
ആധുനിക ദേശീയ സമ്പദ്‌വ്യവസ്ഥയിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ തൊഴിലാളികളുടെ സംഭാവന മികച്ചതാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അംഗീകരിച്ചിട്ടുണ്ടെങ്കിലും, 2025–26ലെ കേന്ദ്ര ബജറ്റ് അവർക്ക് തിരിച്ചറിയൽ കാർഡ്, ഇ‑ശ്രം പോർട്ടലിൽ രജിസ്ട്രേഷൻ, പിഎം ജൻ ആരോഗ്യ യോജന (പിഎംജെഎവൈ) പ്രകാരം ചെറിയ ആരോഗ്യ സംരക്ഷണ സൗകര്യം എന്നിവയല്ലാതെ വ്യക്തമായ സാമൂഹിക പരിരക്ഷ നൽകിയിട്ടില്ല. പ്രൊവിഡന്റ് ഫണ്ടോ പൂർണ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളോ ഉടനെങ്ങും ഉണ്ടാകില്ല എന്ന അവസ്ഥയില്‍ തങ്ങളുടേത് മാന്യമായ ജോലിയായി അംഗീകരിക്കാന്‍ അവർക്ക് ഇനിയും കാത്തിരിക്കേണ്ടിവരും.
കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ തന്റെ ബജറ്റ് പ്രസംഗത്തിൽ ഗിഗ് തൊഴിലാളികളെക്കുറിച്ചുള്ള ഖണ്ഡികയിൽ മൂന്ന് വാചകങ്ങള്‍ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. “ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ മികച്ച തൊഴിലാളികൾ പുതിയകാലത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ചലനാത്മകത നൽകുന്നു. അവരുടെ സംഭാവനകളെ അംഗീകരിച്ചുകൊണ്ട്, സര്‍ക്കാര്‍ തിരിച്ചറിയൽ കാർഡുകളും ഇ‑ശ്രം പോർട്ടലിൽ രജിസ്ട്രേഷനും ക്രമീകരിക്കും. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പ്രകാരം അവർക്ക് ആരോഗ്യ സംരക്ഷണം നൽകും. ഈ നടപടി ഏകദേശം ഒരു കോടി ഗിഗ്-വർക്കർമാരെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു” എന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
ഗിഗ്-പ്ലാറ്റ്‌ഫോം മേഖലയിലൂടെ സമ്പദ്‌വ്യവസ്ഥയിൽ സമീപ വർഷങ്ങളിൽ ഒരു കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട് എന്ന വസ്തുത കണക്കിലെടുക്കേണ്ടതുണ്ട്. 2020–21ൽ രാജ്യത്ത് ഏകദേശം 77 ലക്ഷം ഗിഗ് — പ്ലാറ്റ്‌ഫോം തൊഴിലാളികൾ ഉണ്ടായിരുന്നുവെന്ന് നിതി ആയോഗിന്റെ 2022 ജൂണിൽ പ്രസിദ്ധീകരിച്ച ‘ഇന്ത്യാസ് ബൂമിങ് ഗിഗ് ആന്റ് പ്ലാറ്റ്‌ഫോം സമ്പദ്‌വ്യവസ്ഥ’ എന്ന റിപ്പോർട്ട് പറയുന്നു. 2030 ആകുമ്പോഴേക്കും മേഖലയിലെ തൊഴിലാളികള്‍ 2.35 കോടിയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, നിലവിലെ ബജറ്റ് പ്രഖ്യാപനം വളരെ നേര്‍ത്ത ആശ്വാസം മാത്രമാണ്.
