
ഇന്ത്യയിലെ ആദ്യ സംഘടിത വിദ്യാർത്ഥി പ്രസ്ഥാനമായ എഐഎസ്എഫ് സ്ഥാപകദിനമാണിന്ന്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ജന്മനാടിന്റെ മോചനത്തിനായി പൊരുതിയ എഐഎസ്എഫ്, സ്വാതന്ത്ര്യ സമരത്തിൽ സമാനതകളില്ലാത്ത ചെറുത്തുനില്പും മുന്നേറ്റങ്ങളുമാണ് സൃഷ്ടിച്ചത്. ദേശീയപ്രസ്ഥാന കാലയളവിൽത്തന്നെ വിദ്യാർത്ഥികളിലും യുവജനങ്ങളിലും ദേശീയ ബോധം വളർത്തുന്നതിന്റെ ഭാഗമായി അഖിലേന്ത്യാതലത്തിൽ ഒരു വിദ്യാർത്ഥി സംഘടന രൂപീകരിക്കുവാനുള്ള പരിശ്രമങ്ങൾ ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായാണ് 1928ൽ കൽക്കത്തയിൽ ജവഹർലാൽ നെഹ്രുവിന്റെ അധ്യക്ഷതയിലും 1929ൽ ലാഹോറിൽ മദൻ മോഹൻ മാളവ്യയുടെ അധ്യക്ഷതയിലും രണ്ട് വിദ്യാർത്ഥി സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നത്. തുടർന്ന് 1930കൾ മുതൽ വിവിധ വിദ്യാർത്ഥി ഫെഡറേഷനുകൾ രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം രൂപീകൃതമായിരുന്നു. 1931 മാർച്ച് 26ന് കറാച്ചിയിൽ ചേർന്ന 700 പ്രതിനിധികൾ പങ്കെടുത്ത യോഗമാണ് ഒരു അഖിലേന്ത്യാ സംഘടനയ്ക്ക് രൂപം നൽകാനുള്ള തീരുമാനമെടുക്കുന്നത്. വിദ്യാർത്ഥി സംഘടനാ രൂപീകരണം തങ്ങളുടെ അധീശത്വത്തിന് ഭീഷണിയാകുമെന്ന് മനസിലാക്കിയ ബ്രിട്ടീഷ് അധികാരികൾ വിവിധ യൂണിവേഴ്സിറ്റികളിലെ വിദ്യാർത്ഥികളെ ലഖ്നൗ യൂണിവേഴ്സിറ്റിയിൽ വിളിച്ചുകൂട്ടി ഒരു ഔദ്യോഗിക സംഘടനയുണ്ടാക്കുവാനുള്ള ശ്രമം നടത്തി. എന്നാൽ സാമ്രാജ്യത്വ അജണ്ട തിരിച്ചറിഞ്ഞ ദേശീയവാദികളായ വിദ്യാർത്ഥികൾ പ്രസ്തുത യോഗം കയ്യടക്കി. ഇതോടെയാണ് വിദ്യാർത്ഥികളുടെ ഒരു അഖിലേന്ത്യാ സംഘടനയുടെ രൂപീകരണം അനിവാര്യമാണെന്ന ബോധ്യം ദേശീയ നേതാക്കളില്‍ ഉടലെടുക്കുന്നത്. ഇതേത്തുടർന്ന് 1936 ഓഗസ്റ്റ് 12ന് എഐഎസ്എഫ് രൂപീകൃതമാവുകയായിരുന്നു. രൂപീകരണ കാലം മുതൽ രാജ്യത്താകമാനം സംഘടിതമായ ചെറുത്തുനില്പുകളുടെ നിരവധി അടയാളങ്ങളാണ് എഐഎസ്എഫ് എഴുതിച്ചേർത്തത്.
നരേന്ദ്ര മോഡിയുടെ ഭരണ കാലയളവിൽ ആഗോളവല്‍ക്കരണ നയങ്ങൾ രാജ്യ വ്യാപകമായി പ്രാഥമിക വിദ്യാഭ്യാസത്തിൽ പോലും സമ്പൂർണമായ സ്വകാര്യവല്‍ക്കരണ പ്രവണതകളെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. പൊതുജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ലാഭാധിഷ്ഠിത വിപണി സിദ്ധാന്തങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കുന്ന മുതലാളിത്തം എല്ലാ ജനാധിപത്യ മര്യാദകളെയും കാറ്റിൽ പറത്തിക്കൊണ്ടാണ് ഫാസിസ്റ്റ് സർക്കാരിന്റെ രാഷ്ട്രീയ അജണ്ടകൾക്ക് കുഴലൂത്ത് നടത്തുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ വിദ്യാഭ്യാസ മേഖലയെ പൂർണമായും സംഘപരിവാരത്തിന്റെ നിയന്ത്രണത്തിലാക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നു.
