10 January 2026, Saturday

വിഷന്‍ 2031ന്റെ ലക്ഷ്യങ്ങള്‍

പി പ്രസാദ്
നവീനം, സുസ്ഥിരം, സ്വയംപര്യാപ്തം: കാർഷിക കേരളം 2
October 27, 2025 4:59 am

കാര്‍ഷിക രംഗത്തെ നിരവധി നേട്ടങ്ങൾക്കിടയിലും വിഷൻ 2031 സെമിനാറിൽ ഉയർന്നു വന്ന ലക്ഷ്യങ്ങൾ കൂടുതൽ ഉയരത്തിലാണ്. നവീന കാലാവസ്ഥാ പ്രതിരോധ കൃഷി, ദ്വിതീയ കാർഷിക വികസനം, വരുമാനം ഇരട്ടിക്കൽ, സ്വയംപര്യാപ്തത എന്നീ പൊതു ലക്ഷ്യങ്ങൾക്കൊപ്പം തരിശ് രഹിത കേരളം, അഞ്ച് ലക്ഷം പുതിയ തൊഴിലവസരങ്ങൾ, ഒരു ലക്ഷം കർഷകർക്ക് പ്രതിമാസം ഒരു ലക്ഷം രൂപ വരുമാനം, 10,000 “കേരളാഗ്രോ” ഉല്പന്നങ്ങൾ, കാബ്കോ നേതൃത്വത്തിൽ 50 അന്താരാഷ്ട്ര ബിസിനസ് മീറ്റുകളിൽ പങ്കാളിത്തം, പതിനായിരം കോടി രൂപയുടെ അന്താരാഷ്ട്ര ബിസിനസ്, “കൃഷി സമൃദ്ധി” 750 പഞ്ചായത്തുകളിൽ വ്യാപിപ്പിക്കുക, പച്ചക്കറി ഉല്പാദനത്തിൽ സ്വയംപര്യാപ്തത, “നവോത്ഥാൻ” വഴി ഒരു ലക്ഷം ഹെക്ടർ കൃഷി എന്നീ ഉപലക്ഷ്യങ്ങൾ കാലപരിധിക്കുള്ളിൽ നേടിയെടുക്കേണ്ടതുണ്ട്. കൂടാതെ തനതുവിളകളായ നെല്ല്, നാളികേരം, പച്ചക്കറി, സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവയിൽ പ്രത്യേക ശ്രദ്ധനൽകി ഈ കൃഷികളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. നെൽക്കൃഷി വിസ്തൃതി രണ്ടുലക്ഷം ഹെക്ടർ നിലനിർത്തേണ്ടതുണ്ട്. ഉൽല്പാദനക്ഷമത 4.5 ടൺ/ഹെക്ടർ ആക്കുവാനും പത്തു പുതിയ അത്യുല്പാദന വിത്തിനങ്ങൾ പുറത്തിറക്കുവാനും സാധ്യമാകണം. പൊക്കാളി മേഖലയിൽ യന്ത്രവല്‍ക്കരണം, രണ്ടാം കുട്ടനാട് പാക്കേജ് തുടങ്ങിയവയും ലക്ഷ്യങ്ങളാണ്. ദക്ഷിണേന്ത്യയിൽ നെല്ല് ഉല്പാദനത്തിൽ ഏറ്റവും കൂടുതൽ ഉല്പാദനക്ഷമതയുള്ള സംസ്ഥാനമാക്കി കേരളത്തിനെ മാറ്റുവാൻ ലക്ഷ്യമിടുന്നു. കേരളത്തിന്റെ ഭക്ഷ്യധാന്യ ആവശ്യകതയുടെ 30% എങ്കിലും സ്വന്തമായി ഉല്പാദിപ്പിക്കുവാൻ സാധ്യമാകണം. നാളികേരത്തിന്റെ ഉല്പാദനത്തിലും ഉല്ലാദനക്ഷമതയിലും രാജ്യത്തിന്റെ മുൻനിരയിലെത്തണം. അതിനായി 750 പഞ്ചായത്തുകളിലെങ്കിലും “കേരഗ്രാമം” പദ്ധതി നടപ്പാക്കുവാൻ ഉദ്ദേശിക്കുന്നു. ഇതിലൂടെ ഉല്പാദനക്ഷമത 80 നാളികേരം/തെങ്ങ് ആയി വർധിപ്പിക്കും. 50% കേരഗ്രാമങ്ങളിലും ഫെർട്ടിഗേഷൻ സംവിധാനം ഏർപ്പെടുത്തും. കൂടാതെ രോഗപ്രതിരോധശേഷിയുള്ള തെ­ങ്ങിൻ തൈ ഇനങ്ങൾ, നാളികേരത്തിൽ നിന്നുള്ള കൂടുതൽ മൂല്യവർധിത ഉല്പന്നങ്ങൾ തുടങ്ങിയവയും ലക്ഷ്യങ്ങളാണ്. 

