22 December 2024, Sunday
KSFE Galaxy Chits Banner 2

ധനശാസ്ത്ര നൊബേല്‍ സമ്മാനം

പ്രൊഫ. കെ അരവിന്ദാക്ഷൻ
October 23, 2024 4:16 am

ഈ വര്‍ഷത്തേക്കുള്ള ധനശാസ്ത്ര നൊബേല്‍ സമ്മാനത്തിന് അര്‍ഹരായത് അക്കാദമിക്ക് മേഖലയില്‍ ലളിതമെങ്കിലും മികവാര്‍ന്നൊരു ചോദ്യം ഉന്നയിച്ചതിന്റെ പേരിലാണ്. രാജ്യങ്ങള്‍ എന്തുകൊണ്ട് സമ്പന്നമാകുന്നു എന്നാണാ ചോദ്യം. കേംബ്രിഡ്ജ് മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫ. ഡാരോൺ അസെമോഗ്ലുവും പ്രൊഫ. സെെമണ്‍ ജോണ്‍സണും യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോവിലെ പ്രൊഫ. ജെയിംസ് റോബിന്‍സണുമാണ് സമ്മാനിതര്‍. ഇതില്‍ ഡാരോൺ അസെമോഗ്ലു അദ്ദേഹം ഉള്‍പ്പെടുന്ന തലമുറയിലെ അങ്ങേയറ്റം അംഗീകാരം നേടിയിട്ടുള്ള ധനശാസ്ത്ര അധ്യാപകനാണ്. സെെമണ്‍ ജോണ്‍സണാകട്ടെ സംരംഭകത്വം എന്ന വിജ്ഞാനശാഖയിലെ പ്രൊഫസറും. ഇദ്ദേഹം സ്വന്തം വിജ്ഞാനശാഖയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അധ്യാപകനായി സേവനം അനുഷ്ഠിക്കുന്നു. ഇന്റര്‍നാഷണല്‍ മോണിറ്ററിഫണ്ട് എന്ന ആഗോള ധനകാര്യ സ്ഥാപനത്തിന്റെ മുന്‍ മുഖ്യ ധനശാസ്ത്ര ഉപദേഷ്ടാവ് കൂടിയാണ്. പൊളിറ്റിക്കല്‍ സയന്‍സ്, പബ്ലി പോളിസി എന്നീ വിഷയങ്ങളില്‍ പ്രത്യേക വെെദഗ്ധ്യം നേടിയയാളാണ് പ്രൊഫ. ജെയിംസ് എ റോബിന്‍സണ്‍. സാമൂഹ്യശാസ്ത്ര മേഖലകളിലെ മൂന്ന് വ്യത്യസ്ത ശാഖകളില്‍ വെെദഗ്ധ്യവും പ്രവര്‍ത്തന പരിചയവും ഗവേഷണ പാരമ്പര്യവും കെെമുതലാക്കിയ ഇവര്‍ നമുക്ക് മുന്നില്‍ ഉന്നയിക്കുന്നത് ഒരേ ചോദ്യം തന്നെയാണെന്നതാണ് സവിശേഷതയായി കാണേണ്ടത്. ഈ ചോദ്യത്തിന് മറുപടി നല്‍കേണ്ട ബാധ്യത മുഴുവന്‍ രാജ്യങ്ങളും ഏറ്റെടുക്കേണ്ടതുതന്നെയാണ്. ഇവര്‍ക്ക് നൊബേല്‍ പുരസ്കാരം ലഭിക്കുന്നതിനുള്ള അര്‍ഹത നേടിക്കൊടുത്തത് വിവിധ രാജ്യങ്ങള്‍ക്കിടയില്‍ സാമ്പത്തിക അസമത്വങ്ങള്‍ ഏതുവിധേന ഉടലെടുക്കുന്നു എന്നതു സംബന്ധിച്ചുള്ള ഗവേഷണമാണ്. അസമത്വങ്ങള്‍മൂലം വിവിധ ജനതകള്‍ക്കിടയില്‍ ജീവിത നിലവാരത്തിലും അന്തരമുണ്ടാവും. സാമ്പത്തിക പുരോഗതിയിലും ഈ അന്തരം പ്രതിഫലിക്കപ്പെടും. വികസന മേഖലയില്‍ കാണപ്പെടുന്ന ഇത്തരം വിടവുകള്‍ രൂപപ്പെടുന്നത് ബന്ധപ്പെട്ട രാജ്യങ്ങളില്‍ നിലവിലിരിക്കുന്ന സ്ഥാപനങ്ങളുടെ അപര്യാപ്തതകളും ബലഹീനതകളും മൂലമാകുമെന്നും ഇവര്‍ കണ്ടെത്തിയിരിക്കുന്നു. വിവിധ രാജ്യങ്ങള്‍ക്കിടയില്‍ വരുമാനവിതരണത്തില്‍ കാണപ്പെടുന്ന അന്തരം ‘ആധുനിക കാലഘട്ടത്തില്‍ നാം അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളി തന്നെയാണ്’ എന്ന് ധനശാസ്ത്ര നൊബേല്‍ നിര്‍ണയസമിതി ചെയര്‍മാനായ ജേക്കബ് സ്വെന്‍സണ്‍ പറയുന്നു. ‘ഈ വെല്ലുവിളി അഭിമുഖീകരിക്കുന്നതിന് ആധുനിക സാമൂഹ്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ണായകമായൊരു പങ്കാണ് നിര്‍വഹിക്കാനുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. 

