
2024 ഓഗസ്റ്റ് അഞ്ചിലെ നാടകീയ സംഭവങ്ങളിലൂടെ രൂപപ്പെട്ട, ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യം കൂടുതൽ സങ്കീർണവും അസ്ഥിരതവുമായ യുഗത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. രാജ്യത്തുടനീളം ഗൂഢാലോചന ശക്തിപ്പെട്ടതായും ജീവന് ഭീഷണിയുണ്ടെന്നുമുള്ള റിപ്പോർട്ടുകളെത്തുടർന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തു. ആയിരക്കണക്കിന് ആളുകളുടെ ജീവൻ അപകടത്തിലാക്കിയ ബഹുജന പ്രകടനങ്ങളും അക്രമാസക്തമായ ഏറ്റുമുട്ടലുകളും അരങ്ങേറുന്നതിനിടയിൽ ഹസീനയുടെ പെട്ടെന്നുള്ള തിരോധാനം ഒരു അധികാര ശൂന്യത സൃഷ്ടിച്ചു. ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായിരുന്ന, നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിലൂടെ അത് നികത്തപ്പെട്ടു. ദേശീയ പരിഷ്കരണത്തിനും രാജ്യത്തിന്റെ ദുരവസ്ഥയുടെ പരിഹാരത്തിനുമുള്ള അവസരമായാണ് പലരും യൂനുസിന്റെ നേതൃത്വത്തെ കണ്ടത്. എന്നാൽ തുടർന്നുള്ള മാസങ്ങൾ ഭരണസുതാര്യത, നിയമവാഴ്ച എന്നിവയിൽ ആശങ്കകൾ ഉയർന്നു തുടങ്ങി. ഇടക്കാല ഭരണകൂടം സ്വീകരിച്ച നടപടികൾ രാഷ്ട്രീയ വിശകലന വിദഗ്ധരുടെയും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുടെയും പൊതുജനങ്ങളുടെയും വിമർശനാത്മക പരിശോധനകൾക്ക് വിധേയമായി. പുതിയ നേതൃത്വം തങ്ങളുടെ വാഗ്ദാനങ്ങൾ പാലിക്കുകയാണോ അതോ മുൻ ഭരണകൂടത്തിന്റെ പോരായ്മകൾ ആവർത്തിക്കുകയാണോ എന്ന ചോദ്യമാണ് എല്ലാവരിലുമുണ്ടായത്.
യൂനുസ് ഭരണകൂടത്തിന്റെ ഏറ്റവും വിവാദപരമായ നടപടികളിലൊന്ന്, മുമ്പ് അവാമി ലീഗ് കാലഘട്ടത്തിൽ മുഹമ്മദ് യൂനുസിന് നൽകിയിരുന്ന നിയമപരമായ പരിരക്ഷ റദ്ദാക്കിയതാണ്. ഇതിൽ 666 കോടി ബഹ്റിന്‍ ഡോളറിന്റെ ഒരു പ്രധാന നികുതി വെട്ടിപ്പ് കേസുമായി ബന്ധപ്പെട്ട സംരക്ഷണവും ഉൾപ്പെടുന്നു. ഒരർത്ഥത്തിൽ പരിരക്ഷ ഇല്ലാതാക്കുന്നത് ഉത്തരവാദിത്തത്തോടുള്ള പ്രതിബദ്ധതയെ സൂചിപ്പിക്കുന്നതാണെങ്കിലും, യാഥാർത്ഥ്യം കൂടുതൽ സങ്കീർണമാവുകയായിരുന്നു. നിയമപരമായ സംരക്ഷണങ്ങൾ റദ്ദാക്കിയ ഉടൻ, യൂനുസ് തന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള 31 സ്ഥാപനങ്ങൾക്ക് വിപുലമായ നികുതി ഇളവുകൾ നൽകി. നികുതി ബാധ്യതകളിൽ നിന്ന് 2029 വരെ അവയ്ക്ക് സംരക്ഷണം നൽകി. ഈ നീക്കം അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ച അഴിമതിവിരുദ്ധ നിലപാടിന് വിരുദ്ധവും മുൻഗണനാ വിഷയങ്ങളിൽ ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നതുമാണെന്ന് നിരീക്ഷകർ വിലയിരുത്തി.
