23 January 2026, Friday

സ്വകാര്യ സർവകലാശാലകൾ ഇടതു നയമല്ല

ടി ടി ജിസ് മോന്‍ 
എഐവെെഎഫ് സംസ്ഥാന സെക്രട്ടറി
February 9, 2025 4:26 am

മുതലാളിത്തം അതിരൂക്ഷമായ പ്രതിസന്ധിയിൽ അകപ്പെട്ട സാഹചര്യത്തിൽ ആവിഷ്കരിക്കപ്പെട്ട ആഗോളീകരണ നയങ്ങൾ ഏറ്റവും കൂടുതൽ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ച മേഖലകളിലൊന്ന് വിദ്യാഭ്യാസമായിരുന്നു. അതുകൊണ്ട് തന്നെ രാജ്യം ഭരിച്ച കോൺഗ്രസ് — ബിജെപി ഭരണകൂടങ്ങൾ ലാഭം അടിസ്ഥാനപ്പെടുത്തി നിലകൊള്ളുന്ന മുതലാളിത്തത്തിന്റെ സഹജസ്വഭാവത്തിന് അനുരൂപമാകുന്ന വിധത്തിലാണ് വിദ്യാഭ്യാസ നയങ്ങൾ രൂപപ്പെടുത്തിയത്. 1986ൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസ മേഖലയുടെ സ്വകാര്യല്‍ക്കരണത്തെയാണ് പ്രഥമമായി ലക്ഷ്യംവച്ചത്. തന്നെയുമല്ല വിദ്യാഭ്യാസ രംഗത്ത് സർക്കാർ ഫണ്ട് മാത്രം മതിയാവുകയില്ലെന്ന വിലയിരുത്തലിലൂടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ സർവകലാശാലകൾക്ക് അനിയന്ത്രിതമായ അനുമതി നൽകുക കൂടിയായിരുന്നു ഈ നയത്തിലൂടെ അന്ന് കോൺഗ്രസ് സർക്കാർ. സർവകലാശാലകളിൽ കോർപറേറ്റുകൾക്കും വിദ്യാഭ്യാസ കച്ചവടക്കാർക്കും സ്വയംഭരണാധികാരം നൽകുകയും അതുവഴി വിദ്യാഭ്യാസത്തെ ഭരണകൂടത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നകറ്റി നിർത്തുകയും പരിമിതമായ ചെലവിലെങ്കിലും വിദ്യാഭ്യാസം ലഭ്യമാകുന്ന സകല പഴുതുകളും ഇല്ലാതാക്കുകയും ചെയ്തു അവർ. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലക്ഷ്യം പരമാവധി ലാഭം ഉണ്ടാക്കുകയെന്നത് മാത്രമായി ചുരുങ്ങുന്നതോടെ വിദ്യാഭ്യാസത്തിന്റെ പൊതുസംവിധാനങ്ങൾ അപ്രത്യക്ഷമാവുകയും അനർഹരായ സമ്പന്നവിഭാഗത്തിന് മാത്രമായി വിദ്യാഭ്യാസം പരിമിതപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് ഉടലെടുക്കുക. 

കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ഭരണകാലത്ത് സ്വാശ്രയ കോളജുകൾ ആരംഭിക്കാൻ തീരുമാനിച്ചവേളയിൽ തന്നെ ഈ തീരുമാനം സൃഷ്ടിക്കുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങളെക്കുറിച്ച് എഐവൈഎഫ് മുന്നറിയിപ്പ് നൽകിയത് മേല്പറഞ്ഞ തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ തന്നെയായിരുന്നു. 1991–96 കാലയളവിലെ കരുണാകരൻ സർക്കാർ നടപ്പാക്കിയ വിദ്യാഭ്യാസക്കച്ചവടം കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാരുകളുടെ പ്രതിലോമകരമായ വാണിജ്യവല്‍ക്കരണത്തിന്റെ അനുകരണം മാത്രമായിരുന്നു. 2001ൽ അധികാരത്തിലേറിയ എ കെ ആന്റണി സർക്കാരാകട്ടെ ‘രണ്ട് സ്വാശ്രയ കോളജ് സമം ഒരു സർക്കാർ കോളജ്’ എന്ന സിദ്ധാന്തം അവതരിപ്പിച്ചുകൊണ്ടാണ് നഗ്നമായ വിദ്യാഭ്യാസ കച്ചവടത്തിന് സംസ്ഥാനത്ത് വഴി തുറന്നുകൊടുത്തത്. സമസ്ത സാമൂഹിക നിയന്ത്രണങ്ങളെയും നിരാകരിച്ചുകൊണ്ട് ലാഭത്തെ മാത്രം മുഖമുദ്രയാക്കി പ്രവർത്തിക്കുന്ന വിദ്യാഭ്യാസക്കച്ചവടത്തിനെതിരെ അതിശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്കാണ് എഐവൈഎഫ് അന്ന് നേതൃത്വം കൊടുത്തത്. ‘നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോ‘യുടെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ആത്മഹത്യാനിരക്കിൽ ഈയടുത്ത കാലത്തായി 4.5 ശതമാനം വർധനവുണ്ടായതായി കണ്ടെത്തിയിരുന്നു. ഇതിൽ ഏറിയ പങ്കും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് എന്നതാണ് വസ്തുത. ഭരണകൂടം സ്വാശ്രയ മുതലാളിമാർക്ക് കീഴടങ്ങുകയും, വിദ്യാഭ്യാസം ദയാരഹിത വാണിഭമായി മാറുകയും ചെയ്യുന്നതോടെ വിദ്യാർത്ഥികൾ കടുത്ത മാനസിക സമ്മർദങ്ങളിലൂടെ കടന്നുപോവുകയും സ്ഥാപനങ്ങൾ കടുത്ത മനുഷ്യാവകാശലംഘനങ്ങളുടെ കേന്ദ്രങ്ങളാവുകയും ചെയ്യുന്നു. 

