പുതുവർഷ പുലരിയെ പ്രതീക്ഷയോടുകൂടിയാണ് ലോകത്ത് എല്ലാ മനുഷ്യരും എതിരേൽക്കുന്നത്. 2025 സാമൂഹ്യ നീതിക്കും മനുഷ്യ പുരോഗതിക്കും വേണ്ടിയുള്ള സമര വിജയങ്ങളുടെ വർഷമാകട്ടെ എന്നാണ് എല്ലാ സുമനസുകളും ആഗ്രഹിക്കുന്നത്. ആയുധക്കച്ചവടത്തിന്റെയും യുദ്ധവെറിയുടെയും വംശവിദ്വേഷത്തിന്റെയും ചൂഷണത്തിന്റെയും ശക്തികൾക്കെതിരായ സമര ഐക്യം ഊട്ടിയുറപ്പിക്കണമെന്നത് നമ്മുടെ പുതുവർഷ പ്രതിജ്ഞയാണ്. സമാധാനവും സാമൂഹ്യ പുരോഗതിയും ലക്ഷ്യമാക്കി പൊരുതുന്ന എല്ലാവരുടെയും മനസിൽ പതിയേണ്ടുന്ന ഒരു പ്രസ്താവന കഴിഞ്ഞ ദിവസം ഫ്രാൻസിസ് മാർപാപ്പയുടെ ക്രിസ്‌മസ് സന്ദേശത്തിൽ ഉണ്ടായി. ‘ലോകത്തെവിടെയുമുള്ള പാവപ്പെട്ടവരുടെ ജീവിതാവസ്ഥയെച്ചൊല്ലി വ്യഥ കൊള്ളുന്ന രാഷ്ട്രീയക്കാർ കൂടുതൽ ഉണ്ടാകട്ടെ’ എന്നാണ് മാർപാപ്പ പറഞ്ഞത്. ലോകോല്പത്തിയെ പറ്റി വിയോജിപ്പുകൾ ഉണ്ടാകാമെങ്കിലും മനുഷ്യാവസ്ഥയെപ്പറ്റിയുള്ള ഉത്ക്കണ്ഠ പങ്കിടാൻ കമ്മ്യൂണിസ്റ്റുകൾക്കും വിശ്വാസികൾക്കും ഇടയിൽ ഒരു പൊതുതലം സാധ്യമാണെന്നാണ് ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകൾ നൽകുന്ന പ്രതീക്ഷ. ആ പ്രതീക്ഷയുടെ ശക്തിസൗന്ദര്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാർ പുതുവർഷത്തിലേക്ക് പദമൂന്നുന്നത്.
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശതാബ്ദിയാണിത്. രാജ്യത്തിന്റെ വിമോചനപ്പോരാട്ട ഇതിഹാസങ്ങളിൽ ചോരയും വിയർപ്പും കണ്ണീരും കൊണ്ട് എഴുതി ചേർക്കപ്പെട്ടതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 100 വർഷത്തെ ചരിത്രം. ദേശീയ പ്രസ്ഥാനത്തിന്റെ കാര്യപരിപാടിയിൽ പൂർണ സ്വരാജ് എന്ന ലക്ഷ്യം ആദ്യമായി രേഖപ്പെടുത്തിയത് കമ്മ്യൂണിസ്റ്റുകാരാണ്. 1921ൽ കോണ്‍ഗ്രസിന്റെ അലഹബാദ് സമ്മേളനത്തിൽ സാമ്രാജ്യത്വത്തോട് യുദ്ധം പ്രഖ്യാപിച്ച മൗലാന ഹസ്രത് മൊഹാനിയാണ് ആ പ്രമേയം അവതരിപ്പിച്ചത്. “ഡൊമിനിയൻ സ്റ്റാറ്റസി”നു (പുത്രികാരാജ്യ പദവി) വേണ്ടി വാദിച്ചുപോന്ന മഹാത്മാ ഗാന്ധിക്ക് പോലും അന്ന് ആ മുദ്രാവാക്യം ഉൾക്കൊള്ളാൻ പ്രയാസമായിരുന്നു. പിന്നീട് 1929ലെ ലാഹോർ സമ്മേളനം വരെ കാത്തിരിക്കേണ്ടി വന്നു കോൺഗ്രസിന് പൂർണ സ്വരാജ് എന്ന ലക്ഷ്യം പ്രഖ്യാപിക്കാൻ. ഇതിനിടയിൽ രാജ്യമാകെ ഉരുകിത്തിളച്ച ജനകീയ പോരാട്ടങ്ങളുടെ മൂശയിൽ നിന്നാണ് 1925 ഡിസംബർ 26ന് കമ്മ്യൂണിസ്റ്റ് പാർട്ടി പിറക്കുന്നത്. ആ സമ്മേളനത്തിന്റെ സ്വാഗതസംഘ അധ്യക്ഷൻ മൗലാന ഹസ്രത് മൊഹാനി തന്നെയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണ സമ്മേളനത്തിന്റെ മുഖ്യപ്രമേയം പൂർണ സ്വരാജ് ആയിരുന്നു എന്നത് ഒട്ടും യാദൃച്ഛികമല്ല.
കാൺപൂരിൽ സ്വന്തം രാഷ്ട്രീയാടിത്തറയിൽ ചവിട്ടി നിന്നുകൊണ്ട് കമ്മ്യൂണിസ്റ്റുകാർ എല്ലാ ആർജവത്തോടും കൂടി പൂർണ സ്വരാജിന് വേണ്ടിയുള്ള തങ്ങളുടെ സ്ഥൈര്യവും സമരസന്നദ്ധതയും നാടിനോട് വിളിച്ചുപറഞ്ഞു. തൊഴിലാളികളും കർഷകരും അടക്കമുള്ള എല്ലാ മർദിത ജനവിഭാഗങ്ങളുടെയും മോചനവും കൂടി ചേരുന്നതാകണം സ്വാതന്ത്ര്യം എന്ന് അവർ ജനങ്ങളെ പഠിപ്പിച്ചു. കാൺപൂർ സമ്മേളനത്തിന്റെ അധ്യക്ഷൻ ശിങ്കാരവേലു ചെട്ടിയാർ ആയിരുന്നു. അദ്ദേഹം മദ്രാസിലെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പിന്റെ നേതാവും എഐടിയുസിയുടെ സംഘാടകനുമായിരുന്നു. സ്വാതന്ത്ര്യം കൊതിക്കുകയും ചൂഷണമുക്തമായ ലോകം സ്വപ്നം കാണുകയും ചെയ്യുന്ന എല്ലാവരുടെയും പാർട്ടി ആയിരിക്കും കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന് അദ്ദേഹം പറഞ്ഞു. വോൾട്ട് വിറ്റ്മാന്റെ ഒരു വിപ്ലവാത്മക കവിത കൂടി ചൊല്ലിക്കൊണ്ടാണ് ആ തൊഴിലാളി നേതാവ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണ സമ്മേളനം കാൺപൂരിലെ ആ ഡിസംബർ തണുപ്പിലേക്ക് പൊടുന്നനെ പൊട്ടിവീണ ഒന്നല്ല. ഇന്ത്യൻ സമൂഹത്തിന്റെ ചിന്താസരണികളെയാകെ സ്വാതന്ത്ര്യദാഹത്തിന്റെ ചൂടുകൊണ്ട് ത്രസിപ്പിക്കാൻ ഇറങ്ങിത്തിരിച്ച കുറേ മനുഷ്യരുടെ അക്ഷീണമായ പ്രവർത്തനത്തിന്റെ ഫലമായിരുന്നു. ഇന്ത്യയിലെ പല നഗരങ്ങളിലും, പുറത്ത് താഷ്കന്റിലും മറ്റും പ്രവർത്തിച്ചിരുന്ന ചെറിയ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ പ്രവർത്തനഫലം ആയിരുന്നു കാൺപൂർ സമ്മേളനം. മഹത്തായ ഒക്ടോബർ വിപ്ലവത്തിന്റെ വിജയവും ലോകത്തെല്ലാം വീശിയടിച്ച പരിവർത്തന കൊടുങ്കാറ്റിന്റെ സ്വാധീനവും രാജ്യത്തിനകത്ത് കൊടുമ്പിരിക്കൊണ്ട സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിന് കളമൊരുക്കി.
