26 December 2024, Thursday
KSFE Galaxy Chits Banner 2

മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിൻ

പിണറായി വിജയന്‍
മുഖ്യമന്ത്രി
October 2, 2024 4:45 am

ഇന്ത്യാ രാജ്യത്ത് നിരവധി മാതൃകകൾ സൃഷ്ടിച്ചവരാണ് കേരളീയർ. അവയിൽ ചിലത് ലോകത്തിനുതന്നെ മാതൃകയായിട്ടുമുണ്ട്. മാലിന്യമുക്തം നവകേരളം എന്ന ക്യാമ്പയിനിലൂടെ മറ്റൊരു മാതൃക കൂടി മുന്നോട്ടുവയ്ക്കാനുള്ള തീവ്രയജ്ഞത്തിലാണ് നാമിപ്പോൾ. ഹരിതകേരള മിഷൻ മുഖേന മാലിന്യനിർമ്മാർജനത്തിനായി ഒരു ജനകീയ ക്യാമ്പയിന് ഇന്ന് തുടക്കം കുറിക്കുകയാണ്. ശുചിത്വവും മാലിന്യസംസ്കരണവും മുൻനിർത്തിയുള്ള വിവിധ പ്രവർത്തനങ്ങളിലൂടെ നാം ഏറെ മുന്നേറിയിട്ടുണ്ടെങ്കിലും സമ്പൂർണ മാലിന്യമുക്ത സംസ്ഥാനം എന്ന ലക്ഷ്യം കൈവരിക്കാൻ നമുക്കു കഴിഞ്ഞിട്ടില്ല. ആ ലക്ഷ്യ സാക്ഷാത്ക്കാരത്തിനായി ബോധവല്‍ക്കരണം, ശീലവല്‍ക്കരണം, അടിസ്ഥാന സൗകര്യം, ജനകീയ പങ്കാളിത്തം, തുടങ്ങിയ വിവിധ ഘടകങ്ങളുള്ള ഒരു ബൃഹദ് ക്യാമ്പയിനാണ് ലക്ഷ്യമിടുന്നത്. സമ്പൂർണ സാക്ഷരത, ജനകീയാസൂത്രണം, പൊതുവിദ്യാഭ്യാസ സംരക്ഷണം, ഹരിത കേരളം തുടങ്ങിയവയിലെല്ലാം ജനകീയ പങ്കാളിത്തം സുപ്രധാന ചാലകശക്തിയായിരുന്നു. അതുകൊണ്ടുതന്നെ ശുചിത്വവും മാലിന്യസംസ്കരണവും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിലും ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. മാലിന്യമുക്ത നവകേരളം എന്ന ജനകീയ ക്യാമ്പയിനിന്റെ കേന്ദ്ര ബിന്ദുവും അതുതന്നെയാണ്. സകല ജനവിഭാഗങ്ങളെയും അണിനിരത്തി, ചിട്ടയോടെയും കൃത്യമായ ആസൂത്രണത്തോടെയും മാലിന്യമുക്ത നവകേരളമെന്ന ലക്ഷ്യം സമയബന്ധിതമായി നേടിയെടുക്കാനാണ് ഈ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. 