സ്വാശ്രയ മാനേജ്മെന്റുകളുടെമേൽ വിദ്യാഭ്യാസപരവും നിയമപരവുമായ നിയന്ത്രണം ഏർപ്പെടുത്തുന്നതിന് ഒരു പരിധിവരെ സഹായകരമായിരുന്ന നിയമം 2006ലെ ഇടതുമുന്നണി സർക്കാർ കൊണ്ടുവന്നുവെങ്കിലും മാനേജ്മെന്റുകളുടെ കേസിനെ തുടർന്ന് ഹൈക്കോടതി പ്രസ്തുത നിയമം റദ്ദാക്കിയതും ഓർക്കുന്നുണ്ടാകും. 1993ലെ പ്രസിദ്ധമായ ഉണ്ണികൃഷ്ണൻ കേസിൽ ഉന്നത വിദ്യാഭ്യാസം മൗലിക വിദ്യാഭ്യാസമല്ലെന്ന് പ്രഖ്യാപിച്ച്, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ലാഭത്തിന്റെ അടിസ്ഥാനത്തിൽ ഫീസ് നിർണയിക്കാമെന്ന സുപ്രീം കോടതി വിധിയും വിദ്യാഭ്യാസ കച്ചവടക്കാർക്ക് കരുത്ത് പകർന്നിരുന്നു.
സ്വാശ്രയ വിദ്യാഭ്യാസ മേഖലയ്ക്ക് നമ്മുടെ സംസ്ഥാനത്ത് യഥേഷ്ടം കയറിയിറങ്ങാൻ വാതിൽ തുറന്നിട്ടതിന്റെ ഫലമായി ഉന്നത വിദ്യാഭ്യാസ മേഖലയിൽ വ്യാപരിച്ച കച്ചവട പ്രവണതയും താല്പര്യങ്ങളും സാധാരണക്കാരന് വിദ്യാഭ്യാസം അപ്രാപ്യമാക്കിയപ്പോൾ കേരളത്തിന്റെ തെരുവോരങ്ങളിൽ പ്രക്ഷോഭങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ച പ്രസ്ഥാനമാണ് എഐവൈഎഫ്. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവല്‍ക്കരണത്തിനും വിദേശ നിക്ഷേപത്തിനുമെതിരെയുള്ള പോരാട്ടങ്ങൾ എക്കാലവും പ്രഖ്യാപിത നയമായിത്തന്നെ എഐവൈഎഫ് സ്വീകരിച്ചിട്ടുമുണ്ട്. കേരളത്തിൽ യുഡിഎഫ് സർക്കാരുകളുടെ വിദ്യാഭ്യാസ കച്ചവടങ്ങൾക്കെതിരെ ഉയർന്നുവന്ന ജനവികാരങ്ങളടക്കമുള്ള ഘടകങ്ങളാണ് ഇടതുമുന്നണിയെ അധികാരത്തിലെത്തിച്ചത്. അതുകൊണ്ട് തന്നെ ഇന്നലെകളിൽ വിളിച്ച മുദ്രാവാക്യങ്ങളോട് നീതി പുലർത്താനുള്ള ബാധ്യത ഇടതുമുന്നണിക്കുണ്ട്. 

സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് സ്വകാര്യ സർവകലാശാലകളെ പരവതാനിവിരിച്ച് ആനയിക്കാനുള്ള തീരുമാനം കമ്പോളത്തിന്റെ പ്രാമാണികതകൾക്കനുസൃതമായി വിദ്യാഭ്യാസത്തെ രൂപപ്പെടുത്തുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. സ്വകാര്യ നിക്ഷേപകർക്ക് പരമാവധി ലാഭം കൊയ്യാനുള്ള താവളമായി ഉന്നത വിദ്യാഭ്യാസ മേഖലയെ പരിവർത്തിപ്പിക്കാനാണ് നീക്കമെങ്കിൽ അത്തരം പ്രവണതകളെ ചെറുത്തുതോല്പിക്കാൻ തന്നെയാണ് എഐവൈഎഫിന്റെ തീരുമാനം. സാമൂഹ്യ മണ്ഡലങ്ങളിലെ വിവിധ മേഖലകളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഉൾക്കൊള്ളുന്ന ജനാധിപത്യ സംവിധാനത്തിന്റെ നിയന്ത്രണത്തിലായിരിക്കണം സർവകലാശാലാ ഭരണമെന്നിരിക്കെ കേരളത്തിന്റെ ബൗദ്ധിക വൈജ്ഞാനിക രംഗങ്ങളിൽ ആഗോള മൂലധന ശക്തികൾ ആധിപത്യമുറപ്പിക്കുന്ന സാഹചര്യം ഇടതുഭരണത്തിൽ ഉണ്ടായിക്കൂടാ എന്ന് എഐവൈഎഫിന് നിർബന്ധമുണ്ട്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണകാലത്ത് പ്രൊഫസർ സിറിയക് തോമസ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കണമെന്ന നിർദേശമുയർന്നപ്പോൾ ശക്തമായ പ്രക്ഷോഭങ്ങൾ എഐവൈഎഫ് ഉയർത്തിയിരുന്നു. കച്ചവടത്തിന്റെ രീതിശാസ്ത്രം പിന്തുടരുന്ന സ്വകാര്യ സർവകലാശാലകൾ ജനാധിപത്യ മൂല്യങ്ങളെ നിരാകരിക്കുകയും വാണിജ്യ താല്പര്യങ്ങൾക്കനുസൃതമായി അടിച്ചേല്പിക്കപ്പെട്ട അരാഷ്ട്രീയവല്‍ക്കരണത്തിന്റെ ഇരകളായി വിദ്യാർത്ഥികളെ മാറ്റുകയുമാണ് ചെയ്യുന്നത്. 

ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ ലോകോത്തര നിലവാരത്തിലേക്കുയർത്തുന്നതിനുമുള്ള ക്രിയാത്മകമായ നടപടികൾ സംസ്ഥാന സർക്കാർ കൈകൊണ്ടിട്ടുണ്ട്. ദേശീയ ഉന്നതവിദ്യാഭ്യാസ സർവേ പ്രകാരം കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗ്രോസ് എൻറോൾമെന്റ് റേഷ്യോ 43 ശതമാനമായി ഉയർന്നിട്ടുണ്ട്. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെയും നിതി ആയോഗിന്റെയും അംഗീകാരങ്ങൾക്കു പുറമെ ഇന്ത്യ സ്കിൽസ് റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും തൊഴിൽക്ഷമതയുള്ള സംസ്ഥാനങ്ങളിൽ നിലവിൽ മൂന്നാമതാണ് കേരളം. കേന്ദ്ര സർവകലാശാലകൾ, ഐഐടികൾ, ഐഐഎമ്മുകൾ എന്നിവയിൽ 11,050 ഒഴിവുകളുള്ളതായി കേന്ദ്രസർക്കാർ ഈയിടെ പാർലമെന്റിനെ അറിയിച്ചിരുന്നു. എന്നാൽ കേരളത്തിലെ സർവകലാശാലകളിൽ സർക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലമായി അപ്രകാരമുള്ള സാഹചര്യങ്ങൾ നിലവിലില്ല. ഇത്തരത്തിലുള്ള ശ്ലാഘനീയമായ നേട്ടങ്ങൾ അവകാശപ്പെടുമ്പോഴും ചില ജാഗ്രതക്കുറവുകളെ കണ്ടില്ലെന്ന് നടിക്കാനാവില്ല. വിദ്യാർത്ഥികളുടെ ക്ഷേമവും വിദ്യാഭ്യാസ നിലവാരത്തിലെ പുരോഗതിയുമല്ലാതെ ലാഭം ലക്ഷ്യമാക്കിയുള്ള ഒരു വിദ്യാഭ്യാസ പരിഷ്കാരത്തെയും അംഗീകരിക്കാനും കഴിയില്ല.
അതുകൊണ്ടുതന്നെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് പരിഷ്കാരങ്ങൾ നടപ്പിലാക്കുവാൻ ആവശ്യമായ മാർഗങ്ങൾ നിർദേശിക്കുന്ന ശ്യാം ബി മേനോൻ കമ്മിഷൻ റിപ്പോർട്ടിലെ സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കുന്ന വിഷയം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായതിനാൽ നടപ്പാക്കരുത് എന്ന് എഐവൈഎഫ് സർക്കാരിനോട് ആവശ്യപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.