സാർവദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ സവിശേഷമായ അംഗീകാരമുള്ള പാർട്ടിയാണ് സിപിഐ. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിർഭാഗ്യകരമായ ഭിന്നിപ്പിന് നാന്ദി കുറിച്ചുകൊണ്ട് 1960കളുടെ തുടക്കത്തിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി രംഗത്തുവന്നു. അവർ ഉയർത്തിയ താത്വിക രാഷ്ട്രീയ നിലപാടുകളാണ് മാവോയിസം എന്നറിയപ്പെട്ടത്. സങ്കുചിത ദേശീയ വാദവും അന്ധമായ സോവിയറ്റ് വിരോധവും ആയിരുന്നു അതിന്റെ കാതൽ. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി അടക്കം ലോകത്തെ നിരവധി കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ വിനാശകരമായ ഭിന്നിപ്പിന്റെ വിത്ത് വിതച്ചത് മാവോയിസമാണ്. അത് മാർക്സിസത്തിന്റെ വികൃതമായ ദുർവ്യാഖ്യാനമാണെന്ന് ആദ്യമായി പ്രഖ്യാപിച്ച പാർട്ടിയാണ് സിപിഐ. ആഗോളവൽക്കരണ കാലത്ത് മുതലാളിത്ത പ്രത്യയശാസ്ത്രം എല്ലാ തരത്തിലും കടന്നാക്രമണത്തിന്റെ മൂർച്ച കൂട്ടുമ്പോൾ അത് ചെറുക്കാനുള്ള പ്രത്യയശാസ്ത്ര സമരത്തിന്റെ പ്രാധാന്യം സിപിഐ തിരിച്ചറിയുന്നുണ്ട്. ആ തിരിച്ചറിവിന്റെ കൂടി വെളിച്ചത്തിലാണ് കമ്മ്യൂണിസ്റ്റ് ഐക്യത്തിന് വേണ്ടിയുള്ള ആശയ രാഷ്ട്രീയ സമരത്തിന്റെ പ്രാധാന്യം ഉയർത്തിപ്പിടിക്കുന്നത്.
പുതുവർഷാരംഭത്തിൽ 25-ാം പാർട്ടി കോൺഗ്രസിനുവേണ്ടിയുള്ള തുടക്കം കുറിക്കുകയാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കി, ലോക്കൽ, മണ്ഡലം, ജില്ലാ സമ്മേളനങ്ങളും കഴിഞ്ഞ് 2025 സെപ്റ്റംബർ 9–12 തീയതികളിൽ ആലപ്പുഴയിലായിരിക്കും സംസ്ഥാന സമ്മേളനം. സെപ്റ്റംബർ 21 മുതൽ 25 വരെ ചണ്ഡീഗഢിൽ പാർട്ടി കോണ്‍ഗ്രസ് നടക്കും. 2025 സമ്മേളനങ്ങളുടെയും പാർട്ടി കോൺഗ്രസിന്റെയും വർഷമാണ്. അതിനർത്ഥം പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തി, ജനങ്ങൾക്ക് വേണ്ടിയുള്ള സമരമുഖങ്ങളിലെ പതറാത്ത ചൈതന്യമാക്കി മാറ്റുക എന്നതാണ്. ശക്തിപ്പെടലിന് ആശയപരവും രാഷ്ട്രീയപരവും സംഘടനാപരവുമായ അർത്ഥതലങ്ങളുണ്ട്. ആ തിരിച്ചറിവോടെ വേണം സമ്മേളനങ്ങൾക്ക് സജ്ജമാകാൻ.
