധിക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. ഇല്ലാത്ത കാര്യങ്ങൾ പറയുകയും ചർച്ച അതിന്റെ വഴിയിലൂടെ നയിച്ച് യഥാർത്ഥ പ്രശ്നങ്ങളെ തമസ്കരിക്കുകയും ചെയ്യുന്നത് തുടക്കം മുതൽ അദ്ദേഹത്തിന്റെ ശൈലിയായിരുന്നു. രണ്ടുഘട്ട വോട്ടെടുപ്പ് കഴിഞ്ഞതോടെ നിൽക്കക്കള്ളിയില്ലാതായതു പോലെയായി അദ്ദേഹത്തിന്റെ സ്ഥിതി. തീവ്ര ഹിന്ദുത്വ ശക്തികളെ ഉത്തേജിപ്പിക്കുന്നതിനുള്ള കൊടുംവർഗീയത അതിന്റെ ഫലമായാണ് പുറത്തുവന്നത്. ഇപ്പോള്‍ അത് തുടരുകയും ചെയ്യുന്നു. ഒരു കണക്കുകളുടെയും പിൻബലത്തിലായിരുന്നില്ല തീവ്ര ഹിന്ദുത്വം പ്രേരിപ്പിക്കുന്ന അദ്ദേഹത്തിന്റെ വാദങ്ങൾ.
രണ്ടാമതായി അദ്ദേഹത്തിന്റെ കാർമ്മികത്വത്തിൽ നടന്നതാണ് എതിരാളികളെക്കുറിച്ചുള്ള നുണപ്രചരണം. ഇന്ത്യ സഖ്യം ഭാവനയിൽ പോലും സങ്കല്പിക്കാത്ത കാര്യങ്ങൾ അവരുടെ പ്രകടന പത്രികയിലുണ്ടെന്ന് പറയുകയും ചർച്ചയെ അതിന്റെ വഴിയേ നയിക്കുകയുമായിരുന്നു അടുത്ത തന്ത്രം. ഇന്ത്യ സഖ്യത്തിലെ പ്രമുഖ കക്ഷിയെന്ന നിലയിൽ കോൺഗ്രസ്, പ്രകടന പത്രികയിൽ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ അവതരിപ്പിച്ച് അതിന്റെ പേരിലുള്ള വിവാദത്തിലൂടെ ശ്രദ്ധ തിരിക്കുകയായിരുന്നു മോഡിയുടെ ലക്ഷ്യം. കോൺഗ്രസും ഇന്ത്യ സഖ്യവും അധികാരത്തിലെത്തിയാൽ ഹെെന്ദവ സഹോദരിമാരുടെ മംഗല്യസൂത്രം വരെ സുരക്ഷിതമായിരിക്കില്ലെന്ന നുണ പോലും മോഡി എന്ന പ്രധാനമന്ത്രി അടിച്ചുവിട്ടു. കൂടാതെ സ്വത്തുക്കൾ പിടിച്ചെടുത്ത് മുസ്ലിങ്ങൾക്ക് വീതിച്ചു നൽകുമെന്ന വർഗീയതയും അദ്ദേഹം പച്ചയായി പറഞ്ഞു. താനിരിക്കുന്ന സ്ഥാനത്തിന്റെ മഹത്വമോ മുമ്പ് ഇരുന്നിരുന്ന തന്റെ തന്നെ നേതാവ് വാജ്പേയിയെ പോലുള്ളവരുടെ മഹത്വമോ ഓർക്കാതെയാണ് മോഡി തരംതാഴ്ന്നത്. ‌ഇക്കാര്യത്തിൽ തങ്ങളുടെ പ്രകടന പത്രിക മോഡി വായിച്ചിട്ടില്ലെന്നും അത് വിശദീകരിക്കുന്നതിന് നേരിട്ടു കാണാൻ അവസരം നൽകണമെന്നും കാട്ടി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിക്ക് കത്ത് അയച്ചുവെങ്കിലും അതിനോട് പ്രതികരിക്കുവാൻ പോലും അദ്ദേഹം തയ്യാറായില്ല.