തൊഴിൽ വിപണിയിലെ അനിശ്ചിതത്വങ്ങളിൽ നിന്ന് ഗിഗ് — പ്ലാറ്റ്‌ഫോം തൊഴിലാളികളുടെ സുരക്ഷയില്‍ ഇതുവരെയുണ്ടായ നേട്ടം, തൊഴിൽ ശക്തിയെ ‘ഗിഗ് വർക്കേഴ്‌സ്’ എന്നും ‘പ്ലാറ്റ്‌ഫോം വർക്കേഴ്‌സ്’ എന്നും വേര്‍തിരിക്കുന്നതിനുള്ള നിർവചനങ്ങളെ 2020ലെ സാമൂഹിക സുരക്ഷാ കോഡിന് കീഴിലുള്ള ചില വ്യവസ്ഥകള്‍ വ്യാഖ്യാനിക്കുന്നു എന്നതു മാത്രമാണ്. പാർലമെന്റ് പാസാക്കിയ സോഷ്യൽ സെക്യൂരിറ്റി കോഡിലെ വ്യവസ്ഥകള്‍ ഇതുവരെ നടപ്പിലായിട്ടുമില്ല. 2025–26 സാമ്പത്തിക വർഷത്തിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ പദ്ധതിയിടുന്ന നാല് വിവാദ ലേബർ കോഡുകളിൽ ഒന്നാണിത്. 10 കേന്ദ്ര ട്രേഡ് യൂണിയനുകളുടെ (സിടിയു) സംയുക്ത വേദി ഇതിനെ ശക്തമായി എതിർക്കുകയാണ്. ലേബര്‍ കോഡുകൾ തൊഴിലാളി വിരുദ്ധവും കോർപറേറ്റ് അനുകൂലവുമാണെന്നതിനാൽ അവയെ എതിർക്കുമെന്ന ശക്തമായ നിലപാടിലാണ് തൊഴില്‍ സംഘടനകള്‍.
ജീവന്‍ സുരക്ഷ, ശാരീരിക വെെകല്യം, അപകട ഇൻഷുറൻസ്, ആരോഗ്യം, പ്രസവാവധി ആനുകൂല്യങ്ങൾ, വാർധക്യ സംരക്ഷണം തുടങ്ങിയവയില്‍ ഗിഗ് തൊഴിലാളികൾക്കും പ്ലാറ്റ്‌ഫോം തൊഴിലാളികൾക്കും അനുയോജ്യമായ സാമൂഹിക സുരക്ഷാ നടപടികൾ രൂപപ്പെടുത്തുന്നതിന് സാമൂഹിക സുരക്ഷാ കോഡ് വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്തലജെ കഴിഞ്ഞ നവംബറിൽ രാജ്യസഭയിൽ പറഞ്ഞിരുന്നു. എന്നാല്‍ ഏകദേശം രണ്ട് മാസത്തിന് ശേഷം ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റ്, ഗിഗ് — പ്ലാറ്റ്‌ഫോം തൊഴിലാളികളെ നിരാശരാക്കി. അവർക്ക് സംരക്ഷണം ഇപ്പോഴും ഉറപ്പായില്ല.
തിരിച്ചറിയൽ കാർഡ്, ഇ‑ശ്രം പോർട്ടലിൽ രജിസ്ട്രേഷൻ, പിഎംജെഎവൈ പ്രകാരം കവറേജ് എന്നിവ അവരുടെ സുരക്ഷയിലെ വളരെ താഴ്ന്ന സഹായം മാത്രമാണ്. കേന്ദ്ര തൊഴിൽ, തൊഴിൽ സഹമന്ത്രിമാര്‍ പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ പോലും ധാരാളം കാര്യങ്ങള്‍ ഇക്കാര്യത്തില്‍ ചെയ്യേണ്ടതുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. തൊഴിലുടമകള്‍ ഇഷ്ടാനുസരണം ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികളെ നിയമിക്കുകയും പിരിച്ചുവിടുകയും ചെയ്യുന്നത് കഴിഞ്ഞ നാളുകളിൽ നാം കണ്ടതാണ്. സേവന സാഹചര്യങ്ങളുടെ കാര്യത്തിൽ ആവശ്യമായ സംരക്ഷണം 2025–26ലെ കേന്ദ്ര ബജറ്റിൽ അവർ പ്രതീക്ഷിച്ചിരുന്നു.