പച്ചക്കറി വിസ്തൃതി 46,500 ഹെക്ടറിൽ നിന്ന് 2.25 ലക്ഷം ഹെക്ടറിലേക്ക് ഉയർത്തേണ്ടതുണ്ട്. ഉല്പാദനം 25 ലക്ഷം ടൺ ആക്കണം. ഇതിനായി വീടുകൾ, സ്കൂളുകൾ, പൊതു സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കൃഷി, വാണിജ്യ കൃഷി തുടങ്ങിയവയ്ക്ക് പ്രത്യേക പരിഗണന നൽകും. ഹൈബ്രിഡ് വിത്തിനങ്ങൾ, കയറ്റുമതി ലക്ഷ്യമാക്കിയ പ്രത്യേക പച്ചക്കറി പദ്ധതി, നഗര കൃഷിക്ക് പ്രത്യേക സംവിധാനം എന്നിവയും ലക്ഷ്യങ്ങളാണ്. 200 പുഷ്പഗ്രാമങ്ങൾ, 300 ഫല ക്ലസ്റ്ററുകൾ, പോഷകസമൃദ്ധി മിഷനിലൂടെ 10 ലക്ഷം ന്യൂട്രീഷൻ ഗാർഡനുകൾ, ഒരു ലക്ഷം ഹെക്ടറിൽ ജൈവകൃഷി, ഒരു ലക്ഷം കർഷകർക്ക് PGS/NPOP സർട്ടിഫിക്കേഷൻ, ജൈവ ഉല്പന്നങ്ങൾക്ക് ക്യുആര്‍ കോഡ് ട്രേസബിലിറ്റി തുടങ്ങിയ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതോടെ കാർഷിക മേഖലയെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുവാൻ സാധ്യമാകും. മൂല്യവർധന മേഖലയിൽ “ഒരു കൃഷിഭവൻ 15 ഉല്പന്നങ്ങൾ” എന്നതിലൂടെ 15,000 ഉല്പന്നങ്ങൾ, 15 വിളകൾ മൂല്യശൃംഖല വികസനത്തിൽ, വിളയുടെ അടിസ്ഥാനത്തിൽ അഗ്രോ പാർക്കുകൾ, 500 പിഎഫ്‌ഒകള്‍ക്ക് പ്രതിവർഷം രണ്ട് കോടി വരുമാനം എന്നിവയും ലക്ഷ്യത്തിൽ ഉൾപ്പെടുന്നു. വാഴപ്പഴം, പൈനാപ്പിൾ, ചക്ക എന്നിവയിൽ നിന്ന് വൈൻ മൂല്യവർധന മേഖലയ്ക്ക് ഊർജം നൽകും.
എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വിപണന കിയോസ്കുകൾ, കൂടുതൽ ഉല്പന്നങ്ങൾക്ക് “കേരളാഗ്രോ” ബ്രാൻഡ്, കാബ്കോയുടെ ഉടമസ്ഥതയിൽ പത്തു അഗ്രോ പാർക്കുകൾ, ജില്ലാ അടിസ്ഥാനത്തിൽ അഗ്രി ബിസിനസ് സെന്ററുകൾ തുടങ്ങിയവയും ലക്ഷ്യങ്ങളാണ്. 

