
ഒക്ടോബർ 18ന് അസാധാരണമായൊരു ജനമുന്നേറ്റത്തിനാണ് യുഎസ് സാക്ഷ്യം വഹിച്ചത്. 50 സംസ്ഥാനങ്ങളിലായി 2700 ലധികം പ്രതിധേഷങ്ങളാണ് ആ ദിനം രാജ്യത്ത് നടന്നത്. യുഎസ് ചരിത്രത്തിൽ ഒരു ദിവസം നടന്ന ഏറ്റവും വലിയ പ്രതിഷേധമാണിതെന്നാണ് ആഗോള മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. രാജാക്കന്മാരില്ല (നോ കിങ്സ്) എന്ന ആക്രോശവുമായാണ് ദശലക്ഷങ്ങൾ അന്ന് തെരുവിലിറങ്ങിയത്. സ്വേച്ഛാധിപത്യത്തിലേയ്ക്ക് രാജ്യത്തെ കൊണ്ടുപോകാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കം അനുവദിക്കില്ലെന്ന് വിവിധ പ്രതിപക്ഷ പ്രസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന “നോ കിങ്സ് ഡേ“യുടെ പേരിൽ പ്രക്ഷോഭത്തിൽ പങ്കെടുത്തവർ പ്രഖ്യാപിച്ചു. ഇൻഡിവിസിബിൾ, 50501 തുടങ്ങിയ ഗ്രൂപ്പുകളും അവരോടൊപ്പം ചേർന്ന വിവിധ സംഘടനകളുമാണ് പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്തത്. മുമ്പ് ട്രംപ് ഭരണകാലയളവിലും ഇപ്പോഴും അദ്ദേഹത്തിന്റെ നയങ്ങൾക്കെതിരെ പോരാടുന്നതിന് വേണ്ടി രൂപീകരിച്ച സംഘടനകളാണ് അവ രണ്ടും. ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) റെയ്ഡ് മുതൽ ആരോഗ്യ പരിപാലനവും ഇൻഷുറൻസുമായി ബന്ധപ്പെട്ട ചെലവുകൾ വെട്ടിക്കുറയ്ക്കൽ, സംഘടിത തൊഴിലാളികളുടെ അവകാശങ്ങൾക്കെതിരായ കടന്നാക്രമണങ്ങൾ, യുഎസ് നഗരങ്ങളിലേക്ക് ഫെഡറൽ സൈനികരെ അയയ്ക്കുന്നത് എന്നിങ്ങനെ ട്രംപിന്റെ സ്വേച്ഛാധിപത്യ ശൈലിയിലുള്ള നയങ്ങളോടുള്ള പൊതുവായ രോഷം തിളച്ചുപൊങ്ങിയതായിരുന്നു നോ കിങ്സ് പ്രതിഷേധം.
പ്രധാന യുഎസ് സംസ്ഥാനങ്ങളിലെ തെരുവുകളിലെല്ലാം വൻ ജനക്കൂട്ടം നിറഞ്ഞു. സാൻഫ്രാൻസിസ്കോയിൽ അര ലക്ഷത്തിലധികം പേർ അണിനിരന്നുവെന്നാണ് കണക്ക്. തെക്കൻ കാലിഫോർണിയയിൽ ഉടനീളം പതിനായിരക്കണക്കിന് ആളുകൾ ഒത്തുകൂടിയതായി ലോസ് ഏഞ്ചൽസ് ടൈംസിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ന്യൂയോർക്കിലെ അഞ്ചിടങ്ങളിൽ ഒരു ലക്ഷത്തിലധികം പ്രദേശവാസികൾ പ്രതിഷേധ പ്രകടനം നടത്തിയെന്നാണ് ന്യൂയോർക്ക് സിറ്റി പൊലീസ് ഡിപ്പാർട്ട്മെന്റിന്റെ വിലയിരുത്തൽ. ജൂൺ, ജൂലൈ മാസങ്ങളിൽ ഇത്രത്തോളം ശക്തവും ജനപങ്കാളിത്തത്തോടെയുമല്ലെങ്കിലും നടന്ന പ്രതിഷേധങ്ങളുടെ തുടർച്ചയായിട്ടാണ് ഇത്തവണത്തെ ട്രംപ് വിരുദ്ധപ്രക്ഷോഭങ്ങൾ നടന്നത്. സെപ്റ്റംബർ എട്ട് മുതൽ നടന്നുകൊണ്ടിരിക്കുന്ന കുടിയേറ്റ നിയന്ത്രണ നടപടികൾ കണക്കിലെടുത്ത്, പ്രതിഷേധത്തിന് പ്രത്യേക പ്രാധാന്യം ലഭിച്ചതായി മാധ്യമങ്ങൾ വിലയിരുത്തുന്നു. ചിക്കാഗോയിൽ ഒരു ലക്ഷം പേർ മാർച്ച് നടത്തി. ശക്തമായ പ്രതിഷേധം ഉയർന്നുവന്നിട്ടുണ്ടെങ്കിലും ഐസിഇ റെയ്ഡുകൾ തുടർന്നുകൊണ്ടിരിക്കുന്നത് പ്രതിഷേധം ശക്തമാക്കുന്നതിനുള്ള പ്രേരണയാണ് ജനങ്ങൾക്ക് നൽകിയതെന്നാണ് നോ കിങ്സ് പ്രതിഷേധം തെളിയിച്ചത്. ശക്തമായ ആക്രമണങ്ങളും നിയമനടപടികളുമുണ്ടാകുന്നുണ്ടെങ്കിലും ചിക്കാഗോ നിവാസികൾ അവരുടെ സമൂഹങ്ങളിൽ നടക്കുന്ന റെയ്ഡുകൾക്കെതിരെ പോരാടുന്നത് തുടരുകയാണ്. ചിക്കാഗോ നോ കിങ്സ് ഡേ റാലിയിൽ ചിക്കാഗോ മേയർ ബ്രാൻഡൻ ജോൺസൺ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യാനെത്തിയിരുന്നു. ചിക്കാഗോയിലെ ഗ്രാന്റ് പാർക്കിൽ ഒത്തുകൂടിയ ഒരു ലക്ഷം പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് ജോൺസൺ ട്രംപിനെതിരെ ഒരു പൊതുപണിമുടക്കിന് ആഹ്വാനം ചെയ്യുകയുണ്ടായി. എന്റെ പൂർവികർക്ക് ഈ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പൊതു പണിമുടക്കിന് നേതൃത്വം നൽകാൻ കഴിയുമെങ്കിൽ ഇപ്പോഴും നമുക്ക് ശക്തമായ പണിമുടക്കങ്ങളും അവകാശസംരക്ഷണത്തിനായുള്ള പോരാട്ടങ്ങളും നടത്താനാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ആഭ്യന്തരയുദ്ധകാലത്ത് അടിമകളായ ആളുകൾ ജോലി നിർത്തി അടിമത്തോട്ടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ എടുത്ത തീരുമാനത്തെയും ജോൺസൺ പരാമർശിച്ചു.
അതേസമയം ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തമുള്ളതും ശക്തവുമായിരുന്ന പ്രതിഷേധത്തെയും പതിവ് ശൈലിയിൽ നിസാരവൽക്കരിക്കാനാണ് ട്രംപും വലതുപക്ഷ നേതാക്കളും ശ്രമിക്കുന്നത്. ഈ പറയുന്നത്രയുമാളുകളെത്തിയില്ലെന്നും വളരെ കുറച്ച് പേർ മാത്രമേ അവിടെ എത്തിയുള്ളൂ എന്നാണ് തനിക്ക് ലഭിച്ച റിപ്പോർട്ടുകളെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. നോ കിങ്സ് പ്രതിഷേധം തീവ്രവാദവുമായി ബന്ധപ്പെട്ടതാണെന്ന് സ്ഥാപിക്കുന്നതിനും അദ്ദേഹത്തിന്റെയും അനുയായികളുടെയും ഭാഗത്തുനിന്ന് ശ്രമമുണ്ട്. അതിനനുസൃതമായ സമൂഹ മാധ്യമ പോസ്റ്റുകളും വീഡിയോകളുമാണ് അവർ പ്രചരിപ്പിക്കുന്നത്. രാജ്യത്തെ വിഭജിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോഴത്തെ നടപടികളെന്നാണ് അവരുടെ കുറ്റപ്പെടുത്തൽ. പ്രതിഷേധക്കാർ “ആന്റിഫ”യുടെ ഭാഗമാണെന്നോ അവരിൽ നിന്ന് ധനസഹായം ലഭിക്കുന്നവരോ ആണെന്ന് ആരോപിച്ചുകൊണ്ട്, ട്രംപ് ഭരണകൂടം “ആഭ്യന്തര തീവ്രവാദി” ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തുകയുണ്ടായി. പ്രതിഷേധങ്ങൾക്ക് ദിവസങ്ങൾക്ക് മുമ്പ് ട്രംപിന്റെ അറ്റോർണി ജനറൽ പാം ബോണ്ടി ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആന്റിഫ വളരെ സംഘടിതമാണെന്ന് പറഞ്ഞത് ഇതിന്റെ മുന്നോടിയായിരുന്നു. ആന്റിഫ ഒരു കേന്ദ്രീകൃത നേതൃത്വ സംവിധാനമില്ലാത്ത ഒരു വികേന്ദ്രീകൃത പ്രസ്ഥാനമാണെന്നും ആരൊക്കെയോ അതിന് ധനസഹായം നൽകുന്നു, ഞങ്ങൾ ആന്റിഫയുടെ വേരുകൾ അറുക്കുവാൻ പോകുകയാണെന്നും കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന എല്ലാവരെയും കണ്ടെത്തി കുറ്റം ചുമത്തുമെന്നും അദ്ദേഹം പറയുകയുണ്ടായി. റിപ്പബ്ലിക്കൻ സ്പീക്കർ മൈക്ക് ജോൺസൺ നോ കിങ്സ് പ്രതിഷേധങ്ങളെ അമേരിക്കയെ വെറുക്കുന്നവരുടെ റാലിയെന്നാണ് വിശേഷിപ്പിച്ചത്. ഫെഡറൽ സൈന്യം അനിശ്ചിതമായി തുടരുന്ന വാഷിങ്ടൺ ഡിസിയിൽ നടന്ന ഒരു പ്രകടനത്തിൽ പ്രോഗ്രസീവ് സെനറ്റർ ബെർണി സാൻഡേഴ്സ് സംസാരിക്കുകയുണ്ടായി. ദശലക്ഷക്കണക്കിന് അമേരിക്കക്കാർ പ്രതിഷേധവുമായി പുറത്തിറങ്ങുന്നത് അമേരിക്കയെ വെറുക്കുന്നതുകൊണ്ടല്ലെന്നും അമേരിക്കയെ സ്നേഹിക്കുന്നതിനാലാണ് ഞങ്ങൾ ഇവിടെയുള്ളതെന്നുമായിരുന്നു ജോൺസണിന് മറുപടിയായി സാൻഡേഴ്സ് പ്രതികരിച്ചത്. 1700കളിലെ രാജാക്കന്മാരുടെ ദിവ്യാവകാശം അമേരിക്കക്കാർ നിരസിച്ചു, ഇപ്പോൾ പ്രഭുക്കന്മാർ ചമയുന്നവരുടെ ദിവ്യാവകാശവും ഞങ്ങൾ അംഗീകരിക്കില്ലെന്ന് 1776ലെ അമേരിക്കൻ വിപ്ലവത്തെ പരാമർശിച്ചുകൊണ്ട് സാൻഡേഴ്സ് പറഞ്ഞു. സ്വാതന്ത്ര്യം നിലവിലുള്ള ഒരു രാജ്യത്ത് സ്വേച്ഛാധിപത്യം നടപ്പിലാക്കുവാൻ ശ്രമിക്കുന്നത് ആരായാലും അത്തരമൊരു സർക്കാരിനെ പുറത്താക്കേണ്ടത് നമ്മുടെ അവകാശവും കടമയുമാണെന്നായിരുന്നു നോ കിങ്സ് റാലിയിൽ പങ്കെടുത്തവർ നടത്തിയ പ്രഖ്യാപനം. ജനങ്ങളുടെ ശക്തി അധികാരത്തിലുള്ള ജനങ്ങളെക്കാൾ ശക്തമാണെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
(പീപ്പിൾസ് ഡിസ്പാച്ച്)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.