അതേസമയം സർക്കാർ പ്രഖ്യാപനത്തെക്കുറിച്ച് വലിയ വിടുവായത്തമാണ് അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഗിഗ് — പ്ലാറ്റ്‌ഫോം തൊഴിലാളികൾക്കുള്ള ബജറ്റ് പ്രഖ്യാപനങ്ങൾ “അവരുടെ സാമൂഹിക സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടിയുള്ള പരിവർത്തനാത്മക ചുവടുവയ്പാണ്” എന്നാണ് കേന്ദ്ര തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ വീമ്പിളക്കിയത്. “ഈ പദ്ധതി ഏകദേശം ഒരുകോടി തൊഴിലാളികളെ ശാക്തീകരിക്കും. രാജ്യത്തെ ഓരോ തൊഴിലാളിക്കും അന്തസ്, സുരക്ഷ, സമൃദ്ധി എന്നിവ ഉറപ്പാക്കിക്കൊണ്ട്, മറ്റ് അസംഘടിത മേഖലകളിലെ തൊഴിലാളികൾക്കും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ നൽകുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്” എന്നും വലിയവായില്‍ പറയുന്നുണ്ട്. ഇ‑ശ്രം പോർട്ടലിൽ പ്ലാറ്റ്‌ഫോം തൊഴിലാളികളെയും സംഘാടകരെയും (ഉടമകള്‍) രജിസ്റ്റർ ചെയ്യുന്നതിനായി തൊഴിൽ മന്ത്രാലയം ഒരു പൈലറ്റ് പദ്ധതി തുടങ്ങിയിട്ടുണ്ടെന്നും ഡോ. മാണ്ഡവ്യ പറഞ്ഞു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് ദേശീയ അസംഘടിത തൊഴിലാളികൾക്കുള്ള ഡാറ്റാബേസിൽ പ്രവേശിക്കാൻ കഴിയുന്ന ഒരു അഗ്രഗേറ്റർ മൊഡ്യൂളും തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നാല് മുൻനിര സംഘാടകര്‍ — അർബൻ കമ്പനി, സൊമാറ്റോ, ബ്ലിങ്കിറ്റ്, അങ്കിൾ ഡെലിവറി — ഇതിനകം രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. “ഓരോ ഗിഗ് — പ്ലാറ്റ്‌ഫോം തൊഴിലാളിക്കും ഇ‑ശ്രം പോർട്ടൽ വഴി അവശ്യ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കും. ഇത് ഈ തൊഴിലാളികളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തും” — ഡോ. മാണ്ഡവ്യ അവകാശപ്പെട്ടു.
ഈ സംരംഭങ്ങളുടെ സുഗമമായ നിർവഹണത്തിലും, പ്രവർത്തനം തടസപ്പെടാതിരിക്കുന്നതിനും, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിലും മന്ത്രാലയം ശ്രദ്ധിക്കുന്നുണ്ടെന്നും കേന്ദ്ര തൊഴിൽ മന്ത്രി ഉറപ്പ് പറയുന്നു. ‘രാജ്യത്തെ വികസിച്ചുകൊണ്ടിരിക്കുന്ന തൊഴിൽ മേഖലയിൽ ഗിഗ് തൊഴിലാളികൾക്ക് വലിയ പിന്തുണയുമായി ശക്തമായ ഒരു സുരക്ഷാവലയം സൃഷ്ടിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു, അവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നു’ ഡോ. മാണ്ഡവ്യ കൂട്ടിച്ചേർത്തു.