നൊബേല്‍ ജേതാക്കള്‍ നിലവിലുള്ളവിധത്തില്‍ അസമത്വങ്ങള്‍ രൂപപ്പെടുന്നതിന്റെ ചരിത്രപരമായ പശ്ചാത്തലവും വിവരിക്കുന്നുണ്ട്. മധ്യകാലഘട്ടത്തില്‍ സമ്പന്നമായിരുന്ന രാജ്യങ്ങള്‍ തന്നെയാണ് ആധുനിക കാലഘട്ടമായതോടെ ദാരിദ്ര്യത്തില്‍പ്പെട്ട് ഉഴലുന്നത്. അതേയവസരത്തില്‍, നേരെ മറിച്ചുള്ള ദിശയിലേക്കും മാറ്റമുണ്ടായിരിക്കുന്നു. മധ്യകാലഘട്ടത്തില്‍ ദാരിദ്ര്യത്തില്‍ അകപ്പെട്ടിരുന്ന ചില രാജ്യങ്ങള്‍ ഇപ്പോള്‍ സമ്പന്ന രാജ്യ പദവിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഇത്തരമൊരു സമ്പൂര്‍ണമായ തിരിച്ചുവരവ് എന്നെങ്കിലും പ്രത്യേക സാഹചര്യത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് സംഭവിച്ചതാണോ, അതോ കേവലം യാന്ത്രികതയുടെ ഫലമായുണ്ടായതാണോ എന്ന പ്രശ്നവുമുണ്ട്. ഈ മൂന്ന് പണ്ഡിതന്മാരും ഏകസ്വരത്തില്‍ ഒറ്റവാക്കിലുള്ള ലളിതമായൊരു പ്രതികരണമാണ് നല്‍കുന്നത്. സമൂഹം കാലക്രമേണ മധ്യകാലഘട്ടത്തില്‍ നിന്നും യൂറോപ്യന്‍ കോളനിവാഴ്ചയിലേക്ക് നീങ്ങിയതോടെ, മുന്‍കാല ‘സ്ഥാപനങ്ങള്‍’ മാറ്റങ്ങള്‍ക്ക് വിധേയമായി. ഇത്തരം മാറ്റങ്ങള്‍ ഉണ്ടായത്, അധികാരം വിനിയോഗിക്കുന്നതില്‍ സംഭവിച്ച പ്രത്യക്ഷവും പരോക്ഷവുമായ നിയന്ത്രണങ്ങളിലുണ്ടായ മാറ്റങ്ങളുടെ കൂടി ഫലമായിട്ടാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മധ്യകാലഘട്ടത്തിലേതില്‍ നിന്നും കോളനിവാഴ്ചയിലേക്കും തുടര്‍ന്ന് ദേശീയ സ്വാതന്ത്ര്യത്തിലേക്കും ഉണ്ടായ പരസ്പരബന്ധിതമായ മാറ്റങ്ങള്‍ അതിന്റെയെല്ലാം ഭാഗമായ രാജ്യങ്ങളിലെ സ്ഥാപനങ്ങളെയും മാറ്റങ്ങള്‍ക്ക് വിധേയമാക്കുകയായിരുന്നു. ഇതിലൂടെ വിവിധ സാമൂഹ്യവിഭാഗങ്ങള്‍ തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്താനും അമിതാധികാര പ്രയോഗം ഏതെങ്കിലും ഒരു വിഭാഗത്തില്‍ നിന്നും ഉണ്ടാകുന്നത് ഒഴിവാക്കാനും സഹായകവുമായി.

