‘ഇന്ത്യ’ (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന പ്രതിപക്ഷ സഖ്യത്തിനും, ബിജെപി നയിക്കുന്ന എന്‍ഡിഎ എന്ന സഖ്യത്തിനും ചുറ്റുമായി ഇന്ത്യന്‍ രാഷ്ട്രീയം ഭ്രമണം ചെയ്യുകയാണ്. ഭരണകക്ഷിയായ ബിജെപിക്കുമേല്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന മതിപ്പും വിശ്വാസവും പാടെ തകര്‍ച്ചയിലാണ്. കഴിഞ്ഞ 10 വര്‍ഷമായി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ ഭരണം രാജ്യത്തെ ജനങ്ങളുടെ ജീവിതത്തില്‍ വരുത്തിവച്ചിട്ടുള്ള കെടുതികള്‍ എണ്ണിപ്പറയാനുള്ളതിനപ്പുറമാണ്. ഭരണഘടനാ സ്ഥാപനങ്ങളെ ഘട്ടംഘട്ടമായി തകര്‍ക്കുകയെന്ന നയമാണ് മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ നടപ്പാക്കികൊണ്ടിരിക്കുന്നത്. രാഷ്ട്രീയ ലക്ഷ്യത്തിനതീതമായി നിലകൊണ്ടിരുന്ന രാജ്യത്തെ സൈനിക വിഭാഗങ്ങളെ ഹ്രസ്വകാലത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കാനുള്ള ‘അഗ്നിപഥ്’ പദ്ധതിയും പ്രതിരോധ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലുള്ള സൈനിക സ്കൂള്‍ സൊസൈറ്റി നടത്തിയിരുന്ന സൈനിക സ്കൂളുകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിലുമാണ്. പ്രതിരോധ സേനകളിലേക്ക് സൈനികരെ സംഭാവന നല്‍കുന്നതില്‍ മികച്ച പങ്കുവഹിക്കുന്നവയാണ് സൈനിക സ്കൂള്‍.
പ്രതിപക്ഷ സ്വരത്തിന് മുഴക്കമേറുമ്പോഴാണ് ജനാധിപത്യം ശക്തിയാര്‍ജിക്കുക. കഴിഞ്ഞ കുറേവര്‍ഷങ്ങളായി പ്രതിപക്ഷം ദുര്‍ബലാവസ്ഥയിലായിരുന്നു. 2014ലും 19ലും നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കുണ്ടായ വിജയത്തിന്റെ പ്രധാനകാരണവും അതായിരുന്നു. ഇന്നുമുതല്‍ നടക്കുന്ന 18-ാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് കരുത്തുറ്റ വിജയം കരസ്ഥമാക്കാന്‍ കഴിയുന്ന അന്തരീക്ഷമാണുള്ളത്. ഇന്ത്യയെ മതേതര ജനാധിപത്യ രാജ്യമായി നിലനിര്‍ത്താനുള്ള പോരാട്ടമായാണ് ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്. അത് തകിടംമറിക്കാനുള്ള തീവ്ര നിലപാടാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സ്വീകരിച്ചിരിക്കുന്നത്. ആര്‍എസ്എസ് സ്ഥാപകയോഗം പാസാക്കിയ സന്ദേശത്തില്‍ നൂറു വര്‍ഷത്തിനകം ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്നും അതിനുള്ള പ്രവര്‍ത്തനത്തിന് ഇന്നുമുതല്‍ തുടക്കം കുറിക്കണമെന്നും പറഞ്ഞിരുന്നു. അതിനായുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
