
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുനഃസംഘടിപ്പിക്കപ്പെട്ട പണനയ സമിതി (എംപിസി) ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിൽ ഏപ്രിൽ ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ ചേർന്ന ആലോചനായോഗത്തിൽ എത്തിച്ചേർന്ന നിഗമനം പണപ്പെരുപ്പം അപകടകരമല്ലാത്തൊരു സ്ഥിതിവിശേഷത്തിലെത്തി നിൽക്കുന്നുവെന്നാണ്. അതുകൊണ്ട് തന്നെ പുതിയ പണനയത്തിന്റെ പ്രഥമ പരിഗണന സാമ്പത്തിക വളർച്ചയ്ക്ക് പ്രോത്സാഹനം നല്‍കുക എന്നതുമാണ്. ഈ ലക്ഷ്യം മുൻനിർത്തിയാണ് നിരവധി മാസങ്ങൾക്കുശേഷം പലിശ നിരക്ക് തുടർച്ചയായി 25 പോയിന്റുകൾ കുറയ്ക്കാനുള്ള തീരുമാനത്തിലെത്തിയത്. അതായത്, ആർബിഐ പണനയം ന്യൂട്രൽ (മാറ്റമില്ലാത്ത അവസ്ഥ) എന്നതിൽ നിന്നും. അക്കൊമോഡേറ്റീവ് (ഉൾക്കൊളളുന്ന) അവസ്ഥയിലേക്ക് മാറി എന്നർത്ഥം.
ഇന്നത്തെ സ്ഥിതിയിൽ ഉപഭോക്തൃ വിലനിലവാര സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് ലക്ഷ്യമിട്ട നാല് ശതമാനത്തിൽ തന്നെയാണ്. ഇപ്പോൾ അവശ്യം വേണ്ടത് പരിമിതമായ തോതിലുള്ള സാമ്പത്തിക വളർച്ച നിലനിർത്തുക മാത്രമല്ല, ആഭ്യന്തര ഉപഭോക്തൃ ഡിമാൻഡ് ക്രമേണ ഉയർത്തുന്നതിലൂടെ ഈ വളർച്ചാനിരക്കിനെ കൈപിടിച്ചുയർത്തുക കൂടിയാണ്. ഇത്തരമൊരു വാദഗതിയിലൂടെയാണ് ആർബിഐ ഗവർണർ മൽഹോത്ര പലിശനിരക്കിലെ ഇളവിനെ വിലയിരുത്തുന്നത്. പലിശ നിരക്കിലെ നേരിയ ഇളവുപോലും സ്വകാര്യ ഉപഭോഗത്തെ ഉത്തേജിപ്പിക്കുകയും സ്വകാര്യ കോർപറേറ്റ് നിക്ഷേപത്തോത് ഉയർത്തുകയും ചെയ്യും. ചുരുക്കത്തിൽ, സമ്പദ്‌വ്യവസ്ഥയിലെ നിലവിലെ സാഹചര്യത്തിൽ വികസനത്തിനനുകൂലമാണെങ്കിലും പണപ്പെരുപ്പത്തിന്റെ മറുവശമെന്ന നിലയിൽ പണപ്പെരുക്കത്തിലേക്ക് നീങ്ങുകയെന്ന സ്ഥിതി പ്രതികൂല ഘടകമാകുമെന്ന തിരിച്ചറിവുമുണ്ടാകണം. ആർബിഐയും മോഡിസർക്കാരും കണക്കുകൂട്ടുന്ന ജിഡിപി 6.5 വളർച്ചാനിരക്ക് കൈവരിക്കുക പ്രയാസമാണെങ്കിലും ഇന്ത്യയായിരിക്കും അതിവേഗ വളർച്ച നേടിക്കൊണ്ടിരിക്കുന്നൊരു ലോകരാജ്യം എന്നതിൽ സംശയിക്കേണ്ടതില്ല. അതേസമയം ലോകബാങ്കും, ഐഎംഎഫും നമ്മുടെ ഈ ശുഭാപ്തിവിശ്വസം പങ്കിടുന്നില്ലെന്ന റിപ്പോർട്ടും നാം നിസാരമായി തള്ളിക്കളഞ്ഞുകൂടാ.
