7 January 2026, Wednesday

മോഡിയുടെ 11 വര്‍ഷം: രാജ്യം നിരന്തരം സങ്കോചിച്ച കാലം

ആനന്ദ് തെൽതുംബ്ഡെ
July 2, 2025 4:40 am

ഴിഞ്ഞ മാസം നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി 11 വർഷം പൂർത്തിയാക്കിയപ്പോൾ ഒരു ചെറിയ വിഭാഗത്തിന് മാത്രമാണ് ആഹ്ലാദമുണ്ടായത്. പ്രതീക്ഷിച്ചതുപോലെ, അദ്ദേഹത്തിന്റെ ഭക്തർ “ധീരമായ പുതിയ ഇന്ത്യയുടെ” നിർമ്മാണകാലമെന്ന് വാഴ്ത്തി. വർധിച്ചുവരുന്ന വിമർശനങ്ങൾക്കിടയിൽ ഈ വിജയാഹ്ലാദം വെെരുധ്യത്തെയാണ് അടിവരയിടുന്നത്. അതിന്റെ അടിസ്ഥാനത്തിൽ മോഡിയുടെ 11 വർഷഭരണത്തെ ഇങ്ങനെ നിർവചിക്കാം: ഒരു ഉപഭൂഖണ്ഡത്തിന്റെ വലിപ്പമുള്ള രാജ്യം നിരന്തരം സങ്കോചിച്ച കാലം. മോഡി ഭരണത്തിന്റെ സാമ്പത്തിക പരാജയങ്ങളെയും നയതന്ത്ര പിഴവുകളെയും കുറിച്ച് ധാരാളം എഴുതിയിട്ടുണ്ടെങ്കിലും, ഏറ്റവും വഞ്ചനാപരമായ നഷ്ടം ഇന്ത്യയുടെ സാമൂഹിക — സാംസ്കാരിക ഘടനയുടെ നാശമാണ്. ബഹുസ്വര ധാർമ്മികത നേരിടുന്ന ക്ഷയവും സാമൂഹികഭിന്നതകൾ കഠിനമാകുന്നതും പ്രകടമാണ്. 2014ന് മുമ്പുള്ളതും നിലവിലുള്ളതുമായ പ്രധാന സാമൂഹിക സൂചകങ്ങൾ താരതമ്യം ചെയ്താൽ, വർഗീയ ഭൂരിപക്ഷവാദത്തിലേക്കും, ബൗദ്ധിക വിരുദ്ധതയിലേക്കും, വിവേചനങ്ങളുടെ സ്ഥാപനവൽക്കരണത്തിലേക്കും നേരിട്ടുള്ള പിന്മാറ്റം വെളിപ്പെടുന്നു. മൂന്ന് നൂറ്റാണ്ടുകളുടെ കൊളോണിയൽ ആധുനികതയും, സ്വാതന്ത്ര്യസമരത്തിന്റെ സമത്വ ചിന്തകളും ഭരണഘടനയിലെ റിപ്പബ്ലിക്കൻ മൂല്യങ്ങളും ചേർന്ന് ഏറെ ശ്രമകരമായി രൂപീകരിക്കപ്പെട്ട സാമൂഹിക‑സാംസ്കാരിക ചിത്രം പിച്ചിച്ചീന്തപ്പെട്ടിരിക്കുന്നു. കാലഹരണപ്പെട്ട മധ്യകാലത്തിന്റെ മേലങ്കിയണിഞ്ഞ ഒരു രാഷ്ട്രമാണിപ്പോൾ അവശേഷിക്കുന്നത്. സാമൂഹിക‑സാംസ്കാരിക മേഖലയുടെ തകർച്ച, വേഗതയേറിയതും പരസ്പരബന്ധിതവുമായ പുതിയ ലോകത്ത് ശക്തമായ വെല്ലുവിളി ഉയർത്തുന്നതാണ്. ഏറ്റവും രൂക്ഷമായ മാറ്റം സാമുദായിക ഐക്യത്തിന്റെ മേഖലയിലാണ്. യുപിഎ ഭരണകാലത്ത് (2011–14) രാജ്യം പ്രതിവർഷം 600 വർഗീയ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചപ്പോൾ, മോഡിക്കാലത്ത്, 2017നും 22നുമിടയിൽ 1,000ത്തിൽ കൂടുതലായെന്ന് നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോ (എൻസിആർബി) പറയുന്നു. പശുവുമായി ബന്ധപ്പെട്ട ആൾക്കൂട്ട കൊലപാതക വർധന — മുമ്പ് അപൂർവവും ഒറ്റപ്പെട്ടതുമായ സംഭവങ്ങളായിരുന്നത് 2014 — 24 കാലത്ത് 300ലധികം കേസുകൾ വരെയായി. വിദ്വേഷ പ്രസംഗങ്ങൾ അഞ്ചിരട്ടിയായി. പൊലീസിന്റെ ദുർബലമായ പ്രതികരണവും രാഷ്ട്രീയ പിന്തുണയും ഇതിന് ധൈര്യം പകർന്നു. 2018ൽ ബുലന്ദ് ഷഹറിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ആൾക്കൂട്ടം കൊന്നതും 2020ൽ പാൽഘർ ആൾക്കൂട്ട കൊലപാതകവും പോലുള്ള കേസുകൾ നിയമവാഴ്ചയുടെ രൂപമാറ്റത്തെ എടുത്തുകാണിക്കുന്നു. വർഗീയ ആക്രമണത്തിലെ ഈ കുതിച്ചുചാട്ടം, വിയോജിക്കാനും ആവിഷ്കാരത്തിനുമുള്ള ജനാധിപത്യ ഇടങ്ങൾ ചുരുങ്ങുന്നതിന്റെ തെളിവാണ്. 

