22 December 2025, Monday

അമ്മമാര്‍ക്കും പരിഗണന വേണം

പ്രത്യേക കരുതല്‍ ആവശ്യമുള്ള കുട്ടികള്‍-2
ഷീബ അമീര്‍
August 21, 2025 4:45 am

പ്രത്യേക കരുതല്‍ ആവശ്യമുള്ള കുട്ടികളുടെ അമ്മമാരും പ്രത്യേക പരിഗണന അർഹിക്കുന്നവരാണ്. ജീവിതത്തിന്റെ നൂറായിരം പ്രാരാബ്ധങ്ങൾക്കിടയിൽ ഈ കുട്ടികളെ വേണ്ടപോലെ ശുശ്രൂഷിക്കുവാനും അവനവനെ കുറിച്ച് ചിന്തിക്കാനോ, സമാധാനമായി ഒരു ദിവസം പോലും കിടന്നുറങ്ങുവാനോ, സാധാരണ ഒരു സ്ത്രീക്ക് സാധ്യമാകുന്ന ഒരു സന്തോഷവും സാധ്യമാകാത്ത അത്രമാത്രം ഇരുളിലേക്ക് ഒതുക്കപ്പെട്ട സ്ത്രീകളാണ് ഈ അമ്മമാർ. അവർക്ക് എല്ലാ പ്രാരാബ്ധങ്ങളിൽ നിന്നും ഒഴിവായി കുറച്ചു ദിവസം കുഞ്ഞിനെയും കൊണ്ട് സ്വസ്ഥമായി മാനസികോത്സാഹം വീണ്ടെടുക്കാൻ താമസിക്കാൻ ഒരിടം ഒരുക്കേണ്ടതുണ്ട്. ഓരോ ജില്ലയിലും ഒരെണ്ണം വീതമെങ്കിലും ഇത്തരം റെസ്പെെറ്റ് സെന്റര്‍ പ്രവർത്തനത്തിൽ വരേണ്ടതുണ്ട്. തൃശൂരിൽ സാലസിന്റേതായി ഒരു റെസ്പൈറ്റ് സെന്റർ പ്രവർത്തനത്തിലുണ്ട്. പല ആത്മഹത്യകളും ഒഴിവാക്കാൻ അതുകൊണ്ടു സാധിച്ചിട്ടുണ്ട്. 

ലീഗൽ സപ്പോർട്ട്: സുഖമില്ലാത്ത ഒരു കുഞ്ഞുണ്ടായാൽ കുഞ്ഞിനെയും ഭാര്യയെയും അച്ഛൻ ഉപേക്ഷിച്ചുപോവുകയാണ് ഏറെക്കുറെ പതിവ്. അതല്ലെങ്കിൽ കുഞ്ഞിനെ ഉപേക്ഷിച്ചു വന്നാൽ താൻ നോക്കിക്കൊള്ളാം എന്ന വാഗ്ദാനമാണ് അത്തരം പുരുഷന്മാർ ഭാര്യമാരോട് പറയുന്നത്. എന്നാൽ ഈ സ്ത്രീകൾ ഒരിക്കലും കുഞ്ഞിനെ ഉപേക്ഷിച്ച് പോകാൻ തയ്യാറുള്ളവരല്ല. അവർ അന്തസോടെ ആ കുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ചു ജീവിക്കാൻ ശ്രമിക്കുന്നു.
കുഞ്ഞിന്റെ ചികിത്സയ്ക്ക് വേണ്ട സാമ്പത്തിക ഉത്തരവാദിത്തം അച്ഛൻ ഒരുതരത്തിലും ഏറ്റെടുക്കുന്നില്ലെന്നതാണ് സംഭവിക്കുന്നത്. സാധാരണ ഭർത്താവ് ഉപേക്ഷിച്ച മറ്റു സ്ത്രീകളെപ്പോലെ ഭർത്താവിന്റെ കയ്യിൽ നിന്നും തനിക്ക് അവകാശപ്പെട്ട ജീവനാംശം തേടി കേസിന് പോകാൻ ഒന്നും ഈ അമ്മമാർക്ക് സാധിക്കാറില്ല. കാരണം ഈ അമ്മമാർ സുഖമില്ലാത്ത തന്റെ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിലും പ്രാരാബ്ധങ്ങളിലും ആയിരിക്കും. ഈ സുഖമില്ലാത്ത കുട്ടിയുടെ യാതൊരു ഉത്തരവാദിത്തവും പിതാവെന്ന നിലയിൽ അവർ നിർവ്വഹിക്കാതെ രക്ഷപ്പെട്ടു പോകുകയാണ് ചെയ്യുന്നത്. അതുകൊണ്ട് കുഞ്ഞിനും അമ്മയ്ക്കും കിട്ടേണ്ടതായിട്ടുള്ള അവകാശങ്ങളെ എത്രയും വേഗം നേടിക്കൊടുക്കാനുള്ള നിയമസഹായ സംവിധാനം നിലവിൽ വരുത്തേണ്ടതുണ്ട്. അത് ഒരു അതിവേഗ കോടതി മൂലമോ പ്രത്യേക നിയമ പരിഹാര സെൽ മുഖേനയോ ഈ കുഞ്ഞുങ്ങളുടെ അമ്മമാർക്ക് എത്തിച്ചു കൊടുക്കേണ്ടത് ഗവൺമെന്റ് ഉത്തരവാദിത്തമായി ഏറ്റെടുക്കണം.
തെറാപ്പി: ദീർഘകാല രോഗങ്ങൾ ഉള്ള ഒരുപാട് കുട്ടികൾ പലതരത്തിലുള്ള തെറാപ്പികൾ ആവശ്യമുള്ളവരാണ്. ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ബിഹേവിയർ തെറാപ്പി തുടങ്ങിയ പലതും. ഈ തെറാപ്പികൾ കൊണ്ടൊന്നും കുട്ടികൾ സാധാരണ കുട്ടികളെപ്പോലെ ഓടിച്ചാടി നടക്കില്ലായിരിക്കും പക്ഷേ തീരെ കിടപ്പിലായവർക്ക് ഒന്ന് എഴുന്നേറ്റിരിക്കാനോ നടക്കുവാനോ, ഒരു ഗ്ലാസ് വെള്ളമെങ്കിലും സ്വന്തം കൈകൊണ്ട് പിടിച്ചു കുടിക്കുവാനോ, ‘അമ്മ’ എന്നൊന്ന് വിളിക്കുവാനോ സാധിച്ചേക്കും. അവരെ സംബന്ധിച്ച് അതൊക്കെ വളരെ വലിയ കാര്യമാണുതാനും. എല്ലാ പിഎച്ച്‌സികളിലും ഈ തെറാപ്പികൾ എല്ലാ ദിവസവും എട്ടുമണിക്കൂറെങ്കിലും ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കണം. തെറാപ്പി സെന്ററുകളിലേക്ക് എടുത്തു കൊണ്ടുവരാൻ സാധിക്കാത്ത കുഞ്ഞുങ്ങൾക്ക് കൊടുക്കാനായി മൊബൈൽ തെറാപ്പി യൂണിറ്റും നടപ്പിൽ വരുത്താവുന്നതാണ്

