
ഒരാഴ്ച മുമ്പ് ഓഗസ്റ്റ് 30ന്, ‘സെപ്റ്റംബർ ഏഴ് മുതൽ 14 വരെ ഡ്യൂട്ടിയിലെ അത്യാവശ്യങ്ങൾ’ പരിഗണിച്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് അവധി അനുവദിക്കില്ലെന്ന് വ്യക്തമാക്കി മണിപ്പൂർ ആഭ്യന്തരവകുപ്പ് ഒരു ഉത്തരവ് പുറപ്പെടുവിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി വടക്കുകിഴക്കൻ സംസ്ഥാനം സന്ദർശിക്കാൻ സാധ്യതയുള്ളതിനാലാണ് ഇത്തരം നിർദേശമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുകയും ചെയ്തു. മണിപ്പൂർ തലസ്ഥാനമായ ഇംഫാലും അക്രമികൾ അഴിഞ്ഞാടിയ ചുരാചന്ദ്പൂരും മോഡിയുടെ നിർദിഷ്ട യാത്രാപരിപാടിയിൽ ഉൾപ്പെടുന്നു എന്നായിരുന്നു ഉദ്യോഗസ്ഥർ വിശദീകരിച്ചത്. സെപ്റ്റംബർ രണ്ടാം വാരത്തിൽ മോഡി മണിപ്പൂർ സന്ദർശിക്കുമെന്ന് ‘സർക്കാർ വൃത്തങ്ങളെ’ ഉദ്ധരിച്ച് ഓഗസ്റ്റ് 31ന് ചില വാർത്താ മാധ്യമങ്ങളിൽ വാർത്തയും പരന്നു. സന്ദർശനം സാധ്യമായാൽ 2023 മേയില്‍ വംശീയ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടതിനുശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സംസ്ഥാന സന്ദർശനമായിരിക്കും ഇത്. ‘നീണ്ടുനിൽക്കുന്ന സംഘർഷം അവസാനിപ്പിക്കാനും മണിപ്പൂരിൽ പൂർണമായും പ്രവർത്തനക്ഷമമായ ഒരു സർക്കാരിന് വേദിയൊരുക്കാനും ഉള്ള നിർണായക നീക്കമായാണ് ഈ സന്ദർശനം നടക്കുന്നതെന്നാണ് ഭരണകൂടത്തോട് ചേർന്നുള്ളവർ പറയുന്നത്. പക്ഷെ മറഞ്ഞിരിക്കുന്ന സങ്കീർണമായ യാഥാർത്ഥ്യം കാണാതെ പോകരുത്. മണിപ്പൂരിൽ ജനസമൂഹങ്ങൾ ആഴത്തിൽ വിഭജിക്കപ്പെട്ടിരിക്കുന്നു. ആയിരക്കണക്കിന് ആളുകൾ ഇന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നു. ദുരിതങ്ങളിൽ മോഡി സർക്കാർ ക്രൂരമായ നീണ്ട മൗനത്തിലാണ്. 850 ദിവസത്തിലേറെയായി മണിപ്പൂർ മുൾമുനയിലാണ്. അക്രമങ്ങൾ 260ലധികം ആളുകളുടെ ജീവൻ അപഹരിച്ചു, 60,000ത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു. രണ്ടുകാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു മുഖ്യമായും മോഡിയുടെ സന്ദർശനം. കുക്കി-സോ ഗ്രൂപ്പുകളുമായുള്ള സസ്പെൻഷൻ ഓഫ് ഓപ്പറേഷൻസ് (എസ്ഒഒ) ചട്ടക്കൂടിന് കീഴിൽ ഒരു പുതിയ കരാർ, പുതിയ സംസ്ഥാന സർക്കാർ രൂപീകരണവും ഒരു മുഖ്യമന്ത്രിയെ നിയമിക്കലും.
