20 September 2024, Friday
KSFE Galaxy Chits Banner 2

രാഷ്ട്രീയവൽക്കരിക്കപ്പെടുന്ന ബലാത്സംഗങ്ങൾ

പി ദേവദാസ്
September 20, 2024 4:30 am

ബലാത്സംഗവും കൊലപാതകങ്ങളും രാജ്യത്ത് എവിടെ നടന്നാലും ഞെട്ടിക്കുന്നതും പ്രതിഷേധാർഹവുമാണ്. അത് ഡൽഹിയിലായാലും കശ്മീരിലായാലും യുപിയിലായാലും പശ്ചിമ ബംഗാളിലായാലും മധ്യ പ്രദേശിലായാലും. ഡൽഹിയിൽ ബസിനകത്ത് യുവതി പീഡിപ്പിക്കപ്പെട്ട് പുറത്തേക്ക് വലിച്ചെറിയപ്പെട്ട സംഭവം രാജ്യവ്യാപക പ്രതിഷേധത്തിനു മാത്രമല്ല, സ്ത്രീ സുരക്ഷയ്ക്കു വേണ്ടിയുള്ള നിയമനിർമ്മാണത്തിനും അതിവേഗ കോടതികളുടെ രൂപീകരണത്തിനും വഴിയൊരുക്കി. കശ്മീരിലെ കഠ്‌വയിൽ ക്ഷേത്ര പരിസരത്താണ് സംഭവമുണ്ടായതെങ്കിലും പ്രതിഷേധം രാജ്യവ്യാപകവും ശക്തവുമായിരുന്നു.
ഇപ്പോൾ രാജ്യത്തെ ആകെ പിടിച്ചുകുലുക്കിയ സംഭവമാണ് കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളജിലെ യുവ ഡോക്ടർക്കെതിരായ കൂട്ടബലാത്സംഗ കൊലപാതകം. ഈ സംഭവത്തെ ആരോഗ്യപ്രവർത്തകരുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാക്കി ഉയർത്തി, ഡോക്ടർമാരുടെയും മെഡിക്കൽ ജീവനക്കാരുടെയും നേതൃത്വത്തിൽ ആരംഭിച്ച പ്രക്ഷോഭത്തെ പശ്ചിമ ബംഗാളിലെ പ്രതിപക്ഷ പാർട്ടികൾ ഏറ്റെടുക്കുകയും അവർ തനതായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
തങ്ങളുടെ പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനമായ തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനം എന്ന നിലയിൽ വിഷയത്തെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിന് ബിജെപി കിണഞ്ഞു പരിശ്രമിച്ചു. അതുകൊണ്ടുതന്നെ വിഷയം ആഘോഷിച്ചുകൊണ്ടിരിക്കുന്നു. സംഭവത്തെ അപലപിക്കുന്നതിന് ഡൽഹി റെയ്സിന കുന്നിലെ രാഷ്ട്രപതി ഭവനിൽ നിന്ന് ദ്രൗപദി മുർമുവിന്റെ ഉത്കണ്ഠയും പ്രസ്താവനയായി പുറത്തുവന്നു. അതേസമയം ബിജെപി ഭരിക്കുന്ന മണിപ്പൂരിൽ ഒരു വർഷത്തിലധികമായി നടന്നുകൊണ്ടിരിക്കുന്ന വംശീയ കലാപത്തിനിടയിൽ നടന്ന പെൺവേട്ടകൾ ഒന്നുംതന്നെ റെയ്സിന കുന്നിനെ ആശങ്കപ്പെടുത്തിയിരുന്നില്ലെന്ന് നാമോർക്കണം. ഇവിടെയാണ് ക്രൂരമായ ബലാത്സംഗങ്ങൾ പോലും രാഷ്ട്രീയവൽക്കരിക്കപ്പെടുകയും മീഡിയയുടെ പ്രചണ്ഡമായ പ്രചരണങ്ങളിൽ പെട്ടുപോവുകയും ചെയ്യുന്നത് തിരിച്ചറിയേണ്ടത്.
ആർജി കർ സംഭവം നടക്കുന്ന അതേ കാലയളവിലാണ് ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ രണ്ട് സംഭവങ്ങൾ ഉണ്ടായത്. രണ്ടും അയോധ്യയിലായിരുന്നു. 12 വയസുകാരിയെ ജൂലൈ 30ന് ബലാത്സംഗം ചെയ്ത കേസിൽ സമാജ്‌വാദി പാർട്ടി നേതാവ് മൊയ്ദ് ഖാനെയും അദ്ദേഹത്തിന്റെ സഹായി രാജു ഖാനെയും പ്രതിചേർത്ത് കേസെടുത്തു. പിന്നീട് ഇവരെ അറസ്റ്റ് ചെയ്തു. അവിടെ അവസാനിച്ചില്ല; കേസിൽ പ്രതിയാക്കപ്പെട്ടതിന്റെ പേരില്‍ മൊയ്ദ് ഖാന്റെ കെട്ടിട സമുച്ചയങ്ങൾ മുഴുവൻ മുഖ്യമന്ത്രി ആദിത്യനാഥിന്റെ പൊലീസ് ഇടിച്ചുനിരത്തി. 4000 ത്തിൽ അധികം ചതുരശ്രയടി വിസ്താരമുള്ള കെട്ടിടങ്ങളാണ് അനധികൃത നിർമ്മാണം എന്ന പേരിൽ പാെലീസ് തകർത്തു കളഞ്ഞത്. ഇതേസംഭവത്തിലാണ് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ ജനിതക പരിശോധന നടത്തണമെന്ന പ്രസ്താവന വിവാദം സൃഷ്ടിച്ചത്. ഇവിടെ ഇരയായ പെൺകുട്ടിയുടെയും കുറ്റാരോപിതരുടെയും ജാതിയും രാഷ്ട്രീയവും നോക്കിയാണ് ആദിത്യനാഥിന്റെ പൊലീസ് പ്രശ്നങ്ങളെ സമീപിച്ചത്. 

