
നവംബർ 20 നമ്മുടെ റിപ്പബ്ലിക്കിന് മോശം ദിവസമായി മാറിയിരിക്കുകയാണ്. ഒരു പ്രാദേശിക നേതാവ് പത്താം തവണയും ബിഹാറിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ പാകത്തില്‍ തെരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിച്ചതുകൊണ്ടല്ല, മറിച്ച് ഇന്ത്യയുടെ സുപ്രീം കോടതി നമ്മുടെ ഫെഡറൽ സമവാക്യത്തിലെ അനാരോഗ്യകരമായ അസന്തുലിതാവസ്ഥയ്ക്ക് അംഗീകാരം നൽകിയെന്ന തോന്നലുണ്ടാക്കിയതുകാെണ്ടാണത്. തമിഴ്‌നാട് സര്‍ക്കാരും ഗവർണറും തമ്മിലുള്ള കേസിൽ ഏപ്രിൽ 11ലെ ഇതേ കോടതിയിലെ രണ്ട് ജഡ്ജിമാരടങ്ങിയ ബെഞ്ചിന്റെ വിധി ഭരണഘടനാ ബെഞ്ച് റദ്ദാക്കിയിരിക്കുന്നു. ഒരു സംസ്ഥാന നിയമസഭ/പാർലമെന്റ് പാസാക്കിയ ബില്ലിൽ ഗവർണർക്കും രാഷ്ട്രപതിക്കും അനിശ്ചിതമായി അടയിരിക്കാൻ കഴിയില്ലെന്നായിരുന്നു ജസ്റ്റിസ് ജെ ബി പർഡിവാലയും ജസ്റ്റിസ് ആർ മഹാദേവനും ഏപ്രിലില്‍ വിധിച്ചത്. കേന്ദ്ര സർക്കാർ നിയമിച്ച ഗവർണറും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരും തമ്മിലുള്ള പരിഹരിക്കപ്പെടാത്ത ഏറ്റുമുട്ടൽ മൂലമാണ് ഈ വിഷയം കോടതിയുടെ മുമ്പാകെ വന്നത്. രാഷ്ട്രീയപ്രചോദിതമായ ഒരു തർക്കമായിരുന്നു ഈ ഏറ്റുമുട്ടൽ. 2014 മുതൽ, കേന്ദ്രസർക്കാർ സ്ഥിരമായി ഒരു പ്രധാനാധ്യാപകന്റെ റോൾ ഏറ്റെടുത്തുവരികയാണ്. സംസ്ഥാനങ്ങളെ, പ്രത്യേകിച്ച് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ഭരണഘടനാപരമായി രൂപീകരിച്ച സംവിധാനങ്ങളായി കണക്കാക്കുന്നതിനുപകരം, കടുത്ത ശിക്ഷ ആവശ്യമുള്ള കുട്ടികളായാണ് കാണുന്നത്.
ജസ്റ്റിസ് പർഡിവാല — മഹാദേവൻ വിധി ഭരണകക്ഷിയുടെ നിയന്ത്രണത്തിലും ആജ്ഞാ സംവിധാനത്തിലും കനത്ത വിള്ളലുണ്ടാക്കിയതിനാലാണ് ബിജെപി നയിക്കുന്ന കേന്ദ്രസർക്കാർ, രാഷ്ട്രപതിയുടെ റഫറൻസിന് നിർബന്ധം പിടിച്ചത്. ബിജെപിയിതര സംസ്ഥാന സർക്കാരുകൾക്കെതിരായ വിവാദങ്ങളുടെയും എതിർപ്പുകളുടെയും സജീവ ഉറവിടമാകാൻ കേന്ദ്രം രാജ്ഭവനുകളെ പ്രോത്സാഹിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുകയാണ്. ഗവർണർമാരാകട്ടെ ഏതൊരു അവ്യക്തതയെയും ശക്തമായ ചൂഷണോപാധിയാക്കുന്നു. അങ്ങനെ ബിജെപിയിതര സംസ്ഥാനങ്ങളിൽ ‘പോക്കറ്റ് വീറ്റോ’ പതിവായി മാറി.
ഏപ്രിൽ 11ലെ വിധി റദ്ദാക്കിയ ഭരണഘടനാ ബെഞ്ചിന്റെ വാദത്തിന്റെ അടിസ്ഥാനം വളരെ കര്‍ക്കശമായ ഒരു ആശയത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. സുപ്രീം കോടതി ഒരു ആക്ടിവിസ്റ്റ് റോൾ ഏറ്റെടുക്കാൻ ശ്രമിക്കുന്നുവെന്ന ആശയത്തെ നിരാകരിക്കാനും നിയമനിർമ്മാണ സഭയുടെയോ എക്സിക്യൂട്ടീവിന്റെയോ രാഷ്ട്രീയാധിപത്യം തിരുത്താൻ അത് തയ്യാറല്ല എന്ന് വരുത്താനുമുള്ള ശ്രമം. ഏകകണ്ഠമായ വിധിയുടെ വസ്തുത തന്നെ, രാഷ്ട്രീയ തർക്കങ്ങളിൽ കോടതി ഇടപെടാൻ ഇഷ്ടപ്പെടുന്നില്ല എന്ന് സൂചിപ്പിക്കുന്നു.
