
രാജ്യത്തിന്റെ പരമോന്നത നിയന്ത്രണ അതോറിട്ടിയുടെ എതിര്‍പ്പുണ്ടായിരുന്നിട്ടും, പുനര്‍നിര്‍മ്മിച്ച മെഡിക്കൽ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അംഗീകാരം നൽകിയത് ആരോഗ്യരംഗത്ത് പുതിയ ആശങ്കയാകുന്നു. കാലഹരണപ്പെട്ട ഉപകരണങ്ങൾ ശേഖരിക്കുന്നതിലൂടെ രാജ്യത്തെ മാലിന്യക്കൂമ്പാരമാക്കി മാറ്റുമെന്ന് ആഭ്യന്തര മെഡിക്കൽ ഉപകരണ നിർമ്മാതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം അനുമതികൾ പ്രാദേശിക മത്സരശേഷിയെ ദുർബലപ്പെടുത്തുമെന്നും, കാലഹരണപ്പെട്ട സാങ്കേതികവിദ്യകൾ ഭാരമാകുമെന്നും ആരോഗ്യരംഗത്തുള്ളവര്‍ മുന്നറിയിപ്പ് നൽകുന്നുണ്ട്. 2023ലാണ്, പ്രീ-ഓൺഡ് ആന്റ് റീഫർബിഷ്ഡ് ഹൈ-എൻഡ്, ഹൈ-വാല്യൂ മെഡിക്കൽ ഉപകരണങ്ങളുടെ ചില വിഭാഗങ്ങൾക്കായി നിയമങ്ങൾ രൂപപ്പെടുത്തിയത്. പുതിയ ഓപ്ഷനുകൾ ലഭ്യമല്ലാത്തപ്പോൾ അല്ലെങ്കിൽ വില താങ്ങാനാവാത്തപ്പോള്‍ പുനര്‍നിര്‍മ്മിച്ച സംവിധാനങ്ങൾ വാങ്ങാന്‍ നിയമം അനുവദിക്കുന്നു. സിടി, എംആർഐ സ്കാനറുകൾ മുതൽ റേഡിയോ തെറാപ്പി സിസ്റ്റങ്ങൾ, ഒഫ്താൽമിക് ലേസറുകൾ, എൻഡോസ്കോപ്പിക് കാമറകൾ, സർജിക്കൽ റോബോട്ടുകൾ വരെ 38 വിഭാഗങ്ങളാണ് പട്ടികയിൽ ഉൾപ്പെടുന്നത്. “ഉപയോഗിച്ചതോ പുതുക്കിനിര്‍മ്മിച്ചതോ ആയ കാറുകളോ ഫോണുകളോ ഇറക്കുമതി ചെയ്യാൻ രാജ്യത്ത് അനുവാദമില്ല. ഇതേ തത്വം മെഡിക്കൽ ഉപകരണങ്ങൾക്കും ബാധകമാക്കണം” — ആഭ്യന്തര ഉപകരണ നിർമ്മാതാക്കളുടെ ഗ്രൂപ്പായ എഐഎംഇഡിയുടെ ഫോറം കോർഡിനേറ്റർ രാജീവ് നാഥ് പറഞ്ഞു. ഡിസംബർ ആറിന് വിദഗ്ധ സമിതിക്കും മറ്റ് സർക്കാർ വകുപ്പുകൾക്കും അയച്ച കത്തിൽ, ഇന്ത്യൻ സർജിക്കൽ റോബോട്ടുകളുടെ നിർമ്മാതാക്കളായ എസ്എസ് ഇന്നൊവേഷൻസ് സീനിയർ വൈസ് പ്രസിഡന്റ് ശ്രീനിവാസ റെഡ്ഡി, പുനര്‍നിര്‍മ്മിത ഉപകരണങ്ങൾക്കുള്ള അംഗീകാരങ്ങൾ ആഭ്യന്തര സ്ഥാപനങ്ങളുടെ മത്സരശേഷി ഇല്ലാതാക്കുമെന്നും കാലഹരണപ്പെട്ട സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് വർധിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി.