തൊഴിലാളി വർഗത്തിന്റെ സമര സംഘടനയായ എഐടിയുസി 1920ൽ തന്നെ രൂപംകൊണ്ട് കഴിഞ്ഞിരുന്നു. തൊഴിലാളികളുടെയും കർഷകരുടെയും സമരങ്ങൾ കൊളോണിയൽ ശക്തികളെ ഭയപ്പെടുത്തിക്കൊണ്ട് നാടിന്റെ നാനാഭാഗത്തും ശക്തിപ്രാപിക്കുന്നുണ്ടായിരുന്നു. 1908ൽ ലോകമാന്യ ബാലഗംഗാധര തിലകനെ ബ്രിട്ടീഷ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തപ്പോൾ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ബോംബെയിലെ തൊഴിലാളികൾ പണിമുടക്കി രംഗത്തിറങ്ങി. അവർ വിളിച്ചത് ഒരൊറ്റ രാഷ്ട്രീയ മുദ്രാവാക്യം ആയിരുന്നു- ‘തിലകിനെ വിട്ടയയ്ക്കുക’. കടലുകൾക്കും മലകൾക്കും അപ്പുറത്തിരുന്ന് ഈ പണിമുടക്ക് വാർത്തയറിഞ്ഞ സഖാവ് ലെനിൻ എഴുതി ‘ഇന്ത്യൻ തൊഴിലാളി വർഗത്തിന് പ്രായപൂർത്തിയായിരിക്കുന്നു’. ആ പ്രായപൂർത്തിയുടെ തുടർച്ചയായാണ് സമരവും സംഘടനയും രാജ്യത്ത് ശക്തി പ്രാപിക്കുന്നത്.
കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിന്റെ ദൂരവ്യാപകാർത്ഥം ആദ്യമറിഞ്ഞത് ബ്രിട്ടീഷ് കൊളോണിയലിസം തന്നെയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയെ മുളയിലെ നുള്ളുവാൻ കള്ളക്കേസുകൾ ഒന്നിന് പുറകേ ഒന്നായി കെട്ടിച്ചമച്ച് അവർ കമ്മ്യൂണിസ്റ്റുകാരെ തകർക്കാൻ രംഗത്തിറങ്ങി. പെഷവാർ (1922–27), കാൺപൂർ (1924), മീററ്റ് (1929–33) ഗൂഢാലോചന കേസുകളുടെ പരമ്പരയ്ക്കും, ഭരണവർഗ ഗൂഢാലോചനകൾക്കും അവർ കെട്ടഴിച്ചുവിട്ട കൊടിയ മർദനങ്ങൾക്കും, അപവാദ പ്രചരണങ്ങൾക്കും ഇല്ലാതാക്കാൻ കഴിയുമായിരുന്നെങ്കിൽ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഒരിക്കലും തലപൊക്കില്ലായിരുന്നു. എല്ലാത്തരം മർദനങ്ങളെയും വെല്ലുവിളികളെയും അപവാദ പ്രചരണങ്ങളെയും അതിജീവിക്കുവാൻ കരുത്തുള്ള പ്രത്യയശാസ്ത്രവും മർദിത ജനതതിയുടെ പതറാത്ത പിന്തുണയും എല്ലാ പ്രതിബന്ധങ്ങളിലും ഈ വിപ്ലവ പാർട്ടിക്ക് കരുത്ത് പകർന്നു. ആശയ വ്യക്തതയും ത്യാഗസന്നദ്ധതയും ആയിരുന്നു പാർട്ടിയുടെ കൈമുതൽ.