ഒരു എസ്ഒഒ കരാറിന് സാധ്യതയുണ്ടോ? വിവിധ കുക്കി തീവ്രവാദ സംഘടനകൾ ഉൾപ്പെടുന്ന മണിപ്പൂരിലെ പ്രമുഖ വിഭാഗങ്ങളായ യുണൈറ്റഡ് പീപ്പിൾസ് ഫ്രണ്ട് (യുപിഎഫ്), കുക്കി നാഷണൽ ഓർഗനൈസേഷൻ (കെഎൻഒ) എന്നിവയിലെ ചില വക്താക്കൾ ഒരു പുതിയ കരാറിൽ ഒപ്പുവയ്ക്കാൻ ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) തങ്ങളെ ക്ഷണിച്ചതായി സ്ഥിരീകരിച്ചിരുന്നു. 2008 ഓഗസ്റ്റ് 22നാണ് കേന്ദ്രസർക്കാരും കുക്കി വിമത ഗ്രൂപ്പുകളും തമ്മിൽ ആദ്യമായി സസ്പെൻഷൻ ഓഫ് ഓപ്പറേഷൻസ് (എസ്ഒഒ) അടിസ്ഥാനമാക്കി കരാർ ഒപ്പുവച്ചത്. അതിനുശേഷം വർഷം തോറും പുതുക്കിവരികയാണ്. ഈ കരാർ പ്രകാരം, വിമത ഗ്രൂപ്പുകൾ ആയുധങ്ങളുമായി നിയുക്ത ക്യാമ്പുകളിൽ തുടരേണ്ടതുണ്ട്. “കെഎൻഒയും യുപിഎഫും 2023 മേയ് മൂന്നിന് ഇംഫാലിൽ സർക്കാരുമായി ഒരു രാഷ്ട്രീയ ഒത്തുതീർപ്പിൽ ഒപ്പുവയ്ക്കുന്നതിന്റെ വക്കിലായിരുന്നു. എന്നാൽ രാഷ്ട്രീയ താല്പര്യങ്ങൾ കളംതീർത്തപ്പോൾ മണിപ്പൂരിൽ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടു“വെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. വംശീയ അക്രമത്തിനുശേഷം, യുപിഎഫും കെഎൻഒയും കുക്കി-സോ പ്രദേശങ്ങൾക്ക് പ്രത്യേക ഭരണകൂടം വേണമെന്ന് നിരന്തരം വാദിച്ചു, മെയ്തി സമൂഹവുമായുള്ള സഹവർത്തിത്വം ഇനി സാധ്യമല്ലെന്നും വാദിച്ചു. കുക്കി-സോ സമൂഹത്തിൽ ഈ ആവശ്യത്തിന് ആഴത്തിൽ പിന്തുണയുണ്ട്. എന്നാൽ മണിപ്പൂരിലെ താഴ്‌വര ജില്ലകളിൽ കേന്ദ്രീകരിക്കുന്ന ഭൂരിപക്ഷ സമൂഹമായ മെയ്തികൾ ആവശ്യങ്ങളെ ശക്തമായി എതിർക്കുന്നു. ഇക്കാര്യത്തിൽ ഒരു രാഷ്ട്രീയ പരിഹാരം കണ്ടെത്തുന്നതിന് 2025ൽ, കേന്ദ്ര സർക്കാർ കുക്കി-സോ സായുധ ഗ്രൂപ്പുകളുമായി രാഷ്ട്രീയ സംഭാഷണം പുനരാരംഭിച്ചു. പക്ഷെ മെയ്തി വിഭാഗങ്ങൾ ഈ നീക്കത്തെ ശക്തിയായി എതിർക്കുന്നു. കുക്കി-സോ ഗ്രൂപ്പുകൾ വെടിനിർത്തൽ നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് എസ്ഒഒ ഉടമ്പടി ഉടൻ അവസാനിപ്പിക്കണമെന്നാണ് അവരുടെ നിലപാട്. “നിയമസഭാ സംവിധാനമുള്ള കേന്ദ്രഭരണ പ്രദേശ പദവി എന്ന ആവശ്യത്തിലൂന്നി 2024ൽ ന്യൂഡൽഹിയിൽ മൂന്ന് റൗണ്ട് രാഷ്ട്രീയ ചർച്ചകൾ നടന്നു. 2024 ഓഗസ്റ്റിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഒരു കരട് രൂപരേഖ എ കെ മിശ്ര സമർപ്പിച്ചു. എന്നാല്‍ സർക്കാർ ഈ ആവശ്യത്തോട് ഇന്നുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.” കുക്കികള്‍ക്ക് പ്രത്യേക ഭരണസംവിധാനം എന്ന ആവശ്യം ന്യൂഡൽഹി സമ്മതിച്ചാൽ, മെയ്തി സമൂഹം കേന്ദ്രത്തിനെതിരെ തിരിയുമെന്ന് സംസ്ഥാന ബിജെപിയിലെയും കോൺഗ്രസിലെയും വൃത്തങ്ങൾ ആവർത്തിക്കുന്നു.