യൂണിസെഫും യുനെസ്കോയും പോലുള്ള ലോക സംഘടനകൾ മുന്നോട്ടുവച്ച ‘ഏവർക്കും വിദ്യാഭ്യാസ’മെന്ന (എജ്യുക്കേഷൻ ഫോർ ഓൾ) മുദ്രാവാക്യത്തിനനുസൃതമായി അറിവിനെ അവബോധമാക്കിയുള്ള വികസന കാഴ്ചപ്പാടിൽ നിന്ന് വ്യതിചലിച്ച് വിദ്യാഭ്യാസ മേഖലയിൽ കമ്പോളത്തിന്റെ പ്രാമാണിക തത്വങ്ങളെയും വികലവും പ്രാകൃതവുമായ ആശയങ്ങളെയും നിരന്തരം പ്രതിഷ്ഠിക്കുകയാണ് കേന്ദ്രം. രാഷ്ട്രീയ സ്വാധീനവും ഭരണമില്ലാത്തതുമായ സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് സർവകലാശാലകളുടെ സ്വതന്ത്ര ജനാധിപത്യ സ്വഭാവത്തെയടക്കം തകർത്തുകൊണ്ടുള്ള നഗ്നമായ കാവിവല്‍ക്കരണവും കാണാൻ കഴിയുന്നു. ഭരണഘടനയുടെ ഫെഡറൽ മൂല്യങ്ങളെ പാടെ നശിപ്പിക്കുകയും വിദ്യാഭ്യാസ മേഖലയിൽ ഭരണഘടനാപ്രകാരം സംസ്ഥാനങ്ങൾക്കുള്ള അവകാശം കവരുകയുമാണ് അധികാരത്തിലേറിയതുമുതൽ കേന്ദ്ര സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. ഭരണഘടനാപരമായി സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ ഉൾപ്പെട്ട വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ നിന്നും യൂണിയൻ ലിസ്റ്റിലെത്തിച്ച് കേന്ദ്രവല്‍ക്കരിക്കാനുള്ള നീക്കങ്ങളും കൂടുതൽ ആക്രമണാത്മകമായി അവർ നടപ്പിലാക്കുന്നു.
രാജ്യചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്ത വിധത്തിൽ മതവിദ്വേഷത്തിന്റെ വിത്ത് പാകിക്കൊണ്ട് ആർഎസ്എസിന്റെ ചരിത്രസങ്കല്പത്തിനനുസരിച്ച് പാഠപുസ്തകങ്ങൾ ഭേദഗതി ചെയ്ത്, ഹിന്ദുത്വാശയങ്ങളിൽ അടിയുറച്ച ഭാവിപൗരരെ സൃഷ്ടിക്കാനാണ് ശ്രമം. അതിന്റെ ഭാഗമായി എൻസിഇആർടിയുടെ ചരിത്രപാഠപുസ്തകങ്ങളിൽ വർഗീയ ആശയങ്ങൾ തിരുകിക്കയറ്റി മതാത്മക ചിന്തകളെ പരിപോഷിപ്പിക്കുന്ന പഠനാന്തരീക്ഷം സൃഷ്ടിക്കുന്നു. മുഗളന്മാരെക്കുറിച്ചുള്ള പഠനം ചരിത്ര പുസ്തകങ്ങളിൽ നിന്നും വെട്ടിമാറ്റുന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്.
കാശിയിലെ പ്രസിദ്ധമായ വിശ്വനാഥ ക്ഷേത്രം അക്ബറുടെ കാലത്ത് സേനാനായകൻ മാൻ സിങ് പണിതതാണെന്നും മണ്ഡുവിലെ നീലകണ്ഠ ക്ഷേത്രം അക്ബറുടെ നിർദേശ പ്രകാരം ഗവർണർ ഷാ ബദ്ഗ 1574ൽ നിർമ്മിച്ചതാണെന്നും മഥുര മേഖലയിലെ ക്ഷേത്രങ്ങൾക്ക് ഗ്രാന്റ് വർധിപ്പിച്ചുകൊടുത്തുവെന്നതും, രജപുത്ര ഭാര്യമാർക്കായി അക്ബർ ചക്രവർത്തി തലസ്ഥാനമായ ഫത്തേപൂർ സിക്രിയിൽ ക്ഷേത്രം പണിതുകൊടുത്തവെന്നതും ചരിത്രമാണെന്നിരിക്കെയാണ് മുഗൾ ഭരണം സ്വാർത്ഥ താല്പര്യങ്ങളും കലാപങ്ങളും നിറഞ്ഞതാണെന്ന വ്യാജാരോപണം പടച്ചുവിട്ടുകൊണ്ട് ബാല മനസുകളിൽ വർഗീയത പടർത്തുവാനും, വികലമായ വസ്തുതകൾ പഠിപ്പിക്കുവാനുമുള്ള ശ്രമങ്ങൾ നടത്തുന്നത്.