ആഗോള വ്യാപാരമേഖലയിൽ ട്രംപിന്റെ വരവോടെ അഴിച്ചുവിട്ടിരിക്കുന്ന തീരുവായുദ്ധം അതിജീവിക്കാനുള്ള ശക്തി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ആഭ്യന്തര ഡിമാന്‍ഡിന്റെ പിന്തുണയോടെ പ്രതിരോധിക്കാൻ സാധ്യമാണെങ്കിലും ഏറെ നാൾ ഈ രക്ഷാമാർഗം തുണയ്ക്കുമോ എന്ന് തീർത്തുപറയാനാകില്ല. ആഗോള വ്യാപാര മേഖലയിലെ തിരയിളക്കങ്ങളിൽ നിന്നും ഏതറ്റം വരെ നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഒഴിഞ്ഞുമാറാൻ കഴിയുമെന്നും പ്രവചിക്കാനാകില്ല. നമുക്ക് ലഭ്യമായേക്കാവുന്ന മുഖ്യ ആശ്വാസം ആഗോള ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായിരിക്കുന്ന ഇടിവാണ്. ഇതുവഴി ഇറക്കുമതി ചരക്കുകളുടേയും സേവനങ്ങളുടേയും നേരിയ വിലയിടിവും തീരുവാനിരക്കുവഴിയുള്ള നേട്ടവും അനുകൂല ഘടകങ്ങളാണ്. ഇതിന്റെയെല്ലാം പിൻബലത്തിലാണ് പണപ്പെരുപ്പനിരക്ക് നാല് ശതമാനത്തിലേറെ ആകില്ലെന്ന ആർബിഐ കണക്കുകൂട്ടലും ജിഡിപി വളർച്ചാനിരക്ക് സംബന്ധമായ ശുഭപ്രതീക്ഷയും നിലകൊള്ളുന്നത്. ആർബിഐ ഡെപ്യൂട്ടി ഗവർണർ ഡോ. എം രാജേശ്വരറാവു ജിഡിപി വളർച്ചയുമായി ബന്ധപ്പെട്ട വിഷയത്തിൽ അല്പം വ്യത്യസ്തമായൊരു നിലപാടാണ് യോഗത്തിൽ സ്വീകരിച്ചത്. ജിഡിപി വളർച്ചാനിരക്കിൽ വർധനവിനുള്ള സാധ്യത കുറവാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. നിലവിലുള്ള അനിശ്ചിതത്വം നിറഞ്ഞ വിദേശവ്യാപാര മേഖലയിലെ പശ്ചാത്തലം ഇക്കാര്യത്തിൽ ഉറച്ചൊരു പ്രതീക്ഷയ്ക്കുള്ള സാധ്യത അത്രയേറെ ഇല്ലെന്നുതന്നെയാണ് അദ്ദേഹത്തിന്റെ നിലപാട്. തീരുവാനയവും ധനകാര്യ‑മൂലധന വിപണിക്കുമേൽ കാണപ്പെടുന്ന അനിശ്ചിതത്വങ്ങളും ആഭ്യന്തര വിപണികൾക്കുമേൽ കടുത്ത ആഘാതം ഏല്പിക്കാനുളള സാധ്യതകളും അവഗണിക്കുക സാധ്യമല്ല. ആഗോളതലത്തിൽ ട്രംപിസത്തിന്റെ സ്വഭാവമനുസരിച്ചായിരിക്കും സാമ്പത്തിക വ്യാപാര മേഖലകളിലെ അനിശ്ചിതത്വങ്ങളുടെ ആഴവും പരപ്പും നിർണയിക്കപ്പെടുക എന്നാണ് എംപിസിയിലെ ഒരു അംഗം രാജീവ് രഞ്ജന്റെ വിലയിരുത്തൽ. പണപ്പെരുപ്പ കാര്യത്തിൽ കാണപ്പെടുന്ന താൽക്കാലികാശ്വാസം മാത്രം കണക്കിലെടുത്തുള്ള ജിഡിപി വളർച്ചാ സാധ്യതകൾ താളംതെറ്റുമെന്നുതന്നെ വേണം കരുതാൻ. സാമ്പത്തിക വളർച്ചയ്ക്ക് അനിവാര്യമായി വേണ്ടത് ആഭ്യന്തര തലത്തിലുള്ള നയപരമായ പിന്തുണയാണ്. ആഗോള വെല്ലുവിളി ഗുരുതരാവസ്ഥയിൽ തുടരാനാണ് സാധ്യതകളേറെ എന്നതിനാൽ മാത്രമല്ല, അമേരിക്കൻ സമ്പദ്‌വ്യവസ്ഥ തന്നെ മാന്ദ്യത്തിലേക്ക് വഴുതി വീഴാനുമിടയുണ്ടെന്ന സാഹചര്യം കൂടി കണക്കിലെടുത്ത് വേണം ആഭ്യന്തര സമ്പദ്‌വ്യവസ്ഥയിലെ ലിക്വിഡിറ്റി വർധന നിർണയിക്കപ്പെടാൻ. ഈ നിഗമനവും അർഹിക്കുന്ന ഗൗരവത്തോടെ കണക്കിലെടുത്തെതീരു.