രാജ്യത്ത് മതേതരത്വം എന്ന മഹത്തായ ആശയത്തിന്റെ പ്രണേതാവ് മഹാത്മാ ഗാന്ധിയാണ്. ദൈവം ക്രിസ്ത്യാനിയോ, ഹിന്ദുവോ, മുസ്ലിമോ അല്ല എന്നാണ് ഗാന്ധിയുടെ വാക്കുകള്‍. ഇമ്മാതിരി ഒരാശയത്തോട് സംഘ്പരിവാറിന് എങ്ങനെ യോജിക്കാന്‍ കഴിയും. 1947ല്‍ ഇന്ത്യാ വിഭജനവും പാകിസ്ഥാന്റെ രൂപീകരണവും തുടര്‍ന്നുണ്ടായ അഭയാര്‍ത്ഥി പ്രവാഹവുമെല്ലാം സൃഷ്‌ടിച്ച അന്തരീക്ഷത്തിലാണ് ഇതുസംബന്ധിച്ച ചര്‍ച്ച നടന്നത്. നെഹ്രുവും, അംബേദ്‌കറുമെല്ലാം ചര്‍ച്ചയില്‍ സജീവമായിരുന്നു. ഭരണഘടന അസംബ്ലിയില്‍ വിശദമായി ചര്‍ച്ച ചെയ്‌തു. എല്ലാ മതസ്ഥരേയും ഒരുപോലെ കണ്ടുകൊണ്ടുള്ള നിയമം ഭരണഘടനയുടെ ഭാഗമായി. എണ്ണമറ്റ ഭാഷകള്‍, ജാതികള്‍, സംസ്കാരങ്ങള്‍, മതങ്ങള്‍, വംശങ്ങള്‍, ഗോത്രവര്‍ഗങ്ങള്‍ തുടങ്ങി വൈവിധ്യങ്ങള്‍ ഏറെയുള്ള രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് എല്ലാ മതക്കാരെയും പ്രതികൂലമായി ബാധിക്കും. പാര്‍ലമെന്ററി ജനാധിപത്യമെന്ന മഹത്തായ ആശയത്തെ കടുത്ത പരിക്കേല്‍പ്പിക്കുന്ന ഒന്നാണ്, ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന പദ്ധതി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാകാന്‍ ഇന്ത്യക്ക് ശക്തി പകരുന്നത് ഭരണഘടനയാണ്. അതിന് അല്പം പോലും മങ്ങലേല്‍ക്കാതെ നിലനിര്‍ത്തേണ്ട കടമ ജനങ്ങളില്‍ നിക്ഷിപ്‌തമാണ്. ഇതിന്റെ ഭാഗമാണ് ഇന്ന് തുടക്കം കുറിക്കുന്നതും ജൂണ്‍ ഒന്നുവരെ തുടരുന്നതുമായ ലോക്‌സഭാ തെരഞ്ഞെടുപ്പ്.
അരവിന്ദ് കെജ്‌രിവാള്‍, ഹേമന്ത് സൊരേന്‍, കെ കവിത തുടങ്ങിയ പ്രതിപക്ഷനേതാക്കളെ തെരഞ്ഞെടുപ്പുഘട്ടത്തില്‍ തന്നെ അറസ്റ്റ് ചെയ്‌ത് ജയിലിലാക്കാന്‍ മുന്നോട്ടിറങ്ങിയത് ജനാധിപത്യ സംവിധാനത്തിന് ഒട്ടും യോജിച്ചതല്ല. മോഡി ഭരണത്തില്‍ മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരേയും വിലകൊടുത്തും അതിനാവാത്തവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയും സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിച്ച് നിരന്തരം വേട്ടയാടുകയാണ്. മാധ്യമപ്രവര്‍ത്തനത്തിന്റെ ഇരുണ്ടയുഗമെന്ന് വിശേഷിപ്പിക്കപ്പെട്ടത് ഇന്ദിരാഗാന്ധി നടപ്പാക്കിയ അടിയന്തരാവസ്ഥാക്കാലമായിരുന്നു. അതിനെക്കാള്‍ കറുത്ത സാഹചര്യമാണ് ഇന്നുള്ളത്.
മുസ്ലിം വിരുദ്ധ വംശീയ പ്രചാരണം അഴിച്ചുവിട്ട് ഹിന്ദുവോട്ട് ബാങ്ക് ഭദ്രമാക്കി രക്ഷപ്പെടാമെന്ന ചിന്തയിലാണ് മൂന്നാംവട്ടം ഭരണം പിടിക്കാന്‍ നോക്കുന്നത്. ഇലക്ടറല്‍ ബോണ്ടിന്റെ ഉള്ളുകള്ളികള്‍ പുറത്തുവന്നതോടെ മോഡി സര്‍ക്കാരിന്റെ അഴിമതിയുടെ ബീഭത്സമുഖം ജനത്തിനു മുന്നില്‍ വെളിപ്പെട്ടു. ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് കണ്ടെത്തി റദ്ദാക്കിയ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ നിര്‍ണായകവിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. തൊഴിലില്ലായ്‌മയും വിലക്കയറ്റവുമാണ് തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമെന്ന് ബിഎസ്ഡിഎസ് — ലോക്‌നീതി പ്രീപോള്‍ സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നു. ജോലി ലഭിക്കുകയെന്നത് ഏറ്റവും പ്രയാസകരമാണെന്നാണ് 62 ശതമാനംപേരും അഭിപ്രായപ്പെട്ടിരിക്കുന്നത്. വിലക്കയറ്റം രൂക്ഷമാണെന്നാണ് 71 ശതമാനവും അഭിപ്രായപ്പെട്ടത്.