കഴിഞ്ഞ കുറേ വർഷങ്ങളായി മോഡിയുടെ മടിത്തട്ട് (ഗോദിമീഡിയ) മാധ്യമങ്ങൾ എന്നറിയപ്പെട്ടിരുന്ന മാധ്യമങ്ങൾക്കുപോലും ഇപ്പോൾ ചാഞ്ചാട്ടമുണ്ടായിരിക്കുന്നു. ഇക്കാരണത്താൽതന്നെ കുപ്രചരണങ്ങള്‍ കാര്യമായി ഏശുന്ന മട്ടില്ല. മോഡിയുടെ വിഷം ചീറ്റുന്ന പ്രസംഗങ്ങൾക്കും വിദ്വേഷ പ്രസ്താവനകൾക്കും, പഴയ ഭക്തിയുടെ അതേ അളവിൽ ഇപ്പോൾ മടിത്തട്ട് മാധ്യമങ്ങൾ പ്രാധാന്യം നൽകുന്നില്ലെന്ന വിലയിരുത്തൽ വസ്തുതയാണ്. അച്ചടി — ദൃശ്യമാധ്യമങ്ങൾ പരിശോധിച്ചാൽ അത് വ്യക്തമാകും. ഇത്തരത്തിൽ എല്ലാം പാഴാകുന്നു എന്ന് വന്നപ്പോൾ താൻ ഇതുവരെ നടത്തിയ ഭൂരിപക്ഷ വർഗീയ ധ്രുവീകരണ ശ്രമത്തിൽ എണ്ണയൊഴിക്കുന്നതിനുള്ള ഒരു വ്യാജ റിപ്പോർട്ടുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ഇപ്പോൾ. അതിന് തന്റെ ഓഫിസിന്റെ മേൽവിലാസമാണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഹിന്ദു ജനസംഖ്യ കുറഞ്ഞുവരുമ്പോൾ മുസ്ലിം ജനസംഖ്യ ഭീമമായി വർധിച്ചുവെന്നാണ് പ്രസ്തുത റിപ്പോർട്ടിലൂടെ പ്രചരിപ്പിക്കുവാൻ ശ്രമിക്കുന്നത്.

മോഡി എന്ന പ്രധാനമന്ത്രിയുടെ നിലപാടുകളിലെ ഇരട്ടത്താപ്പും വാക്കുകളിലെ വ്യാജവും ഇവി‍ടെയവസാനിക്കുന്നതല്ല. അതിന് 10 വർഷത്തെ അദ്ദേഹത്തിന്റെ നിലപാടുകൾ പരിശോധിക്കേണ്ടതില്ല. സമീപകാലത്തേത് മാത്രം നോക്കിയാൽ മതി. കഴിഞ്ഞ വർഷം മേയ് മൂന്നിനാണ് മണിപ്പൂരിൽ വംശീയ സംഘർഷം ആരംഭിച്ചത്. അത് ബിജെപിയുടെ കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ സൃഷ്ടിയാണെന്ന് എല്ലാവർക്കും ബോധ്യമുള്ള കാര്യവുമാണ്. മണിപ്പൂരിലെ മുഖ്യമന്ത്രി ബിരേന്‍ സിങ്ങോ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോ സംഘർഷം അവസാനിപ്പിക്കുന്നതിന് ഇതുവരെ ഇടപെടൽ നടത്തിയിട്ടില്ല. സംഘർഷത്തിൽ മരിച്ചവരുടെ ബന്ധുക്കളെയോ പരിക്കേറ്റവരെയോ ക്യാമ്പുകളിൽ കഴിയുന്നവരെയോ സന്ദർശിക്കുവാൻ ഇരുഭരണാധികാരികളും തയ്യാറായതുമില്ല.
സംഘർഷം നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് കുക്കി വിഭാഗത്തിൽപ്പെടുന്ന സ്ത്രീകളെ നഗ്നരായി പ്രദർശിപ്പിച്ച ശേഷം ബലാത്സംഗം ചെയ്തതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഡൽഹിയിൽ പാർലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കുകയായിരുന്നു അപ്പോൾ. സംഭവം വലിയ വിവാദമായി. ലോകത്തിന് മുമ്പിൽ ആ ഹീനകൃത്യം ഇന്ത്യക്കാർക്ക് തല ഉയർത്തി നടക്കാൻ പറ്റാത്ത സാഹചര്യമുണ്ടാക്കി. എന്നിട്ടും സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി മൗനം പാലിച്ചു. ഒടുവിൽ പ്രതികരിച്ചതാകട്ടെ വലിയ നുണയുടെ അകമ്പടിയോടെയും. സ്ത്രീകൾക്കെതിരായ ഒരതിക്രമവും വച്ചുപൊറുപ്പിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം അത് മണിപ്പൂരിലാകട്ടെ രാജസ്ഥാനിലാകട്ടെ ഇന്ത്യയിൽ എവിടെയായാലും അംഗീകരിക്കില്ലെന്നാണ് പ്രസ്താവിച്ചത്.
