
സെപ്റ്റംബർ എട്ട്, ഒമ്പത് തീയതികളിൽ നേപ്പാളിൽ നടന്ന പ്രക്ഷോഭം ആളിക്കത്തിച്ച തീക്കുണ്ഠം ഇനിയും അണഞ്ഞിട്ടില്ല. പാർലമെന്റ് മന്ദിരം, സുപ്രീം കോടതി, മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക, സ്വകാര്യ വസതികൾ എന്നിവ ആക്രമിക്കപ്പെട്ടു; ചുട്ടെരിക്കപ്പെട്ടു. സുന്ദരമായ ഹിമാലയൻ രാജ്യമായ നേപ്പാളിൽ ജെൻ സി നടത്തിയത് സമ്പൂർണ കലാപമായിരുന്നു. 2024 ഓഗസ്റ്റിൽ ബംഗ്ലാദേശിൽ നടന്ന സംഭവവികാസങ്ങളിൽ നിന്നും 2022ൽ ശ്രീലങ്കയിലെ വിദ്യാർത്ഥി കലാപത്തിൽ നിന്നും നേപ്പാളിലെ യുവാക്കൾ നടത്തിയ പ്രക്ഷോഭം പല കാര്യങ്ങളിലും വ്യത്യസ്തമാണ്. നേപ്പാളിൽ, രണ്ട് ദിവസത്തിനുള്ളിൽ കലാപം അപകടകരമായ മാനം കൈവരിച്ചു. ആദ്യ ദിവസം തന്നെ 19 പ്രകടനക്കാരെ പൊലീസ് കൊലപ്പെടുത്തിയതായിരുന്നു മുഖ്യ കാരണം. പിന്നീട് മരണസംഖ്യ 25 കവിഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടികളും നേപ്പാളി കോൺഗ്രസും ഉൾപ്പെടെ വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളുടെ ഓഫിസുകൾ കത്തിച്ച വിദ്യാർത്ഥികളുടെ രോഷം എല്ലാ അതിരുകളും ഭേദിച്ചു. കാഠ്മണ്ഡുവിലടക്കം വിവിധ നഗരങ്ങളിൽ സ്കൂൾ വിദ്യാർത്ഥികളും വലിയ തോതിൽ പങ്കെടുത്തു, പ്രത്യേകിച്ച് പെൺകുട്ടികൾ. അവരിൽ പലരും വരേണ്യ കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു. നേപ്പാളിലെ കലാപം കമ്മ്യൂണിസ്റ്റുകൾ ഉൾപ്പെടെയുള്ള ഭരണവർഗത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ മാനസികാവസ്ഥയിലുള്ള ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തലമുറയുടെ കലാപമാണ്. നേപ്പാളിലെ രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും ശക്തമായ വിദ്യാർത്ഥി സംഘടനയുണ്ട്. പക്ഷേ 26 സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളുടെ ഔദ്യോഗിക നിരോധനത്തിനെതിരെ ജെൻ സി കൂട്ടമായി കലാപത്തിനിറങ്ങിയതോടെ അവർ പൂർണമായും നിർവീര്യരായി. വാസ്തവത്തിൽ, നേപ്പാളിലെ ജെൻ സി തലമുറയുടെ ജീവിതം സാമൂഹ്യമാധ്യങ്ങളിൽ പൂർണമായും കുടുങ്ങിക്കിടക്കുകയായിരുന്നു എന്നു പറഞ്ഞാൽ അതിശയോക്തിയാകില്ല. ഇക്കാര്യത്തിൽ കുടുംബത്തിലെയോ സർക്കാരിലെയോ മുതിർന്നവരുടെ ഏതെങ്കിലും ഇടപെടലുകൾ അവർക്ക് ഉൾക്കൊള്ളാൻ ആവില്ലായിരുന്നു. സാമൂഹ്യമാധ്യമങ്ങളുടെ നിരോധനം അതിനാൽത്തന്നെ കലാപത്തിന് പ്രധാന കാരണമായി. അഴിമതിയും തൊഴിലില്ലായ്മയും എന്ന വിഷയം പിന്നീട് ശ്രദ്ധാകേന്ദ്രമായി ഉയർന്നതാണ്. പങ്കെടുത്തവര്‍ കൊല്ലപ്പെട്ടത് സർക്കാരിനും രാഷ്ട്രീയ വ്യവസ്ഥയ്ക്കും എതിരായ ഒരു പ്രസ്ഥാനമാക്കി പ്രക്ഷോഭത്തെ മാറ്റി. അതിന് പുതിയൊരു മാനം നൽകി. അതുകൊണ്ടാണ് സെപ്റ്റംബർ ഒമ്പതിന് രണ്ടാം ദിവസം മുതിർന്നവർ പ്രക്ഷോഭത്തില്‍ ചേർന്നത്. ജെൻ സി മുന്നേറ്റം ഒരു ദേശീയ പ്രസ്ഥാനത്തിന്റെ സ്വഭാവം കെെവരിച്ചതും.