രാജ്യത്തെ 81 കോടി ജനങ്ങള്‍ക്ക് പ്രതിമാസം അഞ്ച് കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുന്നതിനെ നേട്ടമായി ചിത്രീകരിക്കുന്ന മോഡി സര്‍ക്കാര്‍, 10 വര്‍ഷത്തെ ഭരണത്തിനിടയില്‍ ഭക്ഷ്യ — പോഷകാഹാരകുറവ് ഗണ്യമായി ഉയര്‍ന്ന കാര്യം മറച്ചുവയ്ക്കുകയാണ്. ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിലിറ്റി നെറ്റ്‌വര്‍ക്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇതിന്റെ വിശദാംശങ്ങള്‍ പറയുന്നുണ്ട്.
രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് കത്തിനിന്ന അഴിമതി ആരോപണങ്ങളും വന്‍ ജനരോഷത്തിന് ഇടയാക്കിയ ഡല്‍ഹി നിര്‍ഭയ കേസ് പോലുള്ള സംഭവങ്ങളും പ്രയോജനപ്പെടുത്തിയാണ് ബിജെപി 2014ല്‍ അധികാരം കൈക്കലാക്കിയത്. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ 2013ലുണ്ടായ കലാപം സൃഷ്‌ടിച്ച വര്‍ഗീയ ധ്രുവീകരണവും സീറ്റുകള്‍ വാരിക്കൂട്ടാന്‍ ബിജെപിയെ സഹായിച്ചു. കേവല ഭൂരിപക്ഷത്തോടെ ഭരണം നേടിയ ശേഷം ആദ്യം തിരക്കിട്ട് നടപ്പിലാക്കിയത് കോര്‍പറേറ്റ് വര്‍ഗീയ അജണ്ടയാണ്. 2015ലെ പുതുവര്‍ഷ ദിനത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നിരോധന നിയമം കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ വിധത്തില്‍ ഭേദഗതി ചെയ്‌ത് ഓര്‍ഡിനന്‍സ് ഇറക്കി. മോഡി സര്‍ക്കാരിന്റെ ഏറ്റവും നാടകീയവും വിനാശകരവുമായ നോട്ടു നിരോധനവും, രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം തകര്‍ക്കാനും സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കാനും ലക്ഷ്യമിട്ട് നടപ്പാക്കിയ ജിഎസ‌്ടിയും ഉള്‍പ്പെടെ നിരവധി സംഭവപരമ്പരകള്‍ കഴിഞ്ഞ 10 വര്‍ഷമായി നടന്നുകൊണ്ടിരിക്കുകയാണ്.
ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് വെട്ടിമുറിക്കല്‍, പൗരത്വഭേദഗതി നിയമം, ഏകീകൃത സിവില്‍ കോഡ്, ഹിന്ദി-ഹിന്ദു-ഹിന്ദുസ്ഥാന്‍, ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്, കാവി പൂശിയ പുതിയ വിദ്യാഭ്യാസ നയം എന്നിവ ധൃതഗതിയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. നിലവിലുള്ള ഭരണവ്യവസ്ഥ മാറ്റി, അമേരിക്കന്‍ രീതിയായ പ്രസിഡന്‍ഷ്യല്‍ ഭരണ സംവിധാനത്തിനുള്ള നീക്കത്തിന്റെ ആദ്യപടിയാണിതെല്ലാം. അവിടെ പ്രസിഡന്റായിരിക്കും നായകന്‍, ഗവര്‍ണര്‍മാരായിരിക്കും മുഖ്യമന്ത്രിയെക്കാള്‍ അധികാരം കയ്യാളുക. ഏകീകൃത സിവില്‍കോഡും, പൗരത്വഭേദഗതി നിയമവും ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന പദ്ധതിയും നടപ്പാക്കുമെന്നാണ് ബിജെപിയുടെ പ്രകടനപത്രികയില്‍ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.