പുതിയ സർക്കാരിന്റെ കാര്യം ചിന്തിച്ചാലോ! കേന്ദ്ര സർക്കാർ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ആറ് മാസം കൂടി നീട്ടിയിട്ടുണ്ടെങ്കിലും, മണിപ്പൂരിൽ പുതിയ സർക്കാർ രൂപീകരിക്കാൻ പ്രേരിപ്പിക്കുന്നതിനായി ഇംഫാലിൽ നിന്നുള്ള ബിജെപി എംഎൽഎമാർ കഴിഞ്ഞ കുറച്ച് മാസങ്ങളായി പാർട്ടിയുടെ ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിവരികയാണ്. മോഡിയുടെ സംസ്ഥാന സന്ദർശനത്തോടെ, പുതിയ സർക്കാർ നിലവിൽ വരാനുള്ള സാധ്യതയെക്കുറിച്ച് സംസ്ഥാന ബിജെപിക്കുള്ളിൽ ചർച്ചകളും തുടരുകയാണ്. 60 അംഗ മണിപ്പൂർ നിയമസഭയിൽ 44 എംഎൽഎമാരുടെ പിന്തുണ എൻഡിഎ അവകാശപ്പെടുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 13 മുതൽ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലാണ്. അക്രമം കൈകാര്യം ചെയ്തതിലുണ്ടായ വീഴ്ചയും പക്ഷം ചേർന്നുള്ള ഇടപെടലുകളും വെളിപ്പെടുത്തുന്ന ഓഡിയോ ടേപ്പ് പുറത്തുവന്നതിനെ തുടർന്നായിരുന്നു ഫെബ്രുവരി ഒമ്പതിന് മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവച്ചത്. ഇക്കാര്യങ്ങൾ ഇപ്പോൾ സുപ്രീം കോടതിയുടെ സൂക്ഷ്മപരിശോധനയിലുമാണ്. ബിരേൻ സിങ്ങുമായി ബന്ധപ്പെട്ട ഓഡിയോ റെക്കോർഡിങ് ഗാന്ധിനഗറിലെ നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിക്ക് (എൻഎഫ്എസ്‌യു) അയയ്ക്കാൻ സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ ലാബായ ദി ട്രൂത്ത് ലാബിന്റെ റിപ്പോർട്ടിൽ ബിരേൻ സിങ്ങിന് ആശ്വസിക്കാനൊന്നുമില്ല. ഓഡിയോ ടേപ്പിലെ സാമ്പിൾ ബിരേൻ സിങ്ങിന്റെ ശബ്ദവുമായി 93% പൊരുത്തപ്പെട്ടു എന്നാണ് അവരുടെ കണ്ടെത്തൽ. ഭൂരിപക്ഷ പിന്തുണ എൻഡിഎ അവകാശപ്പെടുന്നുണ്ടെങ്കിലും, വംശീയ സംഘർഷത്തിനുശേഷം 44 എംഎൽഎമാരുടെ പൂർണ പട്ടികയോ ഔപചാരിക പിന്തുണ കത്തോ പരസ്യമാക്കിയിട്ടില്ല. അടുത്ത മുഖ്യമന്ത്രിയെക്കുറിച്ച് അഭിപ്രായ ഭിന്നത നിലനിൽക്കുന്നതിനാൽ സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചിട്ടില്ലെന്ന് പാർട്ടിയിലെ മുതിർന്ന ഭാരവാഹികൾ വ്യക്തമാക്കുന്നുമുണ്ട്. ബിരേൻ സിങ്, സംസ്ഥാന പ്രസിഡന്റ് ശാരദാ ദേവി എന്നിവരുൾപ്പെടെയുള്ള ഉന്നത സംസ്ഥാന നേതാക്കളോട് മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ ബിജെപിക്കുള്ളിൽ നിന്ന് തന്നെ കലാപം നേരിടുന്നുണ്ട്. ബിരേൻ സിങ്, വംശീയ അക്രമം കൈകാര്യം ചെയ്ത സമീപനങ്ങളെ ബിജെപിയിലെ തന്നെ ഏഴ് പേർ ഉൾപ്പെടുന്ന 10 കുക്കി എംഎൽഎമാർ പരസ്യമായി അപലപിച്ചിരുന്നു. മണിപ്പൂർ ടേപ്പുകൾ പുറത്തുവന്നതിനുശേഷം പാർട്ടിയിൽ നിന്ന് അവർ അകന്നു നിൽക്കുകയും ചെയ്യുന്നു. “ഇത്തരം ഭിന്നതകൾ അവസാനിപ്പിക്കുകയും പാർട്ടിക്കുള്ളിലെ എല്ലാ വിഭാഗങ്ങളെയും തൃപ്തിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. ഇത് സാധ്യമായില്ലെങ്കില്‍ നിലവിൽ സംസ്ഥാനത്ത് ഒരു സർക്കാർ രൂപീകരിക്കുന്നതിന് അത് ഒരു വലിയ വെല്ലുവിളിയായിരിക്കും,”- ഇംഫാലിൽ നിന്നുള്ള ഒരു പാർട്ടി നേതാവ് പറഞ്ഞു.
ബിജെപിയുടെ ദേശീയ നേതൃത്വം പുതിയ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കരുതെന്ന് ബീരേൻ സിങ്ങിന്റെ അനുയായികൾ ആഗ്രഹിക്കുന്നു. അങ്ങനെ സംഭവിച്ചാൽ സിങ്ങിന്റെ രാഷ്ട്രീയ നിലനില്പ് അപകടത്തിലാകും. അതുകൊണ്ട് പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപനം സാധ്യമാക്കാൻ ബിരേൻ സിങ് വിഭാഗം അരയും തലയും മുറുക്കി പോരാടുകയാണ്.
(ദ വയര്‍)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.