ഇന്ത്യയുടെ ആഗോള മാധ്യമസ്വാതന്ത്ര്യ റാങ്കിങ് 2014ല്‍ 140ൽ നിന്ന് 2024ൽ 161 ആയി കുറഞ്ഞു. 2014ന് മുമ്പ് ഒരു വർഷം 25 മാത്രമായിരുന്ന രാജ്യദ്രോഹ കേസുകൾ 160 ശതമാനം വർധിച്ച് പ്രതിവർഷം 70ലധികമായി. മുഗൾ സംസ്കാരത്തിന്റെയും ജനങ്ങളുടെയും ചരിത്രങ്ങൾ പാഠ്യപദ്ധതിയിൽ നിന്ന് നീക്കം ചെയ്യപ്പെടുകയും ജവഹർലാൽ നെഹ്രു സർവകലാശാല (ജെഎൻയു), ജാമിയ മിലിയ ഇസ്ലാമിയ പോലുള്ള സ്ഥാപനങ്ങളിൽ വിയോജിപ്പ് രേഖപ്പെടുത്തുന്ന വിദ്യാർത്ഥികൾക്കെതിരെ ഭീകരവിരുദ്ധ നിയമങ്ങൾ ചുമത്തുകയും ചെയ്തതോടെ സർവകലാശാലകൾ പ്രത്യയശാസ്ത്ര പോരാട്ടകേന്ദ്രങ്ങളായി മാറിയിരിക്കുന്നു. ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് മുസ്ലിങ്ങൾ കൂടുതൽ മേഖലകളിൽ നിന്ന് ഒഴിവാക്കപ്പെടുന്നു. സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി മുസ്ലിം മന്ത്രിമാരില്ലാത്തതായി മോഡി മന്ത്രിസഭ. മുമ്പ് ബിജെപി ഭരിക്കുന്ന ഏതാനും സംസ്ഥാനങ്ങളിൽ മാത്രമായിരുന്ന മതപരിവർത്തന വിരുദ്ധ നിയമങ്ങൾ 12 സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു. ഇത് പ്രണയബന്ധങ്ങളെയും മതംമാറ്റത്തെയും കടുത്ത കുറ്റമാക്കുന്നു. പൗരത്വ ഭേദഗതി നിയമവും (സിഎഎ) ദേശീയ പൗരത്വ രജിസ്റ്ററിനായുള്ള (എൻആർസി) നീക്കവും ഹിന്ദു സ്വത്വത്തെ ചുറ്റിപ്പറ്റിയുള്ള പൗരത്വം പുനർനിർമ്മിക്കാനുള്ള സംഘടിത ശ്രമത്തെ സൂചിപ്പിക്കുന്നു. കർണാടകയിലെ ഹിജാബ് നിരോധനം, ഗ്യാൻവാപി പള്ളി തർക്കം തുടങ്ങിയവ മുസ്ലിം