ഏർലി ഇന്റർവെൻഷൻ സെന്റർ: എല്ലാ ജില്ലകളിലും ഏർലി ഇന്റര്‍വെൻഷൻ സെന്ററുകൾ സ്ഥാപിക്കുകയാണെങ്കിൽ ജനിതക തകരാറു കൊണ്ടുണ്ടാകാവുന്ന ദീർഘകാല രോഗങ്ങളുടെ ലക്ഷണങ്ങൾ എത്രയുംവേഗം കണ്ടുപിടിക്കാനും ചികിത്സ എത്രയുംവേഗം തുടങ്ങുവാനും സാധിക്കും. അതുവഴി കുഞ്ഞുങ്ങൾ പൂർണമായും കിടപ്പിലാകുന്ന അവസ്ഥകൾ പരമാവധി കുറച്ചുകൊണ്ടുവരാൻ സാധിക്കും. പാലിയേറ്റീവ് കെയർ: പേരു കൊണ്ടുതന്നെ പാലിയേറ്റീവ് കെയർ സെന്ററുകൾ സമാധാനപൂർണമായ മരണം സാധ്യമാക്കുന്നതിന് വേണ്ടിയുള്ള സ്ഥലമാണെന്ന് അറിവ് കേരളത്തിലെ ഒട്ടുമിക്ക ആളുകൾ‌ക്കുമുണ്ട്. സത്യത്തിൽ പാലിയേറ്റീവ് കെയർ എന്നാൽ രോഗം കണ്ടെത്തിയാൽ ഉടൻതന്നെ അവർക്കുവേണ്ടതായ ശ്രദ്ധ കൊടുത്തുകൊണ്ട് കൂട്ടുനിൽക്കേണ്ട ഒരു പദ്ധതിയാണ്. പക്ഷേ കേരളത്തിൽ എന്നല്ല ലോകമൊട്ടുക്കും തന്നെ അന്തസുള്ള മരണം ഉറപ്പാക്കുന്ന ഒരു ഇടമായി ഇന്ന് പാലിയേറ്റീവ് കെയറിനെ വിലയിരുത്തുന്നുണ്ട്. അതുകൊണ്ട് പീഡിയാട്രിക് പാലിയേറ്റീവ് കെയർ എന്നതിൽ ഊന്നൽ കൊടുത്തുകൊണ്ട് ഗവൺമെന്റ് പദ്ധതികൾ രൂപീകരിക്കുമ്പോൾ, വിഭാവനം ചെയ്യേണ്ടത് ക്യൂറേറ്റിവ് ട്രീറ്റ്മെന്റ് നടക്കുന്ന ഇടത്തിൽ തന്നെ പാലിയേറ്റീവ് കെയർ പരിശീലനം നേടിയ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുക എന്നതാണ്. അതായത് കുട്ടികൾക്ക് രോഗം മാറാനുള്ള ചികിത്സ നൽകുന്ന ഇടത്തിൽ തന്നെ രക്ഷിച്ചെടുക്കാൻ പറ്റില്ല എന്ന് മനസിലാക്കുമ്പോൾ പാലിയേറ്റീവ് മരുന്നുകൾ നൽകുക എന്നതാണ് ഉചിതം. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ ക്യൂറേറ്റീവ് ചികിത്സയ്ക്കും പാലിയേറ്റീവ് ചികിത്സയ്ക്കും ഇടയിലുള്ള വിടവ് പരമാവധി കുറയ്ക്കുക എന്നതാണ് ഉചിതമായ മാർഗം. കുട്ടികൾക്ക് പരിചിതമായ ആശുപത്രി വാർഡിൽ പരിചിതരായ ഡോക്ടർമാരുടെയും നഴ്സുമാരുടെയും പരിചരണയിൽ തന്നെ തുടരാൻ അനുവദിക്കുക. അത് ഒരുപക്ഷേ മരണമാണെങ്കിൽ തന്നെയും.

ഫാമിലി സ്ട്രെങ്തനിങ് പ്രോഗ്രാം: ഈ അമ്മമാർക്ക് കുഞ്ഞുങ്ങളുടെ കിടക്കക്കരികിൽ ഇരുന്നുകൊണ്ടുതന്നെ എന്തെങ്കിലും വരുമാനം കണ്ടെത്താനുള്ള തൊഴിൽ പരിശീലനങ്ങൾ നൽകേണ്ടതുണ്ട്. കൂൺ കൃഷി, എൽഇഡി ബൾബ് നിർമ്മാണം, ചവിട്ടി, കുട, സോപ്പ് തുടങ്ങി നിരവധി തൊഴിലുകൾ അവരെ പഠിപ്പിക്കാവുന്നതാണ്. കൂടാതെ അവർ ഉണ്ടാക്കുന്ന ഉല്പന്നങ്ങൾ വിൽക്കാനുള്ള സാഹചര്യം സർക്കാർ ഒരുക്കി കൊടുക്കേണ്ടതുണ്ട്
പെൻഷൻ പദ്ധതികൾ: ഈ അമ്മമാർക്ക് അതല്ലെങ്കിൽ ഈ കുടുംബങ്ങൾക്ക് പ്രത്യേക പെൻഷൻ പദ്ധതികളും നിലവിൽ കൊണ്ടുവരേണ്ടതുണ്ട്. ഞാൻ മനസിലാക്കിയിടത്തോളം ഈ ലോകത്ത് ജീവിക്കുന്ന ഏറ്റവും നിസഹായരായ മനുഷ്യരാണ് ഈ മാതാപിതാക്കൾ. അവർക്കുവേണ്ടിയും നമുക്കും ചിന്തിക്കാം. സംസ്ഥാന സർക്കാരിന്റെ ഭാവിപദ്ധതികളിൽ ഈ അഭിപ്രായങ്ങൾ കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം രണ്ടു ദിവസം മുമ്പ് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്.
(അവസാനിച്ചു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.