ഗ്രാമീൺ ആവാസവ്യവസ്ഥയുമായും യൂനുസ് കുടുംബവുമായും ബന്ധപ്പെട്ട സംഘടനകളുടെ വൻ ശൃംഖലയാണ് നികുതി ഇളവ് ലഭിച്ച സ്ഥാപനങ്ങൾ. സോഷ്യൽ അഡ്വാൻസ്മെന്റ് ഫണ്ട്, ഗ്രാമീൺ ട്രസ്റ്റ്, ഗ്രാമീൺ ടെലികോം ട്രസ്റ്റ്, ഗ്രാമീൺ ഫണ്ട്, ഗ്രാമീൺ എനർജി, ഗ്രാമീൺ ഡിസ്ട്രിബ്യൂഷൻ ലിമിറ്റഡ്, ഗ്രാമീൺ യൂണിവേഴ്സിറ്റി, ഗ്രാമീൺ ഫിഷറീസ് ഫൗണ്ടേഷൻ, ഗ്രാമീൺ അഗ്രികൾച്ചർ ഫൗണ്ടേഷൻ, ഗ്രാമീൺ ബിസിനസ് ഡെവലപ്മെന്റ്, ഗ്രാമീൺ സോഫ്റ്റ്‌വേര്‍ ലിമിറ്റഡ്, ഗ്രാമീൺ സൈബർനെറ്റ് ലിമിറ്റഡ്, ഗ്രാമീൺ കല്യാൺ, ഗ്രാമീൺ സമോഗ്രി (ഗ്രാമീൺ ഉല്പന്നങ്ങൾ), ഗ്രാമീൺ ഉദ്യോഗ്, ഗ്രാമീൺ അമേരിക്ക, ഗ്രാമീൺ ഫൗണ്ടേഷൻ യുഎസ്എ, യൂനുസ് ഫാമിലി ട്രസ്റ്റ്, പ്രൊഫസർ മുഹമ്മദ് യൂനുസ് ട്രസ്റ്റ്, യൂനുസ് സെന്റർ എന്നിവ ഇതിലുൾപ്പെടുന്നു.
ഗ്രാമീൺ ഫോൺ പോലുള്ള കോർപറേറ്റ് സ്ഥാപനങ്ങൾക്കും ഗ്രാമീൺ ഡാനോൺ ഫുഡ്സ് പോലുള്ള ബഹുരാഷ്ട്ര സംയുക്ത സംരംഭങ്ങൾക്കും ഇളവുകൾ ബാധകമാക്കി. യൂനുസുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങൾക്ക് ഇത്രയും വിപുലമായ നികുതി ഇളവുകൾ നൽകുന്നത് പൊതുജനവിശ്വാസം ഇല്ലാതാക്കുകയും സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ ഭരണമാറ്റത്തിന്റെ ആശയങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യുന്നുവെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
യൂനുസിന്റെ നിരന്തര അന്താരാഷ്ട്ര യാത്രകളാണ് മറ്റൊരു ശ്രദ്ധേയ വിഷയം. കഴിഞ്ഞ 15 മാസത്തിനിടെ, അദ്ദേഹം 14 വിദേശ യാത്രകൾ നടത്തി. ഓരോന്നിലും വിപുലമായ പ്രതിനിധി സംഘങ്ങളും ഉൾപ്പെടുന്നു. രാജ്യം സാമ്പത്തിക വെല്ലുവിളികളും വർധിച്ചുവരുന്ന പൊതുജന പ്രതിഷേധവും നേരിടുന്ന സാഹചര്യത്തിൽ ഖജനാവിൽ നിന്നുള്ള ഇത്തരം ചെലവുകൾ അനാവശ്യമാണെന്ന് വ്യാപകമായി വിമർശിക്കപ്പെട്ടിട്ടുണ്ട്.
മുഖ്യ ഉപദേഷ്ടാവ് എന്ന നിലയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത ആദ്യ പ്രസംഗത്തിൽ, സുതാര്യത, ഉത്തരവാദിത്തം, അഴിമതിവിരുദ്ധ നടപടികൾ എന്നിവയിൽ ഉറച്ചുനിൽക്കുന്ന ഒരു സർക്കാരിനായാണ് അദ്ദേഹം പ്രതിജ്ഞയെടുത്തത്. എല്ലാ ഉപദേഷ്ടാക്കളും അവരുടെ സ്വത്തുക്കൾ പരസ്യമായി വെളിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. പക്ഷേ ഇതുവരെ വാഗ്ദാനം നിറവേറ്റപ്പെട്ടില്ല. പകരം, തന്റെ നേരിട്ടുള്ള അധികാരത്തിന് കീഴിലുള്ള സ്ഥാപനങ്ങൾക്ക് നികുതിയിളവ് നൽകുന്നതിനാണ് അദ്ദേഹത്തിന്റെ ഭരണകൂടം മുൻഗണന നൽകിയത്. ഇതിലൂടെ ഇരട്ടത്താപ്പ് എന്ന പ്രതിച്ഛായ സൃഷ്ടിക്കപ്പെട്ടു. സെന്റർ ഫോർ പോളിസി ഡയലോഗിലെ (സിപിഡി) സാമ്പത്തിക വിദഗ്‌ധൻ ഡോ. ദേബപ്രിയ ഭട്ടാചാര്യ ഈ സാഹചര്യത്തെ, തന്റെ മന്ത്രിസഭാംഗങ്ങളുടെ ആസ്തികൾ വെളിപ്പെടുത്തുമെന്ന ഷെയ്ഖ് ഹസീനയുടെ പൂർത്തീകരിക്കാത്ത പ്രതിജ്ഞയുമായി താരതമ്യം ചെയ്യുന്നു. ഇടക്കാല സർക്കാർ സുതാര്യതയ്ക്കായി പുതിയ മാനദണ്ഡം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് നിറവേറ്റപ്പെട്ടില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, 2024 ഓഗസ്റ്റിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനുശേഷം ബംഗ്ലാദേശിലെ ക്രമസമാധാനനില വഷളായിക്കൊണ്ടിരിക്കുകയാണ്. ശാന്തത കൈവരിക്കാൻ ഇടക്കാല ഭരണകൂടം ശ്രമിച്ചെങ്കിലും രാജ്യത്തുടനീളം അക്രമ സംഭവങ്ങൾ, വർഗീയ ആക്രമണങ്ങൾ, ആൾക്കൂട്ട ആക്രമണം എന്നിവ വർധിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ രാജ്ബാരിയിൽ നൂറൽ പഗ്ല എന്ന നൂറുൽ ഹഖിന്റെ മൃതദേഹം പുറത്തെടുത്ത് കത്തിച്ചത് രാജ്യത്തെ ഞെട്ടിക്കുകയും അധികാരികളുടെ പിടിപ്പുകേട് തുറന്നുകാട്ടുകയും ചെയ്തു.
