22 December 2024, Sunday
KSFE Galaxy Chits Banner 2

പിക്കെറ്റി വീണ്ടും പറയുന്നത്

എ കെ രമേശ്
June 7, 2024 4:33 am

തൊഴിലാളികളുടെയും കർഷകരുടെയും രോഷം ഒരു ഭാഗത്ത്, ധ്രുവ് റാട്ടിയുടെ വെളിപ്പെടുത്തൽ മറുഭാഗത്ത്. ഇതിനൊപ്പമാണ് ജാതി സെൻസസിനു വേണ്ടി ഉയരുന്ന മുദ്രാവാക്യത്തിന് കാറ്റുപിടിക്കുന്നത്. ഇങ്ങനെ, മുൻകാലങ്ങളിലൊന്നും ഉണ്ടായിട്ടില്ലാത്ത തലവേദനയാണ് 2024ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് നേരിടേണ്ടി വന്നത്. അതിനു നടുക്കാണ് ഗ്ലോബൽ ഇനിക്വാളിറ്റി ലാബ് പ്രസിദ്ധപ്പെടുത്തിയ ഒരു പഠനം വന്നു വീഴുന്നത്. അതിലെ വസ്തുതകളാണെങ്കിൽ ഒട്ടും നിഷേധിക്കാനാവാത്തതും. ഇന്ത്യയിലെ സാമ്പത്തിക അസമത്വം: ‘ബ്രിട്ടീഷ് കൊളോണിയൽ രാജി‘നെക്കാൾ അസമമാണ് ഇപ്പോഴത്തെ ‘ബില്യണർ രാജ് എന്നാണ് ആ പഠനത്തിലെ കണ്ടെത്തൽ.
പാരിസ് സ്കൂൾ ഓഫ് ഇക്കണോമിക്സിലെ തോമസ് പിക്കെറ്റി, അൻമോൽ സൊമാഞ്ചി, ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ നിതിൻ കുമാർ ഭാർതി, ഹാർവാർഡ് കെന്നഡി സ്കൂളിലെ ലൂക്കാസ് ചാൻസൽ എന്നിവർ ചേർന്ന് നടത്തിയ പഠനം വെളിപ്പെടുത്തിയത്, സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ കുറഞ്ഞുകൊണ്ടേയിരുന്ന അസമത്വം 1980ന് ശേഷം കൂടിവരികയും 2000ത്തിന്റെ തുടക്കത്തോടെ കുതിച്ചുയരുകയും 2014–15നും 2022–23നും ഇടയ്ക്ക് സമ്പത്തിന്റെ കേന്ദ്രീകരണം അത്യുന്നതിയിൽ എത്തുകയും ചെയ്തുവെന്നാണ്. അക്കാലം മോഡി വാഴ്ചയുടെ മൂർധന്യകാലമാണ്. രേഖകൾ വച്ചാണ് നിഗമനങ്ങൾ. 2022–23 ആയതോടെ, മേലേപ്പാളി ഒരു ശതമാനം പേരുടെ വരുമാനവും സമ്പത്തും തടിച്ച് കൊഴുക്കുകയായിരുന്നു ഇന്ത്യയിൽ. രാജ്യത്തെ ആകെ വരുമാനത്തിന്റെ 22.6 ശതമാനവും, ആകെ സമ്പത്തിന്റെ 40.1 ശതമാനവും ഈ ഒരു ശതമാനത്തിന്റെ കയ്യിലായിക്കഴിഞ്ഞിരുന്നു. സമ്പത്തിന്റെ അത്തരമൊരു കേന്ദ്രീകരണം നാടിന്റെ ചരിത്രത്തിൽ ആദ്യമായാണ് സംഭവിക്കുന്നത്. ലോകത്ത് മറ്റൊരു രാജ്യത്തും അതിസമ്പന്നർ ഇത്രയും വലിയ പങ്ക് സ്വന്തമാക്കിയിട്ടില്ല എന്ന് അവർ എടുത്തു പറഞ്ഞു. ഇങ്ങനെയൊരു കേന്ദ്രീകരണത്തിന് ഇടവരുത്തിയത് ഇന്ത്യയിലെ പ്രതിലോമപരമായ നികുതി സമ്പ്രദായമാണ് എന്നും അവർ കണ്ടെത്തി. എന്നുവച്ചാൽ, ലോകത്ത് മറ്റൊരിടത്തുമില്ലാത്ത തോതിലാണ് വൻകിട കോർപറേറ്റുകൾ സാധാരണ മനുഷ്യരുടെ ചെലവിൽ തടിച്ചുകൊഴുത്തത് എന്നു തന്നെ. 