നേപ്പാളിലെ 2.96 കോടി ജനങ്ങളില്‍ 1.17 കോടി പേർ 35 വയസിന് താഴെയുള്ളവരാണ്. 15–24 വയസിനിടയിലുള്ളവർ 57.6 ലക്ഷവുമാണ്. പ്രക്ഷോഭത്തിന്റെ പ്രധാന ചാലകശക്തി ഇവരാണ്. ഇൻസ്റ്റാ, ഫേസ്ബുക്ക് എന്നിവയിലൂടെയാണ് ഈ സംഘം വളർന്നത്. കഴിഞ്ഞ 10 വർഷത്തെ നേപ്പാളിന്റെ രാഷ്ട്രീയവും സമ്പദ്‌വ്യവസ്ഥയും പരിശോധിച്ചാൽ, രാജ്യം അതിന്റെ സാമ്പത്തിക വികസനത്തിന്റെ കാര്യത്തിൽ അത്ര മോശമല്ലെന്ന് കാണാൻ കഴിയും. 2025ൽ അതിന്റെ വളർച്ചാനിരക്ക് ആറ് ശതമാനമായിരുന്നു. അഞ്ച് യുവാക്കളിൽ ഒരാൾക്ക് തൊഴിലില്ല എന്ന് കണക്കുകകൾ സൂചിപ്പിക്കുമ്പോഴും തൊഴിലില്ലായ്മാ പ്രശ്നം ഒരിക്കലും കുടത്തിലെ ഭൂതമായി വളർന്നിരുന്നില്ല. യുവാക്കൾ എക്കാലവും പുറത്ത് ജോലികൾ തേടുന്നവരായിരുന്നു. എല്ലാ വർഷവും ശരാശരി നാല് ലക്ഷം നേപ്പാളികൾ ജോലികൾക്കായി പുറത്ത് പോകുന്നു. പുറത്തു നിന്ന് വൻതോതിൽ പണം രാജ്യത്തിന് ലഭിക്കുന്നുണ്ട്. ടൂറിസത്തിൽ നിന്നുള്ള വരുമാനത്തോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെയും ഇത് സഹായിക്കുന്നു. ലോകബാങ്ക് ഡാറ്റ അനുസരിച്ച്, നേപ്പാളിന്റെ സാമ്പത്തിക സൂചകങ്ങൾ അഭിവൃദ്ധിയിലാണ്. സിംഗപ്പൂരിന് സമാനമായി വാഹനങ്ങൾക്ക് ഏറ്റവും കൂടുതൽ തീരുവ അടയ്ക്കുന്ന രാജ്യമായും ദക്ഷിണേഷ്യയിൽ ഏറ്റവും ഉയർന്ന നികുതി-മൊത്തം ആഭ്യന്തര ഉല്പാദന (ജിഡിപി) അനുപാതമുള്ള രാജ്യവുമാണ് നേപ്പാൾ. സാമൂഹിക സൂചകങ്ങളും മെച്ചപ്പെട്ടതാണ്. ആയുർദൈർഘ്യം 1990ലെ 54.77 വർഷത്തിൽ നിന്ന് 2024ൽ 72 വർഷമായി. പ്രൈമറി സ്കൂൾ പ്രവേശനം നൂറ് ശതമാനമാണ്. സാക്ഷരതാ നിരക്ക് 2000ത്തിൽ 59% ആയിരുന്നത് 2024ൽ 76% ആയി വർധിച്ചു. നേപ്പാൾ ലിവിങ് സ്റ്റാൻഡേഡ് സർവേ പ്രകാരം ദാരിദ്ര്യ സൂചിക 2011ൽ 25.16% ആയിരുന്നത് 2023ൽ 20% ആയി കുറഞ്ഞു. 