അതുപോലെ ഗാന്ധി വധവും ആർഎസ്എസ് നിരോധനവും ഗുജറാത്ത് കലാപവും ജമ്മു കശ്മീരും പരിണാമ സിദ്ധാന്തവുമെല്ലാം പാഠപുസ്തകങ്ങളിൽ വ്യാജ നിർമ്മിതികളിലൂടെ തമസ്കരിക്കുമ്പോൾ ചാതുർവർണ്യ വ്യവസ്ഥയെ അരക്കിട്ടുറപ്പിക്കുന്ന മനുസ്മൃതിയെ മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്നുണ്ട്. പൗരോഹിത്യ, കർമ്മകാണ്ഡ് തുടങ്ങിയ കോഴ്സുകളിലൂടെ മുൻ ബിജെപി സർക്കാർ തുടക്കം കുറിച്ച കാവിവല്‍ക്കരണ പ്രക്രിയകളുടെ ആവർത്തനമായി കേന്ദ്ര സർവകലാശാലകളിലടക്കം മൂല്യബോധനമെന്ന പേരിൽ ജ്യോതിഷവും വാസ്തുശാസ്ത്രവും അഭ്യസിപ്പിച്ച് അന്ധവിശ്വാസത്തെ വളർത്തുന്നു. ഓരോ മനുഷ്യന്റെയും ഉള്ളിലുള്ള ഹിന്ദുവിനെ ഉണർത്തുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന ‘വിചാരധാര’യിലെ ആഹ്വാനം ശിരസാ വഹിച്ച് സംഘ്പരിവാർ പ്രചാരകരെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, സർക്കാരിനെ പ്രതിനിധീകരിക്കുന്ന അതിഥികളായി പങ്കെടുപ്പിക്കുന്നുമുണ്ട്. അമൃത് മഹോത്സവ് എന്ന പേരിലും, ജി-20യുടെ പേരിലുമടക്കം നടത്തുന്ന ഇത്തരം പരിപാടികളിലൂടെ സ്ഥാപിച്ചെടുക്കുന്നത് കൃത്യമായ വർഗീയ അജണ്ടയാണ്. രാജ്യത്തെ സർവകലാശാലകളിലെയും പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിലെയും ഉന്നത സ്ഥാനങ്ങളിൽ സംഘ്പരിവാർ വിധേയത്വമുള്ളവരെയാണ് നിയമിക്കുന്നത്. സ്വകാര്യവല്‍ക്കരണത്തെയും കച്ചവട താല്പര്യങ്ങളെയും വ്യവസ്ഥാപിതമാക്കുന്ന ആർഎസ്എസ് ഭരണകൂടം ഹിന്ദുത്വ അവബോധം ഒളിച്ചുകടത്താനുള്ള ഏറ്റവും മികച്ച ഉപാധിയായിട്ടാണ് വിദ്യാഭ്യാസത്തെ വിലയിരുത്തുന്നത്. ചരിത്രവസ്തുതകളെ തങ്ങളുടെ സ്ഥാപിത താല്പര്യങ്ങൾക്കനുസൃതമായി ദുർവ്യാഖ്യാനം ചെയ്യുകയാണ് ജനാധിപത്യ വിരുദ്ധത മുഖമുദ്രയാക്കിയ ഇക്കൂട്ടർ. അതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തിന്റെ സമ്പൂർണമായ വർഗീയവല്‍ക്കരണത്തെയും സ്വകാര്യവല്‍ക്കരണത്തെയും വാണിജ്യവല്‍ക്കരണത്തെയും ചെറുത്തുതോല്പിക്കുന്നതിനും, അതിന്റെ ജനകീയ സ്വഭാവം വീണ്ടെടുക്കുന്നതിനുമുള്ള പോരാട്ടങ്ങളാണ് എഐഎസ്എഫ് പ്രവർത്തകർ വരുംനാളുകളിൽ ഏറ്റെടുക്കേണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.