തെരഞ്ഞെടുപ്പ് കാലത്ത് ഇങ്ങനെയൊരു പഠനം പുറത്തുവന്നാൽ, അതും പിക്കറ്റിയെപ്പോലുള്ളവരുടെ നേതൃത്വത്തിലായാൽ, അത് തങ്ങളുടെ ജയസാധ്യതയെത്തന്നെ ബാധിച്ചേക്കും എന്ന് കണ്ട സംഘ്പരിവാർ സർവശക്തിയുമെടുത്ത് അതിനെ പ്രതിരോധിക്കാനിറങ്ങി. വസ്തുതകൾ നിരത്തി വച്ച് വാദമുഖങ്ങളെ ഖണ്ഡിക്കാനാവാത്തതിനാൽ, അതിന്റെ തലക്കെട്ടിനെച്ചൊല്ലിയായി വിമർശനം. കൊളോണിയൽ രാജിലും മോശമാണ് ഇപ്പോഴത്തെ ബില്യണർ രാജ് എന്ന പ്രയോഗം തന്നെ തെരഞ്ഞെടുത്തത് “കൊളോണിയൽ ക്രൂരതകൾക്ക് വെള്ളപൂശാനാണ്” എന്നുവരെയായി കണ്ടെത്തൽ. എന്നാൽ മേയ് 24ന് ഇതേ പഠനസംഘം പുറത്തുവിട്ട മറ്റൊരു രേഖ ചില്ലറത്തലവേദനയല്ല ഭരണകക്ഷിക്കുണ്ടാക്കുക. “ഇന്ത്യയിലെ കടുത്ത സാമ്പത്തിക അസമത്വത്തെ നേരിടാനുള്ള ഒരു സ്വത്ത് നികുതി പാക്കേജ് നിർദേശങ്ങൾ” (pro­pos­als for a wealth tax pack­age to tack­le extreme inequal­i­ties in India) എന്നതാണ് ആ രേഖ. 10 കോടിയിലേറെ സമ്പത്തുള്ളവര്‍ക്കുമേൽ വാർഷിക സ്വത്ത് നികുതിയും പിന്തുടർച്ചാനികുതിയും ചുമത്തണമെന്നാണ് അതിലെ നിർദേശം. രാജ്യത്തെ മുതിർന്ന പൗരന്മാരുടെ 0.04 ശതമാനത്തെയേ ഇത് ബാധിക്കൂ. അക്കൂട്ടരാകട്ടെ, ആകെ സമ്പത്തിന്റെ നാലിലൊരു ഭാഗം സ്വന്തമാക്കി വച്ചവരാണ്. അതിന്യൂനപക്ഷമായ ഈ ഒരു വിഭാഗത്തിനു മാത്രമായി നികുതി പരിമിതപ്പെടുത്തുമ്പോൾ 99.96 ശതമാനം ജനങ്ങൾക്കുമാണ് അതിന്റെ നേട്ടം. അതിസമ്പന്നർക്കുള്ള നികുതി ശ്രദ്ധേയമായ രീതിയിൽ ഉയർത്തണം എന്നാണ് നിർദേശം. 