ആർബിഐ പണനയസമിതിയിലെ മറ്റൊരു അംഗം ഡോ. രാംസിങ്ങിന്റെ അഭിപ്രായം പണപ്പെരുപ്പ നിരക്ക് ഏറെക്കുറെ നിയന്ത്രണവിധേയമായിട്ടുണ്ടെന്നതിനാൽ വിലക്കയറ്റ നിരക്ക് ആർബിഐയുടെ നിശ്ചിത നിലവാരത്തിൽ തന്നെ തുടരുകയും ചെയ്തേക്കാം. എന്നാൽ ജിഡിപി വളർച്ചാനിരക്ക് പ്രതീക്ഷയ്ക്കൊത്ത് മെച്ചപ്പെടുത്തണമെങ്കിൽ വായ്പാ പലിശനിരക്കിൽ തുടർന്നും കുറവു വരുത്തിയേ തീരൂ എന്നാണ് ഡോ. സിങ്ങിന്റെ കണക്കുകൂട്ടൽ. സാമ്പത്തിക മേഖലയിലെ ചാക്രിക വ്യതിയാനങ്ങൾക്ക് അനുസൃതമായി അനുബന്ധനയങ്ങളിലും മാറ്റം അനിവാര്യമാണ്. മറ്റൊരു എംപിസി അംഗം ഡോ. സൗഗത ഭട്ടാചാര്യയുടെ അഭിപ്രായം 2026 ധനകാര്യ വർഷത്തിൽ പണപ്പെരുപ്പനിരക്ക് ഏറെക്കുറെ നിയന്ത്രണവിധേയമായി തുടരുമെന്നാണ്.
അതേ അവസരത്തിൽ വിദേശവ്യാപാര മേഖലയിൽ നിലവിലുള്ള സ്ഥിതി തുടരാനിടയായാൽ ഇന്ത്യയുടെ വിദേശ വിനിമയ മേഖല പ്രതിസന്ധിയിലകപ്പെടാൻ സാധ്യതകളേറെയാണ്. ഇപ്പോൾ ലഭ്യമായിവരുന്ന വിവരങ്ങളനുസരിച്ച് ഭാവി വികസനത്തിനനുയോജ്യമായ പണനയ സമീപനത്തിന്റെ ഏകദേശ രൂപം തയ്യാറാക്കുന്നത് ഉചിതമായിരിക്കുമെന്നാണ് ഡോ. ഭട്ടാചാര്യയുടെ അഭിപ്രായം. അതേസമയം, നിലവിലുള്ള അനിശ്ചിതത്വങ്ങൾ ഉടനടി അവസാനിക്കാനിടയില്ലെന്ന ധാരണയോടെ വേണം ഭാവിയിലേക്കുള്ള നയം രൂപീകരിക്കുന്നതിന് ഇറങ്ങിത്തിരിക്കാൻ. വിശിഷ്യാ, ഉടനടി മറ്റൊരു പലിശനിരക്കുമാറ്റം വരുത്തുന്നതിന് മുമ്പ് ഇത്തരം സാഹചര്യങ്ങളും വസ്തുതകളും കണക്കുകളും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കപ്പെടണം എന്നാണ് അർത്ഥമാക്കുന്നത്. കൂടുതൽ മാക്രോ ഇക്കണോമിക് ധനകാര്യ ഉദാരീകരണവും ഉൾക്കൊള്ളലും നടത്തുന്നതിന് മതിയായ മുന്നൊരുക്കങ്ങൾ ഒഴിവാക്കാനാവില്ലെന്നാണ് ഡോ. ഭട്ടാചാര്യ അടിവരയിട്ടു പറയുന്നത്. സ്വകാര്യമേഖലാ നിക്ഷേപ പ്രോത്സാഹനാർത്ഥം ആർബിഐയുടെ മോണിറ്ററി നയസമീപനത്തിന്റെ കാതൽ കഴിയുന്നത്ര അക്കൊമൊഡേറ്റീവ് അഥവാ ഉൾക്കൊള്ളൽ സമീപത്തോടെയുള്ളതായിരിക്കുമെന്നാണ് ആർബിഐ അധികൃതരും കേന്ദ്ര സർക്കാർ വക്താക്കളും ആവർത്തിച്ച് വ്യക്തമാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.