പൗരസ്വാതന്ത്ര്യത്തിന്മേലുള്ള ശക്തമായ ഉപരോധത്തെ അടിവരയിടുന്നു. ക്രമാനുഗതമായ പുരോഗതി കൈവരിച്ച ജാതി, ലിംഗ നീതിയെ ഇത് ബാധിച്ചു. എൻസിആർബി പ്രകാരം, ദളിതർക്കെതിരായ അതിക്രമങ്ങൾ 2013ൽ 39,000 കേസുകളായിരുന്നത് 2022ൽ 50,900ലധികമായി ഉയർന്നു. സുപ്രീം കോടതി നിർദേശിച്ച 50 ശതമാനം സംവരണ പരിധി ലംഘിക്കുന്നത് യുപിഎ സർക്കാർ ഒഴിവാക്കിയപ്പോൾ, മോഡി സർക്കാർ ഉയർന്ന ജാതിക്കാർക്കിടയിലെ സാമ്പത്തികമായി ദുർബല വിഭാഗങ്ങൾക്ക് (ഇഡബ്ല്യുഎസ്) 10% സംവരണം ഏർപ്പെടുത്തി. ഇത് സംവരണലക്ഷ്യങ്ങളിൽ വെള്ളം ചേർക്കുകയും ജാതിയടിസ്ഥാനമാക്കിയുള്ള സംവരണം നിർത്തലാക്കാൻ വഴിയൊരുക്കുകയും ചെയ്തു. രോഹിത് വെമുലയുടെ കൊലപാതകവും ഉനയിലെ ദളിത് ആക്രമണവും (2016) പോലുള്ള സംഭവങ്ങൾ ജാത്യഭിമാനത്തിന്റെ തിരിച്ചുവരവിനെ അടയാളപ്പെടുത്തി. ഗോത്രാവകാശങ്ങളും തിരിച്ചടി നേരിട്ടു. 2014ന് ശേഷം വനഭൂമി രൂപാന്തരം 1.5 ലക്ഷം ഹെക്ടറിൽ നിന്ന് (2009–14) 3.5 ലക്ഷം ഹെക്ടറായി ഉയർന്നു. പോസ്കോ, വേദാന്ത തുടങ്ങിയ കോർപറേറ്റ് പദ്ധതികൾക്ക് പ്രാദേശിക താല്പര്യത്തെക്കാൾ മുൻഗണന നൽകി. ആദിവാസികളുടെ കുടിയിറക്കം കഴിഞ്ഞ ദശകത്തിൽ 42 ദശലക്ഷമായി ഉയർന്നു. 2022ൽ വനസംരക്ഷണ നിയമങ്ങൾ ദുർബലപ്പെടുത്തിക്കൊണ്ട് വനാവകാശ നിയമത്തെ മറികടന്നു. നക്സലിസം ഇല്ലാതാക്കുന്നതിന്റെ പേരിൽ വംശഹത്യ അഴിച്ചുവിട്ടുകൊണ്ട് ആദിവാസികളുടെ സമ്പത്തായ വനങ്ങൾ ഒഴിപ്പിക്കാനുള്ള നീക്കവും ഈ ഭരണകൂടത്തിന്റെ സവിശേഷതയാണ്. 