81% നേപ്പാളികളും സ്വന്തം വീടുകളിലാണ് താമസിക്കുന്നത്. അഞ്ചില്‍ നാല് കുടുംബത്തില്‍ കുറഞ്ഞത് ഒരാളെങ്കിലും വിദേശത്ത് ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്നു. 1991നും 2021നും ഇടയിൽ ജനസംഖ്യ 10 ദശലക്ഷം വർധിച്ചു. മൂന്ന് പതിറ്റാണ്ടിനിടയിൽ 50% വർധന.
എന്നാൽ നേപ്പാളിലെ വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികള്‍ക്കുകീഴിൽ രാജ്യത്തിന്റെ ഭരണനിർവഹണം 10 വര്‍ഷങ്ങളില്‍ നിശിത വിമർശനത്തിന് വിധേയമായിട്ടുണ്ട്. ഈ കാലയളവിൽ, ഭരണം മൂന്നോ നാലോ നേതാക്കളിൽ മാത്രമായി പരിമിതപ്പെട്ടു. അവരുടെ കുടുംബങ്ങളും സുഹൃത്തുക്കളും അഭിവൃദ്ധി പ്രാപിച്ചു. ഇത് എല്ലായിടത്തും അഴിമതിയുടെ പ്രതീതി സൃഷ്ടിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ, സ്വജനപക്ഷപാത ചർച്ച സാധാരണമായി. ഭരണ കുടുംബങ്ങളിലെ കുട്ടികൾ ആസ്വദിക്കുന്ന സ്വജനപക്ഷപാതത്തിനെതിരായ രോഷത്തിന്റെ പ്രകടനമായിരുന്നു വിദ്യാർത്ഥികൾ കലാപത്തില്‍ പങ്കാളികളായത്. മുൻനിര നേതാക്കളായ കെ പി ശർമ്മ ഒലി, പുഷ്പ കമാൽ ദഹൽ, ഷേർ ബഹാദൂർ ദ്യൂബ എന്നിവർ കാലങ്ങളായി അധികാരക്കസേരയിൽ ഊന്നിയുള്ള കളികളിലായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യൂണിഫൈഡ് മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) പ്രഡിഡന്റ് കെ പി ശർമ്മ ഒലി കമ്മ്യൂണിസ്റ്റ് പാർട്ടികളെ പിളർത്തി തലപ്പത്ത് തുടർന്നു. 72-ാം വയസില്‍ മൂന്നാം തവണയും പ്രധാനമന്ത്രിയായി. പാർട്ടിയിലെ രണ്ട് പ്രധാന എതിരാളികളെയും വിഘടിപ്പിച്ച് പുതിയൊരു പാർട്ടി രൂപീകരിച്ച് അകറ്റി നിർത്തി. തന്നെ എതിർക്കുന്ന ആളുകളെ പുറത്താക്കികൊണ്ടേയിരുന്നു. അക്രമാസക്തമായ ഒരു കലാപത്തിന് നേതൃത്വം നൽകിയതിലൂടെയായിരുന്നു ദഹൽ (പ്രചണ്ഡ) പ്രശസ്തിയിലേക്ക് ഉയർന്നത്. 