എന്നാൽ അതേ അയോധ്യയിൽ രാമക്ഷേത്ര സമുച്ചയത്തിലെ ശുചീകരണത്തൊഴിലാളിയായ ദളിത് യുവതി ബലാത്സംഗം ചെയ്യപ്പെട്ട കേസ് രജിസ്റ്റർ ചെയ്യുന്നതിന് പോലും രാഷ്ട്രീയാന്ധത ബാധിച്ച ആദിത്യനാഥിന്റെ പൊലീസ് സന്നദ്ധമായില്ല. ഓഗസ്റ്റ് 28നാണ് കോളജ് വിദ്യാർത്ഥിനി കൂടിയായ ശുചീകരണത്തൊഴിലാളി കൂട്ടബലാത്സംഗത്തിനിരയായത്. അവളുടെ കൂട്ടുകാരൻ ക്ഷണിച്ചതനുസരിച്ച് ഗസ്റ്റ് ഹൗസിൽ എത്തിയപ്പോൾ അവിടെയുണ്ടായിരുന്ന നാലുപേർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു എന്നാണ് പെൺകുട്ടിയുടെ പരാതി.
ഉപേക്ഷിക്കപ്പെട്ട അവൾ പ്രാദേശിക പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയെങ്കിലും സ്വീകരിച്ചില്ല. സംഭവം പുറത്താവുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തതിനുശേഷം പെൺകുട്ടി സെപ്റ്റംബർ രണ്ടിന് അയോധ്യ കാന്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു. 36 മണിക്കൂർ കഴിഞ്ഞതിനുശേഷമാണ് എഫ്ഐആറിന്റെ കോപ്പി തനിക്ക് ലഭിച്ചതെന്നാണ് പെൺകുട്ടി ദേശീയ മാധ്യമത്തോട് പറഞ്ഞത്. ഇവിടെ ഇരയാക്കപ്പെട്ടത് ദളിത് പെൺകുട്ടിയും കുറ്റാരോപിതർ ഹിന്ദു സമുദായത്തിൽ പെട്ടവരും ആണ് എന്ന പ്രത്യേകതയും ഉണ്ട്.
കൊൽക്കത്ത ആർജി കര്‍ മെഡിക്കൽ കോളജ് സംഭവത്തെ ദേശവ്യാപകമായി ആഘോഷമാക്കുന്ന ബിജെപിക്കോ ഗോദി മാധ്യമങ്ങൾക്കോ ഈ സംഭവം വലിയ വാർത്തയായില്ല. ഇതുതന്നെയാണ് നേരത്തെയും ഉത്തർപ്രദേശിലും മധ്യപ്രദേശിലുമൊക്കെ നടന്ന മിക്ക സംഭവങ്ങളുടെയും സ്ഥിതി. ഉത്തർപ്രദേശിലെ ഉന്നാവോയിലും ഹത്രാസിലും സമാന സംഭവങ്ങൾ ഉണ്ടായപ്പോൾ കേസ് മൂടിവയ്ക്കുന്നതിനും പ്രതികളെ രക്ഷിക്കുന്നതിനും മാത്രമല്ല ആദിത്യനാഥിന്റെ പൊലീസിന്റെ ഭാഗത്തുനിന്നും നീക്കം ഉണ്ടായത്. ഉന്നാവോ കേസിൽ പ്രതിചേർക്കപ്പെട്ട ബിജെപി എംഎൽഎ കുൽദീപ് സിങ് സെംഗാറെയും കൂട്ടുപ്രതികളെയും രക്ഷിക്കുവാന്‍ അവസാന നിമിഷം വരെ പൊലീസ് ശ്രമം നടത്തി. എന്നാൽ ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്നാണ് കേസെടുക്കുന്നതിനും കുറ്റാരോപിതരെ അറസ്റ്റ് ചെയ്യുന്നതിനും സന്നദ്ധമായത്. 

