16 February 2026, Monday

മുഹമ്മദ് ദീപക് എന്ന വെളിച്ചം

രാം പുനിയാനി
February 16, 2026 4:40 am

ന്ത്യ എല്ലാത്തരം വൈവിധ്യങ്ങളും നിറഞ്ഞുനില്‍ക്കുന്ന ഒരു രാജ്യമാണ്. അത്ഭുതപ്പെടുത്തുന്നതാണ് അതിലെ മതങ്ങളുടെ വൈവിധ്യം. അവിടെ ‘വിഭജിച്ച് ഭരിക്കുക’ എന്ന വിഷവിത്ത് വിതയ്ക്കാൻ ബ്രിട്ടീഷുകാർ ഹിന്ദു-മുസ്ലിം സ്വത്വത്തെ ഉപയോഗിച്ചു. വിദ്വേഷത്തിന്റെ തെെ നടാൻ അവർ ചരിത്രത്തെ വക്രീകരിച്ചു. അത് മുസ്ലിം ലീഗിനും ഹിന്ദു മഹാസഭയ്ക്കും — രാഷ്ട്രീയ സ്വയംസേവക് സംഘം — വർഗീയതയുടെ ചരിത്രവ്യാഖ്യാനം ചമയ്ക്കുന്നതിനും ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള സൗഹാർദപരമായ ബന്ധങ്ങൾക്കിടയിൽ വിദ്വേഷം സൃഷ്ടിക്കുന്നതിനും അടിത്തറയായി. രാഷ്ട്രവിഭജനത്തിന് മുമ്പ് ഈ വിദ്വേഷം അസാധാരണമായ അക്രമത്തിന് കാരണമായി. കൂടാതെ രാജ്യം വിഭജിക്കാനുള്ള മൗണ്ട് ബാറ്റന്റെ പദ്ധതിക്ക് വഴങ്ങുന്നതിന് പ്രധാന ഘടകവുമായിരുന്നു അത്. സമാധാനത്തിന്റെ അപ്പോസ്തലനായ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്ക് ‘മുസ്ലിം അനുകൂലി‘യെന്ന ആരോപണത്തിൽ നിന്നുള്ള മൂന്ന് വെടിയുണ്ടകൾ തന്റെ നഗ്നമായ നെഞ്ചില്‍ ഏല്‍ക്കേണ്ടിവന്നു.
വിഭജന ശേഷം, പാകിസ്ഥാനിൽ മുസ്ലിം വർഗീയത സ്വയം സ്ഥാപിക്കുകയും ജനാധിപത്യം വളര്‍ച്ച പ്രാപിക്കാനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്തു. സാമൂഹിക, സാമ്പത്തിക പുരോഗതിയായിരുന്നു അതിന്റെ ഏറ്റവും വലിയ ഇര. പുരോഗതിയും സമാധാനവും സൗഹാർദവുമുള്ള ഒരു ആധുനിക രാഷ്ട്രമായി മാറാനുള്ള ആ രാജ്യത്തിന്റെ സാധ്യത ഇല്ലാതാക്കി. 