വന്യമൃഗ ശല്യത്തിന് നബാര്‍ഡ് സഹകരണത്തോടെ 1000 കോടി രൂപയുടെ പത്തു വർഷ പദ്ധതി, സോളാർ റിപ്പലന്റ്, എഐ മോണിറ്ററിങ്, റിയൽ ടൈം അലർട്ട് ആപ്പ് തുടങ്ങിയ ആധുനിക സാങ്കേതികതകൾ ഉപയോഗിച്ച് 75 % കൃഷിയിടങ്ങളുടേയും സംരക്ഷണം തുടങ്ങിയവ ലക്ഷ്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കൃഷിയിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുവാൻ കൃഷിക്കൂട്ടങ്ങൾ 50,000 ആക്കും. ഇതിൽ 2,000 എണ്ണം മൂല്യവർധന മേഖലയിൽ, എല്ലാ തദ്ദേശസ്ഥാപനങ്ങളിലും കൃഷിക്കൂട്ട ഫെഡറേഷൻ, 250 പുതിയ എഫ്‌പിഒകൾ, സ്ത്രീകൾക്കും യുവാക്കൾക്കും പ്രത്യേക കൃഷിക്കൂട്ടങ്ങൾ തുടങ്ങിയ ലക്ഷ്യങ്ങൾ കൃഷിയെ ജനകീയവൽക്കരിച്ച് പ്രാദേശിക സാമ്പത്തിക വികസനത്തിന് പ്രയോജനപ്പെടുത്തും എന്നതിനു സംശയമില്ല. നൂതന സാങ്കേതികത വിദ്യ അടിസ്ഥാനമാക്കി ഡ്രോൺ കൃഷി, ഹൈ­ഡ്രോപോണിക്സ്, അക്വാപോണിക്സ് വഴി 50% ഉല്പാദന വർധന, ഫെർട്ടിഗേഷൻ, യന്ത്രവല്‍ക്കരണം, 20% കൃഷിയിടങ്ങളിൽ സെൻസറുകൾ, എല്ലാ ഡിജിറ്റൽ സേവനങ്ങളും “കതിർ” ആപ്പ് വഴി തുടങ്ങിയ ലക്ഷ്യങ്ങൾ കൃഷിച്ചെലവ് കുറച്ച് കൃഷിയെ ആകർഷകമാക്കും. 

കർഷക ക്ഷേമത്തിന് എല്ലാ വിളകൾക്കും സമ്പൂർണ ഇൻഷുറൻസ്, 30 വിളകൾക്ക് അടിസ്ഥാനവില, താങ്ങുവില, കടാശ്വാസ കമ്മിഷന്റെ പ്രവർത്തന വ്യാപനം തുടങ്ങിയവ കർഷക ക്ഷേമ പ്രവർത്തനങ്ങൾക്ക് പുതുജീവൻ നൽകും. പതിനായിരം യുവാക്കൾക്ക് AI/IoT പരിശീലനം, ആയിരം സ്കൂളുകളിൽ സ്കൂൾ ഫാമുകൾ, 1000 അഗ്രി കേഡറ്റ് കോപ്സ്, 5,000 അഗ്രി വോളണ്ടിയർമാർ തുടങ്ങിയവ മേഖലയ്ക്ക് ഊർജം നൽകും. കർഷക പ്രശ്നങ്ങൾ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കൃഷിയിടങ്ങളിൽ നേരിട്ട് എത്തി മനസിലാക്കി പരിഹരിക്കുന്ന കൃഷി ദർശൻ പരിപാടി എല്ലാ കാർഷിക ബ്ലോക്കുകളും കേന്ദ്രീകരിച്ച് നടത്തുന്നതും SAMETI അന്താരാഷ്ട്ര പരിശീലന കേന്ദ്രമാക്കുവാനുള്ള ശ്രമവും നൂറു കാർഷിക ടൂറിസം സർക്യൂട്ടുകൾ സ്ഥാപിക്കുന്നതും കാർബൺ ക്രെഡിറ്റ് പദ്ധതികൾ വ്യാപിപ്പിക്കുന്നതും കർഷക വരുമാനം വർധിപ്പിക്കും. 500 കർഷകർക്ക് വിദേശ പരിശീലനം, അഞ്ച് മികവിന്റെ കേന്ദ്രങ്ങൾ, 2026 അന്താരാഷ്ട്ര വനിതാ കർഷക വർഷത്തിൽ വനിതാ കർഷക പദ്ധതികൾ തുടങ്ങിയവ നവീന കാർഷിക പദ്ധതികൾക്ക് ഊർജം നൽകും. ഈ ഇടപെടലുകൾ സമയബന്ധിതമായും കാര്യക്ഷമമായും നടപ്പാക്കാൻ സെമിനാറിലെ ചർച്ചകൾ നിർണായകമായിട്ടുണ്ട് എന്നതിൽ ചാരിതാർത്ഥ്യമുണ്ട്. പൊതു ജനങ്ങളുടെയും ഉദ്യോഗസ്ഥരുടേയും ജനപ്രതിനികളുടെയും ആത്മാർത്ഥ പങ്കാളിത്തം കേരളത്തിന്റെ കാർഷിക ഭാവി രൂപപ്പെടുത്തും. ഒന്നിച്ച് നമുക്ക് സ്വയംപര്യാപ്ത കേരളം സൃഷ്ടിക്കാം.
(അവസാനിക്കുന്നു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.