ആശയം ഭൗതികശക്തി ആകുന്നത് ജനങ്ങൾ അത് ഏറ്റെടുക്കുമ്പോഴാണെന്ന് കമ്മ്യൂണിസ്റ്റുകാര്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യത്തിന്റെയും സാമൂഹിക പുരോഗതിയുടെയും ലക്ഷ്യങ്ങളോടെ എല്ലാ വിഭാഗം ജനങ്ങളുടെയും സമര സംഘടനകൾ ഉണ്ടാക്കി സാമ്രാജ്യത്വ വിരുദ്ധ മുന്നേറ്റത്തിന് ആക്കം കൂട്ടണമെന്ന് കമ്മ്യൂണിസ്റ്റുകാർ ചിന്തിച്ചു. അവരുടെ മുൻകൈയ്യിലാണ് 1936ൽ അഖിലേന്ത്യാ വിദ്യാർത്ഥി ഫെഡറേഷനും (എഐഎസ്എഫ്) അഖിലേന്ത്യാ കിസാൻ സഭയും (എഐകെഎസ്) ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷനും (ഇപ്റ്റ), പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷനും, 1959ൽ അഖിലേന്ത്യാ യുവജന ഫെഡറേഷനും (എഐവെെഎഫ്) ഉരുവം കൊണ്ടത്.
സ്വാതന്ത്ര്യ സ്വപ്നത്തിന്റെ സാക്ഷാത്ക്കാരത്തിനും അടിച്ചമർത്തപ്പെട്ടവരുടെ മോചനത്തിനും വേണ്ടിയുള്ള സമരങ്ങളിൽ കമ്മ്യൂണിസ്റ്റുകാർ ചൊരിഞ്ഞ ചോരയുടെയും ബലിനൽകിയ ജീവിതങ്ങളുടെയും കണക്കെടുക്കാൻ ആർക്കാണാവുക. കയ്യൂർ, കരിവെള്ളൂർ, വയലാർ, പുന്നപ്ര, തെലങ്കാന, തേഭാഗ സമരം നടന്ന ബംഗാൾ… ഇവയൊന്നും വെറും സ്ഥലനാമങ്ങൾ മാത്രമല്ല, നാടിന്റെ വിമോചന ചരിത്രത്തിൽ സ്വന്തം ഹൃദയരക്തം കൊണ്ട് കമ്മ്യൂണിസ്റ്റ് രക്തസാക്ഷികൾ എഴുതിച്ചേർത്ത വീരേതിഹാസങ്ങളാണ്. എണ്ണമറ്റ തൊഴിലാളി — കർഷക സമരങ്ങളിലും നാവിക സമരം അടക്കമുള്ള പോരാട്ട ഭൂമികളിലും കമ്മ്യൂണിസ്റ്റുകാരുടെ വിയർപ്പും ചോരയും തളംകെട്ടി കിടപ്പുണ്ട്. സ്വാതന്ത്ര്യ സമരത്തിലെ ഗാന്ധിയുടെയും നെഹ്രുവിന്റെയും കോൺഗ്രസിന്റെയും പങ്കിനെ കമ്മ്യൂണിസ്റ്റുകാർ ഒരിക്കലും നിരാകരിക്കില്ല. എന്നാൽ കോൺഗ്രസ് ഒറ്റയ്ക്ക് അഹിംസാസമര മാർഗത്തിലൂടെ മാത്രം നേടിത്തന്നതാണ് സ്വാതന്ത്ര്യം എന്ന വാദഗതിയെ കമ്മ്യൂണിസ്റ്റുകാർ നിർവിശങ്കം തള്ളിക്കളയുന്നു.