ഇന്ത്യയും ജനങ്ങളും കടന്നു പോകുന്ന ജീവിതാവസ്ഥകൾ പാർട്ടി സമ്മേളനങ്ങളിൽ ചർച്ചാവിഷയമാകും. ഈ സാഹചര്യത്തില്‍ കമ്മ്യൂണിസ്റ്റുകാർ നിർവഹിക്കേണ്ട കർത്തവ്യങ്ങളെ പറ്റി ഗൗരവപൂർവം ചിന്തിക്കാനും തീരുമാനിക്കാനും വേണ്ടിയാണ് പാർട്ടി സമ്മേളനങ്ങളിലേക്ക് പോകുന്നത്. ചർച്ചകൾക്കടിസ്ഥാനമായ രേഖകൾ എല്ലാ സമ്മേളനങ്ങളിലും സഖാക്കൾക്ക് മുന്നിൽ ഉണ്ടാകും. കമ്മ്യൂണിസ്റ്റുകാരുടെ ഉയർന്ന സംഘടനാ — രാഷ്ട്രീയബോധത്തോടെ അവയെപ്പറ്റി അഭിപ്രായം പറയാൻ എല്ലാ സഖാക്കൾക്കും അവകാശമുണ്ട്. ചർച്ചകൾക്കൊടുവിൽ പൊതുവിൽ കൈക്കൊള്ളുന്നതാണ് പാർട്ടി തീരുമാനം. അതിനൊപ്പം നില്‍ക്കാൻ എല്ലാ സഖാക്കളും പ്രതിജ്ഞാബദ്ധരാണ്. പാർട്ടിയുടെ കരുത്തിന്റെ അടിസ്ഥാനം ജനാധിപത്യ കേന്ദ്രീകരണമാണ്. അത് അരാജകത്വമോ, അമിതാധികാരപരമോ ആകാതിരിക്കാൻ കാണിക്കേണ്ട ജാഗ്രതയാണ് രാഷ്ട്രീയ പക്വതയുടെ ഉരകല്ല്.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളന കാലം തങ്ങളുടെ ചാകരക്കാലമാണെന്ന് ചിന്തിക്കുന്ന ഒരുപറ്റം മാധ്യമങ്ങൾ എന്നും നാട്ടിലുണ്ട്. അവർ പ്രതിനിധീകരിക്കുന്നത് വലതുപക്ഷ രാഷ്ട്രീയത്തെയും അതിന്റെ വർഗ അടിത്തറയെയുമാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ജനങ്ങൾക്കിടയിൽ അംഗീകാരം നേടി ശക്തിയാർന്ന രാഷ്ട്രീയ പ്രസ്ഥാനമാകുന്നത് അവർക്ക് ഒരിക്കലും ഇഷ്ടമുള്ള കാര്യമല്ല. അതുകൊണ്ട് തന്നെ ഞെക്കിക്കൊല്ലാനും നക്കിക്കൊല്ലാനും അവർ തന്ത്രങ്ങൾ മെനയുമെന്നതാണ് അനുഭവം. ആശയപരവും രാഷ്ട്രീയവുമായി ദുർബലരായ ചില സഖാക്കൾ അറിഞ്ഞും അറിയാതെയും ഇവർ വച്ച കെണിയിൽ തലവച്ചുകൊടുക്കാറുണ്ട്. അവർ ചെയ്യുന്നത് പ്രസ്ഥാനത്തെ ദുർബലപ്പെടുത്തുന്ന പാർട്ടി വിരുദ്ധ പ്രവർത്തനമാണെന്ന് അത്തരം സഖാക്കൾ തിരിച്ചറിയുക തന്നെ വേണം. സമൂഹമാധ്യമം ഇരുതല മൂർച്ചയുള്ള വാളാണെന്നും നമ്മളെല്ലാം അറിയണം. ആശയ സമരത്തിൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന ആ വാൾ പ്രസ്ഥാനത്തെ തന്നെ വെട്ടിമുറിവേല്പിക്കാൻ കഴിയുന്നതാണെന്ന് മറന്നുപോകരുത്.
രാഷ്ട്രീയ ബോധത്തിന്റെ അഭാവത്താൽ പാർട്ടിക്കുള്ളിൽ പറയേണ്ടുന്ന കാര്യങ്ങൾ പുറത്തുപറയുന്നത് തടയപ്പെടേണ്ടതാണ്. അത്തരക്കാരെ വേണ്ടിവന്നാൽ പുറത്താക്കാൻ വരെ കഴിയണം എന്ന തരത്തിൽ പാർട്ടി ഭരണഘടന ഭേദഗതി ചെയ്യപ്പെട്ടത് 24-ാം കോൺഗ്രസിൽ വച്ചാണ്. അപൂർവമാണെങ്കിലും നമുക്കിടയിലുള്ള അത്തരം പ്രവണതകൾ തടയല്‍ തന്നെയാണ് അതിന്റെ ഉദ്ദേശ്യം. പാർട്ടിക്കുള്ളിൽ നിർഭയമായ ചർച്ചകളും സമ്മേളനങ്ങളും തീർച്ചയായും ഉണ്ടാകണം. അത് പ്രസ്ഥാനത്തെ വളർത്താനും വലുതാക്കാനും വേണ്ടിയാകണം. അതിന്റെ വേദി അതാത് ഘടകങ്ങൾ തന്നെയാണ്. അവിടെ പറയേണ്ട കാര്യങ്ങൾ പുറത്ത് പറയുകയും ജനമധ്യേ പാർട്ടിയെ പരിഹാസ്യപാത്രമാക്കുകയും ചെയ്യുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉണ്ടാകാൻ പാടില്ലാത്തതാണ്. അത്തരം പ്രവർത്തന ശൈലി ഭൂഷണമായി കാണുന്നവർക്ക് ഒരു വിപ്ലവപാർട്ടിയിൽ ഇടം ഉണ്ടാകാൻ പാടില്ല.