ഹിന്ദു സമൂഹങ്ങൾക്കെതിരായ ആക്രമണങ്ങൾ ശക്തിപ്പെട്ടത് മതന്യൂനപക്ഷങ്ങൾക്കിടയിൽ ഭയം ജനിപ്പിച്ചിട്ടുണ്ട്. ഇസ്ലാമിക ഗ്രൂപ്പുകളുടെ വർധിച്ചുവരുന്ന ആധിപത്യസ്വരവും ആശങ്കാജനകമായ വിഷയമാണ്. ഇത് ഇടക്കാല സർക്കാർ തീവ്രവാദ ഗ്രൂപ്പുകളെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടോ എന്ന ചോദ്യമുയർത്തുന്നു.
മനുഷ്യാവകാശ സംഘടനയായ മനോബധികർ ഷോങ്സ്കൃതി ഫൗണ്ടേഷന്റെ (എംഎസ്എഫ്) സമീപകാല ഒരു റിപ്പോർട്ട് ഭയാനകമായ ചിത്രമാണ് നൽകുന്നത്. റിപ്പോർട്ടനുസരിച്ച്, നവംബറിൽ മാത്രം 43 ആൾക്കൂട്ട കൊലപാതകങ്ങൾ നടന്നു, 38 പേർ മരിച്ചു. അതേ മാസം തന്നെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ 345 അക്രമ കേസുകളും 72 രാഷ്ട്രീയ അക്രമ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. രാഷ്ട്രീയ പ്രതികാര കേസുകളുടെ എണ്ണം മാറ്റമില്ലാതെ തുടരുന്നു. അവാമി ലീഗിന്റെ വിദ്യാർത്ഥി വിഭാഗമായ നിരോധിത സംഘടന ഛത്ര ലീഗ് അംഗങ്ങളുടെ അറസ്റ്റിൽ ഗണ്യമായ വർധനവുണ്ടായി. രാജ്യത്തുടനീളം 11 പ്രതിമകൾ നശിപ്പിക്കപ്പെട്ടു. ഇത് സാംസ്കാരിക അസഹിഷ്ണുത ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ പെരുകുന്നതിന്റെ തെളിവായി.
2026 ഫെബ്രുവരി മധ്യത്തിൽ ദേശീയ തെരഞ്ഞെടുപ്പ് ഷെഡ്യൂൾ ചെയ്തിരിക്കുന്നതിനാൽ, ഇടക്കാല സർക്കാർ അതിന്റെ പ്രതിബദ്ധതകൾ പാലിക്കുമോ എന്ന് രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ആസൂത്രണം ചെയ്തതുപോലെ നടക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും, സമീപകാല സംഭവവികാസങ്ങൾ അനിശ്ചിതത്വത്തെയാണ് സൂചിപ്പിക്കുന്നത്. ഡിസംബർ ആദ്യം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, പ്രഖ്യാപനം രണ്ടാംവാരം വരെ നീട്ടിയിരിക്കുകയാണ് കമ്മിഷൻ. ഡിസംബർ മൂന്നിന് നടക്കാനിരുന്ന ‘സുഗമമായ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ക്രമസമാധാനം നിലനിർത്താൻ എന്തൊക്കെ ചെയ്യണം’ എന്ന ഉന്നതതല ശില്പശാലയും കമ്മിഷൻ പെട്ടെന്ന് മാറ്റിവച്ചു. ഈ സൂചനകൾ സർക്കാരിന്റെ തയ്യാറെടുപ്പിനെയും സമയബന്ധിതമായ തെരഞ്ഞെടുപ്പ് നടത്താനുള്ള സന്നദ്ധതയെയും സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നു. ചുരുക്കത്തിൽ, മുഹമ്മദ് യൂനുസ് രാജ്യത്തെ വിശ്വസനീയമായ ജനാധിപത്യത്തിലേക്ക് നയിക്കുമോ — അതോ ഇടക്കാല സർക്കാരിന്റെ വിവാദങ്ങൾ നിലവിലുള്ള രാഷ്ട്രീയ, സാമൂഹിക പ്രതിസന്ധിയെ കൂടുതൽ ആഴത്തിലാക്കുമോ എന്ന ചോദ്യം അവശേഷിപ്പിക്കുന്നു.
(ഐപിഎ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.