ജവഹർലാൽ നെഹ്രു നയിച്ച ശക്തമായ മതേതര നേതൃത്വമായിരുന്നു ഇന്ത്യയുടേത്. ആ മൂല്യങ്ങള്‍ ഏതാനും പതിറ്റാണ്ടുകൾ മുമ്പ് വരെ നിലനിന്നിരുന്ന രാഷ്ട്രത്തിന്റെ അടിത്തറ പാകിയത് അദ്ദേഹമാണ്. ന്യായമായും അത് കൂടുതല്‍ ഉയരങ്ങളിലേക്ക് പുരോഗമിച്ചു. എന്നാല്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി വർഗീയശക്തികൾ ശക്തമായ രീതിയില്‍ ഉയർന്നുവന്നിരിക്കുകയാണ്. സമാധാനത്തിന്റെയും സൗഹാർദത്തിന്റെയും ആദ്യത്തെ അഞ്ച് പതിറ്റാണ്ടുകളുടെ നേട്ടങ്ങളെ ഇല്ലാതാക്കുകയാണ്. മുസ്ലിങ്ങൾക്കെതിരായ വെറുപ്പാണ് തങ്ങളുടെ ശക്തി വർധിപ്പിക്കുന്നതിനും സമൂഹത്തില്‍ ആധിപത്യം സ്ഥാപിക്കുന്നതിനുമുള്ള അവരുടെ പ്രധാന മാർഗം. ജനാധിപത്യ രാജ്യത്തെ ഒരു വിഭാഗീയ ദേശീയ രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമത്തിനിടയിൽ, വർഗീയ ശക്തികൾ പുതിയ ഭാഷകളും മുദ്രാവാക്യങ്ങളും വികസിപ്പിച്ചെടുത്തു. പ്രത്യേകിച്ച് മുസ്ലിങ്ങൾക്കെതിരെയും ക്രിസ്ത്യാനികൾക്കെതിരെയും. ഇപ്പോൾ സ്ഥിതി കൂടുതല്‍ ദയനീയമാണ്. സമൂഹത്തിലെ പൊതുബോധം മുസ്ലിങ്ങൾക്കെതിരായ വെറുപ്പുകൊണ്ട് നിറഞ്ഞിരിക്കുന്നു. അത് ദിവസം തോറും വർധിച്ചുകൊണ്ടിരിക്കുന്നു. ഹിന്ദു വർഗീയത വ്യാപകമാക്കുന്നതിനുള്ള സംവിധാനം വികസിപ്പിച്ചെടുക്കുന്നതും നാം കണ്ടു. മുസ്ലിം ചേരിവല്‍ക്കരണം സര്‍വസാധാരണമായിരിക്കുന്നു. സസ്യാഹാരം നിർബന്ധമാക്കുന്നു, ‘ലൗ ജിഹാദ്, ലാന്റ് ജിഹാദ്, കൊറോണ ജിഹാദ്’ എന്നിവ സാധാരണ പദങ്ങളായി മാറിയിരിക്കുന്നു. ഉന്നത നേതൃത്വത്തിൽ നിന്ന് ആരംഭിച്ച്, ഹിന്ദുത്വത്തിന്റെ പാദസേവകർ ഈ വിദ്വേഷം പ്രായോഗിക ആക്രമണമായി നടപ്പിലാക്കുന്നു. ‘ബതേങ്കെ തോ കട്ടേങ്കെ’, ‘ഏക് ഹേ തോ സേഫ് ഹേ’, ‘അവരെ അവരുടെ വസ്ത്രങ്ങളിൽ നിന്ന് തിരിച്ചറിയാം’, ‘അവർ മുയലുകളെപ്പോലെ പെരുകുന്നു’, ‘ഹിന്ദുക്കൾ ന്യൂനപക്ഷമാകും’, ‘ഹിന്ദുക്കൾ അപകടത്തിലാണ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നതനേതൃത്വം ഉയർത്തുന്നു. ഇത് സമൂഹത്തെ കടുത്ത ധ്രുവീകരണത്തിലേക്ക് നയിക്കുന്നു. 

