24 December 2025, Wednesday

ആൾക്കൂട്ട ആക്രമണമല്ല, കൊടുംക്രിമിനലുകളുടെ വിളയാട്ടം

ഷിബു ടി ജോസഫ്
December 24, 2025 4:46 am

മലയാളികൾ ലോകരാജ്യങ്ങളിലെമ്പാടും തൊഴിലിനും ഉപജീവനത്തിനും വിദ്യാഭ്യാസത്തിനുമായി എത്തിച്ചേരുകയും അവിടെ പാർപ്പുറപ്പിക്കുകയും ചെയ്യുന്നത് സർവസാധാരണമായിക്കഴിഞ്ഞു. എത്തപ്പെടുന്ന നാടുകളിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ജീവിതത്തോട് പെട്ടെന്ന് ഇഴുകിച്ചേരാനും മലയാളിക്ക് കഴിഞ്ഞിട്ടുണ്ട്. എവിടെയെത്തിയാലും തങ്ങളുടെ കഴിവും സ്വാധീനവും ഉറപ്പിക്കുക മാത്രമല്ല, തദ്ദേശീയരുടെ ആദരവും അംഗീകാരവും വേണമെന്ന് ആഗ്രഹിക്കുകയും അത് സാധിച്ചെടുക്കുകയും ചെയ്യുന്നവരാണ് മലയാളികൾ. എന്നാൽ കേരളത്തിലെത്തുന്ന അന്യസംസ്ഥാനക്കാരോടുള്ള മലയാളികളുടെ മനോഭാവം നേരെ മറിച്ചാണ്. ലോകമെങ്ങും സഞ്ചരിക്കുകയും പാർപ്പുറപ്പിക്കുകയും ചെയ്യുന്ന മലയാളി കേരളത്തിലെത്തുന്ന എല്ലാ വടക്കേയിന്ത്യൻ സംസ്ഥാനക്കാരെയും പൊതുവായി ബംഗാളികൾ എന്ന് വിളിച്ചാണ് അഭിസംബോധന ചെയ്യുക. അത് ബിഹാറിയായാലും ഒഡിഷക്കാരനായാലും അസംകാരനായാലും മലയാളിക്ക് ബംഗാളികളാണ്. അവരോട് പരമപുച്ഛവും അറപ്പുമാണ്. മലയാളിയുടെ ദൃഷ്ടിയില്‍ അവർ വൃത്തിയില്ലാത്തവരും വിവരമില്ലാത്തവരുമാണ്. ഒരിക്കലും അവരെ നമ്മുടെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ജീവിതവുമായി ഇടകലരാനും അനുവദിക്കില്ല. അത്യപൂർവം ഇടങ്ങളിൽ അപവാദങ്ങളുണ്ടെങ്കിലും ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും അന്യസംസ്ഥാനക്കാരെ അംഗീകരിക്കാനും ഉൾക്കൊള്ളാനും ഇതുവരെ നമുക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. സർവമേഖലകളിലും തൊഴിലെടുക്കുന്ന അന്യസംസ്ഥാനക്കാരായ ആളുകൾ ഇല്ലാത്ത അവസ്ഥയൊട്ട് ആലോചിക്കാനും കഴിയില്ല. 

അതിഥിത്തൊഴിലാളികളോടുള്ള മലയാളിയുടെ മനോഭാവത്തിന്റെ നേർക്കാഴ്ചയാണ് വാളയാർ അട്ടപ്പള്ളത്ത് ഇക്കഴിഞ്ഞ പതിനെട്ടാം തീയതി കാണാനായത്. ഛത്തീസ്ഗഢ് ബിലാസ്‌പൂർ സ്വദേശി റാം നാരായണ്‍ ബഗേൽ എന്ന ചെറുപ്പക്കാരൻ തന്റെ മരണത്തിന് നാല് ദിവസം മുമ്പാണ് പാലക്കാടെത്തിയത്. കഞ്ചിക്കോട് വ്യവസായ മേഖലയിൽ നിർമ്മാണത്തൊഴിൽ തേടിയെത്തിയ റാം നാരായൺ ആദ്യമായാണ് കേരളത്തിലെത്തുന്നത്. മികച്ച തൊഴിൽ സാധ്യതകളും ഉയർന്ന വേതനവും തന്നെയായിരിക്കും ഒരു കുടുംബത്തിന്റെ അത്താണിയായ ആ മനുഷ്യനെ കേരളത്തിലേക്ക് ആകർഷിച്ചതെന്ന് വ്യക്തമാണ്. എന്നാൽ ഇവിടെ എത്തിയതോടെ യാഥാർത്ഥ്യം വ്യക്തമാകുകയും താൻ തിരിച്ചുപോരുകയാണെന്ന് കുടുംബാംഗങ്ങളെ അറിയിക്കുകയും ചെയ്തെന്നാണ് ബന്ധുക്കൾ പിന്നീട് പറഞ്ഞത്.
വഴിയറിയാതെ നടന്ന് വാളയാർ അട്ടപ്പള്ളത്തെത്തിയ റാം നാരായണിനെ മോഷ്ടാവെന്ന് ആരോപിച്ച് ഒരുസംഘം ആളുകൾ അതിക്രൂരമായി മർദിക്കുകയായിരുന്നു. മണിക്കൂറുകളോളം നീണ്ട ആക്രമണത്തിനൊടുവിൽ ബോധരഹിതനായി വഴിയരികിൽ കിടന്ന ഇയാളെ നാല് മണിക്കൂറുകൾക്ക് ശേഷമാണ് പൊലീസ് എത്തി ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേയ്ക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇയാളുടെ കയ്യിൽ യാതൊരുവിധ മോഷണവസ്തുക്കളും കണ്ടെടുക്കാനുമായില്ല.
മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന പീഡനമാണ് റാം നാരായണിന് നേരെയുണ്ടായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. മർദനമേൽക്കാത്തതായി ആ ശരീരത്തിൽ ഒരു ഭാഗവുമില്ല. ചവിട്ടേറ്റ് വാരിയെല്ലുകൾ തകർന്നു. തലയിൽ ആഴത്തിൽ മുറിവേറ്റു. ശരീരത്തിലാകമാനം ചവിട്ടും കുത്തും നടത്തിയ പാടുകളാണ്. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് മുമ്പ് മൃതദേഹം സ്കാനിങിന് വിധേയമാക്കിയതിനാൽ ശരീരത്തിലെ പരിക്കുകൾ കൃത്യമായി കണ്ടെത്താനായെന്ന് ഫോറൻസിക് സർജന്മാർ വ്യക്തമാക്കി.
റാം നാരായണ്‍ ബഗേലിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ട ആർഎസ്എസ് — ബിജെപി പ്രവർത്തകരും ഒട്ടേറെ കേസുകളിൽ പ്രതികളുമായ അഞ്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റാം നാരായണനെ മർദിക്കുന്ന വീഡിയോ പ്രതികൾ തന്നെ പകർത്തി പ്രചരിപ്പിച്ചിരുന്നു. ഒന്നാം പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി പതിനഞ്ചോളം ക്രിമിനൽ കേസുകൾ നിലവിലുണ്ട്. അറസ്റ്റിലായവരെല്ലാം വിവിധ പൊലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസിൽപ്പെട്ടവരുമാണ്. മർദനം തടയാൻ വന്നവരെപ്പോലും ഈ ക്രിമിനൽ സംഘം ഭീഷണിപ്പെടുത്തിയതായാണ് വിവരം. അതിനർത്ഥം ഒരു സാധുമനുഷ്യന്റെ മേൽ ക്രിമിനലുകൾ തങ്ങളുടെ ക്രൂരതയപ്പാടെ അഴിച്ചുവിടുകയായിരുന്നുവെന്നാണ്. 