10 കോടിയിലേറെ സ്വത്തുള്ളവരോട് രണ്ട് ശതമാനം വാർഷിക സ്വത്ത് നികുതിയും 33 ശതമാനം പിന്തുടർച്ചാ നികുതിയും ഈടാക്കിയാൽ കിട്ടുന്ന റവന്യു, ജിഡിപിയുടെ 2.73 ശതമാനം വരുമെന്നാണ് അവർ പറയുന്നത്. അതി സമ്പന്നരായ ഒരു ശതമാനം പേർ, ആകെ സമ്പത്തിന്റെ 40.1 ശതമാനം കയ്യടക്കിവയ്ക്കുമ്പോൾ, അതിന്റെ പത്തിലൊന്ന് പേർ (0.1ശതമാനം) 30 ശതമാനം സമ്പത്തിന്റെ ഉടമകളാണ്. ആകെ സമ്പത്തിന്റെ 22 ശതമാനമാണ് ജനസംഖ്യയുടെ 0.01 ശതമാനത്തിന്റെ കയ്യിൽ. എന്നാൽ വെറും 10,000 പേരടങ്ങുന്ന 0.001 ശതമാനത്തിന്റെ സമ്പത്ത് രാജ്യത്താകെയുള്ളതിന്റെ 17 ശതമാനമാണ്. അതായത് താഴെത്തട്ടിലുള്ള 50 ശതമാനത്തിന്റെ (മുതിർന്ന പൗരന്മാരായ 46 കോടി ജനങ്ങളുടെ) സമ്പത്തിന്റെ മൂന്നിരട്ടിയാണ് ഇവരുടെ കയ്യിൽ.
ഈ ഞെട്ടിപ്പിക്കുന്ന കണക്കുകൾ മാത്രമല്ല സംഘ്പരിവാറിനെ പരിഭ്രമിപ്പിക്കുന്നത്. അവർ ഉയർത്തിപ്പിടിക്കുന്ന സവർണ പ്രത്യയശാസ്ത്രത്തിന്റെ നടത്തിപ്പ് രീതി കൂടി ഈ രേഖ തുറന്നുകാട്ടുന്നു എന്നതാണ്. രാജ്യത്തെ അസമത്വത്തെ ഇന്ത്യയിലെ ജാതിശ്രേണിയുമായി ബന്ധിപ്പിച്ചു കാണാൻ ശ്രമിക്കുന്നതാണ് ഈ പഠനത്തിന്റെ സവിശേഷത. ഫോബ്സ് ബില്യണേഴ്സ് പട്ടികയിൽപ്പെട്ടവരെ ജാതി അടിസ്ഥാനത്തിൽ വർഗീകരിച്ച് പഠിച്ചപ്പോൾ, അതിൽ ഏതാണ്ട് 90 ശതമാനവും ഉയര്‍ന്ന ജാതി വിഭാഗത്തിൽ പെട്ടവരാണ്. പട്ടികജാതിയിൽ പെട്ടവർ വെറും 2.6 ശതമാനവും മറ്റു പിന്നാക്കക്കാർ 10 ശതമാനവുമേ വരൂ. മോഡിക്കാലത്താണ് ഒബിസി വിഭാഗത്തിന്റെ പങ്ക് 20 ശതമാനത്തിൽ നിന്ന് 10 ശതമാനമായി ചുരുങ്ങിയത്. മേൽജാതിക്കാരുടെ പങ്ക് 80 ശതമാനത്തിൽ നിന്ന് 90 ആയി വർധിച്ചതും അപ്പോൾത്തന്നെയാണ് എന്ന് തുറന്നുകാട്ടുന്നുണ്ട് രേഖ.