ഹരിതകേരളം മിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ, ശുചിത്വ മിഷൻ, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട്, മലിനീകരണ നിയന്ത്രണ ബോർഡ്, കുടുംബശ്രീ, തുടങ്ങിയവയെല്ലാം ഈ യജ്ഞത്തിൽ പങ്കാളികളാണ്. കർശന നിരീക്ഷണം, ബോധവല്‍ക്കരണം, പ്രകൃതി സൗഹൃദ ഉല്പന്നങ്ങൾ പ്രോത്സാഹിപ്പിക്കൽ, ഹരിത വിദ്യാലയങ്ങൾ, ഹരിത ഓഫിസുകൾ, ഹരിത സ്ഥാപനങ്ങൾ, ഹരിത അയൽക്കൂട്ടങ്ങൾ, ഹരിത ടൂറിസം, വൃത്തിയുള്ള പൊതുസ്ഥലങ്ങളും മാർക്കറ്റുകളും, മാലിന്യമുക്തമായ നീർച്ചാലുകൾ തുടങ്ങി ഒട്ടേറെ ഘടകങ്ങൾ ഈ ക്യാമ്പയിനിൽ ഉൾപ്പെടുന്നു. ശുചിത്വ കേരളം, സുസ്ഥിര കേരളം എന്ന ലക്ഷ്യത്തിലേക്ക് എത്താനായി കേരളീയർ ഒന്നാകെ ഈ ജനകീയ ക്യാമ്പയിനിൽ അണിനിരക്കുകയാണ്. വൃത്തിയുള്ള വീടും പരിസരവും നാടും മറ്റും ഒരു പരിഷ്കൃത സമൂഹത്തിന്റെ അടയാളവും സംസ്കാരവുമായാണ് നാം കാണുന്നത്. എന്നാൽ കേരളീയർ വ്യക്തി ശുചിത്വത്തിൽ കാണിക്കുന്ന ശുഷ്കാന്തി സാമൂഹ്യ ശുചിത്വത്തിൽ കാണിക്കുന്നില്ല. പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും മാലിന്യം കാണപ്പെടുന്നതിന്റെ കാരണങ്ങളിലൊന്നാണിത്. വ്യക്തികളുടെ സ്വഭാവങ്ങളിലും ശീലങ്ങളിലും വേണ്ട മാറ്റംവരുത്തി ഈ പ്രശ്നം പരിഹരിക്കണം. ജനങ്ങൾക്കായി ജനങ്ങൾ എന്നു പറയുന്നതുപോലെ പൊതുമാലിന്യ പ്രശ്നപരിഹാരം പൊതുസമൂഹത്തിലൂടെ എന്നതാണ് ഈ ക്യാമ്പയിനിലൂടെ നാം മുന്നോട്ടുവയ്ക്കുന്നത്.
ശുചിത്വം, മാലിന്യസംസ്കരണം എന്നിവ വായു, ജലം, ഭക്ഷണം, ആരോഗ്യം എന്നിങ്ങനെയുള്ള മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ജലാശയങ്ങളും നീർച്ചാലുകളും പുഴകളും വൃത്തിയാക്കി സംരക്ഷിക്കേണ്ടതുണ്ട്. ശരിയായ മാലിന്യസംസ്കരണം സാധ്യമല്ലാതെ വരുമ്പോൾ ഭൂഗർഭജലം പോലും മലിനമാകുമെന്നും ഇത് ശുദ്ധജലത്തിന്റെ ലഭ്യത ഇല്ലാതാക്കി രോഗവ്യാപനത്തിന് കാരണമാകുമെന്നും തിരിച്ചറിയണം. ശാസ്ത്രീയ മാലിന്യസംസ്കരണ മാർഗങ്ങൾ അവലംബിക്കുന്നതിലൂടെ മാത്രമേ മാലിന്യം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതാക്കാനാവൂ. 