കൊല്ലപ്പെട്ട റാം നാരായണിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. പാലക്കാട് എസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കുറ്റവാളികൾക്ക് നിയമം അനുശാസിക്കുന്ന കർശന ശിക്ഷതന്നെ ഉറപ്പാക്കാൻ അന്വേഷണ സംഘത്തിന് കഴിയണം. ഒരു മനുഷ്യനെ കൂട്ടം ചേർന്ന് മൃഗീയമായി ആക്രമിച്ചുകൊല്ലാൻ മനുഷ്യത്വമുള്ള ആർക്കും കഴിയില്ല. സംഘ്പരിവാർ ആശയങ്ങളിൽ ആവേശഭരിതരായ ക്രിമിനലുകളുടെ ഇത്തരം ചെയ്തികളെ അമർച്ച ചെയ്തില്ലെങ്കിൽ ഉറപ്പായും ഇവർ ഇത്തരത്തിലുള്ള മനുഷ്യവിരുദ്ധമായ കാര്യങ്ങൾ വീണ്ടും ചെയ്യുമെന്ന് ഉറപ്പാണ്.
വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ അരങ്ങേറുന്ന ആൾക്കൂട്ടക്കൊലപാതകങ്ങൾ കേരളത്തിൽ അനുവദിച്ചുകൊടുക്കാൻ പാടില്ല. അട്ടപ്പാടിയിൽ മധുവിനെ ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം കേരളത്തിന് വലിയ അപമാനമുണ്ടാക്കിയപ്പോൾ ഇതിനെതിരെ വലിയ ജനരോഷമാണ് ഉയർന്നത്. ഇപ്പോഴിതാ വാളയാറിൽ അതുതന്നെ ആവർത്തിക്കപ്പെട്ടിരിക്കുന്നു. റാം നാരായണിന്റെ മരണത്തിലും വലിയ പ്രതിഷേധം ഉയരണം. ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന എല്ലാത്തരം ആശയങ്ങളെയും ശക്തിയുക്തം നേരിടണം.
മലയാളികൾ ലോകത്തെമ്പാടുമുണ്ട്. അവർക്ക് ഇത്തരത്തിലൊരു ദുർഗതി ഉണ്ടാകുന്നത് നമുക്ക് ആലോചിക്കാൻ പോലും കഴിയില്ല. റാം നാരായൺ ബഗേലിന്റെ കുടുംബം വിവരമറിഞ്ഞ് എത്തിയപ്പോൾ അവരെ സഹായിക്കാൻ ഒട്ടേറെ ആളുകൾ എത്തി. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കുന്നതിനും നഷ്ടപരിഹാരം സംബന്ധിച്ച കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും മുൻകൈ എടുത്തവർക്ക് പുറമെ മുഖ്യമന്ത്രിയും റവന്യുമന്ത്രിയും ഇക്കാര്യത്തിൽ ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചതും സർക്കാർ ചെലവിൽ മൃതദേഹം സ്വദേശത്ത് എത്തിക്കുന്നതിനും ഉണ്ടായ നടപടികൾ മാതൃകാപരമാണ്.
പരിഷ്കൃത സമൂഹത്തിന്റെ യശസിന് കളങ്കമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാതിരിക്കാൻ തക്കവിധത്തിൽ കർശനമായ നടപടികൾ സർക്കാരും ഭരണസംവിധാനങ്ങളും സ്വീകരിക്കുകതന്നെ വേണം. 

Kerala State - Students Savings Scheme

TOP NEWS

December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.