എല്ലാവരെയും ഉൾക്കൊള്ളുന്നതിന്റെ നിഷ്പക്ഷോപകരണങ്ങളായിരുന്ന ക്ഷേമ പദ്ധതികൾ പോലും ഭൂരിപക്ഷത്തെക്കുറിച്ചുള്ള പ്രചരണ മാർഗങ്ങളായി മാറിയിരിക്കുന്നു. മുൻ സർക്കാരുകൾ എംഎൻആർഇജിഎ, പൊതുവിതരണ സംവിധാനം (പിഡിഎസ്) പോലുള്ള പദ്ധതികളോട് സന്തുലിതസമീപനമാണ് പുലർത്തിയിരുന്നത്. സമീപകാലത്ത് അവയിൽ ഒഴിവാക്കലുകൾ പ്രത്യക്ഷമായി. നിരവധി ബിജെപി സംസ്ഥാനങ്ങളിൽ മുസ്ലിം കർഷകർക്ക് പിഎം — കിസാൻ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടു. 80: 20 പോലുള്ള മുദ്രാവാക്യങ്ങളിലൂടെ ക്ഷേമ വിതരണത്തെ പരസ്യമായി വർഗീയവൽക്കരിച്ചു. ഹിന്ദിയെ ദേശീയ ഭാഷയാക്കാനുള്ള ശ്രമം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും തമിഴ്‌നാട്ടിലും കടുത്ത പ്രതിഷേധങ്ങൾക്ക് കാരണമായി. നാടോടി സംസ്കാരങ്ങളും പ്രാദേശിക പാരമ്പര്യങ്ങളും ഭരണകൂടപിന്തുണയുള്ള ഹിന്ദു ഉത്സവങ്ങളാൽ തമസ്കരിക്കപ്പെട്ടു. എം എഫ് ഹുസൈനെപ്പോലുള്ള കലാകാരന്മാർ മരണാനന്തരം പോലും ആക്രമിക്കപ്പെട്ടു. പാ രഞ്ജിത്തിനെപ്പോലുള്ള ചലച്ചിത്ര പ്രവർത്തകർ പ്രത്യയശാസ്ത്ര നിലപാടിന്റെ പേരിൽ ബഹിഷ്കരിക്കപ്പെട്ടു. സാംസ്കാരികമായ ഈ സങ്കുചിതത്വത്തിനൊപ്പം കപടശാസ്ത്രവും ബൗദ്ധികതയെ തകർക്കലും ഉയർന്നുവന്നു. 2013ൽ ജിഡിപിയുടെ 0.8% ആയിരുന്ന ശാസ്ത്രരംഗത്തെ ധനസഹായം 2023ൽ 0.6% ആയി കുറഞ്ഞു. അതേസമയം സർക്കാർ സ്പോൺസർ ചെയ്യുന്ന പ്ലാറ്റ്ഫോമുകളിൽ — വേദ കാലഘട്ടത്തിൽ നിലവിലുണ്ടായിരുന്ന പ്ലാസ്റ്റിക് സർജറി പോലുള്ള — വിചിത്രമായ അവകാശവാദങ്ങൾക്ക് ഔദ്യോഗിക അംഗീകാരം ലഭിച്ചു. വിമർശനാത്മക ചിന്തയെ ഇല്ലാതാക്കി, സംസ്കൃതത്തെയും ‘ഇന്ത്യൻ വിജ്ഞാന സംവിധാനങ്ങളെയും’ പ്രോത്സാഹിപ്പിക്കുന്നതാണ് പുതിയ വിദ്യാഭ്യാസ നയം (എൻഇപി) 2020. ഏറ്റവും അസ്വസ്ഥതയുണ്ടാക്കുന്ന കാര്യം, മോഡി യുഗത്തിൽ മാനുഷികപരിഗണന പോലും കുറ്റകരമായി എന്നതാണ്. ആംനസ്റ്റി ഇന്റർനാഷണൽ, കെയർ ഇന്ത്യ എന്നിവയുൾപ്പെടെ 20, 000ത്തിലധികം എൻജിഒ ലൈസൻസുകൾ വിദേശ സംഭാവനാ നിയന്ത്രണ നിയമപ്രകാരം (എഫ്‌സിആർഎ) റദ്ദാക്കി. അസമിലെ പ്രാർത്ഥനാകേന്ദ്രങ്ങളിലെ പരിശോധനകളിലോ ജാബുവയിലെ കന്യാസ്ത്രീകൾക്കെതിരായ ആക്രമണങ്ങളിലോ എന്ന പോലെ ക്രിസ്ത്യൻ മിഷനറിമാർ വ്യാപകമായി അറസ്റ്റ് ചെയ്യപ്പെട്ടു. മാനുഷിക പ്രവർത്തനങ്ങൾ — പ്രത്യേകിച്ച് ന്യൂനപക്ഷ ഗോത്ര മേഖലകളിൽ — നടത്തുന്നവർ ദേശവിരുദ്ധർ എന്ന് മുദ്രകുത്തപ്പെടുന്നു. 