ഈ സ്വയം നിയന്ത്രണത്തില്‍ തർക്കമില്ല. എന്നാൽ, ഭരണഘടനാ സന്തുലിതാവസ്ഥയെക്കുറിച്ച് റിപ്പബ്ലിക്കിനെയും അതിലെ രാഷ്ട്രീയ വ്യവസ്ഥയെയും അറിയിക്കുന്നതിലും ഉറപ്പാക്കുന്നതിലും സജീവമായ പങ്ക് വഹിക്കാനുള്ള സ്ഥാപനപരമായ ബാധ്യത കോടതി ഉപേക്ഷിച്ചതായി തോന്നുന്നു. എഡിഎം ജബൽപൂർ കേസിലെ ഭൂരിപക്ഷാഭിപ്രായ വിധിയുടെ പ്രതിഫലനം പുതിയ സമീപനത്തിലും ഉൾക്കൊണ്ടിരിക്കുന്നു. അതിനുശേഷം രാഷ്ട്രീയം ഗണ്യമായി വികസിച്ചു. അടിയന്തരാവസ്ഥക്കാലത്തെ ദൗർഭാഗ്യകരമായ വിധിക്ക് പുറത്തേക്ക് നീതിന്യായ സമൂഹം നീങ്ങിയിരിക്കുന്നു. തീർച്ചയായും, ജുഡീഷ്യറി എക്സിക്യൂട്ടീവ് മേധാവിത്വത്തിനെതിരായ ഫലപ്രദമായ ഒരു മറുമരുന്നായി ലോകമെമ്പാടും കണക്കാക്കപ്പെടുന്നു, അത് രാജ്യത്തിന്റെ ഭരണഘടനയ്ക്ക് അതീതമല്ലെങ്കിൽ പോലും.
നമ്മുടെ അയൽരാജ്യമായ പാകിസ്ഥാനിലെ, സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് സയ്യിദ് മൻസൂർ അലി ഷാ കോടതിയിൽ നിന്നുള്ള രാജിക്കത്തിൽ ഇങ്ങനെ നിരീക്ഷിച്ചു: “നിയമവാഴ്ചയെ അവരുടെ ഭരണത്തിന്റെ ഹൃദയഭാഗത്ത് സൂക്ഷിക്കുകയും ജുഡീഷ്യൽ സ്വാതന്ത്ര്യത്തെ പവിത്രമായ ഒരു വിശ്വാസമായി സംരക്ഷിക്കുകയും ചെയ്യുന്ന രാഷ്ട്രങ്ങളാണ് അഭിവൃദ്ധി പ്രാപിക്കുന്നത്. നീതി വിലക്കപ്പെടുമ്പോൾ, രാഷ്ട്രങ്ങൾ പതറുക മാത്രമല്ല — അവയ്ക്ക് ധാർമ്മിക ദിശാസൂചകവും നഷ്ടപ്പെടുന്നു. കോടതികൾ നിശബ്ദമാകുമ്പോൾ, സമൂഹങ്ങൾ ഇരുട്ടിലേക്ക് വീഴുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.” ഫീൽഡ് മാർഷൽ മുനീർ ഖാൻ നിർദേശിച്ച ഭരണഘടനാ ഭേദഗതികളിൽ കോടതിയുടെ ഭൂരിപക്ഷം അംഗങ്ങളോടൊപ്പം യോജിക്കാനും ജസ്റ്റിസ് ഷായ്ക്ക് കഴിഞ്ഞില്ല. ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങളിലെ രാജ്ഭവനുകളെ എതിരാളികളായ അധികാര കേന്ദ്രങ്ങളായും ഗൂഢാലോചനകളുടെ കേന്ദ്രങ്ങളായും പോലും മാറ്റുന്ന തരത്തില്‍, വർഷങ്ങളായി കേന്ദ്രസർക്കാർ പയറ്റുന്ന ഒരു ഭരണഘടനാ തന്ത്രമാണ് കോടതി വീണ്ടും സജീവമാക്കിയിരിക്കുന്നത്. ഗവർണർമാർക്ക് സൂപ്പർ മുഖ്യമന്ത്രിമാരായി പ്രവർത്തിക്കാൻ കഴിയില്ലെന്നും ഒരു സംസ്ഥാനത്തിനുള്ളിൽ രണ്ട് എക്സിക്യൂട്ടീവുകൾ ഉണ്ടാകാൻ പാടില്ലെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ടെങ്കിലും, കേന്ദ്രം ദുരുദ്ദേശ്യത്തോടെ ദൃഢനിശ്ചയം ചെയ്തയയ്ക്കുന്ന ഒരു രാഷ്ട്രീയ എക്സിക്യൂട്ടീവിന് ‘ഭരണഘടനയുടെ ആത്മാവ്’ പാലിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം വിധി ജനിപ്പിക്കുന്നില്ല. ശത്രുതാപരമായി ഒരു ഗവർണർ അനന്തമായി അനുമതി തടഞ്ഞാല്‍ ആരാണ് തീരുമാനമെടുക്കുക? ഒരു ഗവർണര്‍ അനുമതി നൽകുന്നതിൽ ‘വിശദീകരിക്കാനാവാത്ത കാലതാമസം’ ഉണ്ടാക്കുന്നത് എപ്പോഴാണ് ?