ഫോബ്സ് പട്ടികയെ മാത്രമല്ല ഇക്കാര്യത്തിൽ പഠന സംഘം ആശ്രയിക്കുന്നത്; കേന്ദ്ര സര്‍ക്കാരിന്റെ നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ പുറത്തിറക്കിയ ഓൾ ഇന്ത്യാ ഡെബ്റ്റ് ആന്റ് ഇൻവെസ്റ്റ്മെന്റ് സർവേ (എഐഡിഐഎസ്) യിലെ വിവരങ്ങളുമായും ഒത്തുനോക്കിയാണ് അവർ നിഗമനങ്ങളിൽ എത്തുന്നത്. രണ്ടും ചേർത്ത് പഠിച്ചപ്പോൾ കണ്ടെത്തിയതാകട്ടെ, സംഘ്പരിവാറിന്റെ സവർണയുക്തി തുറന്നുകാട്ടുന്നതും. 

2018–19 കാലത്തെ എഐഡിഐഎസ് രേഖകൾ മാത്രമേ ലഭ്യമായിട്ടുള്ളൂ. പിന്നീടത് പുറത്തിറക്കിയിട്ടില്ല. അത് വച്ചുതന്നെ കണ്ടെത്തിയത്, ജനസംഖ്യയുടെ 25 ശതമാനം മാത്രമുള്ള മേൽജാതിക്കാർ ദേശീയ സമ്പത്തിന്റെ 55 ശതമാനവും കയ്യടക്കിയിരിക്കുന്നു എന്നാണ്. ജനസംഖ്യാ ശതമാനത്തെക്കാൾ സമ്പത്ത് ശതമാനം കൂടുന്നത് ഈയൊരു വിഭാഗത്തിന് മാത്രമാണ്. എസ്‌സി, എസ്‌ടി വിഭാഗങ്ങൾക്ക് അവരുടെ ജനസംഖ്യാ ശതമാനത്തിന്റെ പാതിയിൽ താഴെ മാത്രമാണ് സമ്പത്ത്. പിന്നാക്ക വിഭാഗത്തിന് ഇത് ജനസംഖ്യാ ശതമാനത്തിന്റെ ഏതാണ്ട് 75 ശതമാനമാണ്. ഉയര്‍ന്ന ജാതിക്കാര്‍ ദേശീയ സമ്പത്തിന്റെ അനുപാതരഹിതമായ പങ്ക് കൈവശം വയ്ക്കുന്നുവെന്നര്‍ത്ഥം. ഇന്ത്യൻ ശതകോടീശ്വരന്മാർ മുഖ്യമായും ഒരു ‘അപ്പർ കാസ്റ്റ് ക്ലബ്ബാ‘ണ് താനും. തങ്ങൾ നിർദേശിക്കുന്ന നികുതിപ്പാക്കേജ് അതി സമ്പന്നരായ വളരെക്കുറച്ച് മേൽജാതി കുടുംബങ്ങൾക്ക് മാത്രം നഷ്ടകരമാണെങ്കിലും, താഴ്ന്ന ജാതിക്കാർക്കും ഇടത്തരക്കാർക്കും പ്രയോജനകരമായിരിക്കും എന്ന് ലേഖകർ തറപ്പിച്ചു പറയുന്നു. ‘കടുത്ത സാമ്പത്തിക അസമത്വത്തിന്റെ പ്രശ്നം അഭിസംബോധന ചെയ്യപ്പെടുന്നതോടൊപ്പം, ഇത്തരമൊരു നികുതി ഇന്ത്യയിലെ സാമൂഹിക‑സാമ്പത്തിക അസമത്വങ്ങൾ തമ്മിലുള്ള അകലം കുറയ്ക്കുന്നതിൽ ഒരു ചെറിയ പങ്ക് നിറവേറ്റുകയും ചെയ്യും’ എന്ന് പ്രതീക്ഷിച്ചു കൊണ്ടാണ് അവർ രേഖ പ്രസിദ്ധപ്പെടുത്തുന്നത്. സ്വാഭാവികമായും ഇതിനെതിരെയും ചാടിവീഴുക തന്നെ ചെയ്യും സംഘ്പരിവാർ. പക്ഷേ ഒന്നുണ്ട്, ഒരു സർക്കാരിനും അവഗണിച്ചു പോവാനാവില്ല ഈ നിർദേശങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.