പൊതുവേദികളിലെ വിദ്വേഷ പ്രകടനങ്ങൾ സാധാരണമായിരിക്കുന്നു. മുമ്പ് ഒറ്റപ്പെട്ട വിദ്വേഷ പ്രസംഗ കേസുകൾ — വരുൺ ഗാന്ധിയുടെ 2009ലെ പ്രകോപനപരമായ പ്രസംഗം പോലുള്ളവ — ഇപ്പോൾ പതിവായിരിക്കുന്നു. യതി നരസിംഹാനന്ദിനെ പോലുള്ള പൊതുപ്രവർത്തകരും അനുരാഗ് ഠാക്കൂറിനെ പോലുള്ള ബിജെപി നേതാക്കളും നിയമപരമായ എതിർപ്പുകളൊന്നുമില്ലാതെ മുസ്ലിങ്ങൾക്കെതിരെ അക്രമത്തിന് പരസ്യമായി ആഹ്വാനം ചെയ്തു. 2020ലെ തെരഞ്ഞെടുപ്പ് റാലികളിൽ ബിജെപി ആഹ്വാനം ചെയ്ത “ഗോലി മാരോ സാലോൻ കോ” പോലുള്ള ആക്രോശങ്ങൾക്കിടയിൽ “സബ്കാ സാത്ത്, സബ്കാ വികാസ്” എന്നത് വനരോദനമായി. വിദ്വേഷത്തിന്റെ ഈ സാമാന്യവൽക്കരണം, മുംബൈ പോലുള്ള ചില നഗരങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന മുസ്ലിങ്ങൾക്കെതിരായ ഭവനവിവേചനം രാജ്യത്തുടനീളം വ്യവസ്ഥാപിതമാക്കി. ഹൗസിങ് സൊസൈറ്റികൾ പോലും മുസ്ലിം വാടകക്കാരെ വിലക്കുന്നു.
ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ ബിജെപി സംസ്ഥാനങ്ങളിൽ വർഗീയ കലാപങ്ങൾക്ക് ശേഷം മുസ്ലിങ്ങളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിക്കുന്നത് പതിവായി. കോവിഡ് പ്രചരിപ്പിച്ചെന്ന പേരിൽ മുസ്ലിങ്ങളെ പരിഹസിച്ചുകൊണ്ടുള്ള 2020ലെ കുപ്രസിദ്ധമായ “കൊറോണ ജിഹാദ്” ആഖ്യാനം, സാമൂഹിക വർണവിവേചനത്തിന്റെ ആഴം വ്യക്തമാക്കുന്നു. 2014ന് മുമ്പുള്ള കാലഘട്ടം മതേതരത്വം, സാമൂഹിക നീതി, ബഹുസ്വരത തുടങ്ങിയ ഭരണഘടനാ മൂല്യങ്ങളാൽ അടയാളപ്പെടുത്തിയിരുന്നിടത്ത്, കഴിഞ്ഞ 11 വർഷമായി ഭൂരിപക്ഷ ആധിപത്യത്തിലേക്കുള്ള ആസൂത്രിതമായ മാറ്റം ദൃശ്യമാണ്. ഒഴിവാക്കൽ, അസഹിഷ്ണുത, അസമത്വം എന്നിവ തീവ്രമാകുന്ന ഒരു സാമൂഹികക്രമത്തിലേക്ക് ഇത് വിരൽ ചൂണ്ടുന്നു. മോഡി ഭരണകൂടം ഇന്ത്യയുടെ സാമൂഹികവും സാംസ്കാരികവുമായ ഘടനയിൽ വരുത്തിയ നാശത്തിന്റെ സൂചന മാത്രമാണ് മുകളിലെ വിലയിരുത്തൽ. നയമാറ്റങ്ങളും അന്താരാഷ്ട്ര ഇടപെടലുകളും വഴി സാമ്പത്തികമോ നയതന്ത്രപരമോ ആയ പിഴവുകൾ പരിഹരിക്കാം. എന്നാൽ സാമൂഹികവും സാംസ്കാരികവുമായ നാശനഷ്ടങ്ങൾ പരിഹരിക്കുക എളുപ്പമാകില്ല. ഇത് ശരിയാക്കിയെടുക്കാൻ രാഷ്ട്രീയ ഇച്ഛാശക്തി മാത്രമല്ല, ചരിത്രത്തിലിന്നോളം കാണാത്തത്ര വലിയതോതിലുള്ള സാംസ്കാരികവും ധാർമ്മികവുമായ നവോത്ഥാനം ആവശ്യമാണ്. അതുവരെ, മോഡി ഭരണകാലത്തെ സാമൂഹികമുറിവുകൾ നമ്മുടെ റിപ്പബ്ലിക്കിനെ വേട്ടയാടിക്കൊണ്ടിരിക്കും.
(ദ വയര്‍)

Kerala State - Students Savings Scheme

TOP NEWS

January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.