കൊളോണിയലിസം നല്ലതാണോ, അതോ ചീത്തയാണോ, എന്ന് തീര്‍ത്തും പറയുന്നതിനുപകരം വ്യത്യസ്ത സ്ഥാപനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭരണമാതൃകകള്‍ വികസനസംബന്ധമായ മാറ്റങ്ങള്‍ക്ക് വിധേയമായ വിധത്തില്‍ തുടരാന്‍ സഹായകമായ നയസമീപനമാണ് കാലാകാലങ്ങളായി സ്വീകരിച്ചുവന്നിട്ടുള്ളത് എന്നാണ് നൊബേല്‍ പുരസ്കാര ജേതാക്കള്‍ പറയുന്നത്. ഈ കൊളോണിയല്‍ വികസനതന്ത്രം നിലവിലുള്ള സ്ഥാപനങ്ങളെയും സ്വാധീനിക്കുന്നതായി ആവര്‍ത്തിച്ച് അഭിപ്രായപ്പെടുന്നു. നൊബേല്‍ സമ്മാനിതരായ മൂന്ന് പേരും ജനാധിപത്യ വ്യവസ്ഥയുടെ ഉള്‍ക്കൊള്ളല്‍സ്വഭാവത്തെ അനുകൂലിക്കുന്നവരാണ്. അതേസമയം ജനാധിപത്യം എന്നത് ഒറ്റമൂലിയാണെന്ന് അവകാശപ്പെടുന്നുമില്ല. ജനാധിപത്യം പ്രായോഗികമാക്കുക എളുപ്പമല്ല. മാത്രമല്ല, ജനാധിപത്യവ്യവസ്ഥ നിലവിലില്ലാത്ത രാജ്യങ്ങള്‍ക്കും സാമ്പത്തിക വളര്‍ച്ച നേടാന്‍ കഴിയും. ഇതിലേക്കായി അവിടുത്തെ ഭരണകൂടങ്ങള്‍ സ്വന്തം നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ സഹായത്തോടെ ലഭ്യമായ വിഭവങ്ങള്‍ പരമാവധി സമാഹരിക്കുകയും അവ അങ്ങേയറ്റത്തെ കാര്യക്ഷമതയോടെ വിനിയോഗിക്കുകയും ചെയ്യണമെന്നു മാത്രം. ഏകാധിപത്യ മാര്‍ഗങ്ങളിലൂടെയല്ലാതെ വേണം ഇതെല്ലാം ചെയ്യാന്‍. ഏകാധിപത്യ മാര്‍ഗങ്ങള്‍ക്ക് സ്ഥിരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയില്ല എന്നു തന്നെയാണ് ഇതിന്റെ അര്‍ത്ഥം. കോളനിവാഴ്ചയെ തീര്‍ത്തും അനുകൂലിക്കുന്നൊരു നിലപാടല്ല ഈ മൂന്നു സാമ്പത്തിക പണ്ഡിതന്മാരും സ്വീകരിക്കുന്നതെങ്കിലും ആഗോളതലത്തില്‍ സൗഭാഗ്യം നേടാന്‍ കോളനി വ്യവസ്ഥ സഹായകമായി എന്നും അഭിപ്രായപ്പെടുന്നു. ജനനിബിഡമായ പ്രദേശങ്ങളില്‍ കോളനിവാഴ്ചയുടെ സ്വഭാവം ഏകാധിപത്യ ഭരണത്തിന്റെതായിരുന്നെങ്കില്‍ ജനവാസം കുറഞ്ഞ ഇടങ്ങളില്‍ ഏറെയും കുടിയേറ്റക്കാരായിരുന്നു അധിവസിച്ചിരുന്നതെന്നും അന്വേഷണത്തിലൂടെ അവര്‍ കണ്ടെത്തിയിട്ടുമുണ്ട്. മാത്രമല്ല, ഇത്തരം പ്രദേശങ്ങളില്‍ ഭരണനിര്‍വഹണം ഏറ്റെടുത്തിരുന്ന സ്ഥാപനങ്ങള്‍ ജനാധിപത്യവും ഭരണത്തിന്റെ ഉള്‍ക്കൊള്ളുന്ന സ്വഭാവവും നിലനിര്‍ത്തിപ്പോരുകയും ചെയ്തിരുന്നു. ഇതിന്റെ ഫലമായി അവരുടെ സൗഭാഗ്യത്തില്‍ സാരമായ ഇടിവുമുണ്ടായിട്ടുണ്ട് എന്നാണ് ഗവേഷണത്തിലൂടെയുള്ള കണ്ടെത്തല്‍. അമേരിക്കയും കാനഡയും മെക്സിക്കോവിനെക്കാള്‍ കൂടുതല്‍ സമ്പന്നമായത് ഇക്കാരണത്താലാണെന്നാണ് അവരുടെ നിഗമനം. 