“സമാനമായ ഉപകരണങ്ങൾ ആഭ്യന്തരമായി നിർമ്മിക്കുമ്പോൾ, പുനർനിർമ്മിച്ച ഇറക്കുമതി അസമമായ സാഹചര്യം സൃഷ്ടിക്കുകയും നമ്മുടെ സ്വാശ്രയത്വത്തെയും സാങ്കേതിക പുരോഗതിയെയും ദുർബലപ്പെടുത്തുകയും ചെയ്യും”- റെഡ്ഡി ആരോഗ്യ, വ്യാപാര വകുപ്പുകൾക്ക് അയച്ച കത്തിൽ എഴുതി. വികസ്വരരാജ്യ വിപണികൾക്കായി, ഉപയോഗിച്ച ശേഷം പുതുക്കിപ്പണിയുന്നതും മൂല്യത്തകർച്ച നേരിടുന്നതുമായ സംവിധാനങ്ങളുമായി ആഭ്യന്തര നിർമ്മാതാക്കൾക്ക് മത്സരിക്കാൻ കഴിയില്ലെന്നും അനുമതികൾ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപകടകരമായ വസ്തുക്കളും മാലിന്യങ്ങളും ഇറക്കുമതി ചെയ്യുന്നതിനുള്ള അപേക്ഷകൾ വിലയിരുത്തുന്ന മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി നവംബർ 12ന് വിവിധ കമ്പനികളിൽ നിന്നുള്ള 16 സിടി സ്കാനറുകൾ, 10 എംആർഐ സിസ്റ്റങ്ങൾ, 10 സർജിക്കൽ റോബോട്ടിക് യൂണിറ്റുകൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിന് അംഗീകാരം നൽകിയതായി സർക്കാർ രേഖകൾ പറയുന്നു. മേയ് 22, ജൂൺ ആറ്, ഓഗസ്റ്റ് 29, ഒക്ടോബർ 10 എന്നീ തീയതികളിലും സമാനമായ അനുമതി നൽകിയതായി രേഖകൾ വ്യക്തമാക്കുന്നു. നിയന്ത്രിക്കുന്നതിനുള്ള വ്യക്തമായ വ്യവസ്ഥകളില്ലാത്തതിനാൽ ഇത്തരം ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാൻ കഴിയില്ലെന്ന് ദേശീയ റെഗുലേറ്ററായ സെൻട്രൽ ഡ്രഗ്സ് സ്റ്റാന്റേഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ് സിഒ) ജനുവരി 10ലെ ഉത്തരവുമായി ഈ അനുമതി പൊരുത്തപ്പെടുന്നില്ലെന്ന് ആഭ്യന്തര കമ്പനികൾ പറയുന്നു. പുനര്‍നിര്‍മ്മിച്ച മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതിയിൽ കർശനമായ മേൽനോട്ടം വഹിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ഉപഭോക്തൃ അവകാശ സംഘടന കഴിഞ്ഞ വർഷം ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. “മറ്റ് രാജ്യങ്ങളിൽ ഉപേക്ഷിക്കപ്പെട്ട മെഡിക്കൽ ഉപകരണങ്ങളാണ് ഇന്ത്യൻ രോഗികൾക്ക് ലഭിക്കുക. മാത്രമല്ല, മെഡിക്കൽ ഇ — മാലിന്യം സംസ്കരിക്കുന്നതിന്റെ ഭാരം രാജ്യം ഏറ്റെടുക്കേണ്ടിയും വരുന്നു,” ഹർജി ഫയൽ ചെയ്ത ഗ്രൂപ്പിന്റെ സ്ഥാപകന്‍ ബെജോൺ മിശ്ര പറഞ്ഞു. ആരോഗ്യ മന്ത്രാലയം, സിഡിഎസ്‌സിഒ, പരിസ്ഥിതി മന്ത്രാലയം എന്നിവയുൾപ്പെടെ വകുപ്പുകൾക്ക് കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. പുനരുല്പാദനം നടത്തിയ ഉപകരണങ്ങള്‍ പുനരുപയോഗ ആവശ്യങ്ങൾക്കുള്ളതാണെന്നും വീണ്ടും കയറ്റുമതി ചെയ്യാനുള്ളതല്ലെന്നും കമ്മിറ്റിയുടെ അനുമതി വ്യക്തമാക്കുന്നു. കൂടാതെ അപകടകരമായ മാലിന്യങ്ങൾ ഉപയോഗ കാലാവധി കഴിഞ്ഞാൽ സംസ്കരിക്കുകയും വേണം.
പുതുക്കിയ സംവിധാനങ്ങൾ പുതിയ ഉപകരണങ്ങളുടെ അതേ ഗുണനിലവാരം, പ്രകടനം, സുരക്ഷ എന്നിവ പിന്തുടരുന്നുണ്ടെന്നും യുഎസ്, യൂറോപ്പ്, ഏഷ്യ — പസഫിക് എന്നിവിടങ്ങളിലെ ശസ്ത്രക്രിയാ വിദഗ്ധർ ഇവ ഉപയോഗിക്കുന്നുണ്ടെന്നുമാണ് നവീകരിച്ച സർജിക്കൽ റോബോട്ടിക് യൂണിറ്റുകൾ അവതരിപ്പിക്കാൻ അനുമതി ലഭിച്ച ഇന്റ്യൂറ്റീവ് സർജിക്കൽ ഇന്ത്യ ഇൻസ്റ്റിറ്റ്യൂഷൻ അധികൃതരുടെ വിശദീകരണം. എന്നാല്‍ ഇന്ത്യയിലെ ഇൻസ്റ്റലേഷനുകളുടെ എത്ര ശതമാനം പുതുക്കിപ്പണിതിട്ടുണ്ട് അല്ലെങ്കിൽ അത്തരം യൂണിറ്റുകൾ വാങ്ങുന്നവർക്ക് എത്രത്തോളം ചെലവ് കുറയുന്നു എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കമ്പനി മറുപടി നൽകിയിട്ടില്ല. ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾ സാധാരണയായി ഇത്തരം വിവരങ്ങൾ വെളിപ്പെടുത്താറില്ല. അതിനാൽ, കിഴിവുകളിലൂടെ വാങ്ങിയ നവീകരിച്ച സംവിധാനങ്ങൾ ഉപയോഗിച്ച് രോഗനിർണയവും ചികിത്സയും നടത്തുന്നതിനെക്കുറിച്ചും അതിന്റെ ഗുണനിലവാരത്തെക്കുറിച്ചും രോഗികൾ അജ്ഞരായിരിക്കുമെന്നും ആഭ്യന്തര മെഡിക്കൽ ഉപകരണ നിർമ്മാതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.