മുമ്പ് കോൺഗ്രസായിരുന്ന, ഇപ്പോള്‍ ബിജെപിയായ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ, ‘മിയ’ (ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങൾ) കള്‍ക്കെതിരെ നടത്തിയ പ്രസ്താവനകൾ, മുമ്പ് നടത്തിയ എല്ലാ വിദ്വേഷ പ്രസംഗങ്ങളെയും മറികടക്കുന്നതാണ്. ജനുവരി 27ന് അദ്ദേഹം പറഞ്ഞു, “നാല് മുതൽ അഞ്ച് ലക്ഷം വരെ മിയകളെ എസ്ഐആർ വഴി വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യും”. അദ്ദേഹം തുടർന്നു, “വോട്ട് ചോരി എന്നാൽ ഞങ്ങള്‍ കുറച്ച് മിയ വോട്ടുകൾ മോഷ്ടിക്കാൻ ശ്രമിക്കുന്നതാണ്. അവർക്ക് അസമിൽ വോട്ട് ചെയ്യാൻ അനുവാദമില്ല, ബംഗ്ലാദേശിലാണ് വോട്ട് ചെയ്യേണ്ടത്.” “നിങ്ങള്‍ റിക്ഷ വിളിച്ചാല്‍, ഡ്രെെവര്‍ മിയ ആണെങ്കില്‍ അഞ്ച് രൂപ ചാർജിന് പകരം നാല് രൂപ മാത്രം കൊടുക്കുക. പ്രശ്നങ്ങൾ നേരിടേണ്ടി വന്നാൽ മാത്രമേ അവർ അസം വിട്ടുപോകൂ” എന്ന് ശർമ്മ പരസ്യമായി ആഹ്വാനം ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവുമൊടുവില്‍ ശർമ്മ ഒരു റൈഫിള്‍ കൊണ്ട് വെടിയുതിർക്കുന്നതും, വെടിയേറ്റ ഒരു മുസ്ലിം മനുഷ്യനും അയാളുടെ അടുത്ത് ഒരു ആൺകുട്ടി നില്‍ക്കുന്നതും ചിത്രീകരിച്ച ഒരു വീഡിയോ (ഇപ്പോൾ ഇല്ലാതാക്കിയിരിക്കുന്നു) അസം ബിജെപി ട്വീറ്റ് ചെയ്തു. മനുഷ്യാവകാശ പ്രവർത്തകനും പ്രമുഖ എഴുത്തുകാരനുമായ ഹർഷ് മന്ദർ (വർഗീയ- മതപരമായ അക്രമങ്ങളുടെ ഇരകളോടുള്ള ഐക്യദാർഢ്യത്തിനായി കർവാൻ‑ഇ-മൊഹബത്ത് കാമ്പയിൻ ആരംഭിച്ചയാള്‍), അസമിലെ ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങൾക്കെതിരെ വിദ്വേഷം, പീഡനം, വിവേചനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ശർമ്മയുടെ പ്രസംഗത്തിനെതിരെ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. “ഭാരതീയ ന്യായ സംഹിത, 2023ലെ വ്യവസ്ഥകൾ പ്രകാരം ഉടനടി നടപടി സ്വീകരിക്കാനും എഫ്ഐആർ രജിസ്റ്റർ ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ എൻആർസി (നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ്)പ്രക്രി യയിൽ മുസ്ലിങ്ങളെ സഹായിച്ചതിന് മന്ദറിനെതിരെ ഒന്നിലധികം എഫ്ഐആറുകൾ ഫ യൽ ചെയ്യുമെന്നും അദ്ദേഹത്തെ ജയിലിലേക്ക് അയയ്ക്കുമെന്നുമാണ് ശർമ്മയുടെ പ്രതികരണം.
നൂറ്റാണ്ടുകളായി നമ്മുടെ നാടിന്റെ ഭാഗമായിരുന്ന സമന്വയ സംസ്കാരത്തിന് എന്ത് സംഭവിച്ചു? അസൻ പീറും ശങ്കർ ദേവും ഐക്യം പ്രസംഗിക്കുകയും ജീവിക്കുകയും ചെയ്ത അസം എവിടെയാണ്? ജീവിതത്തിന്റെ എല്ലാ മേഖലകളിലും — ഭക്ഷണം, സാഹിത്യം, വാസ്തുവിദ്യ, മതപരമായ ഉത്സവങ്ങൾ എന്നിവയിലെയെല്ലാമുള്ള ഹിന്ദു-മുസ്ലിം സങ്കലനത്തിന് എന്ത് സംഭവിച്ചു?
ഇതേ സാഹചര്യത്തിൽ മറ്റൊരാൾ ഒരേസമയം നിരാശയും ആശ്രയത്വവും അനുഭവിച്ചു. ഉത്തരാഖണ്ഡിലെ കോട്ദ്വാറിലാണ് സംഭവം. കഴിഞ്ഞ 30 വർഷമായി ഒരു മുസ്ലിം വൃദ്ധൻ ‘ബാബ സ്കൂൾ ഡ്രസ്’ എന്ന പേരിൽ കട നടത്തിവരികയായിരുന്നു. ബജ്റംഗ്‌ദൾ പ്രവർത്തകർ കടയ്ക്ക് ‘ബാബ’ എന്ന് എങ്ങനെ പേരിടുമെന്ന് ചോദിച്ചുകൊണ്ട് അദ്ദേഹത്തെ ആക്രമിച്ചു. അവർ ബാബ എന്നതിനെ ഒരു ഹിന്ദു വ്യക്തിയായി മാത്രമാണ് കണ്ടത്. 

