17 January 2026, Saturday

പലസ്തീൻ ഐക്യദാർഢ്യം പ്രീണനമല്ല

എന്‍ അരുണ്‍
എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് 
October 9, 2025 4:40 am

മാനവ ചരിത്രത്തിൽ വംശീയതയുടെ ഏറ്റവും ക്രൂരമായ ഉന്മൂലന തന്ത്രങ്ങൾക്ക് ഇരയാകുന്ന പലസ്തീൻ ജനതയോടുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഐക്യദാർഢ്യം വോട്ട് ബാങ്ക് ലക്ഷ്യംവച്ചുള്ള മുസ്ലിം പ്രീണനത്തിന്റെ ഭാഗമാണെന്ന പ്രചരണം വ്യാപകമായി അഴിച്ചുവിടുകയാണ് സംഘ്പരിവാർ കേന്ദ്രങ്ങൾ. രൂപീകരണ കാലം മുതൽ ഭൂരിപക്ഷ വർഗീയതയും അപര സമുദായ വിദ്വേഷവും ആക്രമണോത്സുകതയോടെ അനുവർത്തിച്ചുവരുന്ന ആർഎസ്എസ്, പലസ്തീൻ ഐക്യദാർഢ്യത്തിലൂടെ മനുഷ്യാവകാശങ്ങളുടെ പേരില്‍ ഇസ്രയേൽ വിരുദ്ധ മനോഭാവം സൃഷ്ടിക്കാനുള്ള നീക്കമാണ് കമ്മ്യൂണിസ്റ്റുകാർ നടത്തുന്നതെന്നാണ് ആരോപിക്കുന്നത്. സാമ്രാജ്യത്വ വിരുദ്ധ നയത്തിന്റെ ഭാഗമായി കമ്മ്യൂണിസ്റ്റ് പാർട്ടി എവിടെയും എക്കാലവും ഉയർത്തിപ്പിടിക്കുന്നത് സങ്കീർണമായ സാർവദേശീയ വിഷയത്തിലുള്ള കൃത്യവും വ്യക്തവുമായ നിലപാടാണ്. സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളോട് എക്കാലവും നിഷേധാത്മക സമീപനം സ്വീകരിച്ചവർക്ക് സ്വാഭാവികമായും അത് അരോചകം സൃഷ്ടിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. കമ്മ്യൂണിസ്റ്റുകാരുടെ പലസ്തീൻ സ്നേഹം ജൂതന്മാർക്ക് സ്വാധീനമില്ലാത്ത കേരളത്തിൽ വോട്ട് ലക്ഷ്യംവച്ചുള്ള നാടകമാണെന്നെല്ലാം ജല്പിക്കുമ്പോൾ ഇസ്രയേലിലും സയണിസ്റ്റ് ഭീകരതയെ ലോകകുറ്റകൃത്യമായാണ് കമ്മ്യൂണിസ്റ്റ് പാർട്ടി അടയാളപ്പെടുത്തുന്നതെന്ന് ചരിത്രത്തിൽ നിന്ന് വായിക്കണം. 1948 ഒക്ടോബറിൽ ‘ഇസ്രയേൽ കമ്മ്യൂണിസ്റ്റ് പാർട്ടി’ (മക്കി) വിളിച്ചു ചേർത്ത ഐക്യസമ്മേളനത്തിൽ പലസ്തീനിലും ഇസ്രയേലിലും സാർവദേശീയത ഉയർത്തിപ്പിടിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികൾ നിലവിൽ വരണമെന്ന പ്രമേയം അംഗീകരിക്കുകയുണ്ടായി. സ്വതന്ത്ര പലസ്തീൻ രാഷ്ട്രമെന്ന വാദത്തെ പൂർണമായും അംഗീകരിച്ചുകൊണ്ടുള്ള തീരുമാനമായിരുന്നു അത്. 

