
രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള സംഘ്പരിവാർ ശ്രമങ്ങളെ എക്കാലവും ചോരയും നീരും കൊടുത്ത് പ്രതിരോധിച്ച ചരിത്രമാണ് എഐവൈഎഫിന്റേത്. 2014ൽ അധികാരത്തിലേറിയത് മുതൽ ഭരണഘടനയുടെ ഫെഡറൽ മൂല്യങ്ങളെ തീർത്തും ഇല്ലായ്മ ചെയ്യുകയും വിദ്യാഭ്യാസമേഖലയുടെ സമസ്ത വശങ്ങളെയും കേന്ദ്രീകരിക്കുകയും അതിലൂടെ ഹിന്ദുത്വ അജണ്ടകൾ വ്യാപിപ്പിക്കുകയുമാണ് ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപി ഭരണകൂടം രാജ്യത്ത് ചെയ്തുകൊണ്ടിരിക്കുന്നത്. 2017ൽ പ്രജ്ഞാ പ്രവാഹ് എന്ന ആർഎസ്എസ് സംഘടനയുടെ ആഭിമുഖ്യത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംഘ്പരിവാർ അജണ്ടകൾക്കനുസൃതമായി ഫാസിസ്റ്റ് പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ദ്വിദിന സെമിനാറിൽ ആർഎസ്എസ് സർ സംഘ്ചാലക് മോഹൻ ഭാഗവത് ഉൾപ്പെടെയുള്ളവരായിരുന്നു ക്ലാസുകൾ നയിച്ചിരുന്നത് എന്ന് കാണാൻ കഴിയും. ഭരണ കാലയളവിൽ ഇന്ത്യൻ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ബഹുസ്വരതയെയും സാമൂഹിക നീതിയെയും ജനാധിപത്യ മൂല്യങ്ങളെയും നിരാകരിച്ചുകൊണ്ട് വിദ്യാഭ്യാസത്തിന്റെ സമ്പൂർണമായ കച്ചവടവല്‍ക്കരണവും കാവിവല്‍ക്കരണവും ലക്ഷ്യം വയ്ക്കുന്ന ഫാസിസ്റ്റ് നടപടികൾക്കാണ് അന്നവിടെ രൂപം നൽകിയത്.
വിദ്യാഭ്യാസരംഗത്തെ വിദഗ്ധന്മാരുമായൊന്നും കൂടിയാലോചിക്കാതെ, കോവിഡിന്റെ മറവിൽ പാർലമെന്റിൽ ഒരു ചർച്ചയ്ക്കു പോലും അവസരം നൽകാതെ അങ്ങേയറ്റം ഏകപക്ഷീയമായി രൂപപ്പെടുത്തിയ ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) അതിന്റെ ഭാഗമായിരുന്നു. 2019 ജൂണിൽ ഹൈദരാബാദ് സർവകലാശാലയിൽ എൻഇപിയുമായി ബന്ധപ്പെട്ട സെമിനാറിൽ സംബന്ധിക്കാൻ എത്തിയ ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയർമാൻ ഡോക്ടർ കസ്തുരി രംഗൻ, സദസിനോട് ചോദ്യങ്ങൾ ചോദിക്കരുതെന്ന് നിഷ്കർഷിച്ചത് കമ്പോള വിദ്യാഭ്യാസ ക്രമത്തിനനുസരിച്ച് വിദ്യാഭ്യാസ മേഖലയെ പരുവപ്പെടുത്തുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു. ഇപ്രകാരം ജനാധിപത്യ വിദ്യാഭ്യാസ പ്രക്രിയയ്ക്ക് നിരക്കാത്ത രഹസ്യാത്മക സ്വഭാവമുള്ളതും നവോത്ഥാന വിദ്യാഭ്യാസ കാഴ്ചപ്പാടുകളെ തീർത്തും തിരസ്കരിക്കുന്നതുമായ ദേശീയ വിദ്യാഭ്യാസനയത്തെ പിൻവാതിലിലൂടെ പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് പിഎം ശ്രി എന്നതിനാലാണ് എഐവൈഎഫ് അതിനെ തുടക്കം മുതൽ എതിർത്തത്.
സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനെന്ന ലേബലിൽ സംസ്ഥാന വിഷയമായ വിദ്യാഭ്യാസത്തെ കൂടുതൽ കേന്ദ്രവല്‍ക്കരിക്കാനുള്ള നിർദേശങ്ങൾ മുന്നോട്ട് വയ്ക്കുന്ന ‘പ്രധാൻമന്ത്രി സ്കൂൾ ഫോർ റൈസിങ് ഇന്ത്യ’ (പിഎം ശ്രി) വിദ്യാഭ്യാസ മേഖലയിൽ സൃഷ്ടിക്കുന്നത് സമാനതകളില്ലാത്ത നിലവാരത്തകർച്ചയും ഹിന്ദുത്വ അജണ്ടകളുടെ സ്ഥാപനവല്‍ക്കരണവുമാണ്. പദ്ധതിയുടെ ഭാഗമായി 14,500 സർക്കാർ സ്കൂളുകളെ മാതൃകാ സ്ഥാപനങ്ങളാക്കി ഉയർത്തുകയും ഇതിനായി 27,000 കോടി രൂപ വകയിരുത്തിയിരിക്കുകയും ചെയ്തിട്ടുണ്ട്. 2023–24ൽ 6,207 പിഎം ശ്രി സ്കൂളുകൾക്കായി 3,395.16 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അതിൽ കേന്ദ്ര വിഹിതം 2,520.46 കോടി രൂപയും സംസ്ഥാനങ്ങളുടേത് 874.70 കോടി രൂപയാണെന്നും കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ ലോക്‌സഭയിൽ കണക്ക് അവതരിപ്പിക്കുകയും ചെയ്തു. ഒരു ബ്ലോക്ക് പഞ്ചായത്തിൽ പിഎം ശ്രി പദ്ധതി പ്രകാരം രണ്ട് സ്കൂളുകൾ വീതം ഏറ്റെടുക്കുമ്പോൾ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിദ്യാഭ്യാസ പ്രക്രിയയിൽ സംസ്ഥാന അവകാശങ്ങളുടെ മേൽ സമ്പൂർണ ആധിപത്യം സ്ഥാപിച്ചുകൊണ്ട് കേരളത്തിലെ 332 സ്കൂളുകളാണ് കേന്ദ്രസർക്കാരിന്റെ കീഴിലാകുന്നത്. തന്നെയുമല്ല പിഎം ശ്രിയിലൂടെ വിദ്യാഭ്യാസ മേഖലയിൽ കേന്ദ്രസർക്കാർ നടത്തുന്ന ഇടപെടലുകൾ സംസ്ഥാന അധികാരങ്ങളെ പരിമിതപ്പെടുത്തുകയും വിദ്യാഭ്യാസനയ രൂപീകരണാവകാശത്തെ നിഷേധിക്കുകയും ചെയ്യും. രാജ്യത്ത് വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്ന തുകയുടെ മുക്കാൽ ഭാഗവും വഹിക്കുന്നത് സംസ്ഥാനങ്ങളാണെന്നിരിക്കെ മേഖലയിൽ സംസ്ഥാനങ്ങൾക്കുള്ള അധികാരങ്ങളെ പൂർണമായും കവർന്നെടുക്കുന്ന വിധമാണ് കേന്ദ്രസർക്കാർ നിലവിൽ പ്രവർത്തിക്കുന്നത്. കേന്ദ്രത്തിന്റെ ഏകപക്ഷീയമായ അധികാരപ്രയോഗത്തിലൂടെ ഭരണഘടന വിഭാവനം ചെയ്ത വികേന്ദ്രീകൃത വിദ്യാഭ്യാസ സമ്പ്രദായത്തിന് വെല്ലുവിളി ഉയർത്തുന്ന നയങ്ങളാണ് ദേശീയ വിദ്യാഭ്യാസ നയത്തിൽ ഉള്ളടങ്ങിയിരിക്കുന്നത്. അപ്രകാരം വിദ്യാഭ്യാസത്തിന്റെ സാർവത്രിക സ്വഭാവത്തെ തീർത്തും അവഗണിച്ച് സംസ്ഥാന അവകാശങ്ങൾ കവർന്നെടുത്ത് കേന്ദ്രത്തിന്റെ സർവാധിപത്യം ലക്ഷ്യം വയ്ക്കുന്ന നയം പിഎം ശ്രിയിലൂടെ ഒളിച്ചു കടത്തുകയും അതുവഴി ജനാധിപത്യ വിദ്യാഭ്യാസത്തിന്റെ ഉദാത്തമായ ലക്ഷ്യങ്ങളെയെല്ലാം നിർമ്മൂലനം ചെയ്യാനുമുള്ള