അസമത്വങ്ങളുടെ ആഴവും വ്യാപ്തിയും നിര്‍ണയിക്കപ്പടുന്നത് ഏതെങ്കിലും ഭൂപ്രദേശത്ത് അധിനിവേശത്തിനായി എത്തുന്നവര്‍ യൂറോപ്യന്‍ വംശജരാണോ അതോ തദ്ദേശീയ ജനവിഭാഗങ്ങള്‍ തന്നെയാണോ എന്നതനുസരിച്ചാണ്. യൂറോപ്യന്‍ വംശീയരാണ് അധികമെങ്കില്‍ അവിടങ്ങളിലെ ഭരണവും ഭരണത്തിനു സഹായകമായ സ്ഥാപനങ്ങളും കൂടുതല്‍ ജനാധിപത്യ സ്വഭാവമുള്ളവയായിരിക്കുമെന്നാണ് അസെമോഗ്ലു, ജോണ്‍സണ്‍, റോബിന്‍സണ്‍ എന്നിവരുടെ ഏകകണ്ഠമായ അഭിപ്രായം. സ്വാഭാവികമായും ഇവിടങ്ങളിലെ കുടിയേറ്റക്കാര്‍ കൂടുതല്‍ കാലം മെച്ചപ്പെട്ട വിധത്തില്‍ അതിജീവിക്കുകയും ചെയ്യുന്നു. ഈ വര്‍ഷത്തെ ധനശാസ്ത്ര നൊബേല്‍ നിര്‍ണയത്തിന്റെ മേന്മ ഇന്ത്യക്കും പാഠമാക്കാന്‍ ഉതകുന്ന ഒന്നാണ്. സാമ്പത്തിക വികസനത്തിന്റെ ഭാവി കാഴ്ചപ്പാട് എന്തെന്ന് നിര്‍ണയിക്കുന്നതിനുമുമ്പ് രാജ്യത്തിന്റെ മുന്‍കാല ചരിത്രം കൂടി പരിഗണിക്കപ്പെടേണ്ടതാണെന്നതില്‍ ഏകാഭിപ്രായമാണല്ലോ ഉള്ളത്. ഇതുമായി ബന്ധപ്പെട്ട മുഖ്യമായ രണ്ടു പഠനങ്ങളും നടന്നിട്ടുണ്ട്. ഇതിലൊന്ന് 2005ല്‍ ഡോ. അഭിജിത് ബാനര്‍‍ജിയുടേതാണ്. രണ്ടാമത്തേത് 2010ലെ ലക്ഷ്മി അയ്യരുടേതും. ഇരുവരും പഠനവിധേയമാക്കിയത് കോളനികാല കാര്‍ഷിക ബന്ധങ്ങളാണ്. വര്‍ഷങ്ങള്‍ നിരവധി പിന്നിട്ടതിനുശേഷവും കാര്‍ഷിക മേഖലയില്‍ നിക്ഷേപത്തിലുണ്ടായ ഇടിവും ഉല്പാദനക്ഷമതയില്‍ നേരിട്ട കുത്തനെയുള്ള തകര്‍ച്ചയുമായിരുന്നു. കോളനിവാഴ്ച നിലവിലിരുന്നതിനെ തുടര്‍ന്ന് വിദ്യാലയങ്ങളുടെ എണ്ണത്തിലുണ്ടായ കുറവും ആരോഗ്യ കേന്ദ്രങ്ങളുടെ അപര്യാപ്തതയും മൂലം വിദ്യാഭ്യാസ നിലവാരം ഇടിയുകയും ഗ്രാമീണ ജനതയുടെ രോഗാതുരത വര്‍ധിക്കുകയും ചെയ്തു. ഗ്രാമീണ ഗതാഗത സൗകര്യങ്ങളില്‍ കുത്തനെയുണ്ടായ തകര്‍ച്ച പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ പതിന്മടങ്ങ് വര്‍ധിപ്പിക്കുകയും ചെയ്തതോടെ വികസന പ്രതിസന്ധി മൂര്‍ച്ഛിക്കുകയുമായിരുന്നു. ഇത്തരം പരാധീനതകളില്‍ നിന്നും മോചനം നേടാന്‍ സ്വതന്ത്ര ഇന്ത്യക്ക് ഇനിയും ഏറെ ദൂരം മുന്നേറേണ്ടതായിട്ടാണിരിക്കുന്നത്.