2008ൽ ആദ്യമായി അദ്ദേഹം പ്രധാനമന്ത്രിയായി. ശേഷം രണ്ടുതവണ അദ്ദേഹം പ്രധാനമന്ത്രിയായി. 70 കാരനായ ദഹൽ വ്യത്യസ്ത സഖ്യങ്ങളുടെ ഭാഗമായിരുന്നു, കൂടാതെ കുടുംബത്തിന്റെ പങ്കാളിത്തം രാജവാഴ്ചക്ക് സമാനമായി വളർത്താൻ ശ്രമിച്ചതായി ആരോപിക്കപ്പെട്ടു. വലിയ കൗശലക്കാരനായും രാഷ്ട്രീയചാണക്യനുമായി ചിത്രീകരിക്കപ്പെടുന്ന പ്രചണ്ഡ ഉന്നത സ്ഥാനത്ത് തുടരാൻ തന്ത്രങ്ങൾ മെനയാൻ കഴിവുറ്റ ആളായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഏറ്റവും മുതിര്‍ന്നയാളായ ദ്യൂബയ്ക്ക് 79 വയസ്. അഞ്ച് തവണ പ്രധാനമന്ത്രിയായിട്ടുണ്ട്. അദ്ദേഹത്തിന് തന്റെ കുടുംബത്തിന്റെ താല്പര്യങ്ങൾ എങ്ങനെ പരിപാലിക്കണമെന്ന് അറിയാം. നേപ്പാളി കോൺഗ്രസുമായി പിരിഞ്ഞ അദ്ദേഹം 2016 മുതൽ പാർട്ടിയെ നയിക്കാൻ വീണ്ടും ഒന്നിച്ചു. എതിരാളിയായ രാം ചന്ദ്ര പൗഡലിനെ പ്രസിഡന്റാക്കാൻ ശ്രമിച്ചു. വ്യത്യസ്ത കുടുംബ വിഭാഗങ്ങളെ പരസ്പരം എതിർത്ത് കൊയ്‌രാള വംശത്തെ അകറ്റി നിർത്തി. ഉയർന്ന സ്ഥാനം ലഭിക്കാൻ ആരുമായും സഖ്യമുണ്ടാക്കാൻ മടിയില്ലാത്ത നേതാവായി വിലയിരുത്തപ്പെടുന്നു. നേപ്പാളിൽ കൊടിയ അശാന്തിയുടെ കാർമേഘങ്ങൾ ഇപ്പോഴും തുടരുകയാണ്. സൈനിക മേധാവിയും രാജ്യത്തിന്റെ പ്രസിഡന്റും സംഘർഷങ്ങൾ ലഘൂകരിക്കാനും വിദ്യാർത്ഥി പ്രക്ഷോഭകരുമായി ചർച്ചകൾ നടത്താനും ശ്രമിക്കുകയാണ്. പ്രകടനക്കാർക്ക് തയ്യാറാക്കിയ പരിപാടിയൊന്നുമില്ല. അഴിമതിക്കും രാഷ്ട്രീയ പാർട്ടികൾക്കെതിരായ പോരാട്ടത്തെക്കുറിച്ചും മാത്രമാണ് അവർ സംസാരിക്കുന്നത്. നേപ്പാളിലെ രാഷ്ട്രീയത്തിന്റെ അടുത്ത ഗതി സൈനിക മേധാവിയുടെയും പ്രസിഡന്റിന്റെയും ചർച്ചയെ ആശ്രയിച്ചിരിക്കുന്നു. ഒന്നുറപ്പിക്കാം മുൻനിര രാഷ്ട്രീയക്കാർക്ക് വിദ്യാർത്ഥികളുടെയും ജനങ്ങളുടെയും വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.