നീക്കമാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായി കേന്ദ്രസർക്കാരിന്റെ കീഴിലാക്കുകയും അതുവഴി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പും, പാഠഭാഗങ്ങൾ നിർണയിക്കാനുമുള്ള അധികാരവും കേന്ദ്ര ഗവണ്മെന്റിൽ നിക്ഷിപ്തമാക്കുകയും ചെയ്യുന്ന പിഎം ശ്രിക്കെതിരായ നിലപാട് ഒരു കാരണവശാലും മയപ്പെടുത്താൻ എഐവൈഎഫിന് കഴിയില്ല. വിദ്വേഷത്തിലധിഷ്ഠിതമായ ഫാസിസ്റ്റുകളുടെ വിഭജന രാഷ്ട്രീയത്തിന്റെ ഭാഗമായി പാഠപുസ്തകങ്ങളിൽ ശാസ്ത്ര, ചരിത്രവിരുദ്ധമായ വസ്തുതകളെ പ്രതിഷ്ഠിച്ച് മതാത്മക ചിന്തകളെ പരിപോഷിപ്പിക്കുന്ന വിദ്യാലയാന്തരീക്ഷം ആർഎസ്എസിനുവേണ്ടി ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഒരുക്കുകയാണ്. കേരളത്തിൽ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുമെന്നും വി ഡി സവർക്കറുടെയും ഹെഡ്ഗേവാറിന്റെയും ചരിത്രം പഠിപ്പിക്കുമെന്നുമുള്ള ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പ്രസ്താവനയിലൂടെ പിഎം ശ്രി വിദ്യാഭ്യാസ മേഖലയിലുണ്ടാക്കുന്ന കടുത്ത പ്രത്യാഘാതങ്ങളെ സംബന്ധിച്ചുള്ള എഐവൈഎഫിന്റെ മുന്നറിയിപ്പ് വാസ്തവമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഭാരതീയ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും സ്വാംശീകരണമെന്ന പേരിൽ ഇന്ത്യൻ പാരമ്പര്യത്തെപ്പോലും വികലമാക്കാനുള്ള ശ്രമം പാഠപുസ്തകങ്ങളിൽ അരങ്ങേറിയതിന്റെ നിരവധി ഉദാഹരണങ്ങൾ ഭൂതകാലങ്ങളിൽ നിന്ന് നാം വായിച്ചിട്ടുണ്ട്. എൻഇപി രാജ്യത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാരിന്റെ സാംസ്കാരിക വകുപ്പ് ചരിത്ര പഠനത്തിന് നിയോഗിച്ച സമിതി പ്രാചീന ഇന്ത്യയെ ഭാരത വർഷം എന്ന് വിശേഷിപ്പിച്ചും മിത്തുകളെയും ഐതിഹ്യങ്ങളെയും യാഥാർത്ഥ്യങ്ങളായി പരിഗണിച്ചുംകൊണ്ട് സ്വതന്ത്ര ചിന്തയ്ക്കുള്ള ഇടമായിരുന്ന ക്ലാസ് മുറികളെ മതേതര, ശാസ്ത്രീയ, ജനാധിപത്യ വിദ്യാഭ്യാസത്തിന് വിരുദ്ധമായി അവതരിപ്പിക്കുകയായിരുന്നു. സാമൂഹ്യ പാഠപുസ്തകത്തിൽ നിന്നും ഗാന്ധി വധവുമായി ബന്ധപ്പെട്ട യാഥാർത്ഥ്യങ്ങളെ മറച്ചുവച്ചതും മുഗൾ രാജാക്കന്മാരെയും ഡൽഹി മുസ്ലിം ഭരണാധികാരികളെയും കുറിച്ചുള്ള ഭാഗങ്ങൾ നീക്കം ചെയ്തതും പരിണാമവാദം ഒഴിവാക്കി ദശാവതാര സങ്കല്പം പഠിപ്പിച്ചതും സയൻസിന്റെ പുരാതന ചരിത്രം എന്നതിന് പകരം ക്ലാസിക്കൽ ചരിത്രം പ്രതിഷ്ഠിച്ചതുമെല്ലാം ചരിത്ര വസ്തുതകളെ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി വളച്ചൊടിച്ചതിന്റെ അനന്തര ഫലമായിരുന്നു.
പരീക്ഷാ ചോദ്യപേപ്പറുകളെ പോലും സംഘ്പരിവാറിന്റെ രാഷ്ട്രീയ പദ്ധതികൾക്ക് അനുസൃതമായി പരിവർത്തിപ്പിച്ച് വിദ്യാർത്ഥികളുടെ ചിന്താ പ്രക്രിയയെ നിയന്ത്രിക്കാനുള്ള നീക്കം നടത്തുന്നതും കണ്ടു. രാജ്യത്തിന്റെ അഭിമാനങ്ങളായ അക്കാദമിക് സ്ഥാപനങ്ങളിലെല്ലാം പിടിമുറുക്കുന്ന സമീപനം കേന്ദ്രം സ്വീകരിച്ചതും സർവകലാശാലാ സ്വയംഭരണത്തിനും സ്വതന്ത്ര അക്കാദമിക് പ്രവർത്തനങ്ങൾക്കും നേരെ കടന്നുകയറ്റം നടത്തിയതും ആരും മറന്നുകാണില്ല. കേരളത്തിൽ ചാൻസലർ പദവി ദുരുപയോഗം ചെയ്ത് ഗവർണർ സർവകലാശാലകളിൽ കാവിവല്‍ക്കരണം നടത്തുകയും വൈസ് ചാൻസലർമാരെ ഉപയോഗിച്ച് ഭരണഘടനാ വിരുദ്ധ ഇടപെടലുകളിലേക്ക് നീങ്ങുകയും ചെയ്തപ്പോൾ സർവകലാശാലകളെ ആർഎസ്എസ് അജണ്ടയ്ക്ക് വിട്ടുകൊടുക്കില്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ച്, അതിനെതിരെ അതിശക്തമായ സമരങ്ങൾക്കാണ് ഇടതുപക്ഷം നേതൃത്വം നൽകിയത്. അപ്രകാരമുള്ള പ്രക്ഷോഭങ്ങളിലൂടെ പിഎം ശ്രി പദ്ധതി നടപ്പിലാക്കാത്ത സംസ്ഥാനങ്ങൾക്ക് വിവിധ പ്രോജക്ടുകൾ വഴി ലഭിക്കേണ്ട ഫണ്ട് നൽകില്ലെന്ന കേന്ദ്ര നിലപാടിനോട് പോരടിക്കുകയാണ് വേണ്ടതെന്നിരിക്കെ കേന്ദ്ര ഫണ്ട് ലഭിക്കാൻ പദ്ധതി അനിവാര്യം എന്ന ചിന്താഗതി ഇടതുപക്ഷ നയങ്ങൾക്ക് തീർത്തും വിരുദ്ധമാണ്. സമഗ്ര ശിക്ഷാ അഭിയാൻ വഴി സംസ്ഥാനത്തിന് ലഭിക്കേണ്ട തുകയും പിഎം ശ്രി പദ്ധതിയും തമ്മിൽ കൂട്ടിക്കുഴയ്ക്കുന്നത് തന്നെ വിദ്യാഭ്യാസാവകാശം ഏഴാം വകുപ്പിന്റെ നഗ്നമായ ലംഘനമാണെന്നും മനസിലാക്കണം. മാത്രമല്ല സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ആദർശം പണയം വയ്ക്കാനാകുമോ?
പുന്നപ്ര വയലാർ സമരത്തിലേക്ക് പോകും മുമ്പ് സർ സിപിയുമായി സഖാവ് ടി വി തോമസിന്റെ നേതൃത്വത്തിൽ 27 ഇന ആവശ്യങ്ങളുയർത്തി ചർച്ച നടക്കുകയുണ്ടായി. രാഷ്ട്രീയ ആവശ്യങ്ങളും സാമ്പത്തിക ആവശ്യങ്ങളുമായിരുന്നു അതിലുണ്ടായിരുന്നത്. സർ സിപി കമ്മ്യൂണിസ്റ്റ് നേതാക്കളോട് പറഞ്ഞത് സാമ്പത്തിക ആവശ്യങ്ങൾ എല്ലാം താൻ അംഗീകരിക്കുന്നുവെന്നും രാഷ്ട്രീയ ആവശ്യങ്ങൾ നിങ്ങൾ പിൻവലിക്കണമെന്നുമായിരുന്നു. രാഷ്ട്രീയ ആവശ്യങ്ങൾ അംഗീകരിച്ചാൽ സാമ്പത്തിക ആവശ്യങ്ങൾ എല്ലാം പിൻവലിക്കാമെന്നായിരുന്നു ടി വി തോമസിന്റെ മറുപടി. രോഷാകുലനായ സർ സി പി അലറിക്കൊണ്ട് ‘നാലായിരം പട്ടാളക്കാരും എണ്ണായിരം പൊലീസുകാരും തനിക്കുണ്ടെ‘ന്ന് പറഞ്ഞു. ‘എങ്കിൽ നമുക്ക് കാണാം’ എന്ന് പറഞ്ഞ ധീരരായ കമ്മ്യൂണിസ്റ്റ് നേതാക്കൾ ജീവിച്ചിരുന്ന മണ്ണാണ് കേരളം. അതുകൊണ്ട് സാമ്പത്തികാവശ്യങ്ങളും രാഷ്ട്രീയാവശ്യങ്ങളും തിരിച്ചറിയാനുള്ള ശേഷി കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനുണ്ടാവണം എന്ന് കൂടി ഓർമ്മപ്പെടുത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.