ഇവിടെയാണ് രാഷ്ട്രീയാധികാര ശക്തിയുടെ നിയന്ത്രണങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തനം നടത്താന്‍ ബാധ്യസ്ഥമായ സ്ഥാപനങ്ങളുടെ പങ്ക് എന്തെന്ന് പ്രസക്തമാകുന്നത്. ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നിടത്തോളം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസൃതമായിട്ടല്ല, അദ്ദേഹം ചുമതലയേല്ക്കുന്ന സ്ഥാപനത്തില്‍ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങള്‍ക്കനുസൃതമായിട്ടാണ്. ഇവിടെ സ്ഥാപനത്തിന്റെ അധികാരം നിര്‍ണയിക്കപ്പെടുന്നത് നിലവിലുള്ള ഒരു പ്രത്യേക നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. ഇക്വറ്റോറിയല്‍ ഗിനിയുടെ പ്രസിഡന്റ് തിയോഡോറോ ഒബിയാങ് എൻഗുമ എംബാസോഗോ അധികാരത്തില്‍ തുടരുന്നത് മറ്റൊരു സാഹചര്യത്തിലാണ്. ആഗോളതലത്തില്‍ തന്നെ ഏറ്റവുമധികം കാലം അധികാരത്തില്‍ തുടരുന്നത് ഒരു യാഥാര്‍ത്ഥ്യമായി നാം അംഗീകരിച്ചേ തീരൂ. 

ഇന്ത്യയിലെ രാഷ്ട്രപതി തെരഞ്ഞെടുപ്പും ഭരണഘടന നിജപ്പെടുത്തിയ വ്യവസ്ഥകളനുസരിച്ചാണ്. രാഷ്ട്രപതിയുടെ അധികാരങ്ങള്‍ ഏതെല്ലാമാണെന്നും ഭരണഘടനതന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. ഇതില്‍ നിന്നും വ്യതിചലിക്കുക അത്ര എളുപ്പമുള്ള കാര്യവുമല്ല. ആഗോളതലത്തില്‍ വാഷിങ്ടണ്‍ സമവായം എന്ന പേരില്‍ നിലവിലുള്ള ജനാധിപത്യ അടിസ്ഥാനത്തിലുള്ള ഭരണക്രമവും ഉള്‍ക്കൊള്ളുന്ന വികസനം എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലുള്ള വികസനപാതയും മരവിപ്പിക്കാന്‍ ഒരു നീക്കം നടന്നെങ്കിലും അത് വിജയിക്കുകയുണ്ടായില്ല. ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്തുകൊണ്ട്, ദേശീയതലത്തില്‍ ഒരു സ്വേച്ഛാധിപത്യ ഫാസിസ്റ്റ് ഭരണം ഏര്‍പ്പെടുത്താനുള്ള പരിശ്രമങ്ങളും ജനാധിപത്യവ്യവസ്ഥയ്ക്ക് നല്ല വേരോട്ടമുള്ള ഇന്ത്യയെപ്പോലൊരു രാജ്യത്ത് എളുപ്പമാണെന്ന് തോന്നുന്നില്ല. ഏതായാലും നൊബേല്‍ ജേതാക്കള്‍ വ്യക്ത മാക്കുന്നതുപോലെ ചൈനയുടെ ബലപ്രയോഗ സ്വഭാവമുള്ള സ്ഥാപനങ്ങളുടെ സഹായത്തോടെയുള്ള വികസന കാഴ്ചപ്പാട് താല്‍ക്കാലികമായ ഗുണഫലമുണ്ടാക്കാനിടയുണ്ടെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് വളര്‍ച്ചയെ പിന്നോട്ടു വിലക്കുമെന്നുതന്നെയാണ് കരുതുന്നത്. അടിമത്ത മനോഭാവം വനിതകള്‍ക്ക് സ്വത്തവകാശം നിഷേധിക്കല്‍, തദ്ദേശീയര്‍ക്കെതിരായ വിവേചനവും ശത്രുതാമനോഭാവവും പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ ജനാധിപത്യ വിരുദ്ധ പ്രവണതകള്‍ വ്യാപകമായതോതില്‍ ഇവിടങ്ങളിലെല്ലാം നിലവിലുള്ളതുമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.