മണിപ്പൂരിനോടൊപ്പം അദ്ദേഹം ഉത്തർപ്രദേശിനെ സാമ്യപ്പെടുത്തിയില്ല. അവിടെയാണ് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ ഉൾപ്പെടെ എല്ലാ ഔദ്യോഗിക ഏജൻസികളുടെ റിപ്പോർട്ട് പ്രകാരം സ്ത്രീകൾക്കെതിരായി കൂടുതൽ അതിക്രമങ്ങളും നടക്കുന്നത്. മധ്യപ്രദേശിനെയും മോഡി മണിപ്പൂരുമായി താരതമ്യം ചെയ്തില്ല. അവിടെയും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും കുറ്റകൃത്യങ്ങളും കൂടുതലാണെന്നത് കേന്ദ്ര സർക്കാരിന്റെ തന്നെ കണക്കുകളാണ്. എന്നിട്ടും താരതമ്യേന പിറകിലുള്ള രാജസ്ഥാനെയാണ് അദ്ദേഹം പാർലമെന്റ് വളപ്പിൽ മാധ്യമങ്ങളോട് പ്രതികരിക്കവേ താരതമ്യം ചെയ്തത്. മോഡിയുടെ നുണ പറയാനുള്ള വൈഭവമാണ് ഇവിടെയും പ്രകടമായത്. രാജസ്ഥാനെ ഉദാഹരിക്കുവാൻ തയ്യാറായതിന് കാരണം അന്ന് സംസ്ഥാനം ഭരിച്ചിരുന്നത് കോൺഗ്രസായിരുന്നു എന്നതായിരുന്നു. യുപിയിലെ ഹത്രാസിൽ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന ശേഷം പൊലീസ് അർധരാത്രി മൃതദേഹം ദഹിപ്പിച്ചപ്പോഴും ഉന്നാവോയിൽ ബിജെപി എംഎൽഎ പ്രതിയായ ബലാത്സംഗക്കേസുണ്ടായപ്പോഴും മൗനിയായിരുന്നു മോഡിയെന്നതും ഇവിടെ നാം ഓർക്കണം. 

അതുപോലെ തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന പശ്ചിമബംഗാളിലെ സന്ദേശ് ഖാലിയിൽ വ്യാജ ബലാത്സംഗ ആരോപണമുയർത്തി വിവാദം സൃഷ്ടിച്ചപ്പോഴും മോഡിയിലെ സ്ത്രീ സ്നേഹി ഉണർന്നത് നാം കണ്ടതാണ്. ഒരു വർഷത്തിനിടെ നൂറുകണക്കിന് സ്ത്രീകൾ അപമാനിക്കപ്പെട്ട മണിപ്പൂരിൽ ഒരുതവണ പോലും പോകാൻ സമയമില്ലാതിരുന്ന മോഡി ഉടൻ സന്ദേശ് ഖാലിയിൽ പറന്നെത്തി, തൃണമൂൽ കോൺഗ്രസിനെ നിർത്തിപ്പൊരിച്ചു. ഇപ്പോൾ പ്രസ്തുത കേസ് തന്നെ വ്യാജമായി കെട്ടിച്ചമച്ചതാണെന്ന വെളിപ്പെടുത്തലുകൾ ഉണ്ടായിരിക്കുന്നു. ഇതേ മോഡിയാണ് പ്രജ്വൽ രേവണ്ണയെന്ന സ്ത്രീപീഡകനുവേണ്ടി വോട്ടഭ്യർത്ഥിച്ച് കർണാടകയിലെ ഹാസനിൽ പൊതുയോഗത്തിൽ പ്രസംഗിച്ചത്. ഇപ്പോൾ പ്രസ്തുത സംഭവം വലിയ വിവാദമായിട്ടും അദ്ദേഹത്തിന് മിണ്ടാട്ടമില്ല.
നുണകൾ ആവർത്തിച്ചുകൊണ്ടേയിരുന്നാൽ അത് സത്യമായി ജനങ്ങൾക്ക് തോന്നുമെന്ന പിന്തിരിപ്പൻ സിദ്ധാന്തം ഫാസിസ്റ്റ് കാലത്ത് പിറവിയെടുത്തതാണ്. അതുതന്നെയാണ് ഇപ്പോഴും ആവർത്തിക്കുന്നത്. അതിന് പ്രധാനമന്ത്രി നേരിട്ട് നേതൃത്വം നൽകുന്നുവെന്നതാണ് ഇപ്പോഴത്തെ വൈപരീത്യം. അങ്ങനെ നുണകളുടെ വലിയ തമ്പുരാനായിരിക്കുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.