മാലിന്യസംസ്കരണത്തിനായി സൃഷ്ടിക്കുന്ന പൊതു ഭൗതിക സൗകര്യങ്ങൾ ഫലപ്രദമായി പ്രവർത്തിപ്പിക്കാനുള്ള പിന്തുണ പൊതുസമൂഹം നൽകണം. സാങ്കേതിക മികവുള്ളതും പാരിസ്ഥിതികമായി പ്രശ്നങ്ങൾ സൃഷ്ടിക്കാത്തതുമായ മാലിന്യസംസ്കരണ യൂണിറ്റുകളായ കമ്മ്യൂണിറ്റി കമ്പോസ്റ്റ്, കമ്മ്യൂണിറ്റി ബയോഗ്യാസ്, എംസിഎഫ്, മിനി എംസിഎഫ്, കക്കൂസ് മാലിന്യ സംസ്കരണ യൂണിറ്റ് എന്നിവയ്ക്കെതിരെ ചിലയിടങ്ങളിൽ തടസങ്ങൾ ഉണ്ടാകുന്നുണ്ട്. ഇത്തരം തടസങ്ങൾ സൃഷ്ടിക്കപ്പെടുന്നതിന്റെ കാരണം ബോധവല്‍ക്കരണത്തിന്റെ അഭാവമാണ്. ഇതിനെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താനും തെറ്റിദ്ധാരണയകറ്റാനും മുൻകൈ എടുക്കുകയാണ്. ഇത്തരം യൂണിറ്റുകൾക്കെതിരെയല്ല, മറിച്ച്, മാലിന്യം ജലാശയങ്ങളിലേക്കും പൊതു ഇടങ്ങളിലേക്കും വലിച്ചെറിഞ്ഞു മാലിന്യക്കൂനകൾ സൃഷ്ടിക്കുന്നതിന് എതിരെയാണ് എതിർപ്പും പ്രതിഷേധവുമുണ്ടാകേണ്ടത്. അത്തരമൊരു ബോധ്യത്തിലേക്ക് പൊതുസമൂഹമാകെ ഉണരേണ്ടതുണ്ട്.
2016ൽ നിലവിൽവന്ന ഖരമാലിന്യ പരിപാലന ചട്ടപ്രകാരം, മാലിന്യം സൃഷ്ടിക്കുകയോ അവശേഷിപ്പിക്കുകയോ ചെയ്യുന്നവർക്ക് അത് സംസ്കരിക്കാനുള്ള ചുമതലയുണ്ട്. അതായത് നമുക്കെല്ലാവർക്കും, പൊതുസമൂഹത്തിനാകെ, മാലിന്യം സംസ്കരിക്കുന്നതിനുള്ള ഉത്തരവാദിത്തമുണ്ട്. ചട്ടപ്രകാരം മാലിന്യസംസ്കരണം നടത്താത്തവർക്ക് പിഴ ചുമത്താനും അവർക്കെതിരെ നിയമനടപടി സ്വീകരിക്കാനുമുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അറിയിക്കുന്നതിൽ പൊതുസമൂഹമാകെ ജാഗ്രത കാട്ടണം.
അതിവേഗം നഗരവല്‍ക്കരിക്കപ്പെടുന്ന സംസ്ഥാനമാണ് കേരളം. 2035ഓടെ കേരളത്തിലെ ജനസംഖ്യയുടെ 90 ശതമാനവും നഗരജനസംഖ്യയായി മാറുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ മാലിന്യസംസ്കരണം എന്നത് നാം വളരെ ഗൗരവത്തോടെ ഏറ്റെടുക്കണം. സുസ്ഥിരവും പ്രകൃതിസൗഹൃദപരവും അതിജീവന ശേഷിയുമുള്ളതുമായ നവകേരളത്തിന്റെ മുഖമുദ്രകളായി ശുചിത്വവും മാലിന്യ സംസ്കരണവും മാറണം. പെട്ടെന്നൊരു ദിവസംകൊണ്ട് സാധ്യമാക്കാവുന്നതല്ല ഇത്. മറിച്ച് തുടർന്നുകൊണ്ടേയിരിക്കേണ്ട പ്രവർത്തനമാണിത്. അതുകൊണ്ടുതന്നെ മാലിന്യസംസ്കരണത്തിൽ എല്ലായ്പ്പോഴും ജനകീയ പങ്കാളിത്തം ഉണ്ടാകണം. അത് ഉറപ്പാക്കാൻ പൊതുസമൂഹമാകെ മുന്നോട്ടുവരികയും വേണം. മാലിന്യസംസ്കരണം പൗരധർമ്മമായി ഏറ്റെടുക്കുന്ന സംസ്കാരം നമ്മുടെ നാട്ടിൽ വളർന്നുവരണം. അതിനായി നടത്തുന്ന പ്രവർത്തനങ്ങളിൽ നമുക്ക് ഏവർക്കും കൈകോർക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.