സത്യഗ്രഹം മുതൽ സായുധ പോരാട്ടം വരെയുള്ള വിവിധങ്ങളായ സമരങ്ങളിലൂടെയാണ് ഇന്ത്യ അടിമച്ചങ്ങല പൊട്ടിച്ചെറിഞ്ഞത്. അതിൽ ഭഗത് സിങ്ങിന്റെയും സുഭാഷ് ചന്ദ്രബോസിന്റെയും അവരുടെ പാത പിൻപറ്റിയ ഉല്‍പതിഷ്ണുക്കളുടെയും പങ്കിനെ കമ്മ്യൂണിസ്റ്റുകാർ മാനിക്കുന്നു. എന്നാൽ ആസേതുഹിമാചലം ആഞ്ഞടിച്ച സമരങ്ങളിൽ ഒരു കാണിയായി പോലും എത്തിനോക്കാത്ത ഒരു രാഷ്ട്രീയ ധാര ഇന്ത്യയിലുണ്ട്. അത് ആർഎസ്എസ് നയിക്കുന്ന വിചാരധാരയാണ്. സാമ്രാജ്യത്വത്തെ കടപുഴക്കാൻ നടന്ന സമരങ്ങളെയെല്ലാം ‘രാഷ്ട്രീയം’ എന്ന് മുദ്രകുത്തി തങ്ങളുടെ സാംസ്കാരിക ദേശീയതയുടെ മാളത്തിൽ ഒളിച്ചവരാണവർ. തരം കിട്ടുമ്പോഴെല്ലാം അവർ കൊളോണിയൽ യജമാനന്മാരുടെ പാദസേവ നടത്താനും മടിച്ചിട്ടില്ല. ലജ്ജിപ്പിക്കുന്ന ഭാഷയിൽ സാമ്രാജ്യത്വ മേധാവികളോട് മാപ്പിരന്ന് കത്തുകളെഴുതിയ സവർക്കർ ആണ് അവരുടെ ‘വീര’ പ്രതീകം. അക്കൂട്ടരാണ് ഇപ്പോൾ ദേശാഭിമാനത്തിന്റെ അട്ടിപ്പേറുകാരായി ചമഞ്ഞ് ബാക്കിയുള്ളവരെ രാജ്യസ്നേഹം പഠിപ്പിക്കാം എന്ന് പറയുന്നത്. ചരിത്രം അവരെ നോക്കി പുച്ഛത്തോടെ ചിരിക്കുമെന്ന് ഉറപ്പാണ്.
കടന്നുവന്ന നൂറ് വർഷങ്ങളിലും കമ്മ്യൂണിസ്റ്റുകാർ ജനങ്ങൾക്കൊപ്പം നിന്നു. സ്വാതന്ത്ര്യപൂർവ ദിനങ്ങളിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും അവരുടെ മേൽവിലാസം ഒന്നുതന്നെയായിരുന്നു- നാടിനും ജനങ്ങൾക്കും വേണ്ടി പോരാടുന്നവർ. പണിശാലയിലും പാടത്തും കാമ്പസുകളിലും തെരുവുകളിലും കമ്മ്യൂണിസ്റ്റുകാർ ജനതാല്പര്യങ്ങളുടെ സമരഭടന്മാരായി. പാർലമെന്റിനകത്തും പുറത്തും അവർ മുഴക്കിയത് ജനങ്ങളുടെ ശബ്ദമായിരുന്നു. അവരുടെ ശിരസ് എവിടെയെങ്കിലും താഴുമെങ്കിൽ അത് ജനങ്ങളുടെ മുന്നില്‍ മാത്രമായിരിക്കുമെന്ന് ശത്രുക്കൾ പോലും മനസിലാക്കിയിട്ടുണ്ട്.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 100 വർഷത്തെ ചരിത്രം ഉയർച്ചയുടെയും താഴ്ചയുടെയും ആണ്. വിജയങ്ങളും പരാജയങ്ങളും അതിൽ ഉൾച്ചേർന്നിരിക്കുന്നു. വിജയങ്ങളിൽ പാർട്ടി അഹങ്കരിച്ചിട്ടില്ല. പരാജയങ്ങളിൽ ആശയറ്റവരായി മാറിയിട്ടില്ല. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പൊതുപ്രവാഹത്തിൽ നിന്ന് കമ്മ്യൂണിസ്റ്റുകാർ ഒറ്റപ്പെട്ടുപോയ കൽക്കട്ടാ തിസീസും ജനാധിപത്യ വാദികളിൽ പാർട്ടിയെക്കുറിച്ച് വിമർശനം ഉളവാക്കിയ അടിയന്തരാവസ്ഥയും സിപിഐ ചരിത്രത്തിന്റെ ഭാഗം തന്നെയാണ്. എന്നാൽ നൂറുകൊല്ലം നീളുന്ന സമർപ്പിത രാഷ്ട്രീയ യാത്രയിൽ പാർട്ടി ചെയ്ത നൂറുനൂറ് ശരികൾക്കിടയിൽ സംഭവിച്ച ഇത്തരം തെറ്റുകള്‍ തിരുത്താൻ കാട്ടിയ ആർജവത്തിന്റെ പേരിലാവും ചരിത്രം സിപിഐയെ വിലയിരുത്തുക. മറ്റെല്ലാ പാർട്ടികളും തെറ്റുകളെ വെള്ളപൂശാൻ ന്യായം തിരയുമ്പോൾ സിപിഐ മാത്രമാണ് സംഭവിച്ച തെറ്റുകൾ ജനങ്ങളോട് തുറന്നു പറയാനും അത് തിരുത്താനും തന്റേടം കാട്ടിയത്.
കോൺഗ്രസ് വാഴ്ചയിൽ ജനജീവിതം ദുസഹമായപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിച്ച ഡൽഹി മാർച്ചുകൾ, ഭൂമിക്ക് വേണ്ടി പാർട്ടി നടത്തിയ സമരങ്ങളും അതിന്റെ ഭാഗമായ ഭൂമി പിടിച്ചെടുക്കൽ സമരവും (1970കളുടെ ആരംഭത്തിൽ ഭൂസമരം നയിച്ചത് ജനറൽ സെക്രട്ടറി സ. സി രാജേശ്വര റാവു തന്നെയായിരുന്നു), ഖലിസ്ഥാൻ വിഘടനവാദികൾക്കെതിരായി പഞ്ചാബിൽ പാർട്ടി നടത്തിയ ത്യാഗപൂർണമായ പോരാട്ടം (400ൽ പരം സിപിഐ സഖാക്കൾ ആ സമരത്തിൽ രക്തസാക്ഷികളായി), ബാബറി മസ്ജിദ് തകർക്കുമെന്ന സംഘ്പരിവാർ ഭീഷണിക്ക് മുന്നിൽ അയോധ്യയിൽ സിപിഐ സംഘടിപ്പിച്ച സ്നേഹമതിൽ, തൊഴിലാളി — കർഷക വർഗങ്ങളുടെയും വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ആദിവാസികളുടെയും സ്ത്രീകളുടെയും പോരാട്ടങ്ങൾക്ക് പാർട്ടി നൽകിയ അചഞ്ചലമായ പിന്തുണ, ഇന്ത്യയിൽ ആദ്യമായി ജന്മിത്തത്തിന്റെ തായ്‌വേര് പിഴുതെറിഞ്ഞ അച്യുതമേനോൻ സര്‍ക്കാരിന് നൽകിയ നേതൃത്വം ഇവയെല്ലാം പാർട്ടി ചരിത്രത്തിലെ അഭിമാന മുദ്രകളാണ്.
(അവസാനിക്കുന്നില്ല)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.