സമ്മേളനങ്ങൾ ആരംഭിക്കുന്നതിന്റെ തലേന്ന് ഒരു പ്രമുഖ പത്രം പൊള്ളക്കഥയുമായി രംഗത്തുവന്നത് വെറുതെയല്ല. അത്തരം കഥകൾ വായിച്ച് ചാഞ്ചാടുന്നവരുണ്ടെ ങ്കിൽ, അവരെ ലാക്കാക്കിയാണ് അക്കൂട്ടർ കഥകൾ മെനയുന്നത്. നവീകരിച്ച എംഎന്‍ സ്മാരകം ഉദ്ഘാടനം ചെയ്യാൻ ജനറൽ സെക്രട്ടറി ഡി രാജ വരാത്തതിലാണ് അവർക്ക് ദുഃഖം! അതേകഥയിൽ തന്നെ തമിഴ്‌നാട്ടിൽ ലോക്‌സഭാ സ്ഥാനാർത്ഥിയാകാൻ സഖാവ് രാജ വഴിവിട്ട മാർഗം തേടിയെന്ന ഇല്ലാക്കഥയും അവർ കൂട്ടിക്കെട്ടിയിരിക്കുന്നു. 2024 ഡിസംബർ 26ന് പാർട്ടിയുടെ ജന്മദിനത്തിലാണ് നവീകരിച്ച എംഎൻ സ്മാരകത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചത്. അന്നുതന്നെ പാർട്ടി ജന്മം കൊണ്ട കാൺപൂരിൽ വൻ റാലിയും സമ്മേളനവും നടത്താൻ ദേശീയ കൗൺസിൽ തീരുമാനിച്ചിരുന്നു. ഒരാൾക്ക് കാൺപൂരിലും തിരുവനന്തപുരത്തും ഒരേ ദിവസം ഒരേ സമയം പങ്കെടുക്കാൻ കഴിയില്ല എന്നുള്ളത് സാമാന്യബോധമുള്ളവർക്കെല്ലാം മനസിലാകും. കമ്മ്യൂണിസ്റ്റ് വിരോധം തലയ്ക്കുപിടിച്ച് കള്ളക്കഥ മെനയാൻ തീരുമാനിച്ചവർക്ക് സാമാന്യബോധം ബാധകമാവില്ലല്ലോ. പാർട്ടി സമ്മേളനങ്ങളിലെത്തുന്ന ഏതെങ്കിലും ദുർബല മനസ്കർ ആ ചൂണ്ടയിൽ കൊത്തുന്നെങ്കിൽ കൊത്തട്ടെ എന്ന ചിന്ത മാത്രമേ അവർക്കുള്ളൂ. സമാനമായ കഥകൾ ഇക്കൂട്ടരുടെ പണിപ്പുരയിൽ ഇനിയും രൂപം കൊള്ളുന്നുണ്ടാവും. അവർ കുലുക്കിയാൽ കുലുങ്ങുന്നതല്ല കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന് മനസിലാക്കാൻ അവർക്കിനിയും സമയം വേണ്ടിവന്നേക്കാം.
കമ്മ്യൂണിസ്റ്റ് മൂല്യബോധത്തിന്റെ പോർച്ചട്ടയും പടവാളുമായി നാം മുന്നോട്ട് പോകും. ഇത്തരം അപവാദ പ്രചാരകർക്ക് പത്തി മടക്കി തിരിഞ്ഞുപോകേണ്ടി വരും. പാർട്ടി നമ്മുടെ അഭിമാനവും മനഃസാക്ഷിയും വഴികാട്ടിയുമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് മുന്നോട്ടുതന്നെ പോകാനാണ് കമ്മ്യൂണിസ്റ്റുകാരുടെ തീരുമാനം. 25-ാം പാർട്ടി കോൺഗ്രസിന്റെ പശ്ചാത്തലത്തിൽ പുതുവർഷം പിറക്കുമ്പോൾ ഇതായിരിക്കട്ടെ പ്രതിജ്ഞയും പ്രഖ്യാപനവും.
(അവസാനിച്ചു)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.