ഇതുകണ്ട ദീപക് കുമാർ എന്നൊരാൾ വിഷയത്തില്‍ ഇടപെട്ടു. അയാള്‍ ബജ്റംഗ്‌ദൾ ആക്രമണകാരികളെ നേരിട്ടു. പക്ഷേ, പൊലീസ് നിശബ്ദകാഴ്ചക്കാരായി നിന്നു. പിന്നീട് ദീപക് കുമാറിനും സുഹൃത്തിനുമെതിരെ എഫ്ഐആർ ഫയൽ ചെയ്തു. ബജ്റംഗ്‌ദൾ പ്രവർത്തകർക്കെതിരായി മറ്റൊരു എഫ്ഐആറും ഫയല്‍ ചെയ്തെങ്കിലും, അതില്‍ ‘അജ്ഞാതരായ വ്യക്തികൾ’ എന്നായിരുന്നു പരാമർശം. ഒന്നിലധികം വീഡിയോകളിൽ വ്യക്തമായി കാണുന്നവരെയാണ് പൊലീസ് ‘അജ്ഞാത’ രാക്കിയത്.
ഈ സംഭവം ചില പ്രതീക്ഷകൾ നല്‍കുന്നു. ഹിന്ദു ദേശീയതയുടെ വക്താക്കൾ സൃഷ്ടിച്ച വെറുപ്പിന്റെ പ്രളയത്തിൽ മാനവികത പൂർണമായും ഇല്ലാതാകുന്നില്ല എന്ന പ്രതീക്ഷ. ഇവിടെ നിലനിന്നിരുന്നതും ഇപ്പോൾ ഒരു അപവാദമായി മാറിയതുമായ സൗഹാർദപരമായ ഹിന്ദു-മുസ്ലിം ബന്ധങ്ങളുടെ ജീവിക്കുന്ന ഉദാഹരണമാകുന്നു ദീപക്. അദ്ദേഹത്തിന്റെ മാനവികത നൂറായിരം സല്യൂട്ട് അർഹിക്കുന്നു.
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി, ദീപക് കുമാറിനെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു, “ഭരണഘടനയ്ക്കും മനുഷ്യത്വത്തിനും വേണ്ടിയാണ് ദീപക് പോരാടുന്നത് — ബിജെപിയും സംഘ്പരിവാറും കാലുകൊണ്ട് ചവിട്ടിമെതിക്കാൻ ഗൂഢാലോചന നടത്തുന്ന ഭരണഘടനയ്ക്കുവേണ്ടി. വെറുപ്പിന്റെ വിപണിയിലെ സ്നേഹത്തിന്റെ ജീവിക്കുന്ന പ്രതീകമാണ് അദ്ദേഹം. അധികാരത്തിലിരിക്കുന്നവരെ ഏറ്റവും കൂടുതൽ അസ്വസ്ഥമാക്കുന്നത് അതാണ്. സംഘ്പരിവാർ, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും സമൂഹത്തെയും മനഃപൂർവം വിഷലിപ്തമാക്കുകയാണ്. ഇന്ത്യ വിഭജിക്കപ്പെടുകയും കുറച്ചുപേർ ഭയത്തിന്റെ ഊന്നുവടികളിൽ ഭരണം തുടരുകയും ചെയ്യുന്നു.”

‘പേര് ചോദിച്ചപ്പോൾ എന്തിനാണ് മുഹമ്മദ് എന്ന് പറഞ്ഞത്’ എന്ന ചോദ്യത്തിന് ദീപക് കുമാറിന് മധുരമുള്ള മറുപടി ഉണ്ടായിരുന്നു. അതൊരു ഐക്യദാർഢ്യ പ്രകടനമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “സരസ്വതി എന്റെ നാവിലുണ്ടായിരുന്നു, അതുകൊണ്ടാണ് ആ നിമിഷം എന്റെ വായിൽ നിന്ന് ‘മുഹമ്മദ് ദീപക്’ എന്ന പേര് വന്നത്. ഞാൻ ഒരു ഹിന്ദുവാണെന്ന് അവർ മനസിലാക്കുമെന്നും, സംഘര്‍ഷഭരിതമായ സാഹചര്യം ശാന്തമാകുമെന്നും കരുതി. പക്ഷേ, ഇപ്പോൾ എനിക്കെതിരെ ഒരു എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നു.” ‘ഇന്ത്യ എന്ന യഥാർത്ഥ ആശയത്തെ’ പ്രതിനിധീകരിക്കുന്ന ഹർഷ് മന്ദറിനെയും ദീപക് കുമാറിനെയും ഇനിയും കൂടുതൽക്കൂടുതല്‍ കാണാൻ കഴിയുമെന്നത് ആഗ്രഹവും പ്രതീക്ഷയുമാണ്.

(ന്യൂസ് ക്ലിക്ക്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.