ഇസ്രയേൽ — പലസ്തീൻ വിഷയം തുടരുകയാണെങ്കിൽ, ഇസ്രയേലിന്റെ മോചനത്തിനായുള്ള യുദ്ധം ജനാധിപത്യവിരുദ്ധമായ ആക്രമണമായി മാറിയേക്കുമെന്ന് അന്ന് ഇസ്രയേൽ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് ഷുവേൽ മിക്കുനിസ് പ്രഖ്യാപിച്ചിരുന്നു. 1956ൽ ഫ്രാൻസിനും ബ്രിട്ടനും ഒപ്പം ചേർന്ന് ഇസ്രയേൽ, ഈജിപ്തിനെതിരെ നടത്തിയ സൂയസ് കനാൽ യുദ്ധത്തെയും ഇസ്രയേൽ കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തിയായി എതിർത്തു. ഈജിപ്തിനെതിരായ സാമ്രാജ്യത്വ കടന്നാക്രമണം എന്ന് വിലയിരുത്തിയ പാർട്ടി, സാമ്രാജ്യത്വ പിന്തുണയോടെ എല്ലാ അന്താരാഷ്ട്ര ചട്ടങ്ങളെയും അട്ടിമറിച്ചാണ് മേല്പറഞ്ഞ രാജ്യങ്ങൾ ഈജിപ്തിന്റെ ജനാധിപത്യ അവകാശങ്ങളെ നിഷേധിക്കുന്നതെന്നും തുറന്നടിച്ചു. മധ്യേഷ്യയിലെ അറബ്‌ലോകത്ത് അരക്ഷിതാവസ്ഥയും അനിശ്ചിതത്വവും സൃഷ്ടിക്കണമെന്ന സാമ്രാജ്യത്വ ശക്തികളുടെ അജണ്ടയാണ് 1948ൽ ബ്രിട്ടന്റെ നേതൃത്വത്തിൽ, പലസ്തീൻ ജനത സമാധാനപരമായി ജീവിക്കുന്നയിടത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ജൂതന്മാരെ കൊണ്ടുവന്ന് കുടിയിരുത്തിക്കൊണ്ടുള്ള ഇസ്രയേൽ എന്ന രാഷ്ട്ര സ്ഥാപനം. യഹൂദ ജനവിഭാഗത്തിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങൾ നടന്നുകൊണ്ടിരുന്ന കാലത്ത് ജൂതർക്ക് സ്വന്തമായ ഒരു രാഷ്ട്രം എന്ന ചിന്ത രൂപം കൊള്ളുകയും 1880 ആയപ്പോഴേക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പലസ്തീനിലേക്കുള്ള ജൂതകുടിയേറ്റത്തിന് സാമ്രാജ്യത്വ ശക്തികൾ പിന്തുണ നൽകുകയും ചെയ്തു. ജനിച്ച മണ്ണിൽനിന്ന് പലസ്തീൻ ജനതയെ ആട്ടിയിറക്കിയ ശേഷം 1967ലെ യുദ്ധത്തിൽ കിഴക്കൻ ജറുസലേമും വെസ്റ്റ്ബാങ്കും പിടിച്ചെടുക്കുകയും ഏറ്റവുമൊടുവിൽ ഗാസയെയും സമ്പൂർണമായി നിർമൂലനം ചെയ്യാനുള്ള നീക്കം നടത്തുകയും ചെയ്യുകയാണ് ഇസ്രയേൽ. 1978ലെ കേമ്പ് ഡേവിഡ് ഉടമ്പടിയും 1993ലെയും 95ലെയും ഓസ്‌ലോ കരാറും അംഗീകരിക്കാൻ ‘പലസ്തീൻ വിമോചന സംഘടന’ (പിഎൽഒ) തയ്യാറായപ്പോൾ അത് നടപ്പാക്കാതെ ഒഴിഞ്ഞുമാറിയത് ഇസ്രയേലായിരുന്നു. 

എല്ലാകാലത്തും സാമ്രാജ്യത്വ രാജ്യങ്ങളുടെ പിന്തുണയോടെയാണ് പലസ്തീൻ മണ്ണിൽ ഇസ്രയേൽ അധിനിവേശം തുടര്‍ന്നത്. സയണിസ്റ്റ് സംഘടന നിലവിൽ വന്ന ഉടൻ തന്നെ അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ, സ്വീഡൻ, സ്വിറ്റ്സർലാന്‍ഡ്, ബെൽജിയം, ജർമ്മനി തുടങ്ങിയ മുതലാളിത്ത രാജ്യങ്ങളെല്ലാം പിന്തുണയുമായി രംഗത്തെത്തിയിരുന്നുവെന്ന് നമുക്കറിയാം. ഇന്നും ഇസ്രയേലിന്റെ ഭീകരാക്രമണങ്ങൾക്കും വംശഹത്യക്കുമെല്ലാം അമേരിക്കയുടെയും മറ്റ് കൊളോണിയൽ ശക്തികളുടെയും സംരക്ഷണം നിർബാധം ലഭിക്കുന്നുണ്ട്. നീതിയുടെയും മനുഷ്യത്വത്തിന്റെയും ചെറുകണികയെങ്കിലും ബാക്കിയുള്ളവർക്ക് ലോകമനഃസാക്ഷിയെ വെല്ലുവിളിച്ചുകൊണ്ട് നിരായുധരും നിസഹായരുമായ ഗാസയിലെ സാധാരണ പൗരന്മാർക്കെതിരെയുള്ള ഇസ്രയേലിന്റെ നിയമവിരുദ്ധമായ ഉപരോധത്തിനും വംശഹത്യക്കുമെതിരെ മൗനം അവലംബിക്കാൻ കഴിയില്ലെന്ന ബോധമാണ് കമ്മ്യൂണിസ്റ്റുകാരെ നയിക്കുന്നത്. എന്നാൽ സാമ്രാജ്യത്വ വിരുദ്ധ നയങ്ങളുടെ ഭാഗമായി പലസ്തീൻ ജനതയ്കൊപ്പം എക്കാലവും അടിയുറച്ചുനിന്ന നിലപാടിനെ തിരുത്തിക്കൊണ്ട് സയണിസ്റ്റ് ഭീകരതയോട് അനുരഞ്ജനപ്പെടുന്ന സമീപനമാണ് നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ നിലവിൽ സ്വീകരിക്കുന്നത്.
ഇന്ത്യയിൽ മതാധിഷ്ഠിതമായ ധ്രുവീകരണം സൃഷ്ടിച്ചുകൊണ്ട് ഹിന്ദുരാഷ്ട്ര നിർമ്മാണത്തിനായുള്ള രാഷ്ട്രീയ സാഹചര്യം രൂപപ്പെടുത്താൻ ശ്രമിക്കുന്ന ആർഎസ്എസിന് തങ്ങളുടെ ഉന്മൂലന സിദ്ധാന്തത്തിന് പ്രചോദനവും മാതൃകയുമാണെന്നതിനാൽ ഇസ്രയേൽ വിശുദ്ധരായി മാറുന്നതിലും പലസ്തീൻ ഐക്യദാർഢ്യം അസ്വസ്ഥതയുണ്ടാക്കുന്നതിലും അത്ഭുതമില്ല. 

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026
January 16, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.