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും (സിപിഎസ്ഇ) റെയിൽവേയിലും ഉള്‍പ്പെടെ തൊഴിൽ കുറയുന്ന ഇക്കാലത്ത് ഗിഗ്, പ്ലാറ്റ്‌ഫോം സേവനങ്ങൾ വികസിച്ചുകൊണ്ടിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. 2023–24ൽ, സിപിഎസ്‌ഇകൾ 8.14 ലക്ഷം പേര്‍ക്ക് മാത്രമേ ജോലി നല്‍കിയിട്ടുള്ളൂ. റെയിൽവേ 12.52 ലക്ഷം പേര്‍ക്കും. 1990–91ൽ ഇത് യഥാക്രമം 22.19 ലക്ഷവും 16.52 ലക്ഷവുമായിരുന്നു. പൊതുമേഖലാ ബാങ്കുകൾ 2023–24ൽ 7.46 ലക്ഷം പേരെയാണ് ജോലിക്കെടുത്തത്, 1991–92ൽ ഇത് 8.47 ലക്ഷമായിരുന്നു. പ്രതിരോധ സേവനങ്ങളിൽ ഏകദേശം 14.2 ലക്ഷം ജീവനക്കാരുണ്ട്. എന്നാല്‍ 2024 ഡിസംബറിൽ, അഞ്ച് വന്‍കിട ഐടി കമ്പനികളായ ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, എച്ച്‌സിഎൽ, ടെക് മഹീന്ദ്ര എന്നിവയിലെല്ലാം കൂടി 15.34 ലക്ഷം തൊഴിലാളികളേ ഉണ്ടായിരുന്നുള്ളൂ.
2024 ഡിസംബറിൽ ഉബറിൽ 10 ലക്ഷം ഡ്രൈവർമാരും സൊമാറ്റോയിൽ 4.8 ലക്ഷം ഡെലിവറി ബോയ്‌സും 1.45 ലക്ഷം ക്വിക്ക് കൊമേഴ്‌സ് റൈഡേഴ്‌സും സ്വിഗ്ഗിയിൽ 5.43 ലക്ഷം വിതരണ പങ്കാളികളും ഉണ്ടായിരുന്നു എന്നതിൽ നിന്ന് ഗിഗ്, പ്ലാറ്റ്‌ഫോം മേഖലയിലെ ഉയർച്ച സങ്കല്പിക്കാവുന്നതാണ്. അതിവേഗ വളർച്ച കാണിക്കുന്ന മറ്റ് നിരവധി പ്ലാറ്റ്‌ഫോമുകളുമുണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങള്‍, റെയിൽവേ, പൊതുമേഖലാ ബാങ്കുകൾ എന്നിവയുടെ ഇരട്ടിയാണ് ഇപ്പോൾ ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികളുടെ എണ്ണം. അതിനാൽ, അവരുടെ ജോലിക്കും ജീവിതത്തിനും സുരക്ഷ നൽകേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്.
2023–24ൽ ഉല്പാദന മേഖലയിലെ തൊഴിലാളികളുടെ എണ്ണം മൊത്തം തൊഴിലാളികളുടെ 11.4 ശതമാനമായി കുറഞ്ഞു. വ്യാപാരം, ഹോട്ടൽ, റെസ്റ്ററന്റുകൾ എന്നിവയില്‍ 12.2 ശതമാനം തൊഴിലാളികളും മറ്റ് സേവന മേഖലകളിൽ 11.9 ശതമാനം പേരും ജോലി ചെയ്യുന്നു. കൃഷിയിൽ 45.76 ശതമാനം പേരാണ് തൊഴിലെടുക്കുന്നത്. അതേസമയമാണ് ഗിഗ്, പ്ലാറ്റ്‌ഫോം സേവനങ്ങളിലെ തൊഴിൽ വർധിച്ചുകൊണ്ടിരിക്കുന്നത്. 2025–26ൽ ഇത് ഒരു കോടിയിലധികം വരുമെന്നാണ് കണക്ക്. പക്ഷേ വേതനം വളരെ കുറവാണ്, സേവന സാഹചര്യങ്ങളാകട്ടെ അരക്ഷിതവും.
(ഐപിഎ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.