ഹത്രാസിൽ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊന്നവരെ രക്ഷിക്കാൻ ശ്രമം നടത്തിയെന്ന് മാത്രമല്ല തെളിവുകൾ നശിപ്പിക്കുന്നതിന് ബന്ധുക്കൾ പോലും അറിയാതെ മൃതദേഹം സംസ്കരിക്കുന്നതിനും പൊലീസ് സന്നദ്ധമായി. ഈ സംഭവം റിപ്പോർട്ട് ചെയ്യാൻ പോയപ്പോഴായിരുന്നു മാധ്യമപ്രവർത്തകരെ യുഎപിഎ പോലുള്ള കാടന്‍ നിയമങ്ങൾ ചുമത്തി അറസ്റ്റ് ചെയ്യുകയും വർഷങ്ങളോളം ജയിലിൽ അടയ്ക്കുകയും ചെയ്തത്. ഇതെല്ലാം ബിജെപിയിതര സംസ്ഥാനങ്ങളിൽ നടക്കുന്ന ഇത്തരം നികൃഷ്ട സംഭവങ്ങളെ ബോധപൂർവം ആഘോഷമാക്കുന്നു എന്ന സംശയമാണ് ജനിപ്പിക്കുന്നത്. അതിന് ഭരണാധികാരികളുടെയും ഔദ്യോഗിക സംവിധാനങ്ങളുടെയും എല്ലാ ഒത്താശകളും ലഭിക്കുകയും ചെയ്യുന്നു.
രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നത് മധ്യപ്രദേശ്, ഉത്തർപ്രദേശ് പോലുള്ള ബിജെപി വാഴുന്ന സംസ്ഥാനങ്ങളിലാണ്. അവിടെ നടക്കുന്ന സംഭവങ്ങൾ മൂടിവയ്ക്കപ്പെടുന്നു. കൊൽക്കത്ത ആർജി കർ സംഭവത്തെ രാഷ്ട്രപതി വിമർശിക്കുന്നതും മണിപ്പൂരിൽ കുക്കി യുവതികൾ നഗ്നരായി നടത്തപ്പെട്ട്, ബലാൽക്കാരത്തിനിരയായി കൊല്ലപ്പെട്ടപ്പോൾ അപലപിക്കാൻ മാധ്യമങ്ങൾക്ക് മുന്നിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി മണിപ്പൂരിനൊപ്പം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തിയതും ഉദാഹരണങ്ങളായെടുത്താൽ ഇതിനുപിന്നിലെ ഉന്നതതല ഗൂഢാലോചന വ്യക്തമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.