രാഷ്ട്രീയ വിശ്വാസം മോശമാകുമ്പോൾ, ഏറ്റവും മികച്ച ഭരണഘടനാ സ്ഥാപനങ്ങൾക്ക് ‘ജെഫേഴ്സണിയൻ സമത്വബോധം’ സംരക്ഷിക്കാനുള്ള പ്രതിരോധശേഷി ഇല്ലാതെ പോകും. അതില്ലാത്ത ജനാധിപത്യത്തിന് ചൈതന്യമില്ല. അമേരിക്കൻ ജുഡീഷ്യറിയുടെ മൗനസമ്മതത്തോടെയോ അല്ലാതെയോ, ഒരു എക്സിക്യൂട്ടീവിന് പ്രസിഡൻഷ്യൽ അധികാരങ്ങളെക്കുറിച്ചുള്ള അതിന്റെ നിർവചനം എങ്ങനെ അടിച്ചേല്പിക്കാൻ കഴിയും എന്നതിൽ ഡൊണാൾഡ് ട്രംപിന്റെ അമേരിക്ക വേദനാജനകമായ ഒരു പാഠം നൽകുന്നുണ്ട്.
നിരവധി പ്രതിബദ്ധതകൾ, ഇളവുകൾ, വിട്ടുവീഴ്ചകൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള യഥാർത്ഥ രാഷ്ട്രീയ ഉടമ്പടിയുടെ മൂർത്തീഭാവമാണ് ഇന്ത്യൻ ഭരണഘടന. വൈവിധ്യങ്ങളുടെയും വെെജാത്യങ്ങളുടെയും ഒരു രാജ്യത്ത് ന്യായവും ഉറച്ചതുമായ ഒരു ക്രമം സ്ഥാപിക്കുന്നതിന് ബുദ്ധിശാലികളായ പുരുഷന്മാരും സ്ത്രീകളും ചേർന്ന് രൂപപ്പെടുത്തിയ ഫലപ്രദമായ ഉപകരണമാണിത്. എല്ലാ പങ്കാളികളെയും കളിയുടെ നിയമങ്ങൾ പാലിക്കാൻ ഭരണഘടന ബാധ്യസ്ഥരാക്കുന്നു. സ്ഥാപന സന്തുലിതാവസ്ഥ കൈവരിക്കാൻ കഴിയുമ്പോഴാണ് ഇന്ത്യൻ രാഷ്ട്രീയം അതിന്റെ സൃഷ്ടിപരമായ ഏറ്റവും മികച്ച അവസ്ഥയിലെത്തുന്നത്. ഭരണകൂടത്തിനും പൗരന്മാർക്കും ഇടയിൽ ആരോഗ്യകരമായ സന്തുലിതാവസ്ഥ; ഭൂരിപക്ഷത്തിനും ന്യൂനപക്ഷങ്ങൾക്കും ഇടയിൽ ന്യായവും നീതിയുമുള്ള സന്തുലിതാവസ്ഥ; പൊതുനന്മയെക്കുറിച്ച് മാത്രം ശ്രദ്ധിക്കാതെ സ്വകാര്യതയ്ക്ക് നീതിയുക്തമായ ഒരിടം; യൂണിയനും സംസ്ഥാനങ്ങളും തമ്മിലുള്ള ശക്തമായ പങ്കാളിത്തം എന്നിവയെല്ലാം സമ്യക്കാവണം. അങ്ങനെ പ്രവർത്തിക്കുന്ന ഒരു ജനാധിപത്യത്തിന് അനിവാര്യമാണ് ഊർജസ്വലമായ ഫെഡറലിസം. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി, രാഷ്ട്രീയത്തിൽ നിന്ന് ഒരു ലളിതമായ പാഠം വീണ്ടും വീണ്ടും പഠിക്കാന്‍ നാം ആവർത്തിച്ച് നിർബന്ധിതരായിട്ടുണ്ട്. സ്ഥാപനപരമായ അസമത്വം മോശം തെരഞ്ഞെടുപ്പുകളും ചെലവേറിയ ലാഭവിഹിതവും മാത്രമേ സൃഷ്ടിക്കുകയുള്ളുവെന്ന പാഠം. ജ്ഞാനികളായ രാഷ്ട്രീയ നേതൃത്വത്തിന്റെ അഭാവത്തിൽ, അസന്തുലിതാവസ്ഥ ഇല്ലാതാക്കേണ്ടത് ജുഡീഷ്യറിയുടെ ഉത്തരവാദിത്തമാണ്. ആ അര്‍ത്ഥത്തില്‍ ‘പ്രസിഡൻഷ്യൽ റഫറൻസ്’ വിധി ആത്മവിശ്വാസം പകരുന്നില്ല.
(ദ വയര്‍)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.